UPDATES

ട്രെന്‍ഡിങ്ങ്

പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ മറച്ചു പിടിക്കുന്ന ഇടതുഭരണ യാഥാര്‍ത്ഥ്യങ്ങള്‍

പരിസ്ഥിതിയോടും ഭിന്നനിലപാടുള്ളവരോടും ഇടതുപക്ഷം ചെയ്യുന്നതെന്ത്?

നാലാം വര്‍ഷത്തിലേക്ക് കടക്കുന്ന പിണറായി വിജയന്‍ സര്‍ക്കാര്‍ ഇതുവരെ കൈവരിച്ച പുരോഗതിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തിറക്കി. വിവിധ മേഖലകളില്‍ കഴിഞ്ഞ മൂന്ന് വര്‍ഷക്കാലം സര്‍ക്കാര്‍ ഉണ്ടാക്കിയ നേട്ടങ്ങളുടെ ഒരു സമഗ്ര രേഖയാണ് മുഖ്യമന്ത്രി പുറത്തുവിട്ടത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രകടന പത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ എത്രത്തോളം നടപ്പിലാക്കിയെന്നതാണ് പ്രകടന പത്രികയില്‍ വിശദീകരിക്കുന്നത്. ചില മേഖലകളില്‍ പ്രകടന പത്രികയില്‍ പറഞ്ഞതിനപ്പുറം സംസ്ഥാന സര്‍ക്കാറിന് നടപ്പിലാക്കാന്‍ കഴിഞ്ഞുവെന്നും പ്രോഗ്രസ് റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. അതും, നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം സംസ്ഥാനത്തെ ജനങ്ങളുടെ ജീവിതത്തിന്റെ താളം തെറ്റിച്ചതിന് ശേഷവും.

എന്നാല്‍ ‘പറഞ്ഞതിലേറെ ചെയ്തു നിറഞ്ഞ്’ എന്ന് അവകാശപ്പെട്ട് അവസാനിക്കുന്ന 177 പേജിലെ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ പറയാതെ പോകുന്ന കാര്യങ്ങള്‍ ഏറെയുണ്ട്. ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നയങ്ങളായിട്ടുപോലും പിണറായി വിജയന്‍ സര്‍ക്കാര്‍ തിരിഞ്ഞുനടന്ന കാര്യങ്ങള്‍. കേരളത്തിന്റെ സമൂഹത്തെയും രാഷ്ട്രീയ സംസ്‌ക്കാരത്തെയും ദൂരവ്യാപകമായി ബാധിക്കുന്ന കാര്യങ്ങള്‍.

ഇടതുപക്ഷം ഇക്കാലത്ത് മുന്നോട്ട് വയ്ക്കുന്ന ചില പ്രധാന കാര്യങ്ങളിലൊന്ന് പരിസ്ഥിതി സംരക്ഷണമാണ്. മറ്റൊന്ന് പോലീസിനെ അമിതാധികാര പ്രയോഗങ്ങളില്‍ നിന്ന് തടയുകയെന്നതും. നവലിബറല്‍ നയങ്ങള്‍ക്കെതിരായ ബദല്‍ വികസന മാതൃക സൃഷ്ടിക്കുമെന്നതാണ് മറ്റൊരു പ്രധാന സമീപനം. ഇക്കാര്യത്തില്‍ മുന്‍ യുഡിഎഫ് സര്‍ക്കാരിനെ അപേക്ഷിച്ച് പല മേഖലകളിലും ഇടതുപക്ഷം മുന്നോട്ട് പോയെങ്കിലും പൊതുവിലുള്ള വികസന സമീപനം എന്തായിരുന്നുവെന്നതും പരിശോധിക്കപ്പെടേണ്ടതാണ്.

കേരളത്തിന്റെ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് വിപ്ലവകരമെന്ന് വിശേഷിപ്പിക്കാവുന്ന നിയമ നിര്‍മ്മാണമായിരുന്നു 2006-ല്‍ അധികാരത്തില്‍ വന്ന ഇടതുപക്ഷ സര്‍ക്കാര്‍ കൊണ്ടുവന്ന നെല്‍വയല്‍, നീര്‍ത്തട സംരക്ഷണ നിയമം. 2008 ല്‍ കൊണ്ടുവന്ന നിയമപ്രകാരം ഇപ്പോള്‍ നെല്‍ക്കൃഷിയുള്ളതോ, നേരത്തെ കൃഷിചെയ്തിരുന്നതോ, ഇനി ചെയ്യാന്‍ ഇടയുള്ളതോ ആയ ഭൂമിയെ ആണ് നെല്‍വയല്‍ എന്ന് നിര്‍വചിച്ചിരുന്നത്. ഇങ്ങനെയുളള ഭൂമി പരിവര്‍ത്തനപ്പെടുത്തിയാല്‍ അത് ആറ് മാസം മുതല്‍ രണ്ട് വര്‍ഷം വരെ തടവു ലഭിക്കാവുന്ന ശിക്ഷയായും നിയമത്തില്‍ വ്യവസ്ഥ ചെയ്തിരുന്നു. സംസ്ഥാനത്തിന്റെ നെല്‍വയല്‍ വിസ്തൃതിയില്‍ ഉണ്ടാകുന്ന കുറവാണ് ഇത്തരമൊരു നിയമത്തിലേക്ക് അന്നത്തെ സര്‍ക്കാരിനെ നയിച്ചത്. കൃഷിയുമായി ബന്ധപ്പെട്ട് മാത്രമല്ല, കേരളത്തിന്റെ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രധാനമായിരുന്നു ഈ നിയമം. 1970-71 കാലത്ത് 8,80,000 ഹെക്ടറായിരുന്ന കേരളത്തിലെ നെല്‍വയല്‍ 2007-08 ല്‍ 2,30,000 ഹെക്ടറായി കുറയുകയാണ് ഉണ്ടായത്. അതായത് കേരളത്തിന്റെ കാര്‍ഷിക വ്യവസ്ഥയെയും പരിസ്ഥിതിയേയും സംരക്ഷിക്കുന്നതിന്റെയും ഭാഗമായാണ് നിയമം കൊണ്ടുവന്നത്. എന്നാല്‍ 2016-ല്‍ അധികാരമേറ്റ പിണറായി വിജയന്‍ സര്‍ക്കാര്‍ ഈ നിയമം ഭേദഗതി ചെയ്യുകയാണുണ്ടായത്. 2008-ലെ നിയമപ്രകാരം നെല്‍വയല്‍ നികത്തി വീട് വെയ്ക്കാനുളള അപേക്ഷയില്‍ തീരുമാനമെടുക്കേണ്ടത് പ്രാദേശിക നിരീക്ഷക സമിതികള്‍ ആയിരുന്നു. ആ വ്യവസ്ഥ മാറ്റി. എന്നുമാത്രമല്ല, പൊതു ആവശ്യങ്ങള്‍ക്ക് വേണ്ടി ഭൂമി നികത്താമെന്ന വ്യവസ്ഥയും കൊണ്ടുവന്നു. നെല്‍വയലുമായി ബന്ധപ്പെട്ട രേഖകളില്‍ മാറ്റം വരുത്താന്‍ ആര്‍ഡിഒയ്ക്ക് അധികാരമുണ്ടാകുമെന്നും വ്യവസ്ഥ ചെയ്യപ്പെട്ടു. ഇത്തരം വ്യവസ്ഥകള്‍ നടപ്പിലാക്കുന്നതോടെ കേരളത്തിലെ പരിസ്ഥിതി സംരക്ഷണത്തിനായി കൊണ്ടുവന്ന നിയമമാണ് യഥാര്‍ത്ഥത്തില്‍ സര്‍ക്കാര്‍ ഇല്ലാതാക്കിയത്. യഥാര്‍ത്ഥത്തില്‍  കേരളത്തിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥ കൂടുതല്‍ താളം തെറ്റിക്കുകയാണ് പരിസ്ഥിതി സംരക്ഷണം മുഖ്യ വിഷയമാണെന്ന് പറയുന്ന സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ചെയ്യുന്നത്. നേരത്ത പ്രാദേശിക നിരീക്ഷണ സമിതിക്കായിരുന്നു വീട് വെയ്ക്കുന്നതിന് നിലം നികത്താനുള്ള അനുമതി നല്‍കാനുള്ള അവകാശം. എന്നാല്‍ നിയമം ഭേദഗതി ചെയ്തതോടെ ഉദ്യോഗസ്ഥര്‍ വിചാരിച്ചാല്‍ ഇത് സാധ്യമാകുന്ന അവസ്ഥയാണുണ്ടാകുന്നത്. പൊതു ആവശ്യത്തിനാണെങ്കില്‍ ഏത് ഭൂമിയും നികത്താമെന്ന ഭേദഗതി വ്യവസ്ഥ റിയല്‍ എസ്റ്റേറ്റ് മാഫിയ അടക്കമുള്ളവര്‍ക്കായിരിക്കും പ്രയോജനം ചെയ്യുക.

പൂട്ടിപ്പോയ ക്വാറികളെ സഹായിക്കുന്നതിന്റെ ഭാഗമായി കേരള മൈനര്‍ മിനറല്‍ കണ്‍സഷന്‍ ചട്ടങ്ങളില്‍ വരുത്തിയ ഭേദഗതിയാണ് സര്‍ക്കാര്‍ കേരളത്തിന്റെ പരിസ്ഥിതിയില്‍ നടത്തിയ മറ്റൊരു കൈയേറ്റം. റോഡ്, തോടുകള്‍, നദികള്‍, വീടുകള്‍ എന്നിവയില്‍നിന്ന 100 മീറ്റര്‍ മാറി മാത്രമെ ക്വാറികള്‍ പ്രവര്‍ത്തിക്കാവുവെന്ന വ്യവസ്ഥയില്‍ ഭേദഗതി വരുത്തി 50 മീറ്റര്‍ ആക്കിയത് ഈ സര്‍ക്കാരാണ്. നിര്‍മ്മാണ മേഖലയിലെ സ്തംഭനമെന്ന് പറഞ്ഞാണ് സര്‍ക്കാര് ഈ ഭേദഗതി നടപ്പിലാക്കിയത്. ഇതോടെ നിരവധി പ്രദേശങ്ങളാണ് വലിയ ദുരന്തം നേരിടുന്നത്. കാസര്‍കോട് മുണ്ടത്തടത്ത് ക്വാറിയുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നതാണ്. കുന്നിടിച്ചിലിനും ഉരുള്‍പ്പൊട്ടലിനും കാരണമാകുന്ന ക്വാറികളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കാന്‍ പ്രളയത്തിന് ശേഷവും സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

വികസനത്തെ സംബന്ധിച്ച് മുഖ്യാധാരാ സങ്കല്‍പ്പത്തിന് അപ്പുറം ഇടതുഭരണം യഥാര്‍ത്ഥത്തില്‍ ലക്ഷ്യമിടുന്നില്ലെന്ന് സൂചന നേരത്തെ തന്നെ ഉണ്ടായിരുന്നു. വികസനത്തെ എതിര്‍ക്കുന്നവരെ ഗുണ്ടാനിയമം ഉപയോഗിച്ച് കൈകാര്യം ചെയ്യുമെന്നായിരുന്നു മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയത്.

പോലീസിന്റെ ആത്മവീര്യം നഷ്ടപ്പെട്ടുപോകുമെന്ന പതിവ് ഭരണക്കാരുടെ വാക്കുകളില്‍ പിടിച്ചാണ് പോലീസിന്റെ പല നടപടികളെയും കേരള സര്‍ക്കാര്‍ ന്യായികരിച്ചത്. തൃശ്ശൂരില്‍ പൊലീസ് പീഡിനത്തിന് ഇരയായി ആത്മഹത്യ ചെയ്ത വിനായകന്‍, പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജീത്ത് എന്നി സംഭവങ്ങളില്‍ പോലീസിനെ, ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാത്ത രീതിയില്‍ നടപടികള്‍ എടുക്കാന്‍ സര്‍ക്കാര്‍ തയ്യറായില്ല. ജാതിമുന്‍വിധികളുടെ ഭാഗമായി കെവിന്‍ എന്ന യുവാവ് കൊല്ലപ്പെട്ട കേസിലും കൃത്യവിലോപം കാണിച്ച പോലീസിനെതിരെ നടപടിയെടുത്തില്ലെന്ന പരാതി ബന്ധുക്കള്‍ ഈയിടെ ആണ് ഉന്നയിച്ചത്.

ഇതിനപ്പുറമാണ് രാഷട്രീയ വിമതത്വത്തോട് പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനം. വികസനവുമായി ബന്ധപ്പെട്ടും പരിസ്ഥിതിയുമായി ബന്ധപ്പെട്ടും ഭിന്ന സമീപനം സ്വീകരിക്കുന്നവരോട് കാണിച്ച സമീപനം കേന്ദ്ര സര്‍ക്കാരില്‍നിന്ന് വ്യത്യസ്തമായിരുന്നില്ല. മൂന്ന് പേരെയാണ് മാവോയിസ്റ്റുകളെന്ന പേരില്‍ പോലീസ് വെടിവെച്ച് കൊന്നത്. അതെക്കുറിച്ച് കാര്യമായ അന്വേഷണം പോലും നടത്താന് സര്‍ക്കാര്‍ തയ്യറായില്ല. ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെ എതിര്‍ക്കുന്ന ഒരു പാര്‍ട്ടിയുടെ സര്‍ക്കാരാണ് ഇത് ചെയ്തതെന്നതാണ് ഏറെ വിചിത്രം. കേരളത്തില്‍ വ്യാപകമായി യുഎപിഎ പ്രയോഗിക്കപ്പെട്ടപ്പോള്‍ അതേക്കുറിച്ച് പുന:പരിശോധന നടത്തുമെന്നായിരുന്നു നേരത്തെ സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ ഒന്നും നടന്നില്ലെന്ന് മാത്രമല്ല, ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യപ്പെട്ട പോസ്റ്റര്‍ പ്രചരണം നടത്തിയവര്‍ക്കെതിരെ പോലും യുഎപിഎ ചുമത്തുകയാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ പോലീസ് ചെയ്തത്.

ഭിന്ന ചിന്തകളോടും വിമതത്വത്തോടും പിണറായി വിജയന്‍ ആഭ്യന്തരമന്ത്രിയായിരിക്കുമ്പോള്‍ പോലീസ് കാണിക്കുന്ന് സമീപനം നരേന്ദ്ര മോദി സര്‍ക്കാരിന്റതില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമാണെന്ന് പറയാന്‍ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ കഴിയില്ല.

ബദല്‍ സമീപനത്തില്‍ പ്രസക്തമായ രണ്ട് കാര്യങ്ങളില്‍ ഇടതുപക്ഷം ചെയ്ത കാര്യങ്ങളാണിതൊക്കെ. ഇടതുപക്ഷം നിലനില്‍പ്പിന് വേണ്ടി പോരടിക്കുന്ന സമയത്താണ് മുഖ്യധാരാ സങ്കല്‍പത്തിലേറി കേരളത്തിലെ എല്‍ഡിഎഫ് ഭരണവും മുന്നേറുന്നതെന്നതാണ് ഏറെ വൈരുദ്ധ്യം.

Read More: അതിഥി തൊഴിലാളികള്‍ക്കായി സമഗ്രനിയമ നിര്‍മാണം കൊണ്ടുവരാന്‍ ഇടതുപക്ഷ സര്‍ക്കാര്‍

എന്‍ കെ ഭൂപേഷ്

എന്‍ കെ ഭൂപേഷ്

കണ്‍സള്‍ട്ടന്‍റ് എഡിറ്റര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍