UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്വവര്‍ഗാനുരാഗി ആയതിന് ബംഗളൂരു സെന്റ് ജോസഫ് കോളേജ് അദ്ധ്യാപകനെ പുറത്താക്കി

ഞാന്‍ വിദ്യാര്‍ത്ഥികളെ അസ്വസ്ഥരാക്കി എന്നാണ് പറയുന്നത്. വിദ്യാര്‍ത്ഥികളെ സ്വതന്ത്ര ചിന്തകളാല്‍ അസ്വസ്ഥരാക്കുക എന്നത് ഒരു അദ്ധ്യാപകന്റെ കടമയാണ് – ആഷ്ലി പറയുന്നു.

സ്വവര്‍ഗാനുരാഗി ആയതിന്റെ പേരില്‍ ബംഗളൂരു സെന്റ് ജോസഫ് കോളേജ് അദ്ധ്യാപകനെ പുറത്താക്കി. കരാറടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന താല്‍ക്കാലിക അദ്ധ്യാപകന്‍ ആഷ്‌ലി ടെല്ലിസിനെയാണ് മാനേജ്‌മെന്റ് പറഞ്ഞുവിട്ടത്. യാതൊരു മുന്നറിയിപ്പും നോട്ടീസുമില്ലാതെയാണ് തന്നെ പിരിച്ചുവിട്ടതെന്ന് ആഷ്‌ലി ടെല്ലിസ് പറയുന്നു. ബികോം വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുത്ത് കൊണ്ടിരിക്കെ പ്രിന്‍സിപ്പാളിന്റെ ഓഫീസിലേയ്ക്ക് വിളിച്ച് വരുത്തിയാണ് ജോലിയില്‍ നിന്ന് പിരിച്ചുവിടുന്ന കാര്യം ആഷ്‌ലിയെ ഏല്‍പ്പിച്ചത്. എന്റെ വ്യക്തിപരമായ ചില അഭിപ്രായങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അസ്വസ്ഥതയുണ്ടെന്നാണ് പ്രിന്‍സിപ്പാള്‍ പറഞ്ഞത്. സ്വവര്‍ഗ ലൈംഗികതയെ അംഗീകരിക്കാത്ത കത്തോലിക്ക മാനേജ്‌മെന്റ് നിങ്ങളെ പുറത്താക്കാന്‍ തീരുമാനിച്ചിരിക്കുന്നു എന്നാണ് പ്രിന്‍സിപ്പാള്‍ അറിയിച്ചത് – ആഷ്‌ലി പറഞ്ഞു.

അതേസമയം സ്വവര്‍ഗ ലൈംഗികതയല്ല ആഷ്‌ലിയെ പുറത്താക്കാന്‍ കാരണമെന്നും കോളേജിന്റെ ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള ക്ലാസുകളും വിദ്യാര്‍ത്ഥികളുടെ പരാതികളുമാണ് തീരുമാനത്തിന് പിന്നിലെന്നുമാണ് പ്രിന്‍സിപ്പാള്‍ വിക്ടര്‍ ലോബോ പറയുന്നത്. തന്നെ മാനേജ്‌മെന്റിന് എപ്പോള്‍ വേണമെങ്കിലും ഒഴിവാക്കാമെന്ന് കരാറിലുള്ളതിനാല്‍ താന്‍ കൂടുതലൊന്നും ചോദിക്കാതെ സ്ഥലംവിട്ടതായും ആഷ്‌ലി പറഞ്ഞു. അതേസമയം ഒരു മാസത്തെ നോട്ടീസിനെ കുറിച്ച് പറയുന്നുണ്ടെങ്കിലും അത് കാര്യമാക്കിയില്ല.

ഞാന്‍ വിദ്യാര്‍ത്ഥികളെ അസ്വസ്ഥരാക്കി എന്നാണ് പറയുന്നത്. വിദ്യാര്‍ത്ഥികളെ സ്വതന്ത്ര ചിന്തകളാല്‍ അസ്വസ്ഥരാക്കുക എന്നത് ഒരു അദ്ധ്യാപകന്റെ കടമയാണ്. പല വിഷയങ്ങളും സംസാരിക്കുന്ന കൂട്ടത്തില്‍ സ്വവര്‍ഗ ലൈംഗികതയെ കുറിച്ചും സംസാരിച്ചിട്ടുണ്ടാകാം. വിദ്യാര്‍ത്ഥികളുടെ ചിന്തകളെ തടയുന്ന താലിബാനൈസേഷനാണ് രക്ഷിതാക്കളുടെ ആശിര്‍വാദത്തോടെ ക്രിസ്റ്റിയന്‍ മാനേജ്‌മെന്റുകള്‍ അവരുടെ വിദ്യാലയങ്ങളില്‍ നടപ്പാക്കുന്നതെന്നും ആഷ്‌ലി ടെല്ലിസ് അഭിപ്രായപ്പെട്ടു. വിദ്യാര്‍ത്ഥികളുടെ സ്വതന്ത്രമായ ഇടപെടലുകളേയും ബന്ധങ്ങളേയും തടസപ്പെടുത്തുന്ന പ്രിന്‍സിപ്പാളിന്റെ സ്വേച്ഛാധികാര ശൈലിയേയും ആഷ്‌ലി രൂക്ഷമായി വിമര്‍ശിച്ചു. അലിഗഡ് സര്‍വകലാശാലയിലെ സ്ഥിരം അദ്ധ്യാപകനായിരുന്ന ശ്രീനിവാസ് രാമചന്ദ്ര സൈറസിനെ സ്വവര്‍ഗരതിക്കാരന്‍ ആയതിന്റെ പേരില്‍ ജോലിയില്‍ നിന്ന് പിരിച്ച് വിട്ട സംഭവം ഏറെ വിവാദമായിരുന്നു. സൈറസിന്റെ നിയമപോരാട്ടം ഏറെ ശ്രദ്ധ പിടിച്ചുപറ്റി. കോടതിയില്‍ സൈറസ് അനുകൂല വിധി സമ്പാദിച്ചെങ്കിലും തൊട്ടടുത്ത ദിവസം അദ്ദേഹത്തെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍