UPDATES

സിനിമ

മെസഞ്ചര്‍ ഓഫ് ഗോഡ് ; സെന്‍സര്‍ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ രാജിവച്ചു, ഇടപെട്ടിട്ടില്ലെന്ന് മന്ത്രി

Avatar

അഴിമുഖം പ്രതിനിധി

വിവാദ ചിത്രം മെസഞ്ചര്‍ ഓഫ് ഗോഡിന് പ്രദര്‍ശനാനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദത്തിനു പിന്നാലെ  സെന്‍സര്‍ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം ലീല സാംസണ്‍ രാജി വച്ചു. എന്നാല്‍ ഈ കാര്യത്തില്‍ സര്‍ക്കാര്‍ യാതൊരു വിധ ഇടപെടലുകളും നടത്തിയിട്ടില്ലെന്ന് കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ സഹമന്ത്രി രാജ്യവര്‍ദ്ധന്‍ സിങ് റാത്തോഡ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സെന്‍സര്‍ ബോര്‍ഡ് ഒരു സ്വതന്ത്ര ബോഡിയാണെന്നും അത് ഏകതയോടെ പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം ഈ സിനിമയുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം ഫിലിം സെര്‍ട്ടിഫിക്കേഷന്‍ അപ്പലേറ്റ് (FCAT)ട്രിബ്യൂണലിന് ആണെന്നും ഇത് എല്ലാവരും അംഗീകരിക്കണമെന്നും റാത്തോഡ് കൂട്ടിച്ചേര്‍ത്തു.

സിനിമയ്ക്കു പ്രദര്‍ശനാനുമതി നല്‍കിയതുമായി ബന്ധപ്പെട്ട്  ട്രിബ്യൂണലിന്റെ റിപ്പോര്‍ട്ട് പുറത്തു വന്നതിനു തൊട്ടു പിന്നാലെയാണ് ലീലാ സാംസണ്‍ തന്റെ രാജി പ്രഖ്യാപനം നടത്തിയത്. മെസഞ്ചര്‍ ഓഫ് ഗോഡില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചിരിക്കുന്നത് ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിംഗ് ആണ്.

മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളെപ്പറ്റിയുള്ള ചോദ്യത്തിന് അവര്‍ ഉത്തരമായി കൂടുതലൊന്നും പറഞ്ഞില്ല. ഇപ്പോള്‍ ഇതിനെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്നും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടി ഫിക്കേഷന്റെ ഭാഗത്തു നിന്നുമുള്ള തികച്ചും അപഹാസ്യകരമായ ഒരു നടപടിയായി ഇതിനെ കണക്കാക്കുന്നുവെന്നും തന്റെ രാജിയില്‍ മാറ്റമൊന്നുമില്ലെന്നുമുള്ള ഉറച്ച നിലപാടിലാണ് അവര്‍.

രാജി വയ്ക്കുന്നതിന് കാരണമായി ലീല സാംസണ്‍ ആരോപിക്കുന്നത് പാനല്‍ മെംബര്‍മാരുടെയും ഓഫീസര്‍മാരുടെയും ഇടയിലുള്ള അഴിമതികളും പല കാര്യങ്ങളിലുമുള്ള നിര്‍ബന്ധങ്ങളുമാണ് .ഇവരെ നിയമിച്ച മന്ത്രാലയവും ഇതില്‍ അനാവശ്യമായി കൈകടത്തുന്നു. കഴിഞ്ഞ ഒമ്പത് മാസമായി സെന്‍സര്‍ ബോര്‍ഡിലെ അംഗങ്ങള്‍ സമ്മേളിച്ചിട്ട്. മീറ്റിങ് നടത്താനുള്ള ഒരു ഫണ്ടും മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്നും അനുവദിച്ചിട്ടില്ല.

അധ്യക്ഷ ഉള്‍പ്പെടെയുള്ള അംഗങ്ങളുടെ കാലാവധി അവസാനിച്ചിട്ട് നാളുകള്‍ ഏറെയായി. എന്നാല്‍ പുതിയ അധ്യക്ഷയെയും അംഗങ്ങളെയും നിയമിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. നടപടി ക്രമങ്ങള്‍ പൂര്‍ത്തി യാക്കാനായി കാലാവധി നീട്ടി ചോദിച്ച ചിലര്‍ക്ക് അത് അനുവദിച്ചു കൊടുത്തു.

എന്തായാലും സമീപകാലത്ത് സെന്‍സര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനത്തില്‍ മന്ത്രാലയത്തിന്റെ സ്ഥിരമായ ഇടപെടലുകള്‍ നടന്നിട്ടുണ്ട്. അതേസമയം ദേര സച്ചാ സൗദയുടെ ഹരിയാനയില്‍ നിന്നുള്ള വക്താവില്‍ നിന്നും ലഭിക്കുന്ന വിവരം, സിനിമയ്ക്ക് എഫ്‌സിഎടി യുടെ അനുമതി ലഭിച്ചെന്നാണ്. അതിന്റെ രേഖകള്‍ക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍