UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോണ്‍ഗ്രസിനുള്ളിലെ ആര്‍എസ്എസുകാര്‍; വിമര്‍ശനവുമായി സല്‍മാന്‍ ഖുര്‍ഷിദ്

ദേശീയപ്രശ്‌നങ്ങളില്‍ വ്യക്തമായ നിലപാടുകളെടുക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കഴിയുന്നില്ല

ആര്‍എസ്എസുകാര്‍ കോണ്‍ഗ്രസിലേക്ക് നുഴഞ്ഞുകയറിയതാണ് പാര്‍ട്ടി ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ സല്‍മാന്‍ ഖുര്‍ഷിദ്. ഇത് ഏറെക്കാലം കോണ്‍ഗ്രസിനെ വേട്ടയാടുമെന്നും ഖുര്‍ഷിദ് മുന്നറിയിപ്പ് നല്‍കി. നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഖുര്‍ഷിദ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഈ നുഴഞ്ഞുകയറ്റക്കാരില്‍ പലര്‍ക്കും തങ്ങള്‍ ആര്‍എസ്എസ് ചിന്താഗതിയാണ് പിന്തുടരുന്നതെന്ന് തിരിച്ചറിയാന്‍ സാധിക്കുന്നില്ല എന്നതാണ് ഇക്കാര്യത്തിലെ ഏറ്റവും വലിയ തമാശയെന്നും മുന്‍ വിദേശകാര്യ മന്ത്രി പറയുന്നു.

ബാബറി മസ്ജിദ് തകര്‍ക്കപ്പെടുന്ന കാലത്താണ് ഇത്തരത്തിലുള്ള സൂചനകള്‍ ആദ്യമായി ലഭിച്ചതെന്ന് അദ്ദേഹം പറയുന്നു. തെറ്റായ സന്ദേശം നല്‍കുമെന്നതിനാല്‍ ‘മതേതരം’ എന്ന വാക്ക് ഉപയോഗിക്കരുതെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ വാദിക്കാന്‍ തുടങ്ങി. ഇത്തരം നേതാക്കളെ കുറിച്ച് തനിക്ക് വ്യക്തമായ സൂചനയുണ്ട്. ഇവര്‍ ബിജെപിയിലേക്ക് ചേക്കേറുമെന്ന് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചില സുഹൃത്തുകള്‍ക്ക് താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായും സല്‍മാന്‍ ഖുര്‍ഷിദ് അവകാശപ്പെടുന്നു. ജഗദാംബിക പാല്‍, ബഹുഗുണമാര്‍ തുടങ്ങിയവരുടെ പേരുകള്‍ താന്‍ എടുത്തുപറഞ്ഞതായും എന്നാല്‍ തന്നെ നിശബ്ദനാക്കുന്ന സമീപനമാണ് ഉണ്ടായതെന്നും അദ്ദേഹം തുറന്നടിക്കുന്നു. അവര്‍ വളരെ പാര്‍ട്ടിയുടെ മികച്ച പ്രവര്‍ത്തകരാണെന്നും അഭിപ്രായവ്യത്യാസങ്ങള്‍ ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് ചര്‍ച്ച ചെയ്യണമെന്നുമാണ് തനിക്ക് ലഭിച്ച നിര്‍ദ്ദേശമെന്നും ഖുര്‍ഷിദ് വെളിപ്പെടുത്തുന്നു.

ആള്‍ക്കൂട്ടക്കൊലകള്‍ നടപ്പിലാകണമെന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി ആഗ്രഹിക്കുന്നുണ്ടാവും എന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ആള്‍ക്കൂട്ടക്കൊലകള്‍ ക്രൂരമാണെന്ന് അദ്ദേഹം പറയും. എന്നാല്‍ ഇതിനെതിരെ എന്തെങ്കിലും നടപടി അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമോ എന്ന് ചോദിച്ചാല്‍ അതിനും ഇല്ലെന്നാവും ഉത്തരം. മുസ്ലീങ്ങളാണ് ഗോസംരക്ഷവുമായി ബന്ധപ്പെട്ട ആക്രമണങ്ങള്‍ക്കെല്ലാം ഇരയാവുന്നത്. എന്നാല്‍ ഇതിനെതിരെ പ്രതികരിക്കാന്‍ ന്യൂനപക്ഷങ്ങള്‍ക്ക് സാധിക്കുന്നില്ല. യുപിഎ ഭരണകാലത്ത് തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ഉറക്കെ ശബ്ദമുയര്‍ത്തിയിരുന്നവരാണ് അവരെന്ന് തിരിച്ചറിയണം. എന്നാല്‍, 2014ന് ശേഷം അവര്‍ സ്വീകരിച്ച സ്വയം നിരാസത്തിന്റെ തന്ത്രമാണ് ഇപ്പോള്‍ ന്യൂനപക്ഷങ്ങള്‍ക്ക് കനത്ത തിരിച്ചടിയായിരിക്കുന്നത്.

തെരുവുകള്‍ സുരക്ഷിതമല്ലാതായതിന് പുറമെ ഇപ്പോള്‍ വീടുകള്‍ പോലും സുരക്ഷിതമല്ലാതായിരിക്കുന്നു. പശുവുമായി ബന്ധപ്പെട്ട ആള്‍ക്കൂട്ടനീതി നടപ്പാക്കല്‍ മുസ്ലീങ്ങളില്‍ മാത്രം ഒതുങ്ങില്ലെന്നും അത് ദളിതരിലേക്കും ക്രിസ്ത്യാനികളിലേക്കും ആദിവാസികളിലേക്കും ബുദ്ധിജീവികളിലേക്കും നീളുമെന്നും സല്‍മാന്‍ ഖുര്‍ഷിദ് മുന്നറിയിപ്പ് നല്‍കി. ഇതിനെതിരെ കോണ്‍ഗ്രസ് പ്രതികരിച്ചെങ്കിലും അതിന് വലിയ പ്രചാരം ലഭിച്ചില്ല. എന്‍ഡിടിവി, കാശ്മീര്‍ തുടങ്ങിയ പ്രശ്‌നങ്ങളിലൊന്നും വ്യക്തമായ നിലപാടെടുക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ലെന്നും അദ്ദേഹം തുറന്നടിച്ചു. ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ വ്യക്തമായ നിലപാടെടുക്കാനും ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നില്ല എന്ന് ഉറപ്പാക്കാനും കോണ്‍ഗ്രസിന് സാധിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ നിലവില്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഒരു കാശ്മീരി യുവാവിനെ മനുഷ്യകവചമായി ഉപയോഗിച്ച മേജര്‍ ഗൊഗോയിയുടെ നടപടിയെ കുറിച്ച് ഖുര്‍ഷിദ് എടുത്ത് പറഞ്ഞു. ഇത്തരം നടപടികള്‍ സ്വീകാര്യമല്ല എന്ന് ഉറക്കെ പറയാന്‍ വിവേകമുള്ള ഏതൊരാള്‍ക്കും സാധിക്കണം. അദ്ദേഹത്തെ തല്‍ക്കാലം ജനശ്രദ്ധയില്‍ നിന്നും മാറ്റി നിറുത്തുകയായിരുന്നു സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്. എന്നാല്‍, അവര്‍ അദ്ദേഹത്തെ മാധ്യമങ്ങളുടെ മുന്നില്‍ കൊണ്ടുവരുകയും അഭിമുഖങ്ങള്‍ നല്‍കാന്‍ അനുമതി നല്‍കുകയും അദ്ദേഹത്തെ നായകനാക്കുകയും ചെയ്തു. ഈ വിഷയത്തിലും വ്യക്തമായ ഒരു നിലപാടെടുക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല എന്നും ദീര്‍ഘമായ അഭിമുഖത്തില്‍ സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍