സഫിയ ഒ സി
‘ലീല’യുടെ വേരുകള്‍ പൂണ്ടു കിടക്കുന്നതു കുമാരനാശാന്റെ ‘ലീല’യിലാണെന്ന് പറയാം. പിന്നെ സക്കറിയയുടെ ‘ഭാസ്ക്കര പട്ടേലരും എന്റെ ജീവിതവും’ എന്ന കഥയിലും. അല്ലാതെ പലരും പറയുന്നതുപോലെ ‘ദേവാസുര’ത്തിലും ‘ചാര്‍ലി’യിലുമല്ല.
കുമാരനാശാന്റെ ‘ലീല’ മാംസനിബദ്ധമല്ലാത്ത രാഗത്തെ കുറിച്ചാണ് പറഞ്ഞത്. ‘ദേഹം വെടിഞ്ഞാല്‍ തീരുന്നില്ലീ പ്രണയ ജടിലം ദേഹബന്ധം’ എന്നാണ് കവി പറഞ്ഞു വെച്ചത്. പക്ഷേ രഞ്ജിത്തിന്റെയും ആര്‍ ഉണ്ണിയുടെയും ‘ലീല’ മാംസബദ്ധിതമായ രാഗത്തെ കുറിച്ചാണ് സംസാരിക്കുന്നത്. കുടമാളൂര്‍ക്കാരനായ കുട്ടിയപ്പന് കുറ്റിപ്പുറത്തുകാരി ലീലയോട് (ലീലമാരോട്) തോന്നുന്ന രാഗം.
സക്കറിയയുടെ ഭാസ്ക്കര പട്ടേലര്‍ പിന്നീട് അടൂര്‍ ഗോപാലകൃഷ്ണന്‍ ‘വിധേയന്‍’ എന്ന അത്യുഗ്രന്‍ ചലച്ചിത്രമാക്കി മാറ്റി. മമ്മൂട്ടിയും എം ആര്‍ ഗോപകുമാറും തകര്‍ത്തഭിനയിച്ച ചിത്രം അധികാരത്തിന്റെയും വിധേയത്വത്തിന്റെയും മികച്ചൊരു മനശാസ്ത്ര വിശകലനമായിരുന്നു. (രഞ്ജിത്തിന്റെ ‘ലീല’യില്‍ ബിജുമേനോനും വിജയ രാഘവനും സമാനമായ റോളുകള്‍ മികച്ച അനുഭവമാക്കി) ഒരു തെക്കന്‍ കര്‍ണ്ണാടക കുടിയേറ്റ ഗ്രാമത്തിലെ ജന്‍മിയായ ഭാസ്കര പട്ടേലരുടെ മണ്ണിനോടും പെണ്ണിനോടുമുള്ള ആസക്തിയാണ് വിധേയന്റെ കേന്ദ്ര പ്രമേയം. ഇവിടെ പെണ്ണിനോടുള്ള ആസക്തിയാണ് കുട്ടിയപ്പനെ നയിക്കുന്നത്. പട്ടേലരും തൊമ്മിയും തമ്മിലുള്ള ബന്ധത്തിന്റെ സമാനത ഇവിടെ കുട്ടിയപ്പനും പിള്ളേച്ചനും തമ്മിലുള്ള ബന്ധത്തില്‍ കാണാം. ഈ രണ്ടു കഥകളുടെയും കര്‍ത്താക്കള്‍ (സക്കറിയയും ഉണ്ണിയും) കോട്ടയംകാരായതുകൊണ്ട് തന്നെ അവരുടെ അനുഭവങ്ങളിലെ സാമ്യത സ്വാഭാവികം.
സ്വാതന്ത്ര്യത്തിന് ശേഷം സമ്പന്നരായ മധ്യതിരുവിതാംകൂര്‍ ക്രിസ്ത്യന്‍ കുടുംബങ്ങളിലെ മൂന്നാം തലമുറയിലെ ആണിന്‍റെ പ്രതിസന്ധി നമ്മള്‍ പല കഥകളിലും സിനിമകളിലും കണ്ടിട്ടുണ്ട്. (കെ ജി ജോര്‍ജ്ജിന്റെ ‘ഇരകളി’ലെ ഗണേഷിന്റെ കഥാപാത്രത്തെ ഓര്‍ക്കുക) അപ്പനപ്പൂപ്പന്‍മാര്‍ റബ്ബറിലൂടെ സൃഷ്ടിച്ചെടുത്ത സാമ്രാജ്യത്തിലെ ഗുണഭോക്താക്കള്‍ ആണിവരില്‍ പലരും. സിനിമയില്‍ പിള്ളേച്ചന്റെ ഭാര്യ പത്മിനി ടീച്ചര്‍ പറയുന്നതു പോലെ ‘അപ്പനുണ്ടാക്കിയത് മുടിക്കാനുണ്ടായ സന്താന’ങ്ങള്‍. കുട്ടിയപ്പന്റെ ഡി എന്‍ എയും അതാണ്. ഇവിടെ ആയാളുടെ അപ്പനെ ഒരു ന്യായാധിപന്‍ ആക്കി എന്നു മാത്രം. കുട്ടിയപ്പന്‍ വ്യവസ്ഥാ വിരുദ്ധനായതിന് ന്യായീകരണം പോലെ. കുട്ടിയപ്പനെ പ്രേക്ഷകനെ പരിചയപ്പെടുത്തുന്നത് തന്നെ പോലീസുകാരുടെ ഊത്തില്‍ നിന്നു രക്ഷപ്പെടാന്‍ മദ്യപിച്ച് കുതിരപ്പുറത്ത് സഞ്ചരിക്കുന്നത് കാണിച്ചാണ്.
യഥാര്‍ത്ഥത്തില്‍ കുട്ടിയപ്പന്റെ ലീല ഒരു സ്ത്രീയല്ല. അതയാളുടെ ജീവിതം തന്നെയാണ്. അല്ലെങ്കില്‍ അയാള്‍ മുങ്ങി കിടക്കുന്ന അവസ്ഥയാണ്. ജീവിതം ഒരു ലക്ക് കെട്ട കളിയാണ് അയാള്‍ക്ക്. ഒരു ആണ്‍ എന്ന നിലയില്‍ അയാളുടെ ഉള്ളില്‍ പോരടിക്കുന്ന പ്രതിസന്ധികളെ, അപകര്‍ഷതയെ തരണം ചെയ്യാനുള്ള കളികള്‍. ഭോഗിക്കാന്‍ കൊണ്ടുവന്ന സ്ത്രീയെ ദേഹാസകലം എണ്ണയില്‍ കുളിപ്പിച്ചു നൃത്തം ചെയ്യിക്കുന്നതും നിലവിളക്ക് കത്തിച്ച് നീണ്ടു നിവര്‍ന്നു കിടന്നതിന് ശേഷം അച്ഛന്‍ മരിച്ചു കിടക്കുകയാണ് എന്നു കരുതി കരഞ്ഞോളാന്‍ പറയുന്നതും അടുത്തൂണ്‍ പറ്റിയ ലൈംഗിക തൊഴിലാളികളെ പൊന്നാടയും പണവും നല്കി ആദരിക്കുന്നതും ഒക്കെ ആ ലീലാ വിലാസങ്ങളില്‍ ചിലതാണ്. അതിനെ കിറുക്കത്തരം എന്നു പറഞ്ഞു തളിക്കളയാന്‍ പറ്റില്ല. മറിച്ച് അത് കുട്ടിയപ്പന്റെ ചില ഒളിച്ചോട്ടങ്ങളാണ്. തന്‍റെ യഥാര്‍ത്ഥ സ്വത്വം മറയ്ക്കാനുള്ള കൈ വിട്ട കളികള്‍.
അരാജകത്വത്തിനെ പരകോടിയിലാണ് അയാള്‍ ഒരു കൊമ്പനാനയെ തേടി ഇറങ്ങുന്നത്. ഉണ്ണിയുടെ കഥയില്‍ തുടക്കത്തിലെ വെളിപ്പെടുത്തുന്നതും ഒരു കച്ചവട സിനിമയുടെ കാഴ്ച സുഖത്തിന് വേണ്ടി ഒരു സസ്പെന്‍സ് ആക്കി മാറ്റുന്നതുമായ ഒരു കാര്യത്തിന് വേണ്ടിയാണ് ആന.(ഈ നിരൂപണം രഞ്ജിത്തിന്റെ സിനിമയെ കുറിച്ചായതുകൊണ്ട് സസ്പെന്‍സ് പൊളിക്കാതിരിക്കുക എന്ന മര്യാദ ഇവിടെ പാലിക്കുന്നു). അതയാളുടെ ഒരു പുലര്‍കാല സ്വപ്നം നല്കിയ ഭ്രാന്തമായ ആണ്‍ തൃഷ്ണയാണ്.
യഥാര്‍ഥത്തില്‍ ഈ സിനിമ ഉടനീളം പറയാന്‍ ശ്രമിക്കുന്നത് പുരുഷന് പെണ്ണിനോട് തോന്നുന്ന തൃഷ്ണയെ കുറിച്ചാണ്. അത് ഞരമ്പ് രോഗമായാലും വിശുദ്ധ രാഗം ആയാലും. അതുകൊണ്ടു തന്നെ പെണ്‍പക്ഷത്ത് നിന്നുള്ള ഒരു നോട്ടം പോലും ചിത്രത്തില്‍ പ്രതീക്ഷിക്കേണ്ടതില്ല. വാക്കിലും നോക്കിലും ഉടനീളം സ്ത്രീവിരുദ്ധത ആരോപിക്കാനുള്ള സാധ്യതകളും തുറന്നിടുന്നുണ്ട്. പെണ്ണ് ഈ സിനിമയില്‍ കാഴ്ചക്കാരികളോ അരിക് വത്കരിക്കപ്പെട്ടവരോ ആണ്. ആണിലൂടെ സഞ്ചരിച്ച് ആണധികാരത്തെ തകര്‍ക്കാനാണ് ഈ സിനിമ ശ്രമിക്കുന്നത്. എന്നാല്‍ എന്തെങ്കിലും തരത്തില്‍ നായകനിലൂടെ പുരുഷനെ ആദര്‍ശവത്ക്കരിക്കാന്‍ സിനിമ ശ്രമിക്കുന്നുമില്ല. മറിച്ച് സ്വന്തം മകളെ കാമിക്കുന്ന തങ്കപ്പന്‍ നായരടക്കമുള്ള കഥാപാത്രങ്ങള്‍ കഥയിലേക്ക് കടന്നു വന്നു വളരെ കൂളായി കടന്നു പോകുകയും കുട്ടിയപ്പന്‍ അയാളെ തോളില്‍ കൈ ഇട്ട് സ്വീകരിക്കുകയും ചെയ്യുകയാണ് ചെയ്യുന്നത്. അല്പം ഞെട്ടലോടെ പക്ഷേ പ്രതികരിക്കാനാവാതെ പിള്ളേച്ചനെപ്പോലെ അസ്വസ്ഥരായാണ് നമ്മള്‍ ഈ കാഴ്ചകള്‍ കാണുന്നത്. (ഷണ്ഡനായ നായകനും സ്വന്തം മകളെ ഭോഗിക്കുന്ന അച്ഛനും മലയാള സിനിമയില്‍ ആദ്യമായാണ് പ്രത്യക്ഷപ്പെടുന്നത്. പലപ്പോഴും മലയാള സിനിമയില്‍ മകളെ ഭോഗിക്കാന്‍ ശ്രമിക്കുന്നത് രണ്ടാനച്ചന്‍ ആയിരിക്കും.)
ആണത്തം എന്നത് ലൈംഗികമായ കരുത്തിന്റെ പ്രയോഗമാണ് എന്ന പൊതു ബോധമുണ്ട്. ഷണ്ഡത്വം നല്കിയ അപകര്‍ഷതയെ മറികടക്കാനുള്ള പ്രകടനങ്ങളാണ് കുട്ടിയപ്പന്റെ വ്യവസ്ഥാ വിരുദ്ധമായ ജീവിതം. അതിനായാള്‍ കണ്ടെത്തിയ മാര്‍ഗ്ഗമാണ് ലഹരിയും സ്ത്രീ കാമനയും.
അതേ സമയം അയാളുടെ ഉള്ളില്‍ കാമ വസ്തുവല്ലാത്ത മറ്റൊരു സ്ത്രീയുണ്ട്. അല്ലെങ്കില്‍ അയാള്‍ ആഗ്രഹിക്കുന്ന മറ്റൊരു സ്ത്രീയുണ്ട്. അറിഞ്ഞുകൊണ്ട് ഒരാളെ പറ്റിക്കുന്നത് എന്തിനാണ് എന്നു കുട്ടിയപ്പന്‍ പറയുന്നത് ആ സ്ത്രീയെ കുറിച്ചാണ്. മാലാഖയായി എത്തുന്ന കൊച്ചമ്മയും അമ്മയും വേലക്കാരിയും പിള്ളേച്ചന്റെ മകളും ഒടുവില്‍ എത്തുന്ന ലീലയുമൊക്കെ അങ്ങനെയുള്ളവരാണ്. അവരിലേക്ക് ഏത്താന്‍ അയാള്‍ക്ക് സാധിക്കുന്നില്ല എന്നതാണ് അയാള്‍ നേരിടുന്ന പ്രതിസന്ധി.
കുട്ടിയപ്പന്റെ ആന്തരിക ലോകത്തിലേക്ക് വെളിച്ചം വീശുന്ന ഒന്നു അയാളുടെ ഒറ്റയ്ക്ക് കിടക്കാനുള്ള പേടിയാണ്. എല്ലാ സ്വേച്ഛാധിപതികളും ഭീരുക്കളായിരിക്കും എന്നു പറയുന്നതു പോലെ ഒന്നു. അവിടെ അയാള്‍ക്ക് കൂട്ട് കിടക്കുന്നത് വേലക്കാരി ത്രേസ്യാ ചേടത്തിയാണ്. ഒപ്പം അവരുടെ പാട്ടും കഥയും.
കോട്ടയത്തു നിന്നു കുറ്റിപ്പുറം വഴി സിനിമയുടെ വയനാടന്‍ മല കയറ്റവും ഒരു ചരിത്രവഴിയാണ്. അത് മധ്യതിരുവിതാംകൂറില്‍ നിന്നുള്ള വയനാട്ടിലേക്കുള്ള കുടിയേറ്റത്തെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. കുട്ടിയപ്പന്റെ ആഗ്രഹപൂര്‍ത്തീകരണത്തിനുള്ള ആന വയനാട്ടില്‍ നിന്നായതില്‍ അത്ഭുതപ്പെടേണ്ടതില്ല. മണ്ണും പെണ്ണും എന്നും വെട്ടിപ്പിടിക്കാനുള്ളതായിരുന്നു ആണിന്. ദേവസി കുട്ടിയുടെ വീട് റബ്ബര്‍ തോട്ടത്തിനകത്തായത് എന്തായാലും യാദൃശ്ചികമാകന്‍ തരമില്ല.
ഒരു സിനിമ എന്ന നിലയില്‍ കാഴ്ചക്കാരുടെ ഉള്ളില്‍ അസ്വസ്ഥത ജനിപ്പിക്കാന്‍ പോന്ന ഒരു സൃഷ്ടിയാണ് രഞ്ജിത്തിന്റേത്. ‘ദേവാസുര’ത്തിലും ‘ആറാം തമ്പുരാനി’ലും ‘രാവണപ്രഭു’വിലും രഞ്ജിത് ഉദാത്തവത്ക്കരിച്ച ഹിംസാത്മകമായ ആണ്‍ലോകത്തെ പൊളിച്ചെഴുതുകയാണ് കുട്ടിയപ്പനിലൂടെ. വേണമെങ്കില്‍ പ്രേക്ഷകനോട് രഞ്ജിത്തിന്‍റെ ഒരു മാപ്പപേക്ഷ. നേരത്തെ പ്രാഞ്ചിയേട്ടനിലും ഈ ഒരു തിരുത്തി എഴുത്തിന് രഞ്ജിത്ത് ശ്രമിച്ചിരുന്നു. എന്നാല്‍ അതേറ്റവും മൂര്‍ച്ചയേറിയതാവുകയാണ് ‘ലീല’യില്‍.
കഥയില്‍ നിന്നു വലിയ വ്യത്യാസങ്ങള്‍ ഇല്ലാത്ത ഉണ്ണിയുടെ തിരക്കഥ കാലികമായ അടയാളങ്ങള്‍ കൊണ്ട് സമ്പന്നമാണ്. ഡിങ്കനും കേരള കോണ്‍ഗ്രസും ബീഫും മതപരിവര്‍ത്തനവുമൊക്കെ കടന്നു വരുന്ന വഴികള്‍ അതാണ്. ജനപ്രിയ കാഴ്ചയ്ക്ക് വേണ്ടി അധികം കോംപ്റമൈസുകള്‍ ചെയ്യാതെ ശക്തമായ അനുഭവമാക്കി മാറ്റാന്‍ രഞ്ജിത്തിന്റെ ദൃശ്യാവിഷ്കാരത്തിന് കഴിഞ്ഞിട്ടുണ്ട്. ഏറ്റവും അഭിനന്ദനമര്‍ഹിക്കുന്ന മൂന്നു പേര്‍ ഛായാഗ്രാഹകന്‍ പ്രശാന്ത് രവീന്ദ്രന്‍, എഡിറ്റര്‍ മനോജ് കണ്ണോത്ത്, പശ്ചാത്തല സംഗീതകാരന്‍ ബിജിപാല്‍ എന്നിവരാണ്.
ബിജുമേനോനില്‍ കുട്ടിയപ്പന്‍ ഭദ്രമായപ്പോള്‍ അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ചത് വിജയ രാഘവന്‍ തന്നെ. ഇന്ദ്രന്‍സിന്റെ പിമ്പ് ദാസപ്പാപ്പി ‘തൂവാനത്തുമ്പി’യിലെ ബാബു നമ്പൂതിരിയുടെ തങ്ങളെ ഓര്‍മ്മിപ്പിച്ചു. ജഗദീഷിന്റെ കഥാപാത്രം അയാളുടെ കരിയര്‍ ബെസ്റ്റാണ് എന്നു പറയാതെ നിര്‍വാഹമില്ല. വളരെ കുറച്ചു നേരത്തേക്കാണെങ്കിലും പാര്‍വ്വതിയും മികച്ചു നിന്നു.
80കളില്‍ പത്മരാജനും ഭരതനും ഐ വി ശശിയുമൊക്കെ പറഞ്ഞു വെച്ച മുഖ്യധാര സമൂഹത്തിന്റെ അരികുകളിലെ അധോലോകമുണ്ട് (ലോറി, ചാട്ട). അതിന്റെ തുടര്‍ച്ച ലീലയിലുണ്ട്. എന്നാല്‍ പത്മരാജന്റെ ‘അരപ്പട്ട കെട്ടിയ ഗ്രാമം’ പകര്‍ന്നു തന്ന ഭീതിയൊന്നും ‘ലീല’യ്ക്ക് പകര്‍ന്നു തരാന്‍ കഴിയുന്നില്ല. മൂലകഥയിലെ കൂട്ടിയപ്പനോട് തോന്നുന്ന വെറുപ്പും പേടിയുമൊന്നും സിനിമയിലെ കൂട്ടിയപ്പനോട് തോന്നുന്നുമില്ല. ചിലപ്പോഴൊക്കെ പ്രേക്ഷകന് അലപ്സ്വല്‍പം അടുപ്പവും തോന്നുന്നുണ്ട്. ഉണ്ണിയുടെ കഥയും രഞ്ജിത്തിന്റെ സിനിമയും തമ്മിലുള്ള പ്രകടമായ വ്യത്യാസവും പരാജയവും അതു മാത്രമാണ്.
കുട്ടിയപ്പനിലൂടെ രഞ്ജിത്ത് കാലുമടക്കി തൊഴിക്കുന്നത് മംഗലശ്ശേരി നീലകണ്ഠന്‍റെ മുഖത്താണ്. തന്‍റേതൊരു പരാജിത ജന്മമാണെന്ന് നീലകണ്ഠന്‍ തിരിച്ചറിയുന്നതും ഉറക്കെ വിളിച്ചു പറയുന്നതും മനുഷ്യനിര്‍മ്മിതമായ കാറിനെ (പിതാവിന്റെ) നോക്കിയാണ്. ഇവിടെ കുട്ടിയപ്പന്‍ നിസ്സഹായനായ മനുഷ്യനായി നില്‍ക്കുന്നത് കരയിലെ ഏറ്റവും വലിയ ജീവിയുടെ മുന്നിലാണ്. ജൈവ പ്രകൃതിയുടെ മുന്നില്‍. ആ കുട്ടിയപ്പനെ പശ്ചാത്താപത്തില്‍ വിമലീകരിച്ചെടുക്കാന്‍ രഞ്ജിത്ത് ശ്രമിക്കുന്നില്ല എന്നത് തന്നെയാണ് ‘ലീല’യുടെ പ്രസക്തി.
(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)