UPDATES

വിശകലനം

പിണറായി നയിച്ചു, പരാജയപ്പെട്ടു; ഇടതിന്റെ സമ്പൂര്‍ണ തോല്‍വിയില്‍ നഷ്ടമായത് 123 മണ്ഡലങ്ങള്‍

പരാജയകാരണം ശബരിമലയെന്ന ലളിതവത്കരണത്തിലേക്ക് മുന്നണിയും പാര്‍ട്ടിയും ഒതുങ്ങുമോ എന്നാണ് കണ്ടറിയേണ്ടത്.

1977 നുശേഷം ഇടതുപക്ഷത്തിന് ഏറ്റവും കനത്ത തിരിച്ചടി നേരിട്ടപ്പോള്‍ മുന്നണിക്ക്
നഷ്ടമായത് 123 നിയമസഭ മണ്ഡലങ്ങള്‍. മൂന്ന് വര്‍ഷം മുമ്പ് 91 മണ്ഡലങ്ങളില്‍ വിജയിച്ച ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയാണ് ഈ ഫലം നല്‍കുക. വടക്കെ മലബാറില്‍ പാര്‍ട്ടിയുടെ ഉറച്ച കേന്ദ്രങ്ങളില്‍ പോലും തിരിച്ചടി നേരിട്ടത് സാധാരണ ഗതിയിലുള്ള വിശദീകരണങ്ങള്‍ കൊണ്ട് പാര്‍ട്ടിക്ക്‌ നേരിടാന്‍ കഴിയില്ല. കണ്ണൂര്‍ കാസര്‍കോട് വടകര, പാലക്കാട് ആറ്റിങ്ങല്‍, ആലത്തൂര്‍ മണ്ഡലങ്ങളിലെ പരാജയം സിപിഎമ്മിന്  കനത്ത ആഘാതമായിരിക്കുകയാണ്.

എല്ലാ അഭിപ്രായ സര്‍വകളിലും എക്‌സി്റ്റ് പോളുകളിലും വിജയം പ്രഖ്യാപിച്ച എം ബി രാജേഷിന്റെ പരാജയവും കാസര്‍കോട് ഏറ്റവും ജനപ്രിയനായും സ്വീകാര്യനുമായ സതീഷ് ചന്ദ്രനുമേറ്റ പരാജയമാണ് സിപിഎമ്മിന് വലിയ തലവേദന സൃഷ്ടിക്കുക. പാര്‍ട്ടിയുടെ ശക്തികേന്ദ്രമായി കരുതുന്ന കാസര്‍കോട് മണ്ഡലത്തിലെ തൃക്കരിപ്പൂരില്‍ പോലും വളരെ നേരിയ ഭൂരിപക്ഷമാണ് സിപിഎമ്മിന് കിട്ടിയത്. 1899 വോട്ടിന്റെ ഭൂരിപക്ഷം.

കണ്ണൂര്‍ മണ്ഡലത്തില്‍ രണ്ട് നിയമസഭ സീറ്റുകളില്‍ മാത്രമാണ് ഇടതുപക്ഷത്തിന് മേല്‍ക്കൈ നേടാനായത്. പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ മട്ടന്നൂരില്‍ നേടിയ ഭൂരിപക്ഷമാകട്ടെ 7488 വോട്ടുമാത്രം. മൂന്ന് വര്‍ഷം മുമ്പ് നിയമസഭ തെരഞ്ഞെടുപ്പില്‍ ഇ പി ജയരാജന്‍ 43,381 വോട്ടിന് ഭൂരിപക്ഷം ലഭിച്ച മണ്ഡലമാണിത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്ത് ശ്രീമതി ടീച്ചര്‍ക്ക് കിട്ടിയത് 4099 വോട്ടിന്റെ ഭൂരിപക്ഷം മാത്രം. ഇവിടെ 36,905 വോട്ടിനാണ് പിണറായി വിജയന്‍ 2016 ല്‍ വിജയിച്ചത്. വടകരയിലെ തലശ്ശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിലും സിപിഎമ്മിന് വോട്ടു കുറഞ്ഞു.

പാലക്കാട് മണ്ഡലത്തില്‍ പട്ടാമ്പിയില്‍ വന്‍ ഭൂരിപക്ഷമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി നേടിയത്. കോങ്ങാട്, ഒറ്റപ്പാലം എന്നിവിടങ്ങളില്‍ പ്രതീക്ഷിച്ച വോട്ട്  സിപിഎമ്മിന്‌ കിട്ടുകയും ചെയ്തില്ല.ആലത്തൂരിലാണ് വലിയ തിരിച്ചടി നേരിട്ട മണ്ഡലം. ആലത്തൂരില്‍ എല്ലാ നിയമസഭ മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിന് വന്‍ ലീഡാണ് ലഭിച്ചത്. വടക്കാഞ്ചേരി മണ്ഡലത്തില്‍ മാത്രമാണ് യുഡിഎഫ് 2016 ല്‍ വിജയിച്ചത്. മൂന്ന് വര്‍ഷത്തിനിപ്പുറം എല്ലാ മണ്ഡലങ്ങളിലും തിരിച്ചടി നേരിട്ടു.

ആറ്റിങ്ങല്‍ ലോകസ്ഭ മണ്ഡലത്തില്‍ ഏഴ് നിയമസഭ സീറ്റുകളില്‍ അരുവിക്കരയില്‍ മാത്രമാണ് 2016 ല്‍ യുഡിഎഫ് വിജയിച്ചത്. ഇത്തവണ നെടുമങ്ങാട് മണ്ഡലത്തില്‍ മാത്രമാണ് ഇടതുപക്ഷത്തിന് ലീഡ് ചെയ്യാനായത്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്ലാ നിയമസഭ മണ്ഡലങ്ങളിലും ഇടതുപക്ഷം വിജയിച്ച കൊല്ലം ജില്ലയില്‍ ഇത്തവണ ഏഴ് മണ്ഡലങ്ങളിലും യുഡിഎഫാണ് ലീഡ് നേടിയത്. ഒന്നരലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷം പ്രേമചന്ദ്രന് ലഭിക്കാനിടയാക്കിയത് ഇതാണ്. പത്തനം തിട്ടയില്‍ അടുര്‍ മണ്ഡലത്തില്‍ മാത്രമാണ് എല്‍ഡിഎഫിന് ലീഡ് നേടാനായത്.

ശബരിമല വിഷയമാണെന്ന് പരാജയത്തിന് കാരണമെന്ന് പറഞ്ഞ് ന്യായികരിക്കാന്‍ ഇടതുപക്ഷത്തിന് കഴിയില്ലെന്നാണ് വടക്കന്‍ കേരളത്തിലെ കനത്ത പരാജയം തെളിയിക്കുന്നത്. പിണറായി വിജയന്റെ നേതൃത്വത്തില്‍ നേരിട്ട തെരഞ്ഞെടുപ്പ് എന്ന നിലയില്‍ കനത്ത പരാജയം അദ്ദേഹത്തിന് വന്‍ തിരിച്ചടിയാണ്. ശക്തമായ പബ്ലിക്ക് റിലേഷന്‍സ് പ്രവര്‍ത്തനത്തിലൂടെ സാമൂഹ്യമാധ്യമങ്ങളിലുടെ സൃഷ്ടിച്ചെടുത്ത പ്രതിച്ഛായയൊന്നും ജനങ്ങളെ സ്വാധീനിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് ഈ തിരിച്ചടി വ്യക്തമാകുന്നത്. സാമൂഹ്യ ക്ഷേമ പരിപാടികള്‍ നടപ്പിലാക്കാന് ശ്രമിക്കുമ്പോഴും സാമ്പത്തിക ധനകാര്യ രംഗത്ത് നവലിബറല്‍ നയങ്ങളെ പുണരുകയും പരിസ്ഥിതി സംരക്ഷണ നിയമങ്ങള്‍ ദുര്‍ബലപ്പെടുത്തുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്റെ സമീപനവുമാണ് പൊതുവില്‍ പിണറായി സര്‍ക്കാര്‍ പിന്തുടര്‍ന്നത്. ജിഎസ്ടിയെ സ്വാഗതം സ്വാഗതം ചെയ്തതും കിഫ്ബി വഴി നടപ്പിലാക്കുന്ന വികസന പരിപാടികളും ഇതിന്റെ ഉദാഹരണമായാണ് പൊതുവില്‍ വിമര്‍ശനം ഉയര്‍ന്നത്. പാര്‍ട്ടിയെയും സര്‍ക്കാരിനെയും പൂര്‍ണമായും തന്റെ നിയന്ത്രണത്തില്‍ നിര്‍ത്തിയുള്ള ഭരണ ശൈലിയാണ് പിണറായി വിജയന്‍ പിന്തുടുരുന്നതെന്ന വിമര്‍ശനവും ഉണ്ടായിരുന്നു.

ഇങ്ങനെയൊക്കെയാണെങ്കിലും സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിലും സമീപനങ്ങളിലും എന്തെങ്കിലും വിമര്‍ശനം പാര്‍ട്ടിയിലോ മുന്നണിയിലോ ഈ പരാജയത്തിനിടയിലും ഇന്നത്തെ സാഹചര്യത്തിലും ഉണ്ടാവാനുമിടയില്ല. ശബരിമലയാണ് പരാജയ കാരണമെന്ന വിലയിരുത്തലില്‍ പാര്‍ട്ടിയും മുന്നണിയും എത്തിപെടുമോ എന്നാണ് കണ്ടറിയേണ്ടത്. അങ്ങനെയെങ്കില്‍ അത് പ്രതിലോമ ശക്തികള്‍ക്ക് കൂടുതല്‍ ശക്തിപകരാനാണ് സാധ്യത കൂടുതല്‍. എന്തായാലും ശബരിമലയില്‍ റിവ്യു ഹര്‍ജി സുപ്രീം കോടതി തള്ളിയാല്‍ വിധി നടപ്പിലാക്കാന്‍ നേരത്തെ സ്വീകരിച്ച അതെ ആര്‍ജ്ജവത്തോടെ സര്‍ക്കാര്‍ തയ്യാറാകുമോ എന്നതാണ് പ്രധാനം. അതിന് തുനിയാതെ പരാജയം ശബരിമല കാരണമാണെന്ന് ലളിതയുക്തിയിലേക്ക് ഒതുങ്ങി, തുടങ്ങിവെച്ച നവോത്ഥാന രാഷ്ട്രീയത്തെ ഇടതുപക്ഷം കൈയൊഴിയുമോ എന്നതും കേരളത്തെ സംന്ധിച്ചും പ്രധാനമാണ്.

എന്‍ കെ ഭൂപേഷ്

എന്‍ കെ ഭൂപേഷ്

കണ്‍സള്‍ട്ടന്‍റ് എഡിറ്റര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍