UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എല്‍ഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി; പി.സി ജോര്‍ജിന് സീറ്റില്ല

അഴിമുഖം പ്രതിനിധി

പതിവുപോലെ ഇക്കുറിയും എല്‍ഡിഎഫ് തന്നെ സീറ്റ് വിഭജന ചര്‍ച്ച ആദ്യം പൂര്‍ത്തിയാക്കി. സിപിഐഎം 92 സീറ്റിലും സിപിഐ 27 സീറ്റിലും മത്സരിക്കും. ജനതാദള്‍ എസിന് അഞ്ച് സീറ്റും ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ ജനാധിപത്യ കേരള കോണ്‍ഗ്രസിന് നാല് സീറ്റും നല്‍കിയ യോഗത്തില്‍ ഇതരഘടകകക്ഷികളായ എന്‍സിപി (4), ഐഎന്‍എല്‍ (3), സ്‌കറിയാ തോമസ് കേരള കോണ്‍ഗ്രസ് (1), കോണ്‍ഗ്രസ് എസ് (1), കോവൂര്‍ കുഞ്ഞുമോന്റെ ആര്‍ എസ് പി ലെനിനിസ്റ്റ് (1), അരവിന്ദാക്ഷന്‍ വിഭാഗം സി എം പി (1), കേരള കോണ്‍ഗ്രസ് ബി (1) എന്നിങ്ങനെയാണ് സീറ്റ് വിഭജനം. സീറ്റ് ആവശ്യപ്പെട്ട് എകെജി സെന്റര്‍ വരെ എത്തിയ കെ ആര്‍ ഗൗരിയമ്മയുടെ ജെ എസ് എസിനേയും പൂഞ്ഞാറില്‍ സീറ്റില്‍ സ്വയം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച പിസി ജോര്‍ജ്ജിനേയും എല്‍ഡിഎഫ് പൂര്‍ണമായും തഴഞ്ഞു.

ജെ എസ് എസിനോട് കാട്ടിയ നെറികേട് വെള്ളാപ്പള്ളിയുടെ ബിഡിജെഎസ് ആലപ്പുഴ ജില്ലയില്‍ എങ്ങനെ വോട്ടാക്കിമാറ്റുമെന്നത് കാത്തിരുന്ന് കാണേണ്ടതുണ്ട്. അതുപോലെ തന്നെ പൂഞ്ഞാറിലും പി സി ജോര്‍ജ്ജിന്റെ നിലപാട് അവിടെ സീറ്റ് ലഭിച്ചിട്ടുള്ള ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ വിധി എങ്ങനെ നിര്‍ണയിക്കുമെന്നതും പ്രവചനാതീതമാണ്. രണ്ട് സീറ്റ് അധികം വേണമെന്ന് പറഞ്ഞ സിപിഐയെ ഒരുവിധം മെരുക്കിയെടുത്താണ് മുന്നണിയോട് പുതുതായി അടുത്ത ജനാധിപത്യ കേരള കോണ്‍ഗ്രസിന് സീറ്റുകള്‍ നല്‍കിയിട്ടുള്ളത്.

ഇടുക്കി, തിരുവനന്തപുരം, ചങ്ങനാശേരി, പൂഞ്ഞാര്‍ എന്നീ സീറ്റുകളാണ് ജനാധിപത്യ കേരള കോണ്‍ഗ്രസിന് ലഭിച്ചത്. ജനതാദള്‍ എസിന് നല്‍കിയിട്ടുള്ള നേരത്തെ മത്സരിച്ച അഞ്ച് സീറ്റുകള്‍ തന്നെ നല്‍കിയപ്പോള്‍ കേരള കോണ്‍ഗ്രസ് ബിക്ക് കെ ബി ഗണേശ് കുമാര്‍ മത്സരിച്ച പത്തനാപുരവും കോണ്‍ഗ്രസ് എസിന് കണ്ണൂരിലെ കണ്ണൂരുമാണ് നല്‍കിയിട്ടുള്ളത്.

എന്‍സിപിക്കും നേരത്തെ മത്സരിച്ച നാല് സീറ്റുകള്‍ തന്നെ ലഭിക്കും. കോവൂര്‍ കുഞ്ഞുമോന്റെ ആര്‍ എസ് പിക്ക് മത്സരിച്ച് ജയിച്ച കുന്നത്തൂരാണ് നല്‍കിയിട്ടുള്ളത്.

സീറ്റ് വിഭജനത്തില്‍ ഘടകകക്ഷികള്‍ പൂര്‍ണമായും തൃപ്തരല്ലെന്നാണ് അറിയുന്നത്. പ്രത്യേകിച്ചും സിപിഐയും സ്‌കറിയാ തോമസ് വിഭാഗവും. പി സി ജോര്‍ജ്ജിനെ ചതിച്ചിട്ടില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍