UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബംഗാളില്‍ സി പി എമ്മിന്റെ ഹിസ്റ്റോറിക്കല്‍ ബ്ലണ്ടര്‍

Avatar

അഴിമുഖം പ്രതിനിധി

അഞ്ച് വര്‍ഷത്തിലൊരിക്കല്‍ ഭരണ മുന്നണിയെ മാറ്റുകയെന്ന കേരളത്തിന്റെ പതിവ് സംസ്ഥാനത്ത് ഇടതു വിജയം നല്‍കുകയും മുന്നണിയുടെ ആത്മവിശ്വാസം ഉയര്‍ത്തുകയും ചെയ്തു. എന്നാല്‍ ഇടതുപക്ഷത്തിന്റെ ഔദ്യോഗിക തട്ടകമായ പശ്ചിമ ബംഗാളിലുണ്ടായ ഞെട്ടിക്കുന്ന കനത്ത തോല്‍വി സിപിഐഎമ്മിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളേയും ദേശീയ തലത്തില്‍ കൂടുതല്‍ പങ്കുവഹിക്കാനുള്ള പദ്ധതികളേയും കുറിച്ച് നിരവധി ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്. പശ്ചിമബംഗാളില്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായി കോണ്‍ഗ്രസ് ഉയര്‍ന്നു വന്നിട്ടുണ്ട്.

ഈ ഫലത്തേയും അവിടെ (പശ്ചിമ ബംഗാളില്‍) ഞങ്ങള്‍ സ്വീകരിച്ച തന്ത്രങ്ങളെയും ഇടതുപക്ഷത്തിന്റെ മോശം പ്രകടനത്തേയും സംബന്ധിച്ച് അവലോകനം നടത്തുകയും കാരണങ്ങള്‍ പരിശോധിക്കുകയും ചെയ്യുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ബംഗാളില്‍ പ്രകടനം മെച്ചപ്പെടുത്താന്‍ കഴിയുമെന്നായിരുന്നു ഞങ്ങളുടെ പ്രതീക്ഷ. അതിനാല്‍, തന്ത്രങ്ങളെ കുറിച്ച് ഞങ്ങള്‍ ഗൗരവതരമായ ആത്മപരിശോധന നടത്തും, സിപിഐയുടെ ദേശീയ സെക്രട്ടറി ഡി രാജ പറഞ്ഞു.

യെച്ചൂരിയും സിപിഐഎമ്മിന്റെ പശ്ചിമ ബംഗാള്‍ നേതൃത്വവും പാര്‍ട്ടിക്കുള്ളില്‍ നിരവധി ചോദ്യങ്ങളെ അഭിമുഖീകരിക്കേണ്ടി വരും.

കോണ്‍ഗ്രസ് ഇതര, ബിജെപി ഇതര ബദലിനുവേണ്ടി പ്രവര്‍ത്തിക്കണമെന്ന പാര്‍ട്ടി ലൈനിന്റെ അന്തസത്തയ്ക്ക് വിരുദ്ധമായി സംസ്ഥാനത്ത് കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയതിന് ആദ്യം മറുപടി പറയേണ്ടി വരും. ഇതുവരേയും സംസ്ഥാനത്ത് രാഷ്ട്രീയ വൈരികളായിരുന്ന കോണ്‍ഗ്രസും ഇടതും തമ്മിലെ സഖ്യത്തിന് ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാന്‍ കഴിഞ്ഞില്ല.

കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിന് അഞ്ച് ശതമാനം വോട്ടുകള്‍ നഷ്ടമായിരുന്നു. അതിന് കാരണമായത് പശ്ചിമ ബംഗാള്‍ യൂണിറ്റ് മുന്‍കൈയെടുത്ത് നടപ്പിലാക്കിയ കോണ്‍ഗ്രസ് സഖ്യമായിരുന്നു. ഒരു സംസ്ഥാനത്തില്‍ കോണ്‍ഗ്രസിനെ എതിരിടുകയും മറ്റൊരിടത്ത് കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെടുകയും ചെയ്യുന്നതിനോട് ഇടതുപക്ഷത്തെ പല നേതാക്കന്മാര്‍ക്കും യോജിപ്പുണ്ടായിരുന്നില്ല.

ജനം നോക്കുന്നത് ബിജെപി ഇതര ബദലുകള്‍ക്കായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിനെ പകരം സങ്കല്‍പ്പിക്കാന്‍ അവര്‍ തയ്യാറായിരുന്നുമില്ലെന്നാണ് പല നേതാക്കളും കരുതുന്നത്.

കോണ്‍ഗ്രസും സിപിഐഎം നേതൃത്വം നല്‍കുന്ന ഇടത് മുന്നണിയും തമ്മിലെ ആദര്‍ശമില്ലാത്തതും അവസരവാദപരവുമായ സഖ്യത്തെ പശ്ചിമ ബംഗാളിലെ ജനം പൂര്‍ണമായും തള്ളിക്കളഞ്ഞുവെന്ന് ഇടത് കൂട്ടായ്മ പ്രസ്ഥാനത്തിന്റെ ഭാഗമായ മുന്‍ സിപിഐഎം നേതാവ് പ്രസേന്‍ജിത് ബോസ് പറയുന്നു.

പശ്ചിമബംഗാളിലെ നേതൃത്വം ഉടനടി രാജിവയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ സിപിഐഎമ്മിന്റെ പശ്ചിമ ബംഗാള്‍ നേതൃത്വം സഖ്യത്തെ പ്രതിരോധിക്കുകയാണ്.

ഇടതും കോണ്‍ഗ്രസും തമ്മിലെ സഖ്യം ഇപ്പോഴും പ്രസക്തമാണ്. തൃണമൂലിന്റെ അഴിമതിയെ തുറന്നു കാണിക്കുന്നതും ദരിദ്രരുടേയും തൊഴിലാളികളുടേയും കര്‍ഷകരുടേയും അവകാശങ്ങള്‍ക്കായി പൊരുതുകയും ചെയ്യുന്നത് തുടരുമെന്ന് നിയമസഭ തെരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സൂര്യ കാന്ത മിശ്ര പറഞ്ഞു.

കഴിഞ്ഞ നിയമസഭയില്‍ 62 സീറ്റുണ്ടായിരുന്ന ഇടതുപക്ഷത്തിന് പുതിയ നിയമസഭയില്‍ 33 സീറ്റുകള്‍ മാത്രമായി കുറഞ്ഞു. അവരോടുള്ള ജനത്തിന്റെ ദേഷ്യത്തിന് കുറവൊന്നും വന്നിട്ടില്ലെന്ന സൂചനയാണ് ഇത് നല്‍കുന്നത്.

294 അംഗങ്ങളാണ് നിയമസഭയുടെ അംഗസംഖ്യ. തൃണമൂല്‍ കോണ്‍ഗ്രസ് 211 സീറ്റുകള്‍ തൂത്തുവാരിയപ്പോള്‍ കോണ്‍ഗ്രസിന് 44 സീറ്റുകളും ബിജെപിക്ക് ആറ് സീറ്റുകളുമാണ് ലഭിച്ചത്. കഴിഞ്ഞ തവണത്തേക്കാള്‍ 27 സീറ്റുകളാണ് മമത കൂടുതല്‍ നേടിയത്. ഇടതിന് 28 സീറ്റുകള്‍ നഷ്ടമായപ്പോള്‍ കോണ്‍ഗ്രസ് രണ്ടു സീറ്റുകള്‍ മാത്രമേ നഷ്ടമുണ്ടായിട്ടുള്ളൂ. ബിജെപിയാകട്ടെ നേട്ടം ഇരട്ടിയാക്കുകയും ചെയ്തു.

പശ്ചിമബംഗാളില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കാതെ ഇടതുപക്ഷത്തിന് തെരഞ്ഞെടുപ്പ് രംഗത്ത് തിരിച്ചു വരാനാകില്ല. 42 ലോകസഭ സീറ്റുകളാണ് സംസ്ഥാനത്തുള്ളത്. കേരളത്തിലാകട്ടെ അതിന്റെ പകുതി മാത്രവും. 20 സീറ്റുകള്‍. അതിന്റെ പകുതി മാത്രമേ ഇടതിന് ലഭിക്കാറുമുള്ളൂ. അതിനാല്‍ ഇന്ത്യയില്‍ ഇടതിന്റെ തിരിച്ചുവരവിന് കാഹളം മുഴങ്ങണമെങ്കില്‍ 34 വര്‍ഷം അവര്‍ ഭരിച്ച പശ്ചിമബംഗാളിലെ നഷ്ടപ്പെട്ട ജനപിന്തുണ തിരിച്ചുപിടിച്ചേ മതിയാകൂ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍