UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എന്തുകൊണ്ട് ഇടതുപക്ഷം?

Avatar

അഡ്വ. ജഹാംഗീര്‍ റസാഖ് പാലേരി

ഇന്ത്യന്‍ ഇടതുപക്ഷം അതിന്‍റെ ദൌര്‍ബല്യങ്ങളുടെ ഉത്തുംഗപഥത്തില്‍ നില്‍ക്കുകയാണ്. സംഘടനാപരമായും പാര്‍ലമെന്‍ററി രംഗത്തും സമാനമായ ദു:സ്ഥിതിയാണുള്ളത്. ഇത്രയും വലിയൊരു രാജ്യത്ത് ത്രിപുര എന്നൊരു കൊച്ചു സംസ്ഥാനത്ത് മാത്രമാണ് ഇടതുപക്ഷം അധികാരത്തിലുള്ളത്. ആഗോളീകൃതമായ ഇക്കാലത്ത് ഇന്ത്യ പോലൊരു രാജ്യത്ത് ജനകീയ പ്രസ്ഥാനങ്ങളുടെ നിലനില്‍പ്പിനു പോലും അധികാര രാഷ്ട്രീയം പ്രസക്തമാണ്. സിപിഎം നയിക്കുന്ന ഇന്ത്യന്‍ ഇടതുപക്ഷം ദൌര്‍ബല്യങ്ങളുടെ കൂടാരമായിരിക്കുന്നു. അധികാര മോഹവും അഴിമതിയും ആരോപിക്കപ്പെടുന്ന നേതാക്കളും വ്യക്തിനിഷ്ഠമായ കടുത്ത വിഭാഗീയതയും അതിനെ കാര്‍ന്നു തിന്നുന്ന ക്യാന്‍സര്‍ ആയി മാറിയിരിക്കുന്നു. ഈ ഘട്ടത്തിലും കേരളത്തിന്‍റെ പശ്ചാത്തലത്തില്‍ ഇടതുപക്ഷം പ്രസക്തമാകുന്നത് എങ്ങനെയൊക്കെയാണ്?

കേരളം പോളിംഗ് ബൂത്തിലേക്കെത്താന്‍ നാളുകള്‍ മാത്രമാണ് മുന്നില്‍. കേരളത്തില്‍ അടുത്ത അഞ്ചു വര്‍ഷത്തേക്ക് ഇടതുപക്ഷത്തെ ഭരണമേല്‍പ്പിക്കാന്‍, സാമൂഹികവും സാമ്പത്തികവും വികസനപരവും മാനുഷികവുമായ കാരണങ്ങള്‍ ഏറെയാണ്‌. മാര്‍ക്സിസത്തിന് ഇന്നും പ്രസക്തിയുണ്ട്; എന്നും പ്രസക്തമാണത്. പീഡനങ്ങളും ചൂഷണവും പട്ടിണിയും നിലനില്‍ക്കുന്നിടത്തോളം മാര്‍ക്സിസം പ്രസക്തമായിരിക്കും.

തിരിഞ്ഞുനോക്കുമ്പോള്‍, ഇവിടെ കേരളത്തില്‍ സാമുഹ്യപ്രതിബദ്ധതയും ഒരു സമൂഹത്തിന് അവശ്യം വേണ്ട നന്മയും പുരോഗമന ചിന്താഗതികളുമൊക്കെ പുലര്‍ത്തിപ്പോന്നിട്ടുള്ളത് പുരോഗമനവാദികളായ മാര്‍ക്‌സിസ്റ്റുകള്‍ തന്നെയാണ്. സാമൂഹ്യമായ മാറ്റത്തിന് ഇടതുപക്ഷം യത്നിക്കുമ്പോള്‍ അവര്‍ക്ക് ചില്ലറ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ട് എന്നത് വസ്തുതയാണ്. ഈ വീഴ്ചകള്‍ പറ്റിയില്ലായിരുന്നുവെങ്കില്‍ ഇന്നത്തേതിലും എത്രയോ മുന്നില്‍ എത്തുമായിരുന്നു കേരളവും ബംഗാളും അടക്കം എന്നതും വസ്തുതയാണ്. മറ്റു സംസ്ഥാനങ്ങളില്‍ വേരോട്ടം ഇല്ലാതെ പോയതും ഇടതുപക്ഷത്തിന്റെ തെറ്റായ തീരുമാനങ്ങളോ ദീര്‍ഘവീക്ഷണമില്ലായ്മകളോ തന്നെയാണ്.

ഇടതു ഭരിച്ചാലും വലതു ഭരിച്ചാലും ഭൂമാഫിയയ്ക്ക് കുട പിടിക്കാനും വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരെ രക്ഷിക്കാനും അധികാര രാഷ്ട്രീയത്തിന്‍റെ ബ്രോക്കര്‍മാരാകുവാനും ധാരാളം രാഷ്ട്രീയ പിമ്പുകള്‍ ഉണ്ടാകുന്നുണ്ട് എന്ന് പറഞ്ഞത് ബഹുമാന്യനായ വീ ഡി സതീശനാണ്. നൂറു ശതമാനം ശരിയായ നിരീക്ഷണമാണ് അദ്ദേഹത്തിന്റെത് എന്ന് വിശ്വസിക്കുന്നു. കാരണം “എല്‍.ഡി.എഫ് വന്നാലും ശരിയാകാത്ത”, പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഇരുണ്ട ഇടങ്ങള്‍ നമ്മുടെ ഭരണ രംഗത്തുണ്ട്. എന്നിട്ടും  ഇടതുപക്ഷം മാത്രം പ്രസക്തമാകുന്നത് പകരം വയ്ക്കാന്‍ മറ്റൊന്നില്ല എന്നതുകൊണ്ടാണ്. ഇടതുപക്ഷത്തെ അവര്‍ അര്‍ഹിക്കുമ്പോഴും അല്ലാത്തപ്പോഴും വിമര്‍ശിക്കുമ്പോള്‍ ഒരു സാധാരണക്കാരന്, പുറത്ത് നിന്ന് നോക്കിക്കാണുന്ന ഒരാള്‍ക്ക് ഇത്തരം ആക്ഷേപങ്ങള്‍ ഉയര്‍ത്തുന്നവരോട് ചോദിക്കാനുള്ളത്; ഇതിന് പകരം വെക്കാനെന്തുണ്ട് എന്നതാണ്. പകരം വെക്കാവുന്നൊരു തത്വസംഹിത; സാമ്പത്തികശാസ്ത്രത്തിലും സാമൂഹ്യശാസ്ത്രത്തിലും ഒക്കെ മികച്ചുനില്‍ക്കുന്നത് വേറൊന്നില്ല. അതു തീര്‍ച്ച. അത് കേരളത്തിലായാലും റഷ്യയിലായാലും.

റുമാനിയ പോലുള്ള പലയിടത്തും കമ്യൂണിസത്തിന്റെ തകര്‍ച്ചയ്ക്ക് ശേഷം ഏകാധിപത്യമാണ് വന്നത്. അത് പട്ടാള ഏകാധിപത്യത്തിലേക്ക് എത്തി. അത് ആ സമൂഹത്തില്‍ അപരിഹാര്യമായ വെല്ലുവിളികള്‍ ഉണ്ടാക്കി. സോവിയറ്റ് യൂണിയന്റെ സ്ഥിതി നോക്കുമ്പോള്‍ എത്രമേല്‍ പരിതാപകരമാണ് എന്ന് കാണുവാന്‍ കഴിയും. കമ്യൂണിസം കാലഹരണപ്പെട്ടു എന്ന് പറയുന്നവര്‍ ചുറ്റും നോക്കുന്നില്ല. അവര്‍ക്ക് പകരം വെക്കാനൊന്നുമില്ല. ഗാന്ധിസം പകരം വെക്കാവുന്നതാണ് എന്നതിനെ അംഗീകരിക്കാമായിരിക്കാം. പക്ഷേ അഭിനവ ഗാന്ധിസത്തിന്റെ വക്താക്കള്‍ ആഗോളവത്കരണ കാലത്തെ കോര്‍പ്പറേറ്റ്  മാനേജര്‍മാര്‍ എന്നതില്‍ നിന്ന് ജനാഭിലാഷം നടപ്പിലാക്കുന്ന ഭരണാധികാരികള്‍ എന്ന നിലയിലേക്ക്, നെഹ്രുവിയന്‍ കാലങ്ങള്‍ക്ക് ശേഷം  എപ്പോഴെങ്കിലും ഉയര്‍ന്നിട്ടുണ്ടോ? കാതലായ ചോദ്യം എവിടെയാണ് ഗാന്ധിസമുള്ളത് എന്നത് തന്നെയാണ്! ഇന്നും അവശേഷിച്ചിട്ടുള്ള വേരുകളുള്ളതും മനുഷ്യപക്ഷത്തു നില്‍ക്കുന്നതും മാര്‍ക്സിസം മാത്രമാണ്. ഇന്നും പ്രതീക്ഷ അര്‍പ്പിക്കാവുന്ന തത്വശാസ്ത്രവും മാര്‍ക്സിസം തന്നെയാണ്. ശരിയായ ഗാന്ധിസം ഇന്നില്ല. ഗാന്ധിസത്തെ ആരും പഠിച്ചില്ല, അതിനെ പ്രായോഗിക ജീവിതത്തിലേക്ക് കൊണ്ടുവന്നില്ല. അധികാരത്വരയും അഴിമതികളും ശീലമാക്കിയ ഗാന്ധിയുടെ പിന്‍ഗാമികള്‍ക്ക് ഇത് പിന്തുടര്‍ന്ന് കൊണ്ടുപോകാന്‍ പറ്റിയില്ല.

മുതലാളിത്തമാണ് ഇന്ന് ലോകത്തെ കൈയ്യടക്കുന്നത്. കേരളവും അതില്‍ നിന്ന് മാറി നിന്ന് വിഭിന്നമാകുന്നില്ല. ആഗോളവത്കരണ കാലത്ത് അത് ഒട്ടൊക്കെ അസാധ്യവുമാണ്‌. ഒരു ക്ളീഷേ വാചകമാണെങ്കിലും ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അകല്‍ച്ച, അത്രമേല്‍ അസാധാരണമായി കൂടുതല്‍ കൂടുതല്‍ വ്യാപ്തി നേടുന്നു. എവിടെയൊക്കെ എന്തൊക്കെ വിഭവങ്ങള്‍ ഉണ്ടോ അത് കൈയ്യടക്കാനുള്ള നിരന്തര പരിശ്രമങ്ങള്‍ മുതലാളിത്തം നടത്തിക്കൊണ്ടിരിക്കും. അവര്‍ക്ക് പണ്ട് ഭയപ്പെടാന്‍, സോവിയറ്റ് യൂണിയന്‍ എന്ന മഹാശക്തി അപ്പുറത്തുണ്ടായിരുന്നു. ഇന്നിപ്പോള്‍ അമേരിക്കയ്ക്ക് ആ ഭയമില്ല. ഇന്നവര്‍ ചൈനയെ ഭയപ്പെടുന്നുണ്ട്. അതുകൊണ്ടാവണം ചൈനയെ അവര്‍ ലാളിച്ച് മയപ്പെടുത്താന്‍ പരിശ്രമിക്കുകയാണ്; അത് അവരുടെ ഭയം മൂലമാണ്.

ജനാധിപത്യത്തില്‍ നിന്നുമുള്ള ഒരു സോഷ്യലിസ്റ്റ് വളര്‍ച്ചയല്ല യഥാര്‍ത്ഥത്തില്‍ ഇന്ത്യയില്‍ നടപ്പിലാവുക. കാരണം, ഇന്ത്യ ഇപ്പോഴും ഒരു ജനാധിപത്യ രാജ്യമായി മാറിയിട്ടില്ല. ഇന്നും കുത്തക മുതലാളിമാരുടെ നിയന്ത്രണത്തിലാണു രാജ്യം. അതിനു ഭരിക്കുന്ന മുന്നണികളോ, എന്‍.ഡി.എ അല്ലെങ്കില്‍ യു.പി.എ വ്യത്യാസമോ ഒന്നുമില്ല. അവര്‍ക്ക് വേണ്ടി ഭരിക്കുന്ന ഗവണ്മെന്റുകളാണു നിലവില്‍. ഇന്ത്യ ജനാധിപത്യത്തിലേക്ക് മാറുന്നതു തന്നെ വലിയൊരു വിപ്ലവമായിരിക്കും. ആ നിലയില്‍ ഇടതുപക്ഷ രാഷ്ട്രീയത്തെ അവഗണിച്ച് മുന്നോട്ടുപോകുന്ന സാഹചര്യങ്ങള്‍ തീര്‍ച്ചയായും തിരുത്തപ്പെടേണ്ടതാണ്. ഇന്ത്യന്‍ സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ ഇടതുപക്ഷത്തിന് ഇനിയും പിടികിട്ടാത്തത് എന്തുകൊണ്ടാണ് എന്നത് കാതലായ ചോദ്യമാണ്. കേരളത്തിന്റെ ഭാവിയെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നേരിട്ട്‌ ബാധിക്കുമെന്ന്‌ തീര്‍ച്ചയുള്ളതിനാലാണ്‌ കമ്യൂണിസ്റ്റുകാര്‍ രൂക്ഷവിമര്‍ശനങ്ങള്‍ക്ക്‌ ഇരയാകുന്നത്‌. വലതുപക്ഷ രാഷ്ട്രീയം ഗൗരവമായ വിമര്‍ശനം പോലും അര്‍ഹിക്കാത്തവിധം അവഗണിക്കപ്പെടുന്നത്‌ അവരുടെ ആശയപരമായ ശൂന്യതയിലേക്കാണ്‌ വിരല്‍ചൂണ്ടുന്നത്‌. അങ്ങനെ വരുമ്പോള്‍ ഇടതുപക്ഷത്തിനു നേരേ ഗൗരവമായി വിമര്‍ശനമുന്നയിക്കുന്ന മാധ്യമങ്ങളും സാംസ്കാരികപ്രവര്‍ത്തകരും കാലഘട്ടത്തിന്റെ ആവശ്യമാണ്‌ നിറവേറ്റുന്നത്‌. 

കേരളത്തിന്റെ സാമൂഹിക, രാഷ്ട്രീയ പുരോഗതിയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഇടതുപക്ഷമായി പ്രവര്‍ത്തിച്ച കര്‍ഷക പ്രസ്ഥാനവും അതുപോലെ തൊഴിലാളി പ്രസ്ഥാനവും എല്ലാം തന്നെ ശക്തമായ പുരോഗമനത്തിന്റെ ആശയങ്ങള്‍ പ്രകടിപ്പിക്കുകയും അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. മുപ്പതുകളിലുള്ള സജീവമായ രാഷ്ട്രീയ പ്രസ്ഥാനം കേരളത്തിന്റെ സമൂല പരിവര്‍ത്തനത്തിന് പശ്ചാത്തലമൊരുക്കി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ദണ്ഡേക്കര്‍ കമ്മിറ്റിയുടെ ഭൂപരിഷ്‌ക്കരണ നിയമം പോലും പ്ലാനിംഗ് കമ്മീഷനിലൂടെ പുറത്തുവന്നപ്പോള്‍ അതിന് ഘടനാപരമായ നേതൃത്വവും നടപ്പിലാക്കുവാനുള്ള പ്രതിബദ്ധതയും ഏറ്റെടുത്തത് ഇടതുപക്ഷമായിരുന്നു. അതുകൊണ്ടുതന്നെ ഇടതുപക്ഷം അധികാരത്തില്‍ വരേണ്ടത് ചരിത്രപരമായ അനിവാര്യതയാണ്.

ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഫ്യൂഡലിസത്തിന്റെ ഭൂഖണ്ഡങ്ങള്‍ അവസാനിപ്പിക്കുകയും 37 ലക്ഷം തുണ്ടു കൃഷിക്കാരായ കുടിയായ്മക്കാര്‍ക്ക് ഭൂമിയുടെ സ്ഥിരാവകാശം അനുവദിച്ചുകൊണ്ട് അവരുടെ അന്തസ്സുയര്‍ത്തിപ്പിടിക്കുകയും ചെയ്ത നേതൃത്വം രാഷ്ട്രീയമായ ഇടതുപക്ഷത്തിന്റെ സംഭാവനയായിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളെപ്പറ്റിയുള്ള അക്കാദമിക ചരിത്രപഠനങ്ങള്‍ കേരളത്തില്‍ സജീവമായി നടന്നിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. പ്രത്യയശാസ്ത്രപരമായ ഇടതുപക്ഷത്തിന്റെ ആദര്‍ശം പാവങ്ങളുടെയും നിര്‍ദ്ധനരുടെയും സാമൂഹിക പുരോഗതിയെ അടിസ്ഥാനപ്പെടുത്തിയാണെന്ന് ദാര്‍ശനികര്‍ വിലയിരുത്തുന്നു. അതുകൊണ്ടുതന്നെ സമ്പന്ന വിഭാഗത്തിന് ഇടതുപക്ഷത്തോട് പ്രതിപത്തി കുറവാണ്. പക്ഷേ ചരിത്രഗതിയാകട്ടെ സ്വാമി വിവേകാനന്ദന്‍ സൂചിപ്പിച്ചതുപോലെ സോഷ്യലിസ്റ്റ് രാജ്യം എന്ന സങ്കല്‍പവുമായി ബന്ധപ്പെട്ടിരിക്കുന്നു.

ദാരിദ്ര്യം ഇടതുപക്ഷ പ്രസ്ഥാനത്തെ വളര്‍ത്തുന്നുവെന്ന് അമേരിക്കന്‍ ദാര്‍ശനികര്‍ സിദ്ധാന്തിക്കുമ്പോള്‍ അത് ബഹുജന പ്രസ്ഥാനത്തിന്റെ പ്രതിബദ്ധതയായാണ് ഇന്ത്യാചരിത്രം പഠിപ്പിക്കുന്നത്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളും പുരോഗതി നഷ്ടപ്പെട്ട് കൊളോണിയല്‍ പാരമ്പര്യത്തില്‍ ഇന്നും ജീവിക്കുന്നു. അവിടെ മാറ്റങ്ങളുടെ കൊടുങ്കാറ്റുയര്‍ത്താന്‍ ആശയപരമായ ഇടതുപക്ഷ പ്രസ്ഥാനം വളര്‍ന്നു വരേണ്ടിയിരിക്കുന്നു. കേരളത്തിന്റെ സര്‍വ്വതോന്മുഖമായ മാറ്റങ്ങള്‍ ഇടതുപക്ഷ ചിന്തകളും പ്രവര്‍ത്തനങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ചരിത്രത്തിന്റെ നീതി തന്നെ ഇടതുപക്ഷത്തിന്റെ വിജയമാണ്.

ഇടതുപക്ഷം കേരളത്തില്‍ ഒരു പാര്‍ട്ടി മാത്രമായിരുന്നിട്ടില്ല, ഒരിക്കലും. ഇവിടുത്തെ കടുത്ത കോണ്‍ഗ്രസ്സുകാരനും ആര്‍.എസ്സ്.എസ്സുകാരന്‍ പോലും ഉള്ളിടത്തില്‍ ഒരു ഇടതു മനസ്സുള്ളവനാണ്. ആധുനിക കേരളത്തിന്റെ നിര്‍മിതിയില്‍ ഇടതുപക്ഷം തന്നെയായിരുന്നു അതിന്‍റെ ശില്‍പി. നൈതീക പ്രതിഷേധത്തിന്റെ സംഘടിതവും അല്ലാത്തതുമായ ഏറ്റവും ശക്തമായ ധാരയായിരുന്നു ഇക്കാലമത്രയും ഇന്നാട്ടില്‍ അത്. സംഘടിച്ച് ശക്തരാകുക എന്ന് മലയാളി അറിഞ്ഞതിനു ശേഷം സംഘടനകള്‍ കൂടുതല്‍ ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് മലയാളി തേടുന്ന നൈതീക പ്രതിഷേധത്തിന്റെ ഏറ്റവും ഈടുറ്റ പ്രതീക്ഷയും അതുകൊണ്ടുതന്നെ ഇടതുപക്ഷം തന്നെയാണ്. അതുകൊണ്ടാണ് കഴിക്കുന്ന ഭക്ഷണത്തില്‍ പോലും ഫാഷിസം ഇടപെടുമ്പോള്‍ ഇന്നാട്ടിലെ മുസ്ലിം ജനസാമാന്യം അടക്കം ഇടതുപക്ഷത്തേക്ക് നോക്കുകയെങ്കിലും ചെയ്യുന്നത്.

അഴിമതിയും അസമത്വവും ഒരു പ്രകൃതിദുരന്തമല്ല. മറിച്ച് സാമൂഹ്യനിര്‍മാണ പ്രക്രിയയില്‍ ഒരു വര്‍ഗ്ഗദര്‍ശനത്തിന്റെ പ്രതിഫലനങ്ങളാണത്. ആഗോളവത്കരണ കാലത്ത് കിക്ക് ബാക്കുകള്‍ മള്‍ട്ടിനാഷണലുകളും ദേശികളും ഒരു കലയായി വികസിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍, നമ്മുടേത് പോലുള്ള ഒരു നാടിന് ഇടതുപക്ഷമല്ലാതെ മറ്റൊരു ചോയിസ് ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതല്ലാതെ പിണറായി വിജയന്‍ കരുത്തനായ കമ്മ്യൂണിസ്റ്റ് ആയതുകൊണ്ടോ സഖാവ് വി എസ് ജനകോടികളുടെ നേതാവായതുകൊണ്ടോ അല്ല ഇടതുപക്ഷം പ്രസക്തമാകുന്നത്. ഇടതുപക്ഷം എന്നത് ഒരു മനോഭാവമാണ്, അത് ഒരു പാര്‍ട്ടിയോ മുന്നണിയോ അല്ല എന്നതിന് ലോകത്തിലെ തന്നെ അപൂര്‍വ്വം ഉദാഹരണമാണ് കേരളം. കാരണം ഓരോ ശരാശരി മലയാളിയും ഒരു ഇടതുമനസ്സുള്ളവനാണ്.

കൊടിയ അഴിമതി നടത്തിയത് ബോധ്യപ്പെട്ടത് കാരണം കെപിസിസി പ്രസിഡന്റ്‌ പോലും മാറ്റി നിറുത്താന്‍ ആഗ്രഹിച്ച ആളുകളാണ് നമ്മുടെ മുന്നില്‍ വലതുപക്ഷത്തിനായി വോട്ടഭ്യര്‍ത്ഥിച്ചു വരുന്നത്. മെത്രാന്‍ കായല്‍ വിറ്റുതുലയ്ക്കാന്‍ തുടങ്ങുന്നത്  മുതല്‍, സന്തോഷ്‌ മാധവന്റെ പാടത്ത് ഐടി വികസനം വരുത്തുന്നത് വരെയുള്ള മാഫിയാ ഏര്‍പ്പാടുകള്‍ മാത്രമാണ് കഴിഞ്ഞ അഞ്ചു വര്‍ഷം യുഡിഎഫ്‌  സര്‍ക്കാര്‍ കാഴ്ച വച്ചത്. സകല പൊതുമേഖലാസ്ഥാപനങ്ങളും നഷ്ടത്തില്‍ കൂപ്പുകുത്തുകയോ വിറ്റുതുലയ്ക്കുകയോ ചെയ്തു. വ്യാവസായിക വളര്‍ച്ച വട്ടപ്പൂജ്യത്തില്‍ അവസാനിച്ചു. സോളാര്‍- സരിതാ വിവാദങ്ങളില്‍ ഈ നാടിന്റെ രാഷ്ട്രീയ ധാര്‍മ്മികതയും സദാചാരചിന്തകളും പഴങ്കഥകളാക്കി. അടൂര്‍ പ്രകാശ് മുതല്‍ അനൂപ്‌ ജേക്കബ് വരെ അഴിമതി സുഗമമാക്കാന്‍ പ്രത്യേകം സ്റ്റാഫിനെ വരെ നിയോഗിച്ചു. വീരേന്ദ്രകുമാര്‍ ജനതാദളിനെ കെ പി മോഹനന്‍ എന്ന മന്ത്രിയുടെ അഴിമതി അക്കമിട്ടു നിരത്തിക്കാണിച്ച് ഉമ്മന്‍ ചാണ്ടി ബ്ലാക്മെയില്‍ ചെയ്തു മുന്നണിയില്‍ കൂടെ നിര്‍ത്തുന്ന അത്ഭുതം വരെ സംഭവിച്ചു.

ഇടതുപക്ഷം ചെയ്ത ഏറ്റവും വലിയ നന്മയായ ഭൂപരിഷ്കരണം തുറന്നുവിട്ട സാമൂഹ്യ ഊര്‍ജം വളരെ പെട്ടെന്ന് കേരള സമൂഹത്തെ മാറ്റി മറിച്ചത് ചരിത്രപരമായ ഒരു ഉണ്മയുടെ സ്മരണകൂടിയാണ്. ഭൂസ്വത്തിന്റെ പുനര്‍വിതരണം ഗ്രാമീണ സമ്പദ്ഘടനയെ വികേന്ദ്രീകരിച്ചു. വന്‍തോതിലുള്ള ഗള്‍ഫ് കുടിയേറ്റം നിര്‍മാണമേഖലയില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. ഗ്രാമീണ റോഡുകളുടെയും അങ്ങാടികളുടെയും വികാസം ഗതാഗതം, കച്ചവടം, ചുമട് തുടങ്ങിയ ഇടങ്ങളിലും തൊഴിലവസരങ്ങള്‍ വ്യാപകമാക്കി. വിദ്യാഭ്യാസത്തിന്റെ ത്വരിതഗതിയിലുള്ള വ്യാപനം കായികവൃത്തികളില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള പ്രവണത ഗ്രാമീണ യുവാക്കളില്‍ ശക്തമാക്കി. കൃഷിയെ മാത്രം ആശ്രയിച്ച് ഉപജീവനം നേടേണ്ട സ്ഥിതിമാറി. ആവശ്യത്തിന് കാര്‍ഷികത്തൊഴിലാളികളെ ലഭ്യമല്ല എന്ന പുതിയ അവസ്ഥയും സംജാതമായി. അതിനാല്‍ കാര്‍ഷിക യന്ത്രവല്‍ക്കരണത്തെ ഇന്നാരും എതിര്‍ക്കുന്നും ഇല്ല. ഇടതുപക്ഷമടക്കം; അത് സാധ്യവുമല്ല.

ഇത്രമേല്‍ നന്മകള്‍ കേരളീയ സാഹചര്യത്തില്‍ ഉള്ളതുകൊണ്ടുകൂടിയാണ് ഈ വരുന്ന 16ന് പോളിംഗ് ബൂത്തില്‍ ഇടതുപക്ഷത്തിന് വോട്ട് ചെയ്യുവാന്‍ മലയാളിക്ക് ബാധ്യതയുണ്ട് എന്ന് പറയുന്നത്. എന്നാല്‍ ഇതിനൊന്നും ഇടതുപക്ഷം വിമര്‍ശനത്തിനു് അതീതരാണെന്ന അര്‍ത്ഥമേയില്ല. അവര്‍ വിമര്‍ശിക്കപ്പെടുക തന്നെ വേണം. അതേസമയം ഇടതുപക്ഷത്തിനെതിരായ ഏതെങ്കിലും ആരോപണം പൊളിയുമ്പോള്‍ പൊടുന്നനെ വിഷയം വഴിതിരിക്കുകയും പകരം ചില തൊടുന്യായങ്ങള്‍ പുറത്തെടുക്കുകയും ചെയ്യുന്നതിനെ വിമര്‍ശനമെന്നു വിളിക്കാമോ? അക്കൂട്ടരുടെ സോഷ്യല്‍ മീഡിയ ആക്രോശമാണ് “ഇടതിന്റെ പതിനാറടിയന്തിരം” എന്നത്.

“നിങ്ങള്‍ കമ്പ്യൂട്ടറിനെതിരെ സമരം ചെയ്തില്ലേ? നിങ്ങള്‍ ട്രാക്ടറിനെതിരെ സമരം ചെയ്തില്ലേ? എന്നിട്ട് നിങ്ങളെന്താ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നേ? നിങ്ങളെന്താ വെബ്സൈറ്റ് തുടങ്ങുന്നേ?”

ഇടതുപക്ഷത്തിനെതിരായി ഉന്നയിക്കപ്പെടുന്ന ഹൈ വോള്‍ട്ടേജ് ആരോപണങ്ങളില്‍ ഏതെങ്കിലും പൊളിഞ്ഞാല്‍ ഉടനെ ആരോപണം ഉയര്‍ത്തിയവര്‍ തിരിഞ്ഞുകൊണ്ടിരുന്നത് മുകളില്‍പ്പറഞ്ഞ ചോദ്യങ്ങളിലേക്കായിരുന്നു. ഒരു ഡിസ്കഷന്‍ ഗ്രൂപ്പില്‍ അനന്തമായി നീളുന്ന ഏതു ചര്‍ച്ചയും വിഷയത്തില്‍ നിന്നു് വഴിമാറി ഫാസിസത്തിലേക്കു് എത്തുമെന്നു് ഒരു പ്രോബബിലിറ്റി തിയറിയുണ്ടു് (Godwin’s Law). അതേ പോലെയാണ്, ഇടതുപക്ഷത്തോടുള്ള സ്പെസിഫിക് ആയ വിമര്‍ശനങ്ങളില്‍ ഏതെങ്കിലും പൊളിയുന്ന പക്ഷം മേല്‍പ്പറഞ്ഞ ചോദ്യങ്ങളിലേക്കെത്താനുള്ള സാധ്യതയും. ഉത്തരം മുട്ടുമ്പോള്‍ ഇത്തരം ചോദ്യങ്ങള്‍ ആവര്‍ത്തിക്കുകയും സംവാദങ്ങള്‍ ഫാഷിസ സ്വഭാവത്തിലേക്കു രൂപപ്പെടുകയും ചെയ്യുന്ന സോഷ്യല്‍ മീഡിയ പരിസരങ്ങളില്‍ നിന്നാണ് ഈ പതിനാറടിയന്തിരം എന്ന സംജ്ഞ രൂപം കൊള്ളുന്നത്. അത് ചരിത്രബോധമില്ലായ്മയും ഭൂതകാലത്തെ നിഷേധിക്കുന്നതുമാണ്.

ഒരു ജനാധിപത്യ രാജ്യത്ത്‌ ജനതയുടെ ഭാവിയുമായി രാഷ്ട്രീയത്തിനുള്ളത്‌ പൊക്കിള്‍ കൊടി ബന്ധമാണെന്നിരിക്കേ, രാഷ്ട്രീയ രംഗത്തെ ജീര്‍ണ്ണത രാഷ്ട്രത്തെ തന്നെ നാശത്തിലേക്ക്‌ നയിക്കുമെന്നും വ്യക്തമാണ്‌. അതുകൊണ്ടാണ്‌ മതവിശ്വാസം, കലാസാഹിത്യം തുടങ്ങിയ മേഖലകളില്‍ വേണ്ടതിനേക്കാള്‍ പതിന്മടങ്ങ്‌ സാമൂഹിക ജാഗ്രത രാഷ്ട്രീയ രംഗം ആവശ്യപ്പെടുന്നത്‌. കേരളത്തിന്റെ രാഷ്ട്രീയ മനസ്സാണ്‌ ലോക ഭൂപടത്തില്‍ ഈ കൊച്ചുനാടിനെ വേറിട്ടു നിര്‍ത്തിയത്‌. പ്രകൃതിഭംഗി, കാലാവസ്ഥ, വ്യാപാര സാധ്യത തുടങ്ങിയ ഘടകങ്ങള്‍ നൂറ്റാണ്ടുകള്‍ക്ക്‌ മുന്‍പു തന്നെ കേരളത്തെ ലോകത്തിനു പരിചയപ്പെടുത്തിയെങ്കിലും ചരിത്രത്തിലെ വിസ്മയമായി നമ്മുടെ നാട്ടിനെ മാറ്റിയത്‌ അതിന്റെ രാഷ്ട്രീയ പ്രബുദ്ധതയാണ്‌. മത, സാമുദായിക ശക്തികള്‍ക്ക്‌ ആഴത്തില്‍ വേരോട്ടമുള്ള കേരളത്തിന്റെ മണ്ണില്‍ ഇന്ത്യയില്‍ ആദ്യമായി കമ്മ്യൂണിസ്റ്റു പാര്‍ട്ടി അധികാരത്തിലെത്തിയത്‌ ചരിത്രത്തെ എന്നും അത്ഭുതപ്പെടുത്തിയിട്ടുണ്ട്‌. യഥാര്‍ത്ഥത്തില്‍ സമുദായങ്ങള്‍ക്ക്‌ അകത്തു നടന്ന നവോഥാന സംരംഭങ്ങളുടെ അനിവാര്യവും അനുയോജ്യവുമായ തുടര്‍ച്ചയായിരുന്നു ഇവിടെയുണ്ടായ ദേശീയ പ്രസ്ഥാനവും ഇടതുപക്ഷ രാഷ്ട്രീയവുമെന്ന്‌ കാണാം. സായുധ വിപ്ലവമല്ല ജനങ്ങളോടൊപ്പം നിന്നുള്ള പ്രവര്‍ത്തനങ്ങളിലൂടെയാണ് പാര്‍ട്ടി ഇനി വളരേണ്ടത്.

ഇതെല്ലാം പറയുമ്പോഴും, അധികാര രാഷ്ട്രീയത്തിന്‍റെ സകല ജീര്‍ണ്ണതകളും കേരളത്തിലെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തെയും ബാധിച്ചിരിക്കുന്നു എന്ന് വേണം കാണാന്‍. കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയിലെ ആശയസമരം വ്യക്തിപരമായ വിഭാഗീയതയായി വ്യാഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നു. അതോടെ ബൂര്‍ഷ്വാ രാഷ്ട്രീയത്തിന്റെ എല്ലാ ലക്ഷണങ്ങളും പ്രകടമാക്കുക വഴി കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ പതനം പൂര്‍ണമായിരിക്കുന്നു എന്ന്‌ വ്യംഗ്യം. അതോടൊപ്പം പാര്‍ട്ടി നേതാക്കള്‍ക്ക്‌ നേരെ ചരിത്രത്തില്‍ ഇല്ലാത്തവിധം അഴിമതി ആരോപണങ്ങളും ഉയര്‍ത്താന്‍ എതിരാളികള്‍ക്ക്‌ കഴിഞ്ഞിരിക്കുന്നു.

ഈ സാഹചര്യത്തില്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയെ തിരുത്തുകയും തുണയ്ക്കുകയും ചെയ്യുക എന്ന ഇരുതലദൗത്യമാണ്‌ കേരളത്തെ സ്നേഹിക്കുന്നവര്‍ക്ക്‌ ചെയ്യാനുള്ളത്‌. തന്റെ രക്ഷയോടൊപ്പം പട്ടിണിപ്പാവങ്ങളായ സഹജീവികളുടെ മോചനം കൂടി എന്നെന്നും ലക്ഷ്യമിടുകയും കേരളത്തിന്റെ മതേതര സ്വഭാവത്തിന്‌ പരിക്കേല്‍ക്കാന്‍ അനുവദിക്കുകയില്ലെന്ന്‌ പ്രതിജ്ഞയെടുക്കുകയുമാണ്‌ അടിയന്തിരമായി വേണ്ടത്‌. അതിനു കിണറ്റിലിറങ്ങുന്ന നികേഷ് കുമാറിനെ ന്യായീകരിക്കുന്നതുമായോ ഇടതു സ്വതന്ത്രരുടെ ഭൂതകാലം അന്വേഷിക്കുന്നതുമായോ വലിയ ബന്ധമില്ല; മറിച്ച് 19-ന് വോട്ടെണ്ണുന്ന സമയത്ത് ഈ നാട് അടുത്ത അഞ്ചു വര്‍ഷക്കാലം ഇടതുപക്ഷം ഭരിക്കുന്ന അവസ്ഥയുണ്ടാകണം എന്ന് ഉറപ്പുവരുത്തുന്നത് ഓരോ മലയാളിയും ചരിത്രത്തോടും കാലത്തോടും ചെയ്യുന്ന നീതിയായിരിക്കും. 

(ഹൈക്കോടതി അഭിഭാഷകനും എഴുത്തുകാരനും സാമൂഹ്യനിരീക്ഷകനുമാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍