UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തല്ലി കുറ്റവാളിയാക്കുന്ന കേരളാ പോലീസ്; ചേരാനെല്ലൂരിലെ ലീബയുടെ ലോക്കപ്പനുഭവം

Avatar

‘ആണ്‍പോലീസിന് മനസ്സിലാകില്ലായിരിക്കും. അവളെ തല്ലുന്ന കൂട്ടത്തില്‍ പെണ്‍പോലീസുമുണ്ടായിരുന്നു, അതും നാലുപേര്‍. എന്നിട്ടും ആര്‍ത്തവകാലമെത്തിയ ആ പെണ്‍കുട്ടിയോട് അവര്‍ക്ക് അല്‍പ്പം അലിവു തോന്നാതിരുന്നതെന്താണ്? അവളുടെ നേരെ കാലുയയര്‍ത്തുമ്പോള്‍ ഈ പോലീസുകാര്‍ ചിന്തിച്ചില്ലേ തങ്ങളും സ്ത്രീകളാണെന്ന്? അവളെ കുറ്റവാളിയാക്കാനുള്ള വ്യഗ്രതയില്‍ അവര്‍ സ്ത്രീത്വം മാത്രമല്ല, മനുഷ്യത്വം കൂടിയാണ് മറന്നത്.’

തല്ലിപ്പറയിപ്പിക്കുന്നത് നമ്മുടെ പോലീസ് സ്റ്റേഷനിലെ നടപ്പ് സമ്പ്രദായമാണ്. പലപ്പോഴും പോലീസ് ബൂട്ടിനടിയില്‍ പിടയുന്നത് പാവപ്പെട്ടവരും നിരപരാധികളുമാണെന്നുമാത്രം. ലോക്കപ്പ് മരണങ്ങളുടെ ഭയപ്പെടുത്തുന്നൊരു ചരിത്രം കേരളത്തിനുണ്ട്. ജാതിവ്യവസ്ഥകള്‍ക്കെന്നപോലെ പോലീസ് ക്രൂരതകള്‍ക്കും സാംസ്‌കാരിക കേരളത്തില്‍ യാതൊരു പരിവര്‍ത്തനവും വന്നിട്ടില്ലെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ചേരാനെല്ലൂര്‍ പോലീസ് സ്‌റ്റേഷനില്‍ നടന്ന ക്രൂര മര്‍ദ്ദനത്തില്‍ നട്ടെല്ലിന് ക്ഷതം സംഭവിച്ച് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ലീബയെന്ന പെണ്‍കുട്ടി. 

ഈ വിഷയത്തില്‍ തുടക്കം മുതല്‍ ഇടപെടുകയും പൊതുജന ശ്രദ്ധയില്‍ കൊണ്ടുവരികയും ചെയ്ത ചേരാനെല്ലൂര്‍ പഞ്ചായത്ത് മെമ്പറും സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാനുമായ ജോളി എംബ്ലാശേരി അഴിമുഖം പ്രതിനിധി രാകേഷ് നായരോട് സംസാരിക്കുന്നു.

അമ്മയില്‍ നിന്നു പാരമ്പര്യമായി കിട്ടിയ തുണ്ടു ഭൂമിയില്‍ ചെറിയൊരു കുടിലിലാണ് ലീബയും ഭര്‍ത്താവ് രതീഷും മകള്‍ രാഖിയും താമസിക്കുന്നത്. രതീഷിന് കൂലിവേലയാണ്. ലീബ വീട്ടുപണികള്‍ക്കു പോകും. രാഖി ഒന്നാം ക്ലാസില്‍ പഠിക്കുന്നു. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെട്ടിരുന്ന ആ കുടുംബത്തെയാണ് ദുരിതത്തിന്റെ കൂടുതല്‍ ആഴങ്ങളിലേക്ക് നമ്മുടെ നിയമപാലകര്‍ ചവിട്ടി താഴ്ത്തിയത്. 

തട്ടാമ്പടിയില്‍ താമസിക്കുന്ന അമൃത ആശുപത്രിയിലെ ഡോക്ടര്‍ ഹരീഷ് കുമാറിന്റെ വീട്ടില്‍ ലീബ ജോലിക്കുപോയി തുടങ്ങുന്നത് നാലു മാസങ്ങള്‍ക്ക് മുമ്പായിരുന്നു. കഴിഞ്ഞ ജൂലൈ മാസം ആദ്യ ആഴ്ചയാണ് തന്റെ രണ്ട് വളയും ഒരു മാലയും കാണാനില്ലെന്ന് ഹരീഷ് കുമാറിന്റെ ഭാര്യക്ക് മനസ്സിലാകുന്നത്. ബാങ്ക് ലോക്കറില്‍ ഉണ്ടായിരിക്കുമെന്ന് കരുതി കൂടുതല്‍ അന്വേഷണത്തിനും തയ്യാറായില്ല. അതേ മാസം 27 നാണ് ഡോക്ടറുടെ മകളുടെ വിവാഹവും. ദിവസങ്ങള്‍ക്ക് ശേഷമാണ് പതിനാലു പവന്‍ വരുന്ന ഈ ആഭരണങ്ങള്‍ മോഷം പോയതാണെന്ന് ഡോക്ടറുടെ കുടുംബം മനസ്സിലാക്കുന്നത്. അതു ചെയ്തിരിക്കുന്നത് ലീബയാണെന്നും അവര്‍ ഉറപ്പിച്ചു. മകളുടെ വിവാഹത്തോടനുബന്ധിച്ച്  വീടു മോടിപിടിപ്പിക്കാനും മറ്റുമായി നിരവധി തൊഴിലാളികള്‍ ആ വീടിനുള്ളില്‍ വന്നുപോയിരുന്നെങ്കിലും സ്വര്‍ണ്ണം കട്ടത് മറ്റാരുമാകാന്‍ വഴിയില്ലെന്ന ഹരീഷ്‌ കുമാറിന്റെ വിശ്വാസം ഒരു നിര്‍ദ്ദന കുടുംബത്തിനുമേല്‍ വീണ ഇടത്തീയാവുകയായിരുന്നു.

കഴിഞ്ഞ മാസം 23ന്, ഡോക്ടറുടെ വീട്ടില്‍ പതിവുപോലെ മുകളിലത്തെ നിലയിലെ പണികള്‍ കഴിഞ്ഞ് താഴെക്ക് ഇറങ്ങി വരികയായിരുന്ന ലീബയെ കാത്ത് താഴെ ഒന്നുരണ്ടുപേര്‍ ഉണ്ടായിരുന്നു. കൂടെ ഡോക്ടറുടെ ഭാര്യയും. എന്നെ നിനക്കറിയാമോ; വന്നവരില്‍ ഒരു പുരുഷന്‍ ചോദിച്ചു. ആദ്യമായി കാണുന്ന അയാളോട് ഇല്ല എന്ന ഉത്തരമാണ് ലീബ നല്‍കിയത്. ഞാന്‍ ഇവിടുത്തെ എസ് ഐ ആണ്. നീ ഇവിടുന്ന് സ്വര്‍ണ്ണം എടുത്തെന്ന പരാതി കിട്ടിയിട്ടുണ്ട്. നീ കക്കുന്നത് മുറിയിലുള്ള ക്യാമറയില്‍ കിട്ടിയിട്ടുമുണ്ട്. എസ് ഐ പറയുന്നതൊന്നും ലീബയ്ക്ക് മനസ്സിലായില്ല. പോലീസ് സമയം കളയാതെ ആ പെണ്‍കുട്ടിയെ ജീപ്പില്‍ കയറ്റി സ്റ്റേഷനിലേക്ക് പോയി. വഴിയില്‍ വച്ച് ലീബയുടെ ഭര്‍ത്താവ് രതീഷിനെ കണ്ടു. പണിയില്ലാതെ മടങ്ങിവരുന്ന വഴിയായിരുന്നു. ഭാര്യ കട്ടാല്‍ ഭര്‍ത്താവിനും അതിന് പങ്കുണ്ടാകുമെന്ന് കേരളാ പോലീസിനെ ആരും പഠിപ്പിക്കണ്ടല്ലോ. രതീഷിനും ജീപ്പിനകത്ത് സ്ഥലം ഒരുക്കി കൊടുത്തു. സ്റ്റേഷനിലെത്തിയ ലീബയെ ചോദ്യം ചെയ്യാന്‍ ഒരു സംഘം തന്നെയുണ്ടായിരുന്നു. നാലുവീതം വനിതാ-പുരുഷ പോലീസുകാര്‍. നേതൃത്വം എസ് ഐ സാംസണും. ഇതിനിടയില്‍ വിവരമറിഞ്ഞ് ലീബയുടെ സഹോദരനും സ്‌റ്റേഷനില്‍ എത്തി. ചോദ്യം ചെയ്യലിന്റെ രീതിയെങ്ങിനെയാണെന്ന് ഭര്‍ത്താവിനും സഹോദരനും മനസ്സിലായത് ലീബയുടെ കരച്ചില്‍ കേട്ടതോടെയാണ്. ഇതിനിടയില്‍ സഹോദരന്‍ പഞ്ചായത്ത് മെമ്പര്‍ ജോളി എംബ്ലാശ്ശേരിയെ ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ പറഞ്ഞു. ജോളി സ്‌റ്റേഷനില്‍ എത്തുമ്പോള്‍ ലീബയുടെ ഭര്‍ത്താവും സഹോദരനും പോലീസിന്റെ തല്ലുകൊണ്ടിട്ടിരിക്കുകയാണ്. ഇവരെ രണ്ടുപേരെയും സന്ദര്‍ശക റൂമില്‍ കൊണ്ടുവന്നിരുത്തുകയായിരുന്നു ജോളി ആദ്യം ചെയ്തത്.

‘മെംബറെ ഇവര് പറയുന്നത് ഞങ്ങള് കട്ടെന്നാണ്. അങ്ങിനെ കട്ടുകിട്ടിയ കാശുണ്ടായിരുന്നേ ഞങ്ങടെ കൊച്ചിന് ഒരുകൂടു ബിസ്‌കറ്റ് വാങ്ങിച്ചുകൊടുത്തേനെ. ഇന്നും രാവിലെ ഞാനും അവളും തമ്മില്‍ വഴക്കൊണ്ടാക്കിയതാ. കൊച്ചിന് ബിസ്‌കറ്റ് ഇല്ലാത്തതിനും പഞ്ചസാര വാങ്ങാത്തതിനും. എന്തെങ്കിലും പണി കിട്ടിയാല്‍ ഇതും രണ്ടും വാങ്ങാമെന്ന് കരുതിയ ഞാന്‍ പുറത്തേക്ക് ഇറങ്ങിയത്. പക്ഷേ ഒന്നും കിട്ടിയില്ല. ആ വിഷമത്തില്‍ തിരിച്ച് വരുമ്പോഴാണ് അവളെം കൊണ്ട് പോലീസ് വരുന്നത് കാണുന്നത്. അവരെന്നെം പിടിച്ചു കേറ്റി’- കണ്ണീരോടെയാണ് രതീഷ് എന്നോട് ഇതൊക്കെ പറഞ്ഞത്

രണ്ടുപേരുടെയും മൊബൈല്‍ ഫോണുകളും പോലീസ് പിടിച്ചുവാങ്ങിയിരുന്നു. അത് തിരിച്ചുകൊടുപ്പിച്ചതിനു ശേഷം ഞാന്‍ എസ് ഐയോട് സംസാരിച്ചു. ഇതൊരു നാറ്റക്കേസാണെന്നും അവള് കക്കുന്നത് സിസി ടീവിയില്‍ പതിഞ്ഞിട്ടുണ്ടെന്നും എസ് ഐ പറഞ്ഞു. അദ്ദഹം  പറഞ്ഞതില്‍ വാസ്തവുമുണ്ടെന്ന് ഞാന്‍ കരുതി. നിങ്ങള്‍ക്ക് തെളിവുണ്ടെങ്കില്‍ ആ കുട്ടിയെ കോടതിയില്‍ ഹാജരാക്കണമെന്നും, അവരെ ഇനി ഉപദ്രവിക്കരുതെന്നും ഞാന്‍ ആവശ്യപ്പെട്ടു. ചോദ്യം ചെയ്യലിന്റെ ഭാഗമായി ഒന്നു രണ്ടു തല്ലുകൊടുക്കുക മാത്രമെ ചെയ്തിട്ടുള്ളൂവെന്നും ഇനി ഉപദ്രവിക്കില്ലെന്നുമാണ് എസ് ഐ എന്നോട് പറഞ്ഞത്. തുടര്‍ന്ന് ലീബയുടെ ഭര്‍ത്താവിനെയും സഹോദരനെയും കൂട്ടി ഞാന്‍ സ്‌റ്റേഷനില്‍ നിന്നിറങ്ങി. അപ്പോള്‍ സമയം 6 മണി കഴിഞ്ഞിട്ടുണ്ട്. ആ സമയത്താണ് ഡോക്ടര്‍ ഹരീഷ് കുമാറും അമൃതയിലെ മറ്റൊരു ജീവനക്കാരനും കൂടി സ്‌റ്റേഷനില്‍ എത്തുന്നത്. പരാതി കൊടുക്കാന്‍!  പരാതിപോലും സമര്‍പ്പിക്കാത്ത ഒരു കേസിന്റെ പേരിലാണ് പോലീസിന്റെ കാട്ടിക്കൂട്ടലുകളെല്ലാം എന്നോര്‍ക്കണം.

ആ കൊച്ചിന്റെ കരച്ചില്‍ കേള്‍ക്കുന്നുണ്ട്, ഒന്നുപോയി നോക്കണമെന്ന് പറഞ്ഞു രാത്രിയായപ്പോള്‍ എന്നെ സ്‌റ്റേഷന്‍ പരിസരത്തുള്ള ഒരാള്‍ വിളിച്ചു. ഞാനുടനെ സ്റ്റേഷനിലെത്തി എസ് ഐയെ കണ്ടു. നിങ്ങള്‍ എന്തുകൊണ്ട് ഇവരെ മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കിയില്ലെന്നു തിരക്കി. മോഷ്ടിച്ച സ്വര്‍ണ്ണം പണയം വച്ചെന്നും ഒരു കൂട്ടുകാരിയുടെ കൈയില്‍ കൊടുത്തെന്നുമൊക്കെയാണ് അവള്‍ പറയുന്നത്. അതൊക്കെയൊന്ന് അന്വേഷിക്കണം- എസ് ഐയുടെ മറുപടിയിതായിരുന്നു. ഈ രാത്രി ഒരു പെണ്‍കുട്ടിയെ നിങ്ങള്‍ സ്റ്റേഷനില്‍ താമസിപ്പിക്കാനാണോ ഉദ്ദേശിക്കുന്നത്? ഞാന്‍ തിരക്കി. അതോര്‍ത്ത് മെംബര്‍ പേടിക്കണ്ട, ഇവിടെ വനിതാപോലീസുണ്ടല്ലോ, അവള്‍ അവരുടെ കൂടെ കിടന്നോളും എന്നാണ് എസ് ഐ പറഞ്ഞത്. വീണ്ടും അവരെ മര്‍ദ്ദിച്ചല്ലെയെന്ന് ചേദിച്ചപ്പോള്‍ എസ് ഐ അത് നിഷേധിച്ചു. ആ കുട്ടിയുടെ കരച്ചില്‍ സ്‌റ്റേഷന്റെ സമീപത്തുള്ളവര്‍ കേട്ടല്ലോ എന്ന് പറഞ്ഞപ്പോള്‍ ഒന്നു രണ്ടു തല്ലുകൂടി കൊടുക്കേണ്ടി വന്നെന്നായിരുന്നു മറുപടി. ഇതിനുശേഷം  ലീബയെ മറ്റൊരു മുറിയിലേക്ക് മാറ്റിയായിരുന്നു മര്‍ദ്ദിച്ചതെന്ന് കരുതുന്നു (തന്നെ ഒരു ഇരുട്ട് മുറിയിലേക്ക് മാറ്റിയായിരുന്നു പിന്നീട് മര്‍ദ്ദിച്ചതെന്ന് ലീബയുടെ മൊഴിയിലുണ്ട്).

പിറ്റേ ദിവസവും ലീബയെ മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കാന്‍ പോലീസ് മടിക്കുകയാണ്. അതോടെ ഞങ്ങള്‍ നിലപാട് കടുപ്പിച്ചു. ഇതിനിടയില്‍ ഇവര്‍ ലീബ പറഞ്ഞെന്ന് പറഞ്ഞ് എതോ പണമിടപാട് സ്ഥാപനങ്ങളില്‍ പോയി അന്വേഷിക്കുകയും ലീബയുടെ പരിചയക്കാരിയായ ഒരു പെണ്‍കുട്ടിയുടെ വീട്ടില്‍ പോവുകയുമൊക്കെ ചെയ്തിരുന്നു. വെറും കൈയോടെ തിരികെ പോരേണ്ടി വന്നെന്നു മാത്രം. സമയം രാത്രിയോടടുത്തു.  ഞങ്ങളുടെ സമ്മര്‍ദ്ദം ഏറിയപ്പോള്‍ മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കാന്‍ കൊണ്ടുപോകാന്‍ തയ്യാറായി. ഉടന്‍ തന്നെ ഞാന്‍ കുറച്ച് ആളുകളെക്കൂട്ടി നേരെ പാസ്‌പോര്‍ട്ട് ഓഫിസനടുത്തുള്ള മജിസ്‌ട്രേറ്റിന്റെ താമസസ്ഥലത്തക്ക് പോയി. ജാമ്യത്തില്‍ വിടുകയാണെങ്കില്‍ ജാമ്യക്കാര്‍ വേണമല്ലോ എന്ന ഉദ്ദേശത്തോടെയാണ് പോലീസ് എത്തുന്നതിന് മുമ്പ് ഞങ്ങളവിടെ എത്തിയത്. കുറച്ച് കഴിഞ്ഞാണ് ലീബയുമായി പോലീസ് ജീപ്പെത്തുന്നത്. പോലീസുകാര്‍ വണ്ടിയില്‍ നിന്ന് പിടിച്ചിറക്കിയ ലീബയെ കണ്ട് ഞങ്ങള്‍ ഞെട്ടി. നടക്കാന്‍പോലും വയ്യാത്ത അവസ്ഥയിലായിരുന്നു ആ കുട്ടി. ഇതോടെ ഞങ്ങളുടെ നിയന്ത്രണം വിട്ടുപോയി. പോലീസുകാരിലൊരാളോട് ഞാന്‍ കയര്‍ത്തു സംസാരിച്ചു. രണ്ടുദിവസം സ്‌റ്റേഷനില്‍ നില്‍ക്കേണ്ടി വന്നതുകൊണ്ട് കാലുകള്‍ക്ക്  ചെറിയ വേദന വന്നതാണ്. അല്ലാതെ വേറെ കുഴപ്പമൊന്നുമില്ലെന്നായിരുന്നു അയാള്‍ പറഞ്ഞത്. പിറ്റേദിവസം കോടതയില്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ച് അന്ന് കാക്കനാടുള്ള ജില്ലാ ജയിലിലേക്ക് അയക്കാന്‍ മജിസ്‌ട്രേറ്റ് നിര്‍ദ്ദേശിച്ചു.

ഈ ദിവസങ്ങളില്‍ ലീബയുടെ മെന്‍സസ് പിരീഡ് ആയിരുന്നു. വനിതാ പോലീസുകാരുള്ള ഒരു സ്‌റ്റേഷനില്‍ അതിന്റെയൊരു പരിഗണനപോലും ആ സാധു സ്ത്രീക്ക് ലഭിച്ചില്ല. ജയിലില്‍ എത്തിയശേഷമാണത്രെ ലീബയ്ക്ക് എന്തെങ്കിലുമൊക്കെ സൗകര്യങ്ങള്‍ കിട്ടിയത്. ലീബയുടെ മൊഴിയില്‍ പരമാര്‍ശിക്കുന്ന സുനിത  ഉള്‍പ്പെടെയുള്ള വനിതാ പോലീസുകാര്‍ തന്നെ, ഒരു സ്ത്രീയുടെ ശാരീരികവൈഷമ്യങ്ങളെ അവഗണിച്ച് അവളെ മര്‍ദ്ദിക്കാന്‍ തയ്യാറായി എന്നു കേള്‍ക്കുമ്പോള്‍- ആ മനസ്ഥിതിയെ എന്താണ് വിളിക്കേണ്ടത്?

പിറ്റേദിവസം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ലീബയ്ക്ക് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള ജനറല്‍ ആശുപത്രിയിലേക്ക് അവരെ മാറ്റി. അവിടെയും ഉണ്ടായി ഒരു രസകരമായ സംഗതി. ലീബയെ പരിശോധിക്കാന്‍ വന്ന ഡോക്ടര്‍ വിവരങ്ങളെല്ലാം അറിഞ്ഞയുടനെ ചോദിച്ചത്- ഈ കേസില്‍ പരാമര്‍ശിക്കുന്ന ഡോക്ടര്‍ ആരാണെന്നായിരുന്നു. അമൃതയിലെ ഹരീഷ് കുമാര്‍ ആണെന്ന് പറഞ്ഞതോടെ അയാള്‍ക്ക് ലീബയെ പരിശോധിക്കാന്‍ വൈമുഖ്യം. തന്റെ സീനിയറോടുള്ള കടപ്പാടിലും മുകളിലല്ല മെഡിക്കല്‍ എത്തിക്‌സെന്ന് ജനറല്‍ ആശുപത്രിയിലെ ആ ഡോക്ടര്‍ തെളിയിച്ചു. ഈ വിഷയത്തില്‍ രാഷ്ട്രീയ-മാധ്യമ രംഗങ്ങളില്‍ നിന്നുള്ള ഇടപെടലുകള്‍ ഉണ്ടായതോടെ കൃത്യമായ ചികിത്സയാണ് ലീബയ്ക്ക് കിട്ടുന്നത്. നട്ടെല്ലിന് ക്ഷതമേറ്റ ലീബയെ എഴുന്നേല്‍പ്പിച്ച് നടത്തുമെന്ന് ഉറപ്പു പറയുന്ന ഓര്‍ത്തോ സര്‍ജന്‍ ഡോ.വിവേകിനെപ്പോലുള്ള മനുഷ്യത്വമുള്ളവരുടെ സംരക്ഷണം ലീബയ്ക്ക് ഇപ്പോള്‍ കിട്ടുന്നുണ്ട്.

മനുഷ്യാവകാശ കമ്മീഷന്‍ ഈ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. പോലീസുകാര്‍ക്കെതിരെയും നടപടിയുണ്ടായി. എസ് ഐ സാംസണെയും വനിത സിവില്‍ പോലീസ് ഓഫിസര്‍ സുനിതയെയും സ്ഥലം മാറ്റി. എന്നാല്‍ ഈ സ്ഥലമാറ്റങ്ങളിലൂടെ കുറ്റവാളികളെ സംരക്ഷിക്കുകയാണ് പോലീസ് ചെയ്യുന്നതെന്ന് ജോളി പറയുന്നു. എട്ടോളം പോലീസുകാര്‍ മര്‍ദ്ദനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇതില്‍ രണ്ടുപേര്‍ക്കെതിരെയാണ് നടപടി. ലീബയുടെ മൊഴിയില്‍ ഇവരെ രണ്ടുപേരെ കുറിച്ചുമാത്രമെ പരമാര്‍ശിക്കുന്നുള്ളൂ എന്നതിനാലാണ്. ലീബ മാനസിക നില തകര്‍ന്ന നിലയിലാണ്. തന്നെ ഉപദ്രവിച്ചവരെ എല്ലാവരെയും ഓര്‍ത്തെടുക്കാന്‍ ആ കുട്ടിക്ക് കഴിയാത പോവുന്നുണ്ട്. മാത്രമല്ല എല്ലാവരുടെയും പേരും ആ കുട്ടിക്ക് അറിയണമെന്നില്ല. എം ആര്‍ ഐ സ്‌കാന്‍ ചെയ്യാന്‍ കൊണ്ടുപോയപ്പോള്‍ സ്‌റ്റേഷനിലെ ഇരുട്ടുമുറിയുടെ ഓര്‍മ്മ വന്ന് ആ കുട്ടി അലറിക്കരയുകയായിരുന്നു. അത്തരമൊരു മാനസികാവസ്ഥയിലാണ് ലീബ. നിന്നെ തല്ലിയപോലെ നിന്റെ കുഞ്ഞിനെയും തല്ലുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയതും ലീബയെ മാനസികമായി തകര്‍ത്തിട്ടുണ്ട്. അതിനാല്‍ ഈ കേസില്‍ ഉള്‍പ്പെട്ട എല്ലാ പോലീസുകാരെയും തിരച്ചറിയാന്‍ ലീബ ഇനിയും സമയം എടുക്കും.

ശിക്ഷാ നടപടികളെന്നപേരില്‍ എസ് ഐയെ മാറ്റിയിരിക്കുന്നത് കമ്മിഷണര്‍ ഓഫീസിലേക്ക്. വനിത സിപിഒ സുനിതയുടെ ശിക്ഷയാണ് കുറച്ച് കൂടി കടുത്തത്! തൃപ്പൂണിത്തുറക്കാരിയായ സുനിതയെ  ചേരാനെല്ലൂര്‍ സ്‌റ്റേഷനില്‍ നിന്ന് തൃക്കാക്കര സ്‌റ്റേഷനിലേക്ക് മാറ്റിക്കളഞ്ഞു!

ഈ മര്‍ദ്ദക സംഘത്തിലെ ബാക്കി ആറു പോലീസുകാരും ഇപ്പോഴും ചേരാനെല്ലൂര്‍ സ്‌റ്റേഷനില്‍ തന്നെയുണ്ട്. എന്തെങ്കിലുമൊക്കെ ആവശ്യങ്ങള്‍ക്കായി സ്‌റ്റേഷനിലെത്തുന്ന നാട്ടുകാരോട് ഈ പോലീസുകാരുടെ ഒരു ചോദ്യമുണ്ട്- നീയൊക്കെ പോലീസിനെതിരെയുള്ള സമരത്തില്‍ പങ്കെടുക്കുന്നവനാണല്ലേ? 

രാഷ്ട്രീയഭേദമോ മറ്റു വേര്‍തിരിവുകളോ ഇല്ലാതെ ഒരുനാട് ഇപ്പോള്‍ ഒറ്റക്കെട്ടാണ്. ഒരു പാവം പെണ്‍കുട്ടിയോട് ക്രൂരത കാണിച്ചവര്‍ക്ക് തക്കശിക്ഷ കിട്ടണം. അതുവരെ ഞങ്ങള്‍ ആരംഭിച്ചിരിക്കുന്ന സമരം മുന്നോട്ട് കൊണ്ടുപോവും. പോലീസിന്റെ ഇടപെടലുകള്‍ നല്ലതുപോലെ ഉണ്ടാകുമെന്ന് ഞങ്ങള്‍ക്കറിയാം. അതുകൊണ്ടാണ് ആഭ്യന്തരമന്ത്രിയോട് നിലവിലെ സിറ്റി പോലീസ് കമ്മിഷണറുടെ കീഴിലുള്ള അന്വേഷണത്തില്‍ ഞങ്ങള്‍ക്ക് വിശ്വാസമില്ലെന്ന് പറഞ്ഞത്. എന്തായാലും ഒരു നാട് ആ പെണ്‍കുട്ടിയുടെ പിന്നിലുണ്ട്. അതുകൊണ്ട് കുറ്റവാളികള്‍ എത്ര ശക്തരായാലും അവര്‍ക്ക് അര്‍ഹമായ ശിക്ഷതന്നെ ലഭിക്കും- ജോളി തികഞ്ഞ ആത്മവിശ്വാസത്തോടെ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍