UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എന്തുകൊണ്ട് ഇടത്, ദളിത് ബഹുജന്‍ ഗ്രൂപ്പുകള്‍ യോജിച്ചു പ്രവര്‍ത്തിക്കണം

Avatar

രോഹിത് ജ്യോതിഷ്

ഇന്ത്യയിലെങ്ങും മുന്‍പില്ലാത്തവിധം ദളിത് മുന്നേറ്റമുണ്ടായ മാസങ്ങളാണ് കഴിഞ്ഞുപോയത്. സംഘികളും അനുബന്ധശക്തികളും ദളിതര്‍ക്കും മുസ്ലിങ്ങള്‍ക്കുമെതിരെ നടത്തിയ ആക്രമണങ്ങള്‍ക്കും ഇതിന് ബിജെപിയുടെ വിവിധ തലങ്ങളില്‍നിന്ന് ഒളിഞ്ഞും തെളിഞ്ഞുമുണ്ടായ പിന്തുണയ്ക്കും എതിരെയായിരുന്നു ഈ മുന്നേറ്റം. നിരവധി സര്‍വകലാശാലാ ക്യാംപസുകളില്‍ പൊലീസുകാരെ വിന്യസിച്ച് ഭരണകൂടം അതിന്റെ സാന്നിധ്യമറിയിച്ചു. ഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ദേശദ്രോഹക്കുറ്റം ചുമത്തിയതാണ് ഇവയില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടത്. ഈ പശ്ചാത്തലത്തിലാണ് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പിലെ ഇടതു സഖ്യത്തിന്റെ വിജയം ചര്‍ച്ച ചെയ്യപ്പെടേണ്ടത്.

സിപിഎമ്മിനു കീഴിലുള്ള സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എസ്എഫ്‌ഐ)യും സിപിഐ(എംഎല്‍)നു കീഴിലുള്ള ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷ(ഐസ)യും അടങ്ങിയതാണ് യുണൈറ്റഡ് ലെഫ്റ്റ്. ബിജെപിയുടെ അഖില്‍ ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തും (എബിവിപി) പുതുതായി രൂപം കൊണ്ട, ‘അടിച്ചമര്‍ത്തപ്പെട്ടവരുടെ ഒരുമ’ എന്നു സ്വയം വിശേഷിപ്പിക്കുന്ന ബിര്‍സ അംബേദ്കര്‍ ഫുലെ സ്റ്റുഡന്റ്‌സ് അസോസിയേഷ (ബാപ്സ)യുമായിരുന്നു മത്സരരംഗത്തെ മറ്റുള്ളവര്‍.

ജെഎന്‍യുവിലെ എബിവിപി യൂണിറ്റ് കേന്ദ്രസര്‍ക്കാരിന്റെയും ജെഎന്‍യു ഭരണകൂടത്തിന്റെയും നടപടികള്‍ക്കു ചെയ്തുകൊടുത്ത ഒത്താശകള്‍ വിദ്യാര്‍ത്ഥി സമൂഹം അംഗീകരിക്കുന്നില്ലെന്നതിന്റെ തെളിവാണ് ഇടതു സഖ്യത്തിന്റെ വിജയം. രാജ്യത്തെമ്പാടും നടക്കുന്ന ദളിത് മുന്നേറ്റത്തിന്റെ വെളിച്ചത്തില്‍ ബാപ്സയുടെ രാഹുല്‍ സോന്‍പിമ്പിളിന്റെ പ്രകടനം ശ്രദ്ധേയമാണ്.

സാമൂഹിക നീതി എന്ന വിഷയം സംഘിന്റെ സിദ്ധാന്തങ്ങള്‍ക്കോ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രീണനത്തിനോ ഇടതുപക്ഷത്തിന്റെ അപ്രസക്തിക്കോ വിട്ടുകൊടുക്കേണ്ടതല്ല. സംഘിന്റെ സ്വേച്ഛാധിപത്യത്തിനെതിരെ മുന്‍പുണ്ടായിട്ടുള്ള ശ്രദ്ധേയമായ ചെറുത്തുനില്‍പുകള്‍ വ്യവസായമേഖലകളില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട തൊഴിലാളികളുടെ സ്വതന്ത്ര യൂണിയനുകളില്‍നിന്നോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു പുറത്തുനിന്നുള്ള ദളിത് ബഹുജന പ്രസ്ഥാനങ്ങളില്‍നിന്നോ ആണ്.

ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (എഎസ്എ) ആരംഭിച്ച ‘ജസ്റ്റിസ് ഫോര്‍ രോഹിത് വെമുല’ പ്രസ്ഥാനത്തിലും ഉന പ്രസ്ഥാനത്തിലും ബാപ്സയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും പ്രതിധ്വനിച്ചത് ‘അംബേദ്കറൈറ്റ്’ പ്രതിരോധ അലയൊലികളാണ്. വലതുപക്ഷത്തായാലും ഇടതുപക്ഷത്തായാലും ശത്രു ബ്രാഹ്മണിസമാണ്. ഇടത് പ്രസ്ഥാനങ്ങളുടെ ജാതി നിലപാടില്‍ വ്യക്തമായ മാറ്റമുണ്ടായിട്ടും ബാപ്സയുടെയും മറ്റ് ദളിത് ബഹുജനപ്രസ്ഥാനങ്ങളുടെയും ഇടതുപക്ഷവിമര്‍ശനം, അതിനെ വലതുപക്ഷത്തിനു തുല്യമായി കാണുന്നുവെന്ന ഇടതുപക്ഷ ആക്ടിവിസ്റ്റുകളുടെ വിമര്‍ശനം ശരിയാണ്. ജാതിയുമായുള്ള ഇടതുപക്ഷത്തിന്റെ നിലപാടുകള്‍ ‘ലാല്‍ സലാം, നീല്‍ സലാം’ മുദ്രാവാക്യം വിളികളില്‍നിന്നു മുന്നോട്ടുപോകേണ്ടിയിരിക്കുന്നു എന്നതു മറ്റൊരു കാര്യം.

ഇപ്പോള്‍ ദളിത് ബഹുജന്‍ ഗ്രൂപ്പുകള്‍ സംഘിനെ എതിര്‍ക്കാനുപയോഗിക്കുന്ന വഴി ഇടതിനെക്കാള്‍ ഫലപ്രദമാണെന്നത് വളരെ വ്യക്തമാണ്. ഇടത് – ദളിത് ബഹുജന്‍ ഐക്യം ദളിതരെക്കാള്‍ ഇടതിന്റെ രാഷ്ട്രീയ പ്രസക്തിക്കാണ് ആവശ്യമെന്നതും പുറമെ നിന്നുള്ള കാഴ്ചക്കാര്‍ക്കു മനസിലാകും. സാമൂഹിക നീതിക്കായുള്ള ഏതു കൂട്ടുകെട്ടും ഫലപ്രദമാകണമെങ്കില്‍ ഇരുകൂട്ടരും തമ്മില്‍ കൂടുതല്‍ സത്യസന്ധമായ അധികാരം പങ്കിടലുണ്ടാകണം. ഡല്‍ഹിയില്‍ ഒരു സര്‍വകലാശാലയില്‍ ഇടതുപക്ഷത്തിനു ലഭിക്കുന്ന തിരഞ്ഞെടുപ്പു വിജയം മുന്‍പ് അവിടെ നടന്നകാര്യങ്ങളുമായി നോക്കുമ്പോള്‍ വളരെ പ്രസക്തമാണെങ്കിലും വിപ്ലവകരമല്ല. ബാപ്സയുടെ മികച്ച പ്രകടനവും ദളിത് വോട്ട് ബാങ്കുകള്‍ മറികടന്ന് സാമൂഹിക നീതിക്കു വേണ്ടി വോട്ട് ചോദിക്കാനുള്ള അവരുടെ കഴിവ് കാണുമ്പോള്‍ പ്രത്യേകിച്ചും.

ദളിത് ബഹുജന്‍ സംഘടനകള്‍ നിര്‍ത്തിയിടത്തുനിന്നു വേണം സാമൂഹിക നീതിയുടെ പേരില്‍ സംഘി ശക്തികളെ എതിരിടാനുള്ള നീക്കം തുടങ്ങേണ്ടത്. ഇടതും ദളിത് ബഹുജനപ്രസ്ഥാനങ്ങളും തമ്മില്‍ രാഷ്ട്രീയ ഐക്യത്തിനുള്ള ആഹ്വാനമുണ്ടായാല്‍ അതില്‍നിന്നു വിട്ടുനില്‍ക്കാനുള്ള എല്ലാ അവകാശവും ദളിത് സംഘടനകള്‍ക്കുണ്ട്. മുന്‍കാലങ്ങളില്‍ അവര്‍ അനുഭവിച്ചിട്ടുള്ള അധികാരനിഷേധമാണ് കാരണം. അതുപോലെ തന്നെ ഇടതുമായി ചേര്‍ന്നുപോകുക എന്നത് ബ്രാഹ്മണിസത്തെ തോല്‍പിക്കുന്നതില്‍ പ്രധാനവുമാണ്. തിരഞ്ഞെടുപ്പുകാലത്തെ ചെളിവാരിയെറിയല്‍ അവസാനിക്കുമ്പോള്‍ സാമൂഹിക നീതിയെപ്പറ്റി സ്വയം സത്യസന്ധമായ കാഴ്ചപ്പാട് രൂപീകരിക്കുക എന്നത് ഇരുപ്രസ്ഥാനങ്ങള്‍ക്കും അനുപേക്ഷണീയമാണ്.

ആദര്‍ശങ്ങള്‍ നിര്‍വചിക്കപ്പെടുകയും അവ നേടുന്നതിന് പ്രായോഗികമായ പ്രക്രിയകള്‍ കണ്ടെത്തുകയും വേണം. എതിരാളിയുടെ തന്ത്രങ്ങള്‍ അതിജീവിക്കാന്‍ മാത്രമല്ല രാഷ്ട്രീയ പ്രക്രിയയില്‍ കൂടിയാലോചനകള്‍ നടത്താനും കഴിയും വിധം ശക്തമായിരിക്കണം ഈ ആദര്‍ശങ്ങള്‍. സംവദിക്കാനോ പാതിവഴി കൂടിച്ചേരാനോ വിസമ്മതിക്കുന്നത് ഇരുവരുടെയും രാഷ്ട്രീയവേഗം കുറയ്ക്കും. കാരണം കുറഞ്ഞത് രണ്ടായിരം വര്‍ഷം നിലനിന്ന ഒന്നാണ് ബ്രാഹ്മണിസം. അതിനോട് ഒറ്റയ്ക്കു പൊരുതാനാകില്ല. പ്രതിദിന രാഷ്ട്രീയത്തിനതീതമായി ഉയര്‍ന്ന, മനസിരുത്തിയുള്ള പ്രയത്‌നംകൊണ്ടുമാത്രമേ ശോഭനമായ ഭാവി വിഭാവനം ചെയ്യാനും അത് നേടിയെടുക്കാനും നമുക്കാകൂ.

(ജെഎന്‍യുവില്‍ ഗവേഷകവിദ്യാര്‍ത്ഥിയായ രോഹിത് ജ്യോതിഷ് countercurrents.org-ല്‍ എഴുതിയ ലേഖനത്തിന്റെ പരിഭാഷ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍