UPDATES

വായന/സംസ്കാരം

ഉടലിന്‍റെ കാമവും ഉയിരിന്‍റെ രതിയും പറയുന്നത്- ‘കൂത്തച്ചികളുടെ റാണി’യെ വായിക്കുമ്പോള്‍

ഈ ആഴ്ചയിലെ പുസ്തകം
കൂത്തച്ചികളുടെ റാണി  (കവിതകള്‍)
ലീന മണിമേഖലൈ
വിവര്‍ത്തനം: എന്‍.രവിശങ്കര്‍
ഡി.സി.ബുക്ക്‌സ്, കോട്ടയം
വില: 80.00 രൂപ.

‘രണ്ടു തുണ്ടാക്കി
വെട്ടിയിട്ടിട്ടും അവന്‍ (അവള്‍) കിടന്നു തുടിക്കുന്നതു കണ്ടില്ലേ’- എന്നൊരു നാട്ടുമൊഴിയുണ്ട്. ഈ മൊഴിവഴക്കത്തിന്റെ മിഴാവ് കൊട്ടി ഉണര്‍ത്തും പോലെ ഒരു കവയിത്രി തമിഴ് പുതുമൊഴി സാഹിത്യവഴിയിലൂടെ ഒറ്റയ്ക്ക് നിര്‍ഭയമായി സഞ്ചരിക്കുന്നു; ലീന മണിമേഖലൈ. ചലച്ചിത്ര സംവിധായിക കൂടിയായ ലീന എല്ലാ എസ്റ്റാബ്ലിഷ്‌മെന്റിനെയും എതിര്‍ത്തുകൊണ്ടാണ് മുന്നോട്ടു പോകുന്നത്. ലീനയുടെ കവിതാസമാഹാരമായ ‘കൂത്തച്ചികളുടെ റാണി’ മലയാളത്തിലേക്ക് മൊഴിമാറ്റിയ എന്‍. രവിശങ്കര്‍ തമിഴിന്റെ ഇനി ഒട്ടും പാഴാക്കാതെ കവിതകളുടെ കരുത്ത് കാത്തുസൂക്ഷിച്ചിട്ടുണ്ട്. വിവര്‍ത്തനത്തിന്റെ ചോര്‍ത്തലുകളില്‍ കവിതയുടെ തനിമ തീരെ നഷ്ടപ്പെടുത്താതെയാണ് രവിശങ്കര്‍ സ്തുത്യര്‍ഹമായ രീതിയില്‍ തന്റെ കര്‍മ്മം നിര്‍വ്വഹിച്ചിട്ടുള്ളത്.

പുതിയ കാലത്ത് സ്ത്രീയുടെ വിലക്കുകള്‍ വലിച്ചൊടിച്ച് വാരിയെറിയാന്‍ വിധിക്കപ്പെട്ടവളാണ് കവി എന്ന നിലയില്‍ ലീന മണിമേഖലൈ. അതുകൊണ്ട് തന്നെ അവരുടെ ഭാഷയ്ക്ക് രൗദ്ര ഭംഗിയും കൈവരുന്നു. പുതിയ ഭാഷയുടെ സാധ്യതകളെ പരമാവധി ചൂഷണം ചെയ്തുകൊണ്ട് ‘സദാചാരപ്രസ്ഥാന’ക്കാരുടെ മുഖംമൂടികള്‍ മാന്തിപ്പൊളിച്ച്, വിമര്‍ശനങ്ങളും പ്രാക്കുകളും നേരിട്ട് തന്റേടത്തോടെ നവശൈലിക്ക് ശിലപാകുന്നു. കവിതയില്‍ പുതിയ ഊര്‍ജ്ജവും ഊറ്റവും പകരുകയാണ് ലീന. ഉടലിന്റെ രാഷ്ട്രീയവും സമുദായത്തിന്റെ രാഷ്ട്രീയവും ഇവിടെ വിഭിന്നമല്ല. 

‘ഉടലിന്റെയും ഉയിരിന്റെയും കണ്ണകി’താളം എന്നാണ് സാറാ ജോസഫ് ലീനയുടെ കവിതകളെ അനുഭവിച്ച് പറയുന്നത്. ‘കൂത്തച്ചികളുടെ റാണി’ എന്ന ഈ സമാഹാരത്തിലെ ഓരോ കവിതയിലും പ്രണയവും ഭയവും കാമവും ചുരന്നുകൊണ്ടിരിക്കുന്നു. അടിച്ചേല്‍പ്പിക്കപ്പെട്ട സ്ത്രീവിരുദ്ധ മൂല്യങ്ങളുടെ എത്രയോ അടരുകളാണ് ഇന്ന് സമൂഹത്തിലുള്ളത്. ആണുങ്ങളിലുള്ള ആണുങ്ങളെ കൊല്ലുക എന്നത് പുതിയ ആണത്തത്തിന്റെ നിര്‍വ്വചനം ആവശ്യപ്പെടുകയാണ്. ‘ഞാനും രതി നീയും രതി എന്ന് ഇരു പെണ്ണുടലുകളുടെ ആമോദ സമുദ്രം ലീനയുടെ കവിതകളില്‍ ഇരമ്പിയാര്‍ക്കുന്നു’ എന്നാണ് സാറാജോസഫിന്റെ നിരീക്ഷണം.

സ്ത്രീ എന്നും ഒരുപകരണമാണ്; ആണിന്റെ. പുരുഷന് ഭോഗിക്കാനും വേറൊരുവന് ഭാഗിക്കാനും വേണ്ടി ഭാഗ്യംകെട്ടവള്‍. കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിച്ച് ഭര്‍ത്താവിന്റെ ശാസനകളെ ശിരസാവഹിച്ച് അടുക്കളയില്‍ അടയിരിക്കേണ്ടവള്‍. പക്ഷെ, കാലം മാറി. ഇന്നത്തെ സ്ത്രീയെ അതിനൊന്നും കിട്ടുകേല. സ്ത്രീ ഒരു വര്‍ഗ്ഗമാണ്. ആരാണവളുടെ വര്‍ഗ്ഗശത്രു? പണവും അധികാരവും കൈയാളുന്നവര്‍. തന്നിലുള്ള അധികാരിയെ തന്നില്‍നിന്ന് ആട്ടിപ്പുറത്താക്കലാണ് ആണിനെ കൊല്ലലെന്ന് തിരിച്ചറിയാന്‍ പ്രേരിപ്പിക്കുന്നവയാണ് ലീനയുടെ കവിതകള്‍. ലീനയ്‌ക്കൊന്നും ഒളിക്കാനില്ല. എല്ലാം തുറന്നങ്ങു പറയുകയാണ്. ശ്ലീലമെന്നോ അശ്ലീലമെന്നോ അവിടെ അതിര്‍വരമ്പുകളില്ല. പെണ്ണുടലിന്റെ അകംപൊരുളിനെ വലിച്ചു പുറത്തേക്കിടുകയാണ് ലീന. ഉടലിലല്ല; ഉയിരിലേല്‍ക്കുന്ന ആഘാതങ്ങളെക്കുറിച്ചാണ് ലീന കവിതയിലൂടെ  പാടിപ്പറക്കുന്നത്.

സമാഹാരത്തിലെ ആദ്യ കവിതയായ ‘തേവിടിശ്ശി’ എന്ന രചന നോക്കുക:

തേവിടിശ്ശി എന്ന വാക്ക്
ആദ്യമായി കേട്ടപ്പോള്‍
എനിക്ക് വയസ്സ് പത്ത്
അപ്പോളെനിക്ക് മുലകള്‍ മുളച്ചിരുന്നില്ല.
ഇളംയോനിയെ ക്ഷൗരക്കത്തികൊണ്ട് പിളര്‍ത്തിയാല്‍
കുടുകുടാ ചീറ്റുന്ന ചോരപോലെ
ചൂടോടെ വമിച്ചു ആ വാക്ക്
……………………………………………
വയസ് കൂടുന്തോറും 
തേവിടിശ്ശി എന്ന വിളിക്കുള്ള കാരണങ്ങള്‍
മാറിമാറി വന്നു.
ഇപ്പോളത്തെ മുഖ്യകാരണം
കവിതയെഴുതുന്നതാണെന്നു കരുതുന്നു.

ലീന മണിമേഖലയുടെ മറ്റു കവിതകളിലേക്കുള്ള ഒരു പ്രവേശനകവാടമാണ് ഈ രചന.  സമൂഹത്തിന്റെയും സമുദായത്തിന്റെയും ‘ചാരിത്ര്യബോധ’ങ്ങളുടെയും വേട്ടയാടലുകള്‍ക്ക് വിധേയയായിക്കൊണ്ടിരിക്കുന്ന ഒരു കവിയുടെ  ആത്മനൊമ്പരങ്ങളിവിടെയുണ്ട്. പിന്നീടങ്ങോട്ട് ലീന ഒരു വെല്ലുവിളിയെന്നോണമാണ് കവിതയുടെ കൂരമ്പുകള്‍ സമൂഹരാഷ്ട്രീയ മനസാക്ഷിയുടെ ജീര്‍ണ്ണതയിലേക്ക് എയ്തുവിടുന്നത്.

‘അവ്വയാരുടെ ഒരു ഉടമ്പടി’ എന്ന കവിത തുടങ്ങുന്നത് ഇങ്ങനെ:

”അവ്വയാരേ… നിന്റെ പൂജയൊക്കെ നിര്‍ത്തുക
കൊഴുക്കട്ടയ്ക്ക് ഉപ്പുമില്ല, സ്വാദുമില്ല
………………………………………………………. 
അവളെ മഞ്ഞള്‍ തേപ്പിക്കണം.
വെള്ളിയില്‍ പണിയണം നാക്കുത്തി”

അവ്വയാര്‍ സംഘകാലത്തെ കവയിത്രികളില്‍  പ്രമുഖയാണ്. തമിഴ്‌നാട്ടിലെ ഗ്രാമങ്ങളില്‍ ഇന്നും അവ്വയാര്‍ പൂജ നടക്കുന്നു. പുരുഷന്‍മാര്‍ക്ക് പ്രവേശനമില്ലാത്ത ഈ പൂജാവേളയില്‍ മുതിര്‍ന്ന സ്ത്രീകള്‍ കൗമാരപ്രായക്കാര്‍ക്ക് രതിക്രിയകളെക്കുറിച്ച് പറഞ്ഞുകൊടുക്കുന്നു. കൊഴുക്കട്ടയെ ലിംഗമായി സങ്കല്‍പ്പിച്ചുകൊണ്ടാണ് പലപ്പോഴും ഈ അറിവ് പറഞ്ഞുകൊടുക്കുന്നത്. രതിസുഖം വര്‍ദ്ധിക്കാന്‍ നാക്കുതുളച്ചിടുന്ന ആഭരണമാണ് നാക്കുത്തി. 

പ്രാകൃതമായ ഈ ആഭിചാരപ്രക്രിയയുടെ അര്‍ത്ഥശൂന്യതയെ വെളിവാക്കുന്നതോടൊപ്പം  പരിഹാസ്യമായ തലത്തിലേക്ക് ഇതിനെ എടുത്തുവച്ച് വിചാരണ ചെയ്യുന്നു. ലിംഗത്തിന് ഉപ്പുരസവും സ്വാദുമില്ല എന്ന് പറയുമ്പോള്‍ തന്നെ അതിന്റെ ഷണ്ഡത്വത്തെ കളിയാക്കുകയാണ് കവി. 

‘ഞാന്‍ ലീന’ എന്ന കവിതയില്‍ സമകാലികജീവിതത്തിന്റെയും സമകാലിക ഇന്ത്യയുടെയും ഒരു ഭൂപടം തന്നെ നിവര്‍ത്തിവയ്ക്കുകയാണ് ലീന. 

‘ഞാന്‍ ലീന
ലങ്കയില്‍, ഇന്ത്യയില്‍, ചൈനയില്‍, അമേരിക്കയില്‍
ആഫ്രിക്കയില്‍, സാരയോവയില്‍, ബോസ്‌നിയയില്‍
തുര്‍ക്കിയില്‍, ഇറാക്കില്‍, ബൊളീവിയയില്‍
ഞാന്‍ വസിക്കുന്നു.
എന്റെ പണി
ഇരു തുടകളും എപ്പോഴും
അകറ്റിവയ്ക്കുക എന്നത്.’

സ്വന്തം ദേശം അവകാശപ്പെടുന്നവരും ജിഹാദ് തൊടുക്കുന്നവരും വിപ്ലവം ആവശ്യമുള്ളവരും പദവി ചോദിക്കുന്നവരും കച്ചവടം ചെയ്യുന്നവരും കാവിയുടുത്തവരും കൊള്ളക്കാരും രോഗികളും എന്നു വേണ്ട ആര്‍ക്കുവേണമെങ്കിലും ബലാല്‍സംഗം ചെയ്യാനായി യോനിച്ചുണ്ടുകളെ അരിഞ്ഞെടുത്ത് തമോഗര്‍ത്തമായി തയ്യാറാക്കിവയ്ക്കണമെന്ന് അമ്മയും അമ്മൂമ്മയും അപ്പച്ചിയും അമ്മായിയും പഠിപ്പിച്ചുവച്ചിരിക്കുന്നതായി കവി പറയുന്നുണ്ട്. ആസുരമായ കാലത്തിന്റെ ഭൂകമ്പങ്ങള്‍ അടക്കിവച്ചിരിക്കുന്ന ഈ കവിത ഈ സമാഹാരത്തിലെ ഉജ്ജ്വല രചനയാണ്. 

‘അന്വേഷണം’ എന്ന കവിതയില്‍ ലൈംഗികമായ ഇടപെടലിലൂടെ വിപ്ലവകാരിയെ കളിയാക്കുന്നത് കാണാം.

‘അരക്കെട്ടിന്റെ പനിച്ചൂടില്‍
വിപ്ലവമെന്ന് അലറി.
നിശ്വാസത്തുടിപ്പില്‍
‘സോഷ്യലിസ’മെന്ന് വിളിച്ചു
ലിംഗത്തെ നുകരാന്‍ തന്നു
ബര്‍ലിന്‍ മതില്‍ ഇടിഞ്ഞുവീണു
സോവിയറ്റ് ഉടഞ്ഞു വീണു.’

ഇതില്‍പ്പരം എങ്ങനെയാണ് കറുത്ത ഫലിതം അവതരിപ്പിക്കാനാവുക?

51 കവിതകളാണ് സമാഹാരത്തില്‍. ഓരോന്നും ഒന്നിനൊന്ന് വ്യത്യസ്തം. അവയിലൊക്കെയും ഉയിരിനേറ്റ ആഘാതത്തില്‍ നിന്ന് ഉറവയെടുത്ത കവിതയുടെ ഉഷ്ണജലപ്രവാഹമാണ്. പലപ്പോഴും കവിതയുടെ വാളും പരിചയുമെടുത്ത്  ആരോടൊക്കെയോ അങ്കംവെട്ടുകയാണ് ലീന.

സമാഹാരത്തിലെ അവസാനകവിതയായ ‘ഒരു സായാഹ്ന വേള’ പ്രണയത്തിന്റെ മറ്റൊരുമുഖമാണ് അനാവരണം ചെയ്യുന്നത്.

‘പ്രണയം എന്നോടൊപ്പം കഞ്ചാവടിച്ചത്
സ്‌നേഹത്തോടെ, ഏറെ സ്‌നേഹത്തോടെ
നെഞ്ചുനിറയെ പുകയെടുക്കാന്‍ പറഞ്ഞു
എരിയുന്നുവോ, എന്നു ചോദിച്ചു.
എരിയുന്ന മണത്തില്‍ ആരെയാണ് മണക്കുന്നത് എന്ന്
അടുത്ത ചോദ്യം
അവനാണോ? മൗനം
ഇവളാണോ? മൗനം
അവളാണോ? മൗനം.’

മൗനത്തിന്റെ മഹാസമാധിയിലും ലഹരിയിലും പ്രണയം അതിന്റെ പ്രണയമന്ത്രം ചൊല്ലുകയായിരുന്നു.

ഡോ. ടി കെ സന്തോഷ് കുമാര്‍

ഡോ. ടി കെ സന്തോഷ് കുമാര്‍

എഴുത്തുകാരനും ടെലിവിഷന്‍ മാധ്യമ പ്രവര്‍ത്തകനും മാധ്യമ അദ്ധ്യാപകനുമാണ് ഡോ. ടി കെ സന്തോഷ് കുമാര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍