UPDATES

ട്രെന്‍ഡിങ്ങ്

കേരളത്തില്‍ ആറ് മുസ്ലിം മന്ത്രിമാര്‍ വേണ്ട സ്ഥാനത്ത് രണ്ട് പേര്‍ മാത്രമാണുള്ളതെന്ന് വിടി ബല്‍റാം

ഒരു പൊതുചടങ്ങ് ഹൈന്ദവ കീര്‍ത്തനത്തോടെ ആരംഭിച്ചാല്‍ അതില്‍ ആരും അസ്വാഭാവികത കാണാറില്ലെന്നും എന്നാല്‍ ഖുര്‍ആനിലെയോ ബൈബിളിലെയോ വചനം ചൊല്ലി ആരംഭിച്ചാല്‍ ആളുകള്‍ സംശയത്തോടെ നോക്കുമെന്നും ബല്‍റാം

കേരള മന്ത്രിസഭയില്‍ ആറ് മുസ്ലിം മന്ത്രിമാര്‍ വേണ്ട സ്ഥാനത്ത് രണ്ട് പേര്‍ മാത്രമാണുള്ളതെന്ന് തൃത്താല എംഎല്‍എ വി ടി ബല്‍റാം. മനോരമഓണ്‍ലൈന്റെ മറുപുറം ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ നാലില്‍ ഒന്ന് ശതമാനം മുസ്ലിംകളാണ് ഉള്ളത്. കേരളത്തില്‍ പ്രത്യേക പദവികള്‍ ഉള്‍പ്പെടെ 23 ക്യാബിനറ്റ് പദവികളാണ് ഉള്ളത്. ഈ അനുപാതത്തില്‍ ആറ് ക്യാബിനറ്റ് പദവികള്‍ മുസ്ലിംകള്‍ക്ക് അവകാശപ്പെട്ടതാണെന്നാണ് ബല്‍റാം പറഞ്ഞത്. കഴിഞ്ഞ സര്‍ക്കാരിലെ അഞ്ചാം മന്ത്രി വിവാദത്തെക്കുറിച്ച് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ദേശീയതലത്തിലും ഇത് തന്നെയാണെന്ന് സ്ഥിതിയെന്ന് ബല്‍റാം ചൂണ്ടിക്കാട്ടി. എണ്‍പതോളം പേര്‍ നരേന്ദ്ര മോദി ക്യാബിനറ്റിലുള്ളതില്‍ ഒരാള്‍ മാത്രമാണ് മുസ്ലിം.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി ഉള്‍പ്പെടെ 21 മന്ത്രിമാരും സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, ചീഫ് വിപ്പ് എന്നിങ്ങനെ മൂന്ന് ക്യാബിനറ്റ് ബര്‍ത്തുകള്‍ വേറെയുമുണ്ടായിരുന്നു. കേരളത്തിലെ മുസ്ലിം സമുദായം 27 ശതമാനത്തിന് മുകളിലാണ്. നാലില്‍ ഒന്ന് എന്ന് കണക്കാക്കിയാല്‍ 24 ക്യാബിനറ്റ് ബര്‍ത്തുകളില്‍ ആറ് ക്യാബിനറ്റ് ബര്‍ത്തുകള്‍ മുസ്ലിം സമുദായത്തിന് അവകാശപ്പെട്ടതാണ്.

ഇങ്ങനെ പറഞ്ഞ് വീതം വയ്‌ക്കേണ്ടതാണോ അധികാര സ്ഥാനങ്ങള്‍ എന്ന് ചോദിച്ചാല്‍ അങ്ങനെ പറയാതെ തന്നെ ആനുപാതികമായി ഇത് സംഭവിച്ചാല്‍ പറയേണ്ടി വരില്ല. എന്നാല്‍ അങ്ങനെ സംഭവിച്ചില്ലെങ്കില്‍ പറയേണ്ടി വരിക തന്നെ വേണം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മുസ്ലിംലീഗില്‍ നിന്നും നാല് മന്ത്രിമാരും കോണ്‍ഗ്രസില്‍ നിന്നും മുസ്ലിം പശ്ചാത്തലത്തിലുള്ള ഒരു മന്ത്രിയും മാത്രമാണ് ഉണ്ടായിരുന്നത്. അഞ്ചാമതൊരു മന്ത്രി കൂടി മുസ്ലിംലീഗില്‍ നിന്നും വന്നപ്പോഴാണ് അനുപാതം ശരിയായത്. ചുരുക്കത്തില്‍ അഞ്ചാം മന്ത്രി ഇവിടുത്തെ സാമൂഹിക സന്തുലനത്തെ തെറ്റിക്കുകയല്ല ചെയ്തത് പകരം ശരിയാക്കുകയാണ് ചെയ്തത്.

എല്‍ഡിഎഫ് സര്‍ക്കാര്‍ മതം നോക്കിയില്ല, ജാതി നോക്കിയില്ലെന്നത് വലിയ രാഷ്ട്രീയ വഞ്ചനയാണ്. കാരണം ജനാധിപത്യമെന്നത് അടിസ്ഥാനപരമായി പ്രാതിനിധ്യം തന്നെയാണ്. എല്ലാ വിഭാഗക്കാരും ആനുപാതികമായി പ്രാതിനിധ്യം ചെയ്യപ്പെടുന്നു എന്നത് തന്നെയാണ് ശരിയായ കാര്യം. ഇന്ന് കേരളത്തില്‍ വെറും രണ്ട് പേര്‍ മാത്രമാണ് മുസ്ലിം സമുദായത്തില്‍ നിന്നുള്ളത് തെറ്റാകുന്നത് അവിടെയാണ്.

എന്നാല്‍ ഓരോ കാര്യങ്ങളിലും വര്‍ഗീയത കണ്ടെത്തുന്നതെങ്ങനെയെന്നും ആ വിധത്തില്‍ സംഘപരിവാറിനെ സഹായിക്കുന്നതെങ്ങനെയെന്നുമുള്ളതിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമായി മാറി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ അഞ്ചാം മന്ത്രി വിവാദം. മുസ്ലിംകള്‍ അവര്‍ക്ക് അര്‍ഹതപ്പെട്ട എന്തെങ്കിലും മുന്നോട്ടുവച്ചാല്‍ അതിനെ വര്‍ഗ്ഗീയമായി ബ്രാന്‍ഡ് ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അവര്‍ക്ക് അനുകൂലമായ ചര്‍ച്ച ഉയര്‍ന്നു വന്നില്ലെങ്കില്‍ അതിന്റെ ഫലമുണ്ടാകുന്നത് ഇവിടുത്തെ സവര്‍ണ വിഭാഗത്തിനാണ്. ഇത് സംഘപരിവാറിന്റെ സൃഷ്ടിയാണ്. മതേതരത്വം എന്ന നമ്മുടെ വാദം ന്യൂനപക്ഷ വിരുദ്ധമാണ്. സംസ്‌കാരം എന്ന് പറയുന്നതും ന്യൂനപക്ഷ വിരുദ്ധമാണ്. ഒരു പൊതുചടങ്ങ് ഹൈന്ദവ കീര്‍ത്തനത്തോടെ ആരംഭിച്ചാല്‍ അതില്‍ ആരും അസ്വാഭാവികത കാണാറില്ലെന്നും എന്നാല്‍ ഖുര്‍ആനിലെയോ ബൈബിളിലെയോ വചനം ചൊല്ലി ആരംഭിച്ചാല്‍ ആളുകള്‍ സംശയത്തോടെ നോക്കുമെന്നും ബല്‍റാം ചൂണ്ടിക്കാട്ടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍