അഴിമുഖം പ്രതിനിധി
രഞ്ജിത് സംവിധാനം ചെയ്ത ലീല ഏപ്രില്‍ 22 മുതല്‍ ആഗോളതലത്തില്‍ റിലീസ് ചെയ്യുന്നു. Reelax.in(http://www.reelax.in/) ല്‍ കൂടിയാണ് ആഗോള തലത്തില്‍ സിനിമയുടെ റിലീസിംഗ്. ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. 500 ഇന്ത്യന്‍ രൂപയാണ് സിനിമ ഡൗണ്‍ലോഡ് ചെയ്യാനുള്ള തുക. ബുക്ക് ചെയ്യുന്നവര്‍ക്ക് ലീലയുടെ കോപ്പി ഡൗണ്‍ലോഡ് ചെയ്ത് വീട്ടിലിരുന്ന് ആസ്വദിക്കാം. എന്നാല്‍ ഇന്ത്യയില്‍ ഈ സൗകര്യം ലഭ്യമാകില്ല. വിദേശ മലയാളികളെ ലക്ഷ്യംവച്ചാണ് ഓണ്‍ലൈന്‍ സിനിമ റിലീസിംഗ്.
ക്യാപിറ്റോള്‍ തീയേറ്ററിന്റെ ബാനറില്‍ രഞ്ജിത്ത് ആണ് ലീല നിര്‍മിക്കുന്നത്. ആര്‍ ഉണ്ണിയാണ് രചന. ബിജു മേനോന്‍ ആണ് പ്രധാനകഥാപാത്രമായ കുട്ടിയപ്പനെ അവതരിപ്പിക്കുന്നത്. ലീലയാകുന്നത് പാര്‍വതി നമ്പ്യാരാണ്. വിജയരാഘവന്‍, ഇന്ദ്രന്‍സ്, സുരേഷ് കൃഷ്ണ, മുത്തുമണി എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.
നേരത്തെ കേരളത്തില്‍ ലീലയുടെ പ്രദര്‍ശനം തടയാനുള്ള ശ്രമങ്ങള്‍ പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെ ഭാഗത്തു നിന്നുണ്ടായത് വലിയ വിവാദങ്ങള്‍ ഉയര്‍ത്തിയിരുന്നു. ലീലയുടെ പോസ്റ്ററുകള്‍ക്ക് പബ്ലിസിറ്റി ക്ലിയറന്‍സ് നല്‍കുന്നില്ലെന്ന് കാണിച്ച് രഞ്ജിത്ത് ഹൈക്കോടതിയെ സമീപിക്കുകയും കോടതി രഞ്ജിത്തിന് അനുകൂലമായി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.