UPDATES

പി സുജാതന്‍

കാഴ്ചപ്പാട്

പി സുജാതന്‍

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ന് ഞാന്‍, നാളെ നീ

ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ ആര്‍ക്കും ഇഷ്ടമല്ല. അതൊരു കറക്കു കമ്പനിയാണ്. സ്ഥാപിത താല്‍പ്പര്യക്കാര്‍ നയിക്കുന്ന ഭരണകൂടം. വര്‍ഗ്ഗീയതയും സ്വജനപക്ഷപാതവും അഴിമതിയും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ സ്ഥായീഭാവമായി നിഷ്പക്ഷമതികള്‍ കാണുന്നു. എന്നിട്ടും എന്തേ യു.ഡി.എഫ്. സര്‍ക്കാര്‍ ദുര്‍ബല ഭൂരിപക്ഷത്തോടെ ഇവിടിങ്ങനെ നിലനില്‍ക്കുന്നു?

ഇടതു മുന്നണിയെ നയിക്കുന്ന സി.പി.എമ്മിന്റെ പിടിപ്പുകേടാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നിലനില്‍പ്പിന് ആധാരം. കേരളം കണ്ട ഏറ്റവും കൊടിയ സംഘടിത അഴിമതിക്കും വര്‍ഗ്ഗീയതയ്ക്കും കുടപിടിക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ താഴെ ഇറക്കാന്‍ സി.പി.എം. നേതൃത്വത്തിന് കഴിയുന്നില്ല. സഭയിലും പുറത്തും യു.ഡി.എഫ്. സര്‍ക്കാരിനെതിരെ ദുര്‍ബലമായ പ്രസംഗങ്ങള്‍ മാത്രമേ ഉള്ളൂ. ഇടതുപക്ഷത്തിന്‍റെ പ്രവര്‍ത്തനങ്ങളെല്ലാം ഇതപര്യന്തം ഉമ്മന്‍ ചാണ്ടിയുടെ ജനവിരുദ്ധ സര്‍ക്കാരിന് ആയുസ് നീട്ടികൊടുത്തുകൊണ്ടിരിക്കുന്നു. വേറൊരുതരത്തില്‍ പറഞ്ഞാല്‍ സാമാന്യ ജനങ്ങളുടെ ഹിതമറിഞ്ഞു പ്രവര്‍ത്തിക്കാന്‍ പറ്റാത്ത വിധം കേരളത്തിലെ പ്രതിപക്ഷം പരമദയനീയമാം വിധം ദുര്‍ബലമായിരിക്കുന്നു. അതിനാല്‍ ഒരു പക്ഷേ  വരാനിരിക്കുന്ന അരുവിക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പുപോലും യു.ഡി.എഫ്. നീന്തിക്കടന്നെന്നു വരാം.

സഭാ സമ്മേളന വേളയില്‍ ഭരണപക്ഷത്തുനിന്ന് ആരെങ്കിലും മൂത്രമൊഴിക്കാന്‍ പോയാല്‍ സര്‍ക്കാര്‍ വീഴുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് മൂന്നരക്കൊല്ലം മുമ്പ് വലിച്ചുനീട്ടിപ്പറഞ്ഞത്. ഏറെ താമസിയാതെ ഒരു സി.പി.എം. അംഗം രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്ന് ഭരണമുന്നണിക്ക് ബലമേകി. രണ്ട് ഉപതെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു. സി.പി.എം. നേതൃത്വത്തിലെ വിഭാഗീയതയില്‍ നിന്ന് ഊര്‍ജ്ജം വലിച്ചെടുത്ത് നിലനില്‍ക്കാന്‍ വേണ്ട രാഷ്ട്രീയ കൗശലം ഉമ്മന്‍ചാണ്ടിക്കുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയുടെയും ഉപജാപങ്ങളുടെയും കേന്ദ്രമാണെന്ന് എല്ലാ ഇടതുനേതാക്കളും പറയുന്നു. സോളാര്‍ അഴിമതിക്കേസ് ഉത്ഭവിച്ചപ്പോള്‍ പ്രതിസന്ധിയിലായ മുഖ്യമന്ത്രി ഇതാ രാജിവയ്ക്കാന്‍ പോകുന്നു എന്ന തോന്നല്‍ പോലും ഇടതുചായ്‌വുള്ള മാധ്യമങ്ങള്‍ പ്രകടിപ്പിച്ചു. അന്തിമ പോരാട്ടത്തിന് തിരുവനന്തപുരത്ത് എത്തിയ ഇടതുപ്രവര്‍ത്തകരെ അന്നത്തെ സി.പി.എം. സെക്രട്ടറി പിണറായി വിജയന്‍ നിരാശരാക്കി മടക്കി അയച്ചപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയും പരസ്പരം കൈകൊടുത്തു ചിരിച്ചു.

ആറന്മുള വിമാനത്താവളം, കളമശ്ശേരി ഭൂമി ഇടപാട്, കടകംപള്ളി ഭൂമിക്കേസ്, പാറ്റൂര്‍ ഫ്‌ളാറ്റ് നിര്‍മ്മാണ വിവാദം എന്നിവയിലെല്ലാം യു.ഡി.എഫ്. സര്‍ക്കാര്‍ പ്രതിക്കൂട്ടിലായി. പുതിയ മദ്യനയം സര്‍ക്കാരിന്റെ കാപട്യം മറനീക്കി പുറത്തുകൊണ്ടുവന്നു. കോഴക്കേസില്‍പ്പെട്ട ധനമന്ത്രിയെ പിന്തുണയ്ക്കാനും വെള്ള പൂശാനും കോണ്‍ഗ്രസ് നേതാക്കള്‍ മുഖ്യമന്ത്രിയും നേതൃത്വത്തില്‍ മത്സരിച്ചു. ഉമ്മന്‍ചാണ്ടിയുടെ ഗണ്‍മാന്‍ ഉള്‍പ്പെട്ട പേഴ്‌സണല്‍ സ്റ്റാഫിലെ ഏതാനും പേര്‍ക്കെതിരെ ക്രിമിനല്‍കേസ് ഉത്ഭവിച്ചു. അഞ്ചാം മന്ത്രി വിവാദവും ആഭ്യന്തരവകുപ്പ് മാറ്റവും കോണ്‍ഗ്രസിലും സര്‍ക്കാരിലും ചേരിതിരിവുകള്‍ സൃഷ്ടിച്ചു.

നാട്ടുകാര്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഓരോ നടപടിയിലും ദുരുദ്ദേശ്യം കണ്ടു. എല്ലാം അറിഞ്ഞുകൊണ്ടുതന്നെ സി.പി.എം നേതാക്കള്‍ യു ഡി എഫ് ഭരണത്തെ വെറുതെവിട്ടതിന്റെ കാരണം വ്യക്തമായിരുന്നു . പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് അച്യുതാനന്ദനെ ഭയപ്പെടുന്നു. വി.എസ്.അച്യുതാനന്ദന്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ വിജയന്‍ കെട്ടിപ്പൊക്കുന്ന മനക്കോട്ടകള്‍ തകരും. അതിനേക്കാള്‍ ആശ്വാസം  ഉമ്മന്‍ചാണ്ടി എങ്ങനെയും ഭരണത്തില്‍ തുടരുകയെന്നതാണെന്ന് സി.പി.എമ്മിലെ വി.എസ്. വിരുദ്ധര്‍ ഒന്നടങ്കം കരുതുന്നു.  ദൗര്‍ഭാഗ്യവശാല്‍ പാര്‍ട്ടി നേതൃത്വത്തില്‍ ഇപ്പോള്‍ അവര്‍ ഒരു മൃഗീയ ഭൂരിപക്ഷമാണ്. അധികാരം ലഭിച്ചാല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനേക്കാള്‍ വേഗത്തില്‍ ദുഷിക്കാവുന്ന എല്ലാ ചേരുവകളും അടങ്ങിയതാണ് സി.പി.എമ്മിലെ  ഇന്നത്തെ പ്രബല ചേരി. അവര്‍ യു.ഡി.എഫ്. സര്‍ക്കാരുമായി ഒത്തുതീര്‍പ്പ് വ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന സമരസഹായ സഹകരണ പ്രസ്ഥാനമായി മാറിയിട്ട് കാലം ഏറെയായി. സമരത്തിനു വേണ്ടി വെറും സമരം നടത്തി ജനങ്ങളെ കഷ്ടപ്പെടുത്തുന്നവരെന്ന പേരുദോഷം പേറുന്നവര്‍ അഴിമതിയും വര്‍ഗ്ഗീയദോഷം പേറുന്നവര്‍ അഴിമതിയും വര്‍ഗ്ഗീയതയും മുഖമുദ്രയാക്കിയ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ താഴെ ഇറക്കാന്‍ കാര്യമായി പ്രവര്‍ത്തിക്കുമെന്ന് ആരും പ്രതീക്ഷിക്കണ്ട.

പിണറായി വിജയനു പകരം സി.പി.എം. സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ വന്നിട്ടും കാര്യങ്ങള്‍ക്ക്  വ്യത്യാസമൊന്നുമില്ല. കെ.എം.മാണി വാര്‍ഷിക ബഡ്ജറ്റ് അവതരിപ്പിക്കാന്‍ ചോരപ്പുഴ നീന്തിക്കടക്കേണ്ടി വരുമെന്ന് പറഞ്ഞ കോടിയേരി നിയമസഭയില്‍ പ്രതിപക്ഷനേതാവിന്റെ അരികില്‍ ഒരു ഉപനേതാവായി നില്‍ക്കുന്നത് കണ്ടു. മാണി തീയും പുഴുവും നിറഞ്ഞ നരകത്തില്‍ പോകുമെന്ന് വേദപുസ്തകഭാഷയില്‍ തീവ്രമായി ശപിക്കാന്‍ മാത്രമേ അച്യുതാനന്ദന് കഴിയൂ. ഇല്ലെങ്കില്‍ അബ്കാരികളുടെ പക്കല്‍ ഉണ്ടെന്ന് പറയുന്ന കോഴയുടെ തെളിവുകള്‍ വാങ്ങി കോടതിയില്‍ പോകാം.  ജനാധിപത്യവ്യവസ്ഥ അനുവദിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് ഒരു അഴിമതി ഭരണം അവസാനിപ്പിക്കാന്‍ ഇടതുപക്ഷം ശ്രമിക്കുന്നില്ല. പകരം ജനങ്ങളുടെ കണ്ണില്‍ മണ്ണിട്ട് കൊള്ളക്കാരെ രക്ഷിക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ധനമന്ത്രി കെ.എം.മാണിയെ തടയാനിറങ്ങിയവര്‍ ബജറ്റ് വായനവേളയില്‍ നിശബ്ദരായി കേട്ടിരുന്നു. ഭരണ പക്ഷം ജയ് വിളിച്ച് പ്രോത്സാഹിപ്പിച്ചിട്ടും പ്രതിപക്ഷം ഒരു മഹാനാടകത്തിന്റെ അരങ്ങൊഴിഞ്ഞ വേദിയിലേക്ക് നിരവികാരരായി നോക്കിയിരുന്ന് പ്രോത്സാഹിപ്പിച്ചു. ‘ഇന്ന് ഞാന്‍ നിന്നെ കക്കാന്‍ അനുവദിക്കുന്നു. നാളെ നീ എന്നെയും ഇങ്ങനെ സഹായിക്കേണ്ടി വരും.’ എന്നല്ലേ ആ മൗനത്തിന്റെ വാചാലമായ അര്‍ത്ഥം?

ഭരണ-പ്രതിപക്ഷ കക്ഷികള്‍ അയ്യഞ്ചുകൊല്ലം കഴിയുമ്പോള്‍ മാറിമാറി അധികാരത്തില്‍ വരുന്ന മുന്നണി രാഷ്ട്രീയത്തിന്റെ ശാപത്തിന് ജനങ്ങള്‍ അറുതിവരുത്തേണ്ടിവരും. ഇന്നല്ലെങ്കില്‍ നാളെ അതിവിടെ സംഭവിക്കുമായിരിക്കും. അതുവരെ ആര്‍ക്കും നോവാത്ത ഒത്തുതീര്‍പ്പ് സമരങ്ങളും അഴിമതി ഭരണവും തുടര്‍ന്നുകൊണ്ടിരിക്കും. അവര്‍ക്കിടയില്‍ കെ.ബി.ഗണേഷ്‌കുമാറിനെപ്പോലെ ഒറ്റയാന്‍മാര്‍ വലിയ ചോദ്യചിഹ്നമായി സഭയില്‍ ഇരിക്കും. ഏകാന്തമായ ആ ഇരുപ്പ് നമ്മുടെ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ വൈരുദ്ധ്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു. ഭരണമുന്നണിയുടെ നെറികേടുകളോട് വിടപറഞ്ഞുകൊണ്ട്  പ്രതിപക്ഷത്തോട് ഒപ്പം ചേര്‍ന്ന് സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്ത മുന്‍മന്ത്രിയാണ് ഗണേഷ് കുമാര്‍.

പന്ന്യന്‍ രവീന്ദ്രന്‍ ഒരിക്കല്‍ പറഞ്ഞതുപോലെ, പ്രതിപക്ഷം കൈ ഞൊടിച്ചാല്‍ ഭരണപക്ഷത്തുനിന്ന് ഇറങ്ങിവരാന്‍ ഇനിയും എത്രയോ എം.എല്‍.എമാരും പാര്‍ട്ടികളുമുണ്ട്.  കൂടുതല്‍ ജനാധിപത്യ കക്ഷികളെ ചേര്‍ത്ത് ഇടതുമുന്നണി വിപുലപ്പെടുത്തുമെന്ന് സി.പി.എം. സംസ്ഥാന സമ്മേളനം നയപരമായി പ്രഖ്യാപിച്ചിരുന്നു. പല കാലങ്ങളായി വിട്ടുപോയ മൂന്നു പാര്‍ട്ടികള്‍ സന്ദര്‍ഭം കാത്ത് യു.ഡി.എഫ്. വിടാന്‍ കാത്തിരിപ്പുണ്ട്. ജോസഫ് ഗ്രൂപ്പ് കേരള കോണ്‍ഗ്രസ്, ജനതാദള്‍ – എസ്, ആര്‍.എസ്.പി. പൂഞ്ഞാറിലെ പി.സി.ജോര്‍ജ്ജിന് സി.പി.എം. നേതാവ് വൈക്കം വിശ്വന്‍ ഒരു ഫോണ്‍ സന്ദേശം നല്‍കിയാല്‍ മതി ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നിമിഷങ്ങള്‍ക്കുള്ളില്‍ നിലംപൊത്തും. പക്ഷേ സി.പി.എം. നേതൃത്വം അതിന് തയ്യാറാകുന്നില്ല. പ്രതിപക്ഷനേതാവ് അച്യുതാനന്ദന്‍ വീണ്ടും അധികാരത്തില്‍ വന്നുപോയാലോ എന്ന ഭയം; മുമ്പ് എളമരം കരീമും ടി.കെ.ഹംസയും പറഞ്ഞത് ഓര്‍ക്കുന്നില്ലേ. വി.എസ്. വീണ്ടും വന്നാല്‍ ‘നമ്മളില്‍ പലരും’ അകത്താകുമെന്ന്. അന്നത്തെക്കാള്‍ കൂടുതല്‍ വഷളാണ് സി.പി.എമ്മിലെ ഇന്നത്തെ സ്ഥിതി.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ വിമര്‍ശിച്ച് അന്ത്യം വരെ ജീവിക്കാം. സമരവും വിമര്‍ശനവും നല്ല കലാപ്രവര്‍ത്തനങ്ങളാണ്. വീണ്ടും വീണ്ടും അഴിമതി നടത്താന്‍ സര്‍ക്കാരിനെ പ്രോത്സാഹിപ്പിച്ചുകൊണ്ട് വിമര്‍ശനത്തിന് പുതിയ മേച്ചില്‍പുറങ്ങള്‍ കണ്ടെത്താം. കേരള രാഷ്ട്രീയത്തിലെ ഇന്നത്തെ സോദ്ദേശ്യ സാഹിത്യം അതു മാത്രമാണ് . 

പി സുജാതന്‍

പി സുജാതന്‍

കേരള പത്രപ്രവര്ത്തലന രംഗത്തെ പ്രമുഖ വ്യക്തിത്വമായ പി സുജാതന്‍ അറിയപ്പെടുന്ന രാഷ്ട്രീയ നിരീക്ഷകനും കാര്ട്ടൂ ണിസ്റ്റുമാണ്. കേരള കൌമുദി, കലാകൌമുദി, വീക്ഷണം തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ ജോലിചെയ്തിട്ടുണ്ട്. കലാകൌമുദിയില്‍ എഴുതിയ രാഷ്ട്രീയ ലേഖനങ്ങള്‍ ഏറെ ശ്രദ്ധേയം.

More Posts

Follow Author:
TwitterFacebookLinkedInGoogle PlusYouTube

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍