UPDATES

വിദേശം

ഐ എസ് നേതാവ് അൽ-ബാഗ്ദാദി അമേരിക്കന്‍ ബന്ദിയെ ലൈംഗിക അടിമയാക്കിയെന്ന് കുടുംബം

Avatar

ആഡം ഗോള്‍ഡ്മാന്‍, ഗ്രെഗ് മില്ലര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഇസ്ലാമിക് സ്റ്റേറ്റിന്റെ പരമോന്നതനായ നേതാവ് 26 വയസ്സു പ്രായമുള്ള അമേരിക്കൻ വനിതയെ തന്റെ സ്വകാര്യ വസതിയിൽ തടവിൽ പാർപ്പിക്കുകയും നിരന്തരം ലൈംഗിക പീഡനം നടത്തുകയും ചെയ്തുവെന്ന ഞെട്ടിപ്പിക്കുന്ന സത്യം അമേരിക്കൻ ഭരണകൂടവും വ്യക്തിയുടെ കുടുംബവും സ്ഥിരീകരിച്ചു.

സാമൂഹ്യസേവനത്തിലേർപ്പെട്ടിരുന്ന തങ്ങളുടെ മകളെ ഇസ്ലാമിക് സ്റ്റേറ്റിന്റെ അമീറായ അബു ബകർ അൽ-ബാഗ്ദാദി ശാരീരിക പീഡനത്തിനിരയാക്കിയെന്ന വാർത്ത എഫ് ബി ഐ യാണ് തങ്ങളെ അറിയിച്ചതെന്ന് കൈല മുള്ളറുടെ കുടുംബം കഴിഞ്ഞ ദിവസം വെളിപ്പെടുത്തി.

ജൂണ്‍ മാസത്തിൽ തന്നെ ലൈംഗിക പീഡനത്തിന്റെ വിവരം ലഭിച്ചിരുന്നുവെങ്കിലും    പിടിയിലകപ്പെട്ട മറ്റൊരു മുതിർന്ന ഇസ്ലാമിക് സ്റ്റേറ്റ് നേതാവിന്റെ ഭാര്യയിൽ നിന്നും മറ്റുള്ള അമേരിക്കൻ ബന്ധികളുമായി നടത്തിയ അഭിമുഖത്തിൽ നിന്നുമുള്ള വിവരങ്ങൾ കൂട്ടിയിണക്കിയാണ് എഫ് ബി ഐ ഈ വാർത്ത സ്ഥിരീകരിച്ചത്.

“എന്റെ ജീവിതത്തിലെ ഏറ്റവും ഭയാനകമായ ഒരു മാസമായിരുന്നു ജൂണ്‍, വിവരമറിഞ്ഞതു മുതൽ ഞാൻ തകർന്നിരിക്കുകയാണ് ” കൈലയുടെ മാതാവ് മാർഷാ മുള്ളർ പറഞ്ഞു.

ബാഗ്ദാദിയാൽ മുള്ളർ ലൈംഗികമായി പീഡിക്കപ്പെട്ടുവെന്ന വാർത്ത വിരൽ ചൂണ്ടുന്നത് സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങളും പീഡനങ്ങളും ഇസ്ലാമിക് സ്റ്റേറ്റിന്റെ ഉന്നതരായ നേതാക്കൾക്കിടയിൽ അനുവദനീയമാണെന്ന ഞെട്ടിക്കുന്ന സത്യത്തിലേക്കാണ്. ലൈംഗിക അടിമത്തം മതപരമാണെന്ന ആശയം പ്രചരിപ്പിക്കുകയും കൂടുതൽ യുവാക്കളെ സംഘടനയിലേക്ക് എത്തിക്കാനുള്ള ഉപാധിയായി ഈ വാദത്തെ കാണുകയുമാണ്‌ സംഘടന ചെയ്യുന്നത്.

ബാഗ്ദാദിയാൽ അരിസോണയിലെ പ്രെസ്കോട്ട് നിവാസിയായ മുള്ളർ പീഡിപ്പിക്കപ്പെട്ടുവെന്ന വാർത്ത ആദ്യമായ് പ്രസിദ്ധീകരിച്ചത് ലണ്ടനിലുള്ള ഇൻഡിപെൻഡൻറ്റ് പത്രമാണ്.

“മാനസികമായി  തകർന്നിരിക്കുന്ന ഈ സന്ദര്‍ഭത്തിലും ഞങ്ങൾ മാധ്യമങ്ങളുടെ മുന്നിൽ വന്നത് ഈ സത്യം ലോകമറിയണമെന്ന ആഗ്രഹമുള്ളതുകൊണ്ടാണ് ” കൈലയുടെ പിതാവ് കാൾ മുള്ളർ പറഞ്ഞു. മകളുടെ ഇരുപത്തേഴാം പിറന്നാളിനു തന്നെ ഈ  വാർത്ത പങ്കു വെക്കേണ്ടി വരുന്നതിന്റെ ദുഃഖവും അദ്ദേഹത്തിന്റെ വാക്കുകളിലുണ്ടായിരുന്നു.

ഈ വർഷത്തിന്റെ തുടക്കത്തിൽ മുള്ളറെ തടവിൽ പാർപ്പിച്ചിരുന്ന കെട്ടിടത്തിൽ  ജോർദാനിയൻ യുദ്ധ വീമാനം നടത്തിയ ബോംബിങ്ങിൽ മുള്ളർ കൊല്ലപ്പെട്ടുവെന്ന്  ഇസ്ലാമിക് സ്റ്റേറ്റ് പ്രഖ്യാപിച്ചിരുന്നു. അമേരിക്കൻ ഭരണകൂടവും മരണ വാർത്ത  സ്ഥിരീകരിച്ചെങ്കിലും മരണ കാരണത്തിൽ അഭിപ്രായ ഭിന്നത പുലർത്തുകയായിരുന്നു.

2014 ലിൽ കൈല തന്റെ തടവറ ജീവിതത്തെക്കുറിച്ച് എഴുതിയ കുറിപ്പ് മുള്ളർ കുടുംബം പുറത്തുവിട്ടിരുന്നു. “ഞാൻ തികച്ചും ആരോഗ്യവതിയും  സുരക്ഷിതയുമാണ് (ഇവിടെ വന്നതിനു ശേഷം തടി കൂടിയെന്നാണ് തോന്നുന്നത്); തികഞ്ഞ ബഹമാനത്തോടും സ്നേഹത്തോടുകൂടിയുമാണ്‌ ഇവരെന്നോടു പെരുമാറുന്നത്”

ജൂണിൽ എഫ് ബി ഐ വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുക്കുന്നത് വരെ തന്റെ മകൾ സുരക്ഷിതയാണെന്നാണ് കൈലയുടെ മാതാവ് കരുതിയിരുന്നത്. അടുത്തിടെ പിടിയിലകപ്പെട്ട ഇസ്ലാമിക് സ്റ്റേറ്റ് നേതാവിന്റെ ഭാര്യയിൽ നിന്നും, കൈലയുടെ കൂടെ രണ്ടു മാസത്തോളം തടവിൽ പാർക്കുകയും പിന്നീട് രക്ഷപ്പെടാൻ സാധിക്കുകയും ചെയ്ത യസീദി യുവതിയിൽ നിന്നുമാണ് എഫ് ബി ഐക്ക് പീഡനത്തെക്കുറിച്ചുള്ള വിവരം ലഭിച്ചത്.

കൈല ശാരീരിക അക്രമത്തിനിരയായെന്ന വാർത്ത ഉദ്യോഗസ്ഥർക്ക് നേരത്തെ ലഭിച്ചിരുന്നുവെങ്കിലും ഇസ്ലാമിക് സ്റ്റേറ്റിന്റെ നേതാവ് ലൈംഗിക അടിമയായി വെച്ചിരിക്കുകയാണെന്ന വിവരം ഇപ്പോഴാണ് ലഭിക്കുന്നത്.

ഇറാഖിലെ അൽ-ഖൈദയുടെ ഭാഗമായ ബാഗ്ദാദിയുടെ ജീവിതത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമല്ലെങ്കിലും പരിശീലനം ലഭിച്ച പോരാളിയായും ശക്തനായ നേതാവായുമാണ് അദ്ദേഹം അറിയപ്പെടുന്നത്. കഴിഞ്ഞ വർഷം മൊസൂളിലെ ഒരു പള്ളിയിൽ വെച്ച് സ്വയം നേതാവായി പ്രഖ്യാപിച്ചതോടെയാണ് ബാഗ്ദാദി പൊതുജന ശ്രദ്ധയിലേക്ക് വരുന്നത്.  

2013 ൽ സിറിയൻ നഗരമായ അലേപ്പോയിലെ ആശുപത്രിയിൽ നിന്നും പുറത്തു വരുമ്പോളായിരുന്നു മുള്ളർ സംഘടനയുടെ പിടിയിലകപ്പെട്ടത്. മുള്ളർ മരിച്ചതിനു മൂന്നു മാസങ്ങൾക്കു ശേഷം മാത്രമാണ് യു എസ് സ്പെഷ്യൽ ഓപറേഷൻ ഫോഴ്സിന് കെട്ടിടം പരിശോധന നടത്താനായത്.

എണ്ണ കള്ളക്കടത്തിലൂടേയും മറ്റുള്ള നിയമവിരുദ്ധമായ പ്രവർത്തനങ്ങളിലൂടേയും       സംഘടനക്ക് സാമ്പത്തീക സ്രോതസുകൾ കണ്ടെത്തിയിരുന്ന ടുണീഷ്യൻ പൌരനായ അബു സയ്യാഫിനു വേണ്ടി നടത്തിയ ഓപ്പറേഷനിൽ സയ്യാഫ് കൊല്ലപ്പെടുകയും ഭാര്യ ഉമ്മ  സയ്യാഫ് പരിക്കുകളോടെ പിടിയിലകപ്പെടുകയും ചെയ്തു. മാസങ്ങളോളം നീണ്ടു നിന്ന ചോദ്യം ചെയ്യലിൽ മുള്ളറെകുറിച്ചും സംഘടനയുടെ നേതാക്കളെക്കുറിച്ചുമുള്ള വിവരങ്ങൾ അറിയാൻ അമേരിക്കൻ ഉദ്യോഗസ്ഥർക്ക് സാധിച്ചു.

ഇസ്ലാമിക് സ്റ്റേറ്റ് സ്ത്രീകളോട് നടത്തുന്ന അക്രമങ്ങളുടെ ലഭ്യമായ അവസാനത്തെ തെളിവാണ് മുള്ളർ ഏറ്റുവാങ്ങിയ പീഡനങ്ങൾ.

‘ ഹ്യൂമൻ റൈറ്റ്സ് വാച്ച് ‘ ഏപ്രിലിൽ പുറത്തുവിട്ട റിപ്പോർട്ടിൽ കഴിഞ്ഞ ഓഗസ്റ്റിൽ ഇറാഖിൽ നിന്നും ആയിരക്കണക്കിന് യസീദി യുവതികളെ ബന്ധിയാക്കി സിറിയയിലേക്ക് കടത്തുകയും പിന്നീട് ലൈംഗിക അടിമയാക്കി മാറ്റുകയും ചെയ്തുവെന്ന കുറ്റം ഇസ്ലാമിക് സ്റ്റേറ്റിനുമേൽ ചാർത്തിയിട്ടുണ്ട്.

സംഘത്തിന്റെ പിടിയിൽ നിന്നും രക്ഷപ്പെടാൻ സാധിച്ച 20 യുവതികളുടെ മൊഴിയിൽ നിന്നും തയ്യാറാക്കിയ റിപ്പോർട്ട് അവർ ഏറ്റുവാങ്ങിയ ക്രൂരമായ പീഡനങ്ങൾ വിശദീകരിക്കുന്നുണ്ട്.

കുളിമുറിയിൽ ആതമഹത്യ ചെയ്യാൻ ശ്രമിച്ച ലൈലയെന്ന യുവതിയെ മർദ്ദിച്ച് അവശയാക്കുയും  കൈയാമം വെച്ച് വിവസ്ത്രയാകുകയും  ചെയ്തു. “കുളിമുറിക്ക് പുറത്തു കൊണ്ടുവന്ന ശേഷം ഞാൻ നോക്കി നിൽക്കേ എന്റെ സുഹൃത്തിനെയവർ  ലൈംഗികമായി പീഡിപ്പിക്കുകയും പിന്നെ കാമ വെറിയുമായ്‌ എന്റെ നേർക്ക്  തിരിയുകയും ചെയ്തു.” ലൈല പറഞ്ഞു.

ഇറാഖിലെ സിൻജാർ ഗ്രാമത്തിൽ നിന്നും തന്റെ കുടുംബത്തോടൊപ്പം ബന്ധിയാക്കപ്പെട്ട 12 വയസ്സു മാത്രം പ്രായമുള്ള കുട്ടിയെ മറ്റു സ്ത്രീകളുടെ കൂടെ മൊസൂളിലുള്ള ഒരു വീട്ടിൽ പാർപ്പിക്കുകയും നിരന്തരം പീഡിപ്പിക്കുകയും ചെയ്തു. “അവർ വന്ന് ഞങ്ങളെ തിരഞ്ഞെടുക്കും, അവരിലൊരാൾ എന്നെ മൂന്നു ദിവസമാണ് ലൈംഗികമായി പീഡിപ്പിച്ചത്” അവൾ പറഞ്ഞു.

ഇസ്ലാമിക് സ്റ്റേറ്റ് ഇംഗ്ലീഷിൽ പ്രസിദ്ധീകരിക്കുന്ന മാസികയുടെ അടുത്തിടെയിറങ്ങിയ ലക്കം ലൈംഗിക അടിമകളെ മതപരമായ് ന്യായീകരിക്കുകയാണുണ്ടായത്. ” ഇവർ വേശ്യയോ അതോ അടിമ സ്ത്രീയോ?” എന്ന ലേഖനത്തിൽ നിലവിലുള്ള ഭർത്താവിനാൽ വിവാഹ മോചനം ലഭിച്ചില്ലെങ്കിലും യുദ്ധത്തിൽ പിടിച്ചെടുത്ത സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് ഇസ്ലാമിക നിയമത്തിൽ  അനുവദനീയമാണെന്ന വാദമാണ് ലേഖകൻ നിരത്തിയത്.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍