UPDATES

ഡോ. റീന എന്‍ ആര്‍

കാഴ്ചപ്പാട്

ഡോ. റീന എന്‍ ആര്‍

ന്യൂസ് അപ്ഡേറ്റ്സ്

വേണം എല്‍ ഡി എഫിനും സീസറുടെ ഭാര്യയില്‍ നിന്ന് വിവാഹമോചനം

തെളിയിക്കപ്പെടാത്ത ആരോപണവും സീസറുടെ ഭാര്യയും കെ എം മാണിയുടെ കസേര തെറിപ്പിച്ചു. മാണിക്കെതിരെ അഴിമതി ആരോപണം ഉയര്‍ന്നപ്പോള്‍ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭങ്ങളും ധര്‍ണകളുമുണ്ടായി. മാണി രാജി വെച്ചപ്പോള്‍ സീസറുടെ ഭാര്യയ്ക്ക് ആശ്വാസമായി. എന്നാല്‍ സീസറുടെ ഭാര്യ വിളമ്പുന്ന ആദര്‍ശങ്ങളില്‍ നിന്നും അവരുടെ തീന്മേശയില്‍ നിന്നു അകന്നുനില്‍ക്കേണ്ടത് ഇടതുപക്ഷ ജനാധിപത്യമുന്നണിയാണ്.

ഇപ്പോള്‍ കുറ്റം ആരോപിക്കപ്പെട്ടിരിക്കുന്നതു സംസ്ഥാനത്ത് പ്രോസിക്യൂഷന്‍ നടപടികള്‍ക്കു മേല്‍നോട്ടം വഹിക്കേണ്ട ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സിനു മേലാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ അഴിമതിയും സ്വജനപക്ഷപാതവും പ്രധാന തെരെഞ്ഞെടുപ്പ് വിഷയങ്ങളാക്കി പോരാടി അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാരിന് അവര്‍ പ്രചാരം കൊടുത്ത സീസറുടെ ഭാര്യയുടെ കോപ്പ രുചിക്കാന്‍ അവസരം കിട്ടിയിരിക്കുകയാണ്.

യുഡിഎഫ് മന്ത്രിസഭയിലെ ആരും അഴിമതി നിരോധനനിയമം അനുസരിച്ച് ശിക്ഷിക്കപ്പെട്ടവരായിരുന്നില്ല. ഇപ്പോള്‍ എല്‍ഡിഎഫിലുള്ള ആര്‍ ബാലകൃഷ്ണപിളള ഒഴികെ. തോന്നുംപോലെ മുന്നണി മാറുന്ന പിള്ളയ്ക്ക് ആദര്‍ശങ്ങളൊന്നും ബാധകമല്ലെന്ന് ജനങ്ങള്‍ക്കറിയാമെന്നതിനാല്‍ അത് ആശങ്കപ്പെടേണ്ട കാര്യമല്ല.

രണ്ടുവഴികളാണ് ഇപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാരിനു മുന്നിലുള്ളത്. ഒന്നുകില്‍ രാഷ്ട്രീയത്തിലെ പ്രധാനഘടകമായ ആദര്‍ശങ്ങളുടെ ‘ഭാരം’ വേണ്ടെന്നു വയ്ക്കുക അല്ലെങ്കില്‍ സീസറുടെ ഭാര്യയില്‍നിന്നു മോചനം നേടുക.

പണാപഹരണം ആരോപിക്കപ്പെട്ടിരിക്കുന്നത് ഡിജിപിയുടെ മേലാണ് എന്നതിനെച്ചൊല്ലി മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷനേതാവ് സഭയിലും കെപിസിസി പ്രസിഡന്റ് പുറത്തും ആക്രമണം നടത്തിക്കഴിഞ്ഞു. വിഎസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് ഭരണകാലത്ത് ഡിജിപി ആയിരുന്ന പി ജി തമ്പി രാജിവച്ചത് പലരും ഓര്‍ക്കുന്നുണ്ടാകണം. ശിക്ഷിക്കപ്പെട്ടതുകൊണ്ടോ ഏതെങ്കിലും റിപ്പോര്‍ട്ടുകളില്‍ എതിരായ പരാമര്‍ശം വന്നതുകൊണ്ടോ അല്ല തമ്പി രാജി വെയ്ക്കാന്‍ നിര്‍ബന്ധിതനായത് എന്നുകൂടി ഓര്‍ക്കുക. ബുദ്ധിയുള്ളവര്‍ അബദ്ധം പഠിക്കുന്നത് മുന്‍ഗാമികളില്‍ നിന്നും ചരിത്രത്തില്‍ നിന്നുമാണ്. വിഡ്ഢികളാണ് സ്വന്തം അനുഭവത്തിനായി കാത്തിരിക്കുന്നത്.

എന്നാല്‍ ഇന്ന് ഡിജിപിക്കെതിരെ ക്രിമിനല്‍ കോടതിയില്‍ ഒരു കമ്പനി ഡയറക്ടര്‍ എന്ന നിലയില്‍ പരാമര്‍ശമുണ്ട്. ഒരുപക്ഷേ അദ്ദേഹം ആരോപണവിധേയമായ കമ്പനിയുടെ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ആയിരിക്കില്ല. എന്നാല്‍ അദ്ദേഹത്തിനെതിരെ വ്യക്തിപരമായ ആരോപണങ്ങളില്ലെന്നും അതിനാല്‍ തുടരുന്നതില്‍ കുഴപ്പമില്ലെന്നും പറഞ്ഞു ആശ്വാസം കണ്ടെത്തുകയാണ് സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്നത്.

‘സീസറുടെ ഭാര്യേ, നീ കാത്തിരിക്കുക. ഞങ്ങള്‍ പട്ടിണിയാണ്. നിന്റെ ആദര്‍ശങ്ങള്‍ കയ്‌പേറിയവയാണ്. ഞങ്ങള്‍ക്ക് അത് രുചിക്കാനാകില്ല. തത്വങ്ങളുടെ കയ്പില്ലാത്ത സമൃദ്ധമായ ഭക്ഷണം കഴിക്കുന്നതാണ് ഞങ്ങള്‍ക്കിപ്പോള്‍ സൗകര്യം. അഞ്ചുവര്‍ഷമായി അധികാരമില്ലാതെ പട്ടിണിയായിരുന്ന ഞങ്ങള്‍ ഇപ്പോള്‍ അത് ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നു’. ഒരുപക്ഷേ ഇത് വിഷയത്തെ സമീപിക്കാനുള്ള ഒരു വഴിയാകാം. അഴിമതി ആരോപിക്കപ്പെട്ട യുഡിഎഫിനെതിരെ ജനങ്ങള്‍ ചെയ്ത വോട്ടുനേടി അധികാരത്തില്‍ വന്ന സര്‍ക്കാര്‍ എടുക്കുന്ന ഈ സൗകര്യപ്രദമായ സമീപനത്തില്‍നിന്ന് അകലെയാണ് യാഥാര്‍ത്ഥ്യം.

സംസ്ഥാനത്തെ പ്രോസിക്യൂഷനെ നയിക്കേണ്ടയാളാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍. സംസ്ഥാനത്താകെ വിചാരണകളുടെ നിരീക്ഷണത്തിനും നടത്തിപ്പിനുമുള്ള ചുമതല ഈ പദവിയിലിരിക്കുന്നയാള്‍ക്കാണ്. പൊലീസ് അധികാരികള്‍ സമര്‍പ്പിക്കുന്ന പ്രോസിക്യൂഷന്‍ നടപടികളുടെ ഔചിത്യം നിരീക്ഷിക്കാനും അദ്ദേഹത്തിന് അധികാരമുണ്ട്. 2013 (7) SCC 685 കമ്മിഷണര്‍ ഓഫ് പൊലീസ് കേസ് / മെഹര്‍ സിങ് കേസില്‍ ‘ക്രിമിനല്‍ കേസില്‍ കുറ്റപത്രം ലഭിച്ചിട്ടുള്ള പൊലീസ് അധികാരിയെ വെറുതെ വിട്ടാലും പൂര്‍ണമായി കുറ്റവിമുക്തനാക്കുന്നില്ലെങ്കില്‍ അയാളുടെ നിയമനം ശരിയല്ലെന്നാണ്’ സുപ്രിം കോടതി വിധിച്ചിട്ടുള്ളത്. കുറ്റാരോപിതനെ അന്വഷണം നയിക്കാന്‍ ഏല്‍പ്പിച്ചാല്‍ വേലി തന്നെ വിള തിന്നുന്നു എന്ന ആരോപണത്തെ തടയാന്‍ കഴിയില്ല.

ഈ തത്വങ്ങള്‍ പ്രോസിക്യൂട്ടര്‍മാരിലേക്കും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് എന്ന കേന്ദ്രസ്ഥാനത്തേക്കും കൂടി വ്യാപിപ്പിക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനോട് പറയാവുന്നത് ദയവായി നിങ്ങളിലുള്ള കമ്യൂണിസ്റ്റിനെ കൊല്ലരുത് എന്നാണ്. നീതിപൂര്‍വമാണെന്ന തോന്നിപ്പിക്കല്‍ കൂടി വേണം. അടിയന്തരമായി നടപടിയെടുക്കുകയും നീതിപൂര്‍വമായി പ്രവര്‍ത്തിക്കുന്നു എന്ന ബോധ്യം ജനങ്ങളില്‍ സൃഷ്ടിക്കുകയാണ് വേണ്ടത്. അല്ലാതെ വഴക്കം നേടിയ നടന്‍ എന്ന കുപ്പായമല്ല നിങ്ങള്‍ എടുത്തു അണിയേണ്ടത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

 

ഡോ. റീന എന്‍ ആര്‍

ഡോ. റീന എന്‍ ആര്‍

കൊല്ലം ഗവ. വിക്ടോറിയ ഹോസ്പിറ്റലില്‍ ഗൈനക്കോളജിസ്റ്റാണ് ഡോ. റീന എന്‍ ആര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍