അഴിമുഖം പ്രതിനിധി
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായി കുന്നിടിച്ചതിനെത്തുടര്‍ന്ന് വീടിന്റെ നല്ലൊരു ഭാഗവും തകര്‍ന്ന് ദുരിതത്തില്‍ കഴിയുന്ന മുന്‍ പ്ലാനിംഗ് ബോർഡ് വൈസ് ചെയര്‍മാന്‍ ഇഖ്ബാല്‍ സിംഗ് ഗുലാട്ടിയുടെയും ലീലാ ഗുലാട്ടിയുടെയും വീടിന്റെ അറ്റകുറ്റപ്പണിക്ക് നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് തിരുവനന്തപുരം ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍. ഈ വിഷയത്തില്‍ രണ്ടു ദിവസത്തിനകം മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ദുരന്തനിവാരണ നിയമം പ്രകാരമുള്ള നടപടികള്‍ ഇക്കാര്യത്തില്‍ സ്വീകരിക്കും എന്ന് ലീലാ ഗുലാട്ടിയെ സന്ദര്‍ശിക്കവേ കലക്ടര്‍ വ്യക്തമാക്കി. വാലി വ്യൂ ഗാര്‍ഡന്‍സിനെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദുരന്ത നിവാരണ നിയമം അനുസരിച്ച് ബില്‍ഡേഴ്സിനെതിരെ നോട്ടീസ് അയക്കുമെന്നും സഹകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ അവരുടെ പേരിലുള്ള വസ്തു ഏറ്റെടുത്ത് ലേലത്തില്‍ വയ്ക്കുമെന്നും അതില്‍ നിന്നും ലഭിക്കുന്ന തുക ഉപയോഗപ്പെടുത്തി അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കും എന്നും കലക്ടര്‍ വ്യക്തമാക്കി. അപകടകരമായ അവസ്ഥയിലുള്ള വീടിന്റെ ഭാഗങ്ങള്‍ പൊളിച്ചു നീക്കി പണി പൂര്‍ത്തിയാക്കും എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം തന്റെയും സമീപത്തുള്ള മറ്റു വീടുകള്‍ക്കും നാശമുണ്ടാക്കിയ തരത്തില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയ വാലി വ്യൂ ഗാര്‍ഡന്‍സിനെതിരെ കേസുമായി മുന്നോട്ടു പോകും എന്ന് ലീലാ ഗുലാട്ടി അറിയിച്ചു.