UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പുറത്ത് ലെനിനും അകത്ത് പൂന്താനവും; ഇടതുപക്ഷം മാറേണ്ടതുണ്ട്

Avatar

ടി.ആര്‍. ചന്ദ്രദത്ത് 

ഇന്ത്യന്‍രാഷ്ട്രീയത്തില്‍ വലതുപക്ഷ ചായ്‌വ് മുന്‍കൈ നേടിയിരിക്കുന്നു. ഹിന്ദുത്വദേശീയതയും ആഭ്യന്തര-വിദേശ മൂലധനശക്തികളാല്‍ നിയന്ത്രിക്കുന്ന നവഉദാരീകരണ ആശയങ്ങളും ഇഴചേര്‍ന്നപ്പോള്‍ കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ ആ ആശയങ്ങളുടെ പ്രചാരകരായി. അങ്ങനെ പുതിയ പരിതസ്ഥിതികള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. മതപരമായ ഭിന്നിപ്പിനും തിളങ്ങുന്ന ഇന്ത്യയും (Shining India) കഷ്ടപ്പെടുന്നവരുടെ ഇന്ത്യയും (Suffering India) എന്ന വിഭജനം കൂടുതല്‍ രൂക്ഷമാക്കുന്നതിനും വഴിവെക്കുമെന്നതാണ് പുതിയ പരിതസ്ഥിതി ഉയര്‍ത്തുന്ന വെല്ലുവിളി. സാമ്പത്തിക അസമത്വം വര്‍ദ്ധിതമാകും. നവലിബറല്‍ സാമ്പത്തിക വളര്‍ച്ചക്കായി ക്ഷേമ പരിപാടികള്‍ ചുരുക്കും. ഉദാരവല്‍ക്കരണ നയങ്ങളെ പ്രതിരോധിക്കാന്‍ കെല്‍പുള്ള, അധ്വാനിക്കുന്നവരെ മതത്തിന്റെ മേലാപ്പുപയോഗിച്ച് ശിഥിലമാക്കും. മതവും മൂലധനവും തമ്മിലുള്ള ബാന്ധവം ശക്തമാക്കും. വര്‍ഗീയത മൂലധനത്തിനെയും മൂലധനം വര്‍ഗീയതയെയും പരിപോഷിപ്പിക്കുന്നു. വര്‍ഗീയതയും മൂലധനവും ‘മോദി’യില്‍ രക്ഷകനെ കാണുന്നു. പാര്‍ലമെന്ററി വ്യവസ്ഥയെ ദുര്‍ബലമാക്കി പ്രസിഡന്‍ഷ്യല്‍ രീതിയിലേക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തെ പരിവര്‍ത്തിപ്പിക്കാനുള്ള ശ്രമങ്ങളും സജീവമാകും. സങ്കീര്‍ണതകളിലേക്ക് ജനജീവിതം വഴിതിരിയും. ഇന്ത്യയിലെ മധ്യവര്‍ഗം ഉദാരവല്‍ക്കരണ ആഡംബര ഉപഭോഗത്തിന്റെ ഗുണഭോക്താക്കളാണ്.

 

ഈ സാഹചര്യത്തില്‍ ദരിദ്രരുടെയും പ്രാന്തവല്‍കൃതരുടെയും ക്ഷുഭിത യുവത്വത്തിന്റെയും കീഴ്‌പ്പെടുത്തപ്പെട്ട സ്ത്രീകളുടെയും വാക്കും നോക്കുമാകേണ്ട ഇടതുപക്ഷം ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി നേരിടുകയാണെന്ന യാഥാര്‍ത്ഥ്യം കണ്ണുതുറന്നു കാണേണ്ടതുണ്ട്. പ്രകൃതിവിഭവങ്ങള്‍ ലാഭാര്‍ത്തി മൂത്ത മുതലാളിത്തം യഥേഷ്ടം ചൂഷണം ചെയ്യുന്നു. പാരിസ്ഥിതികനാശവും പരിസരമലിനീകരണവും നിയന്ത്രണമില്ലാത്ത മുതലാളിത്ത സൃഷ്ടികളാണ്. ജനങ്ങളുമായുള്ള ബന്ധം സുസ്ഥിരമാക്കാന്‍ എന്തുകൊണ്ടാവുന്നില്ല എന്ന ആത്മപരിശോധന ഇടതുപക്ഷം ആരംഭിക്കേണ്ടതുണ്ട്. ജനങ്ങളുമായി അടുത്ത ബന്ധം സ്ഥാപിച്ച് അവരുടെ ജീവിതപ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് വിപുല പ്രതിരോധ പ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ പ്രാപ്തമായ ഇടം സൃഷ്ടിക്കാന്‍ ഇടതുപക്ഷം അതിന്റെ നയസമീപനങ്ങളും സംഘടനാരീതികളും പുനര്‍വിഭാവനം ചെയ്യേണ്ടിയിരിക്കുന്നു. ഇന്ത്യന്‍ സമൂഹത്തിലും വര്‍ഗഘടനയിലും വന്ന മാറ്റം സസൂക്ഷ്മം പഠിക്കണം. ജനങ്ങളുടെ വീക്ഷണത്തിലും മൂല്യബോധത്തിലും വന്ന മാറ്റങ്ങളും വിശദമായ വിശകലനത്തിന് വിധേയമാക്കണം. അധ്വാനിക്കുന്ന വിഭാഗങ്ങളിലും കാര്‍ഷിക മേഖലയിലും മധ്യവര്‍ഗത്തിലും മാറ്റങ്ങള്‍ പ്രകടമാണ്. മാമൂല്‍ നിരീക്ഷണങ്ങളില്‍നിന്ന് ഇടതുപക്ഷം പിന്മാറണം. സമൂര്‍ത്തസാഹചര്യങ്ങളുടെ, സമൂര്‍ത്ത അപഗ്രഥനങ്ങളുടെ അടിസ്ഥാനത്തില്‍ ശരിയായ രാഷ്ട്രീയമുദ്രാവാക്യങ്ങളും അടവുനയങ്ങളും സ്വീകരിക്കണം. പുരോഗമന ജനാധിപത്യ മതേതരശക്തികളുടെ ഏകീകരണവും വിപുലീകരണവും സാധ്യമാക്കാന്‍ ഇടതുപക്ഷം നേതൃത്വം നല്‍കണം. ‘പുഴയുടെ ഒരുമ വേണ്ടപ്പോള്‍ മഴയുടെ ചിതറലായി’ തീരാതെ ജാഗ്രത പാലിക്കാന്‍ ഇടതുപക്ഷം ശ്രദ്ധിക്കണം.

 

 

വര്‍ഗീയ പ്രത്യയശാസ്ത്രത്തിനും രാഷ്ട്രീയത്തിനും എതിരായ ഏറ്റവും സുസ്ഥിരമായ ശക്തിയാണ് ഇടതുപക്ഷം. ഭൂരിപക്ഷ വര്‍ഗീയത ഉയര്‍ത്തുന്ന വിനാശകരമായ ഭീഷണിക്ക് എതിരായ പോരാട്ടത്തില്‍ എല്ലാ പുരോഗമന മതനിരപേക്ഷ ജനാധിപത്യശക്തികളെയും അണിനിരത്തുകയും മുന്നോട്ട് നയിക്കുകയും ചെയ്യുന്നതില്‍ ഇടതുപക്ഷത്തിന് മുഖ്യമായ പങ്ക് വഹിക്കാനുണ്ട്. ഇടതുപക്ഷത്തിന്റെ നവീകരണവും ശക്തിപ്പെടുത്തലും അടിയന്തിര ആവശ്യമാണ്. കൂടുതല്‍ യോജിപ്പോടെയും ഐക്യത്തോടെയും എല്ലാ ഇടതുപക്ഷശക്തികളും അണിനിരക്കണം. ഇടതുപക്ഷചിന്താഗതിക്കാരായ എല്ലാ ശക്തികളെയും സംഘടനകളെയും ബുദ്ധിജീവികളെയും വ്യക്തികളെയും ഒന്നിച്ചണിചേര്‍ക്കാന്‍, സജീവചര്‍ച്ചകള്‍ നടത്തേണ്ടതുണ്ട്. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ വലതുപക്ഷത്തേക്കുള്ള ഗതിമാറ്റം സൃഷ്ടിക്കുന്ന വെല്ലുവിളികള്‍ നേരിടാന്‍, യോജിപ്പോടെ നില്‍ക്കുകയും പുനരുജ്ജീവനം നേടിയതുമായ ഇടതുപക്ഷത്തിന് മാത്രമേ കഴിയൂ. മതനിരപേക്ഷ-ജനാധിപത്യ ധാരകളുമായി യോജിച്ച് ഒരു കുത്തൊഴുക്കിന്റെ പ്രവേഗമാര്‍ജിക്കാന്‍ കഴിയണം. പല ഘട്ടങ്ങളിലായി വ്യത്യസ്ത കാരണങ്ങളാല്‍ വിഭജിച്ചുപോയ കമ്യൂണിസ്റ്റ് പാര്‍ടികള്‍ ഒന്നാകണമെന്ന കടുത്ത ആഗ്രഹം സമൂഹത്തിലുണ്ട്. ലയനം അഥവാ പുനരേകീകരണം അത്ര എളുപ്പമല്ല. പല കടമ്പകളും കടക്കേണ്ടതുണ്ട്. രാഷ്ട്രീയവും സംഘടനാപരവുമായ പ്രശ്‌നങ്ങളുമുണ്ട്. അതുകൊണ്ട് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ഉപേക്ഷിക്കേണ്ടതില്ല.

ബെസ്റ്റ് ഓഫ് അഴിമുഖം 

സിപിഎം ഏറെ മാറേണ്ടതുണ്ട്- പ്രസേന്‍ജിത് ബോസ് എഴുതുന്നു
ഇടതുപക്ഷത്തിനും സ്വയംപരിശോധനയാവാം
ഹാ… കഷ്ടം, ഇടതുപക്ഷമേ!
ഇടതിന്‍റെ പതനം അതി ദയനീയം
ഇടതു ബദലിനെ ആര്‍ക്കാണ് പേടി?

രാഷ്ട്രീയപ്രസ്ഥാനങ്ങളില്‍ ആന്തരികജനാധിപത്യം അനിവാര്യമാണ്. കല്‍പ്പനകളും ശാസനകളും അണികള്‍ ആഗ്രഹിക്കുന്നില്ല. ജനാധിപത്യം വാചകത്തിലൊതുങ്ങരുത്. പ്രയോഗത്തിലും വേണം. കമ്യൂണിസ്റ്റ് പാര്‍ടികള്‍ മാത്രമാണ് ആന്തരിക ജനാധിപത്യപ്രക്രിയ പിന്തുടരുന്നത്. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ വ്യതിരിക്തത ജീവിതത്തില്‍ കാട്ടികൊടുക്കുന്നതിലെ വീഴ്ചകളാണ് ‘ഇടതുപക്ഷവും വലതുപക്ഷവും തമ്മില്‍ വ്യത്യാസമില്ല’ എന്ന വാദത്തിന് ശക്തിപകരുന്നത്. സംഘപരിവാര്‍ ശക്തികള്‍ക്ക് ഇന്ത്യയിലാകെ സമാന്തര സായുധവ്യൂഹം വിന്യസിക്കാന്‍ കഴിയുമെന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന് വന്‍ ഭീഷണിയാണ്. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ സര്‍ക്കാരിന്റെ മര്‍ദ്ദനസംവിധാനങ്ങള്‍ മാത്രമാണ് ഇന്ദിരാഗാന്ധി ആശ്രയിച്ചത്. ഇന്ദിരാഗാന്ധിക്കില്ലായിരുന്ന സംഘടനാ ശൃംഖല സംഘപരിവാറിനുണ്ട്. തീവ്ര ഹൈന്ദവവല്‍ക്കരണത്തെ നേരിടാനെന്ന പേരില്‍ ന്യൂനപക്ഷ വര്‍ഗീയതയുടെ സായുധപ്പതിപ്പ് സൃഷ്ടിക്കാനുള്ള ശ്രമങ്ങളും കാണാതിരുന്നുകൂടാ.

ജനശ്രദ്ധപിടിച്ചുപറ്റിയ നിരവധി സമരങ്ങള്‍, വിശേഷിച്ച് പ്രാദേശിക പ്രശ്‌നങ്ങള്‍ കേന്ദ്രീകരിച്ച്, കേരളത്തിലും ഇന്ത്യയിലും കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്നിട്ടുണ്ട്. ഈ സമരങ്ങളില്‍ ഇടതുപക്ഷത്തിന്റെ സാന്നിദ്ധ്യം നിര്‍ണായകമായിരുന്നില്ല. ‘ജനങ്ങളില്‍നിന്ന് ജനങ്ങളിലേക്ക്’ എന്ന സിദ്ധാന്തം പ്രയോഗവല്‍ക്കരിക്കുന്നതില്‍ ഇടതുപക്ഷം പരാജയപ്പെടുകയാണ്.
പുരുഷകേന്ദ്രിത അധികാര വ്യവസ്ഥയില്‍ സ്ത്രീകള്‍ അടിച്ചമര്‍ത്തപ്പെട്ടവരും അരക്ഷിതകളുമാണ്. പുരുഷാധിപത്യമനസ്സില്‍നിന്ന് മോചനം നേടാന്‍ ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്കുപോലുമാകുന്നില്ല. കുടുംബങ്ങളുടെ ജനാധിപത്യവല്‍ക്കരണം കേവലമൊരു മന്ത്രമായി ഉരുവിടുകയാണ്. ‘പുറത്ത് ലെനിനും, അകത്ത് പൂന്താനവു’മെന്ന നിലയിലാണ് ഭൂരിപക്ഷം ഇടതുപക്ഷ പ്രവര്‍ത്തകരും. സാമ്പത്തിക ഘടനയിലും രാഷ്ട്രീയ സംഘടനാരീതികളിലും സാംസ്‌കാരിക മേഖലയിലും അഴിച്ചുപണി അനിവാര്യമാണ്. സാമ്പത്തിക ഘടന കോര്‍പ്പറേറ്റ് മൂലധനശക്തികളുടെ നിയന്ത്രണത്തിലാണ്. വൈദേശിക പണ-മൂലധനവുമായി ബന്ധിതമാണത്.

 

സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിന്റെ സ്വാധീനഫലമായും ഉദാരവല്‍ക്കരണത്തിന്റെ കടന്നുവരവിനെത്തുടര്‍ന്നും നവ ഉദാര നയങ്ങള്‍ നടപ്പാക്കിയതിന്റെ ഫലമായും നമ്മുടെ രാജ്യത്ത് കഴിഞ്ഞ രണ്ടര പതിറ്റാണ്ടില്‍ സാമൂഹിക-സാമ്പത്തിക സ്ഥിതിഗതികളില്‍ വന്‍തോതില്‍ മാറ്റങ്ങള്‍ സംഭവിച്ചു. വര്‍ഗസാഹചര്യങ്ങളില്‍ മാറ്റങ്ങളുണ്ടായി, വര്‍ഗങ്ങള്‍ക്കുള്ളിലും വേര്‍തിരിക്കലുകളും വ്യതിയാനങ്ങളുമുണ്ടായി. അധ്വാനിക്കുന്ന ജനവിഭാഗങ്ങളിലും കര്‍ഷക ജനതയിലും കര്‍ഷകത്തൊഴിലാളികളിലും ഇടത്തരക്കാരിലും ഇത്തരം മാറ്റങ്ങളുണ്ടായി. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഈ മാറ്റങ്ങള്‍ നമ്മുടെ രാഷ്ട്രീയവും സംഘടനപരവുമായ പ്രവര്‍ത്തനങ്ങളെ എങ്ങനെ സ്വാധീനിച്ചുവെന്ന് വിലയിരുത്തണം. വന്‍കിട ബൂര്‍ഷ്വാസികളുടെയും ബൂര്‍ഷ്വാസിയിലെ മറ്റ് വിഭാഗങ്ങളുടെയും സാഹചര്യങ്ങളിലും ആപേക്ഷികമായ കരുത്തിലും മാറ്റങ്ങള്‍ സംഭവിച്ചു. 
മുദ്രാവാക്യങ്ങള്‍ രൂപപ്പെടുത്തുമ്പോഴും നവ ഉദാരക്രമത്തിന്റെ കെടുതികള്‍ ഏറ്റവും കൂടുതലായി അനുഭവിക്കുന്നവരുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴും ഈ മാറ്റങ്ങളൊക്കെ കണക്കിലെടുക്കണം. ഭരണവര്‍ഗത്തിനെതിരെ ശക്തമായ പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ മുദ്രാവാക്യങ്ങളിലും വിവിധ ജനവിഭാഗങ്ങളോടും വര്‍ഗങ്ങളോടുമുള്ള സമീപനത്തിലും മാറ്റം ആവശ്യമാണ്.

ഇതിനായി, സമൂഹത്തില്‍ സംഭവിച്ച മാറ്റങ്ങളും വിവിധ വര്‍ഗങ്ങളുടെയും ജനവിഭാഗങ്ങളുടെയും പങ്കും സാഹചര്യങ്ങളും വ്യക്തമായി പഠിക്കണം. വിവിധ മേഖലകളില്‍ മൂര്‍ത്തമായ ഇത്തരം പഠനങ്ങള്‍ നടത്താനും ഈ മൂര്‍ത്തമായ വിശകലനത്തിന്റെ അടിസ്ഥാനത്തില്‍ അടവുപരമായ ലക്ഷ്യങ്ങള്‍ മനസ്സില്‍വച്ച് മുദ്രാവാക്യങ്ങള്‍ രൂപപ്പെടുത്താനും കഴിയണം. ശരിയായ രാഷ്ട്രീയ-അടവുനയ നിലപാട് രൂപപ്പെടുത്താന്‍ കഴിയുന്ന വിധത്തില്‍ മൂര്‍ത്തമായ ഇത്തരം പഠനങ്ങള്‍ സംഘടിപ്പിക്കാനും സമയബന്ധിതമായി പൂര്‍ത്തീകരിക്കാനും ഇടതുപക്ഷം തയ്യാറാവണം. ഈ രാഷ്ട്രീയ പ്രക്രിയക്കൊപ്പം സംഘടനകള്‍ പ്രവര്‍ത്തനശൈലിയും ജനങ്ങള്‍ക്കിടയില്‍ നടത്തുന്ന പ്രവര്‍ത്തനത്തിന്റെ ദിശയും പുനര്‍നിര്‍ണയിക്കണം. പ്രക്ഷോഭങ്ങള്‍ ഏറ്റെടുക്കുന്നതിലും മുന്നേറ്റങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിലും സംഭവിക്കുന്ന പരാജയത്തിലേക്ക് നയിക്കുന്ന സംഘടനാപരമായ ശേഷിക്കുറവിന്റെ പ്രശ്‌നവുമുണ്ട്. സ്ഥിരം ശൈലിയിലുള്ള പ്രവര്‍ത്തനങ്ങളും ജനങ്ങളുമായി ബന്ധം സജീവമായി നിലനിര്‍ത്താന്‍ കഴിയാത്തതും പ്രശ്‌നങ്ങളാണ്. പ്രചാരണം സംഘടിപ്പിക്കാനും ജനങ്ങളുമായി ആശയവിനിമയം നടത്താനും പുതിയരീതികളും നവീനസാങ്കേതിക വിദ്യയും ഉപയോഗിക്കണം. സംഘടനയില്‍ അഴിച്ചു പണിയും തെറ്റായ പ്രവണതകളുടെ തിരുത്തലും നടത്തണം.

എറിക് ഹോബ്‌സോമിന്റെ പ്രശസ്ത പ്രയോഗം What is left of the left ഇത്തരുണത്തില്‍ ഓര്‍ക്കുക. അതിനു രണ്ട് അര്‍ത്ഥതലങ്ങളുണ്ട്. ഇടതുപക്ഷത്തിന്റെ ശേഷിയും ശേഷിപ്പും എന്താണ് എന്നുള്ളത് പരിശോധിക്കണമെന്നതാണ് ഒന്ന്. ഇടതുപക്ഷത്തിന്റെ ഇടത്തെയറ്റത്ത് എന്താണ് എന്നതാണ് മറ്റൊന്ന്. നവഇടതുപക്ഷമെന്ന സങ്കല്‍പനത്തെ വിമര്‍ശനപരമായി പരിശോധിക്കേണ്ടതുണ്ട്. സമൂഹമാറ്റത്തിന്റെ ഇന്ത്യന്‍ പാത നിര്‍ണയിക്കുന്നതില്‍ ഇടതുപക്ഷം പരാജയപ്പെട്ടിട്ടുണ്ട്. ചില വാര്‍പ്പ് മാതൃകകളെ അന്ധമായി പിന്തുടരാനാണ് ശ്രമിച്ചത്. നമ്മുടെ പൈതൃകത്തെ (Tradition) പുനര്‍വായനക്കും പുതുവായനക്കും വിധേയമാക്കാനായില്ല. വിയറ്റ്നാമില്‍ അമേരിക്ക ബോംബു വര്‍ഷിച്ചപ്പോള്‍ ‘ബുദ്ധന്റെ നെഞ്ചിലാണ് ബോംബിട്ടത്’ എന്ന് പ്രസ്താവിച്ച ഹോചിമിന്‍ പാരമ്പര്യത്തിന്റെ തിരുശേഷിപ്പാണ് ഓര്‍മിപ്പിച്ചത്. റഷ്യയില്‍നിന്നും ചൈനയില്‍നിന്നും മാത്രമല്ല വിയറ്റ്‌നാമില്‍നിന്നും ക്യൂബയില്‍നിന്നും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്നും ദക്ഷിണാഫ്രിക്കയില്‍നിന്നും ഈജിപ്തില്‍ നിന്നുമുള്ള അനുഭവസാക്ഷ്യങ്ങള്‍ നാം ഉള്‍ക്കൊള്ളേണ്ടതുണ്ട്. മാര്‍ക്‌സില്‍ നിന്നു മാത്രമല്ല ഗാന്ധിയില്‍നിന്നും ജയപ്രകാശില്‍നിന്നും ആചാര്യ നരേന്ദ്രദേവില്‍നിന്നും ലോഹ്യയില്‍നിന്നും അംബേദ്കറില്‍നിന്നും ശ്രീനാരായണഗുരുവില്‍നിന്നും അയ്യങ്കാളിയില്‍നിന്നും മഹാത്മാ ഫൂലെയില്‍നിന്നും പെരിയോറില്‍ നിന്നും ആവേശമുള്‍ക്കൊള്ളുകയും പാഠങ്ങള്‍ പഠിക്കുകയും വേണം. സര്‍വ പുച്ഛവും ബുദ്ധിപരമായ അഹന്തയും ഇടതുപക്ഷത്തിനു ഭൂഷണമല്ല.

 

ഭാരതീയ ചിന്തയും സംസ്‌കാരവും സനിഷ്‌കര്‍ഷ പഠനത്തിനും മനനത്തിനും അവലോകനത്തിനും വിധേയമാക്കണം. ഇന്ത്യന്‍ ദേശീയത സമം ഹിന്ദുത്വദേശീയത എന്ന സമവാക്യമുയര്‍ത്തുന്ന സംഘപരിവാര്‍ ആശയപ്രചാരണത്തെ പ്രതിരോധിക്കാന്‍ ഇത് അത്യന്താപേക്ഷിതമാണ്. ഒരു രാഷ്ട്രമെന്ന നിലയില്‍ ഇന്ത്യയുടെ അടിസ്ഥാന തത്ത്വങ്ങളിലൊന്നാണ് ബഹുത്വം. ഏകതയുടെ പേരില്‍, മതപരമോ വംശീയമോ സാംസ്‌കാരികമോ ഭാഷാപരമോ ആയ ഏതു തരത്തിലുള്ള മേല്‍ക്കോയ്മകളും ബോധപൂര്‍വ്വമായി അടിച്ചേല്പിക്കാന്‍ ശ്രമങ്ങള്‍ ഉണ്ടായപ്പോഴെല്ലാം ഇവിടെ സംഘര്‍ഷങ്ങളുമുണ്ടായിട്ടുണ്ട്. നൂറ്റാണ്ടുകളായി സമാധാനപരമായ സഹവര്‍ത്തിത്വത്തിലൂടെ ബഹുത്വം അനുവര്‍ത്തിച്ചുപോന്ന ഇന്ത്യന്‍ ജനതയെ സംബന്ധിച്ചിടത്തോളം അത് ഏറ്റവും സ്വാഭാവികമായ ജൈവസ്വരൂപം തന്നെയാണ്. ഒപ്പം, നമ്മുടെ ജനാധിപത്യഘടനയുടെ ആന്തരസത്തയുടെ ഭാഗംകൂടിയാണത്.

സാമൂഹ്യജീവിതത്തെയാകെയും സാംസ്‌കാരിക മണ്ഡലത്തെ വിശേഷിച്ചും ഭീഷണിപ്പെടുത്തുന്ന നിരവധി പ്രതിലോമശക്തികള്‍ ഇന്ത്യയിലാകെയും കേരളത്തിലും പ്രവര്‍ത്തിക്കുന്നുണ്ടെന്നു ബന്ധപ്പെട്ടവരെല്ലാം ഓര്‍മിക്കേണ്ടിയിരിക്കുന്നു. ഒരുവശത്ത് ജനാധിപത്യത്തെയാകെ തകര്‍ക്കാന്‍നോക്കുന്ന സ്വേഛാധിപത്യശക്തി; മറുവശത്ത് ‘ഹിന്ദുരാഷ്ട്ര’ത്തിന്റെയും ‘ഇസ്ലാമിക പുനരുദ്ധാരണ’ത്തിന്റെയും പേരില്‍ ജനങ്ങളെ തമ്മിലടിപ്പിക്കുന്ന മതവികാരങ്ങള്‍; ഇനിയും ഒരുവശത്ത് അവശജാതികളില്‍പ്പെട്ടവരുടെ ന്യായമായ ജനാധിപത്യാവകാശങ്ങളടക്കം ആധുനിക ജനാധിപത്യത്തിന് പിന്നില്‍ എല്ലാ ജാതികളിലും പെട്ട സാധാരണക്കാരെ ഒന്നിപ്പിക്കുന്നതിനുപകരം ജാതിയുടെ പേരില്‍ ജനങ്ങളെ ശത്രുചേരികളില്‍ അണിനിരത്തുന്ന ജാതിരാഷ്ട്രീയം; നാലാമതൊരുവശത്ത് ഇന്ത്യയിലെ വിവിധ സംസ്ഥാനക്കാര്‍, ഭാഷക്കാര്‍ എന്നിവരുടെ ജനാധിപത്യാവകാശങ്ങള്‍ അംഗീകരിച്ചുകൊണ്ട് ഇന്ത്യന്‍ജനതയുടെ ഐക്യം കെട്ടിപ്പടുക്കുന്നതിന് പകരം ‘മണ്ണിന്റെ മക്കള്‍’, ‘വിദേശീയരെ തുരത്തല്‍’ മുതലായ മുദ്രാവാക്യങ്ങളുയര്‍ത്തി ഇന്ത്യയെ തുണ്ടുതുണ്ടാക്കാന്‍ ശ്രമിക്കുന്ന പ്രതിലോമശക്തികള്‍; എല്ലാറ്റിനും മീതെ, ഈ വിവിധ വിഭാഗീയ പ്രവണതകള്‍ക്ക് പ്രചോദനവും സഹായവും നല്‍കുന്ന സാമ്രാജ്യശക്തികള്‍. ഇവയോരോന്നും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ പുരോഗമന ജനാധിപത്യശക്തികളുടെ മുന്നേറ്റത്തിന് തടസ്സം നില്‍ക്കുകയാണ്. ഈ തടസ്സങ്ങള്‍ തട്ടിനീക്കുന്നതില്‍ താല്‍പര്യമുള്ളവരുടെ മുഴുവന്‍ ഐക്യമാണ് ഇന്ന് ആവശ്യമായിട്ടുള്ളത്.

 

സ്വത്വപ്രശ്‌നങ്ങളും സ്വത്വരാഷ്ട്രീയവും വ്യവഛേദിച്ചറിയണം. സ്വത്വബോധത്തെ ഉയര്‍ന്ന സംഘടനബോധമായും രാഷ്ട്രീയ ബോധമായും വികസിപ്പിക്കാന്‍ ഇടതുപക്ഷം കരുത്തോടെ ഇടപെടേണ്ടത്. എല്ലാതരം സാമൂഹിക അടിച്ചമര്‍ത്തലുകളെയും ജാതീയ വിവേചനങ്ങളെയും പുരുഷാധിപത്യ പ്രവണതകളെയും ജാത്യാധികാരശ്രേണികളെയും എതിര്‍ക്കാന്‍ ഇടതുപക്ഷം മുന്നോട്ടു വരണം.

 

ഇനിയും ജനാധിപത്യശക്തികള്‍ക്ക് നിശ്ചലരായിരിക്കാന്‍ കഴിയുകയില്ല. ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ സാമൂഹ്യമാറ്റങ്ങളെക്കുറിച്ച് വ്യക്തമായ ധാരണകള്‍ വളര്‍ന്നു വരണം. ജനാധിപത്യവാദികള്‍ തമ്മില്‍ വളര്‍ന്നുവന്നിട്ടുള്ള അഭിപ്രായ ഭിന്നതകള്‍ മാറ്റിവെച്ച് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഇനിയെങ്കിലും തയ്യാറാകണം. വലതുപക്ഷവല്‍ക്കരണത്തിന്റെ കാരണക്കാര്‍ ആരാണെന്ന് തീരുമാനിച്ച് അന്യോന്യം പഴിചാരുന്ന ഏര്‍പാട് ജനാധിപത്യവാദികളില്‍ വ്യാപകമാണ്. വലതുപക്ഷ വ്യതിയാനത്തിന്റെ കാരണം ഇടതുപക്ഷത്തിന്റെ അപചയമാണെന്ന സിദ്ധാന്തം ഉദാഹരണമാണ്. തന്റെ നിലപാടു മാത്രമാണ് ഏറ്റവും വലിയ ശരി എന്ന് വീണ്ടും വീണ്ടും ആവര്‍ത്തിച്ചതുകൊണ്ട് തെറ്റുകള്‍ ഇല്ലാതാവുകയില്ല. തെറ്റുകള്‍ വളര്‍ന്നു വന്ന് സ്വന്തം നിലപാടുകള്‍ തന്നെ വിഴുങ്ങിപ്പോകുന്ന അനുഭവങ്ങള്‍ ഇതിനു മുമ്പ് പല തവണയും സംഭവിച്ചിട്ടുണ്ട്. ഫാസിസം വളര്‍ന്നു വരുന്നത് ജനാധിപത്യവാദികളുടെ ഉള്‍പിളര്‍പ്പുകളില്‍നിന്നും വെറും വായാടിത്തത്തില്‍നിന്നും കൂടിയാണ്. അതുകൊണ്ട് അത്തരം താന്‍മാത്ര വാദവും വായാടിത്തവും മാറ്റിവെച്ച് സെക്കുലര്‍ ജനാധിപത്യ വീക്ഷണം ഉള്‍ക്കൊള്ളുന്നവരുടെ പൊതു ഐക്യനിര കെട്ടിപ്പടുക്കേണ്ടത് ഇന്നത്തെ ജനാധിപത്യത്തിന്റെ നിലനില്പിന് ആവശ്യമാണ്. അത് ചെയ്യാന്‍ കൂട്ടാക്കാത്ത ‘ശുദ്ധ’വാദികള്‍ ചെയ്യുന്നത് അവനവനെ കുഴിച്ചുമൂടാനുള്ള കുഴി തോണ്ടുക മാത്രമാണ്.

അത്തരത്തിലുള്ള വിശാല, ഇടതുപക്ഷ, പുരോഗമന, മതനിരപേക്ഷ, ജനാധിപത്യ വേദിയുടെ സൃഷ്ടിക്കാവശ്യമായ ചര്‍ച്ചകളും പഠനങ്ങളും തുടങ്ങിവെയ്ക്കുകയാണ്. ഇനിയും നമുക്ക് സംവാദങ്ങള്‍ തുടരേണ്ടിവരും.

 

(കോസ്റ്റ്ഫോർഡ് ഡയറക്ടർ ആണ് ലേഖകൻ. ബദൽ സാങ്കേതിക വിദ്യകളുടെ പ്രധാനപ്പെട്ട പ്രചാരകരിൽ ഒരാളാണ് ) 

*Views are personal

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍