UPDATES

ചെങ്ങന്നൂരില്‍ നാണംകെട്ട് കോണ്‍ഗ്രസ്സും ബിജെപിയും; വര്‍ദ്ധിതവീര്യത്തോടെ എല്‍ഡിഎഫ്

കെ എം മാണിക്കും അദ്ദേഹത്തിന്റെ പാർട്ടിക്കും പിന്നാലെ നടന്നു കോൺഗ്രസ് നേതൃത്വം ഏറെ സമയം പാഴാക്കിയപ്പോൾ ബി ഡി ജെ എസിനെയും എസ് എൻ ഡി പി യെയും പൂർണമായും തങ്ങൾക്കൊപ്പം നിര്‍ത്തുന്നതിൽ ബി ജെ പി യും പരാജയപ്പെട്ടു

കെ എ ആന്റണി

കെ എ ആന്റണി

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി സജി ചെറിയാൻ നേടിയ തിളക്കമാർന്ന വിജയത്തിനു പിന്നിൽ ഒട്ടേറെ ഘടകങ്ങൾ ഉണ്ടെങ്കിലും അതിൽ ഏറ്റവും പ്രധാനമായത് ജനവിധി തങ്ങളുടെ സ്ഥാനാർത്ഥികൾക്ക് അനുകൂലമാകുന്നതിൽ യു ഡി എഫ്, എൻ ഡി എ നേതൃത്വം (പ്രത്യേകിച്ച് കോൺഗ്രസിന്റെയും ബി ജെ പി യുടെയും) അമ്പേ പരാജയപ്പെട്ടു എന്നതു തന്നെയാണ്. ബാർകോഴ ആരോപണത്തിൽ പിണങ്ങി മുന്നണി വിട്ടുപോയ കെ എം മാണിക്കും അദ്ദേഹത്തിന്റെ പാർട്ടിക്കും പിന്നാലെ നടന്നു കോൺഗ്രസ് നേതൃത്വം ഏറെ സമയം പാഴാക്കിയപ്പോൾ ബി ഡി ജെ എസിനെയും എസ് എൻ ഡി പി യെയും പൂർണമായും തങ്ങൾക്കൊപ്പം നിര്‍ത്തുന്നതിൽ ബി ജെ പി യും പരാജയപ്പെട്ടു.

മാണിക്ക് പിന്നാലെ നടന്ന് കോൺഗ്രസ്സും ബി ഡി ജെ എസ്സിനെ അനുനയിപ്പിക്കാൻ ശ്രമിച്ചു ബി ജെ പി യും സമയം കളഞ്ഞപ്പോൾ പ്രചാരണ രംഗത്ത് ബഹുദൂരം മുന്നേറാൻ എൽ ഡി എഫിന് കഴിഞ്ഞു. തന്നെയുമല്ല മാണിയുടെ കാര്യത്തിൽ ഏതാണ്ട് അവസാന നിമിഷം വരെ കോൺഗ്രസിനെയും യു ഡി എഫിനെയും ഇരുട്ടിൽ നിര്‍ത്തുന്നതിനും എൽ ഡി എഫിനായി. ഇതിന്റെയൊക്കെ പ്രതിഫലനം തന്നെയാണ് ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് ഫലത്തിൽ പ്രകടമാകുന്നത്. മാണിയെച്ചൊല്ലി സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ദേ തമ്മിലടിക്കുന്നു അവരിപ്പോൾ അടിച്ചുപിരിയുമെന്നു പറഞ്ഞു ചിരിച്ചു രസിച്ചു സമയം കളഞ്ഞതിനെ ഇനി പഴിച്ചിട്ടു കാര്യമില്ലല്ലോ!

ഇതോടൊപ്പം തന്നെ കൂട്ടിവായിക്കേണ്ട ഒന്നാണ് വോട്ടെടുപ്പ് കഴിഞ്ഞതിനു തൊട്ടു പിന്നാലെ ഉച്ചക്ക് ശേഷം മണ്ഡലത്തിലെ പല ബൂത്തുകളിലും യു ഡി എഫ് പ്രവർത്തകർ ഉണ്ടായിരുന്നില്ലെന്ന മട്ടിൽ സ്ഥാനാർഥി ഡി വിജയകുമാറിന്റേതായി വന്ന പ്രതികരണവും ഇന്ന് വോട്ടെണ്ണൽ തുടങ്ങിയ നിമിഷം മുതൽ ഇടതു മുന്നണി സ്ഥാനാർഥി സജി ചെറിയാൻ മുന്നേറ്റം തുടങ്ങിയപ്പോൾ യു ഡി എഫിന്റെ സംഘടനാ ദൗർബല്യത്തെകുറിച്ച് കോൺഗ്രസ് നേതാവ് രാജ്‌മോഹൻ ഉണ്ണിത്താൻ നടത്തിയ നിരീക്ഷണവും. കോൺഗ്രസ് ശക്തി കേന്ദ്രങ്ങൾ എന്നറിയപ്പെടുന്ന മാന്നാർ പഞ്ചായത്തിലും പാണ്ടനാട് പഞ്ചായത്തിലുമൊക്കെ കോൺഗ്രസ് സ്ഥാനാർഥി ഡി വിജകുമാറിനെ പിന്തള്ളി സജി ചെറിയാൻ കുതിപ്പ് ആരംഭിച്ചപ്പോഴായിരുന്നു യു ഡി എഫിന്റെ സംഘടനാ ദൌര്‍ബല്യത്തെ ഉണ്ണിത്താൻ പഴിച്ചത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ക്യാമ്പ് ചെയ്തു കുടുംബ യോഗങ്ങൾക്കു നേതൃത്വം നൽകിയ വള്ളക്കൽ പ്രദേശം ഒരു കോൺഗ്രസ് ശക്തി കേന്ദ്രമായിരുന്നിട്ടുകൂടി അവിടുത്തെ ബൂത്തിലും എൽ ഡി എഫ് സ്ഥാനാർഥി സജി ചെറിയാൻ യു ഡി എഫ് സ്ഥാനാർഥി വിജകുമാറിനേക്കാൾ 77 വോട്ട് അതികം നേടിയെന്നതും സംഘടനാ ദൗർബല്യം എന്ന ഉണ്ണിത്താന്റെ പരിദേവനത്തോട് ചേർത്തു വായിക്കേണ്ടതുണ്ട്.

ചെങ്ങന്നൂരില്‍ വെള്ളാപ്പള്ളിയുടെയും മകന്റെയും ഉടായിപ്പ് രാഷ്ട്രീയം

ബി ഡി ജെ എസ്, വെള്ളാപ്പള്ളി ഫാക്റ്ററുകളും ചെങ്ങന്നൂരിൽ പ്രതിഫലിച്ചു എന്നുവേണം കരുതാൻ. തന്നെ തോൽപ്പിക്കാൻ സി പി എമ്മും ബി ജെ പി യും അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കി എന്ന് വിജയ കുമാർ ആരോപിക്കുന്നുണ്ട്. ബി ജെ പി ശക്തി കേന്ദ്രമായ തിരുവൻവണ്ടൂരിൽ അടക്കം എൽ ഡി എഫ് മുന്നിലെത്തിയ ഘട്ടത്തിലാണ് വിജയകുമാർ ഇങ്ങനെയൊരു ആരോപണം ഉന്നയിച്ചത്. എന്നാൽ കഴിഞ്ഞ തവണ മുന്നേറ്റം നടത്തിയ പഞ്ചായത്തുകളിൽ ശ്രീധരൻ പിള്ളക്ക് ഇത്തവണ മുന്നേറാൻ കഴിയാതെ പോയതിനു പിന്നിൽ ബി ഡി ജെ എസ്, വെള്ളാപ്പള്ളി ഫാക്ടറും കാണാതിരുന്നുകൂടാ. അതേസമയം രാജ് മോഹൻ ഉണ്ണിത്താൻ ചൂണ്ടിക്കാണിച്ചതുപോലെ കഴിഞ്ഞ തവണ ശ്രീധരൻ പിള്ളക്ക് ലഭിച്ച വോട്ടിൽ നല്ലൊരു ശതമാനം യു ഡി എഫ് സ്ഥാനാർഥി പി സി വിഷുനാഥിന് ലഭിക്കേണ്ട വോട്ടായിരുന്നുവെന്നതും സ്ഥാനാർത്ഥിയെ മാറ്റി പരീക്ഷിച്ച ഈ തിരഞ്ഞെടുപ്പിലും ആ വോട്ടുകൾ യു ഡി എഫിലേക്കു തിരിച്ചെത്താതെ എൽ ഡി എഫ് സ്ഥാനാർഥിക്കു ലഭിച്ചുവെന്നതും ഒരു പ്രതിപക്ഷം എന്ന നിലയിൽ കോൺഗ്രസിന്റെയും യു ഡി എഫിന്റെയും ദൗർബല്യം തന്നെയാണ് വ്യക്തമാകുന്നത്.

സജി ചെറിയാന്റെ വ്യക്തി പ്രഭാവത്തെക്കുറിച്ചും രണ്ടു വർഷത്തെ എൽ ഡി എഫ് ഭരണത്തിന്റെ നേട്ടത്തേക്കാളും ഈ തിരഞ്ഞെടുപ്പ് ഫലത്തിൽ നിന്നും വ്യക്തമാകുന്ന ഒരു കാര്യം അന്തരിച്ച കെ കെ രാമചന്ദ്രൻ നായർ തുടങ്ങിവെച്ച വികസന പ്രവർത്തങ്ങൾക്ക് ഒരു തുടർച്ച ഉണ്ടാകുന്നെങ്കിൽ ഉണ്ടാകട്ടെയെന്നു ചെങ്ങന്നൂരിലെ വോട്ടർമാർ കരുതി എന്നതാണ്. റെക്കോർഡ് ഭൂരിപക്ഷത്തോടു കൂടിയ സജി ചെറിയാന്റെ വിജയത്തിന് പിന്നിൽ കാണാതെ പോകാൻ പാടില്ലാത്ത ഒന്നുണ്ട്. മൂന്ന് തവണ ചെങ്ങന്നൂരിനെ പ്രതിനിധീകരിച്ച പഴയ കോൺഗ്രസ് തീപ്പൊരി ശോഭന ജോർജ് എന്ന വ്യക്തിയെ. കഴിഞ്ഞ തവണ വിമതയായി പ്രത്യക്ഷപെട്ടു എൽ ഡി എഫിന്റെ വിജത്തിന് വഴി ഒരുക്കിയെങ്കിൽ ഇത്തവണ ശോഭന ചെങ്കൊടിയുമായി മണ്ഡലമാകെ ഓടി നടന്നു സജി ചെറിയാന്റെ വിജയത്തിനു വേണ്ടി പ്രവർത്തിക്കുന്നതിനും ചെങ്ങന്നൂർ സാക്ഷ്യം വഹിച്ചു.

മോദിയുടെ മണല്‍ക്കോട്ടകള്‍ പൊളിയുകയാണ്-ഹരീഷ് ഖരെ എഴുതുന്നു

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍