UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജെ എന്‍ യുവിലെ ഇടത് അപ്രമാദിത്വം; പ്രൊഫ. പരാഞ്ജപെയുടെ ഭിന്നസ്വരം

Avatar

അഴിമുഖം പ്രതിനിധി

ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ ഇപ്പോള്‍ നടക്കുന്ന ദേശീയതയെക്കുറിച്ചുള്ള തുറന്ന അധ്യാപന, പ്രഭാഷണങ്ങളില്‍ ഇംഗ്ലീഷ് പഠന വകുപ്പിലെ അദ്ധ്യാപകന്‍ മകരന്ദ് പരാഞ്ജപെയുടെ അഭിപ്രായങ്ങള്‍ വേറിട്ടുനിന്നു. ജെ എന്‍ യു ഒരു ‘ജനാധിപത്യ ഇടമാണോ’ അതോ ഒരു ‘ഇടതാധിപത്യ ഇടമാണോ’, ‘ഇന്ത്യന്‍ ഭരണകൂടത്തിന്റെ സാധുത’ അംഗീകരിക്കാന്‍ ഇടതുപക്ഷക്കാര്‍ക്ക് എന്താണ് വിമുഖത തുടങ്ങിയ ചോദ്യങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. 

ജെ എന്‍ യു ഇന്ന് നേരിടുന്ന പല പ്രശ്‌നങ്ങളെക്കുറിച്ചും എന്തുകൊണ്ടാണ് താന്‍ സര്‍വകലാശാലയിലെ ഇടതു രാഷ്ട്രീയത്തെ എതിര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചില പ്രസക്തഭാഗങ്ങള്‍:

നിര്‍മ്മിത അതൃപ്തി
മൂര്‍ത്തമായ തെളിവുകളില്ലാതെ ആരെയും കുറ്റപ്പെടുത്തരുത്. അതുകൊണ്ടാണ് ഞാനതിനെ ഒരു ഗൂഢാലോചനയായി കാണാത്തത്. പക്ഷേ നിങ്ങള്‍ ‘പിന്നാക്കാവസ്ഥയുടെ ദല്ലാളുകള്‍’ എന്നു വിളിച്ചേക്കാവുന്ന നമ്മുടെ ബുദ്ധിജീവികളുടേയും പണ്ഡിതരുടേയും ഒരു വിഭാഗം കാര്യങ്ങള്‍ അങ്ങനയല്ലേ എന്നു തോന്നിക്കാം. ഇവര്‍ സമൂഹത്തില്‍ എതിര്‍ ദ്വന്ദങ്ങളെ ഉണ്ടാക്കുകയും പിന്നീട് അത്തരം എതിരാളി രാഷ്ട്രീയത്തിന്റെ മുന്നില്‍ മുന്നണിപ്പോരാളികളായി സ്ഥാനം പിടിക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അവരില്‍ പലരും ഈ തന്ത്രത്തിന്റെ ഗുണഭോക്താക്കളാണ്. നിങ്ങള്‍ക്ക് ഒരു സംവിധാനത്തെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്താം, എന്നിട്ട് പിന്‍വാങ്ങുന്നതിന് ആനുകൂല്യങ്ങള്‍ ആവശ്യപ്പെടുകയും ചെയ്യാം.

സ്ഥാപനങ്ങളിലെ ശല്യക്കാരായ ആളുകള്‍ അച്ചടക്കവും സഹകരണവുമുള്ളവരെക്കാള്‍ കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാക്കുന്നതായി മാനേജ്‌മെന്റ് പാഠങ്ങളില്‍ പറയുന്നുണ്ട്. സ്‌കൂളില്‍പ്പോലും ആരെങ്കിലും തിരിച്ചുതല്ലുംവരെ കയ്യൂക്കുള്ളവര്‍ കാര്യം നേടുന്നത് കാണാം. അപ്പോള്‍ വിട്ടുപോകുമെന്നോ തകര്‍ക്കുമെന്നോ ഭീഷണിപ്പെടുത്തി ആളുകള്‍ കൂടുതല്‍ മെച്ചങ്ങള്‍ ഉണ്ടാക്കുന്നു. കുടുംബത്തില്‍ പോലും കുടുംബം തകര്‍ക്കുമെന്ന ഭീഷണി ഉയര്‍ത്തുന്നവരുടെ ആവശ്യങ്ങള്‍ അന്യായമെങ്കില്‍പ്പോലും അവരെ പ്രീണിപ്പിക്കാനായി മുതിര്‍ന്നവര്‍ സമ്മതിക്കുന്നു.

അതുകൊണ്ട് ഇത് മനുഷ്യ മനഃശാസ്ത്രവും എതിര്‍പ്പ് സൃഷ്ടിച്ചുകൊണ്ട് വ്യവസ്ഥയില്‍ നിന്നും പരമാവധി ഊറ്റിയെടുക്കാനുള്ള ആലോചിച്ചുറച്ച തന്ത്രവും ആകാം. 

സമൂഹത്തിലെ ചില വിഭാഗം ആളുകള്‍ക്ക് ശരിക്കുള്ള വിഷമങ്ങള്‍ ഇല്ല എന്നതല്ല ഇതിനര്‍ത്ഥം. പക്ഷേ അവര്‍ തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള പ്രക്രിയയില്‍ പങ്കാളികളാകുകയും അതിനുശേഷം തങ്ങളുടെ സമരം അവസാനിപ്പിക്കുകയും ചെയ്യുന്നു. പക്ഷേ നമ്മളിപ്പോള്‍ പരാമര്‍ശിച്ചതരം സംഘങ്ങള്‍ ഒരിയ്ക്കലും തൃപ്തരാകില്ല. എന്തുകൊണ്ട്? അവര്‍ക്കെപ്പോഴും തിളച്ചുമറിയുന്ന അസഹിഷ്ണുത നിറഞ്ഞ ഒരന്തരീക്ഷം ഉണ്ടായെ പറ്റൂ.

തീവ്ര ദേശീയവാദികളും വിപ്ലവകാരികളും തമ്മിലെ കുറയുന്ന അകലം
തീര്‍ച്ചയായും അത് ജെ എന്‍ യുവില്‍ ചുരുങ്ങുകയാണ്. പക്ഷേ ഞാനവരെ വിപ്ലവകാരികളെന്ന് വിളിക്കപ്പെടുന്നവര്‍ എന്നാണ് പറയുക. എന്തെങ്കിലും ആരോപണമുന്നയിക്കാതെ, അവരുടെ പ്രത്യയശാസ്ത്രങ്ങളോട് വേണ്ട ബഹുമാനം പുലര്‍ത്തിക്കൊണ്ടുതന്നെ അവരുടെ വിപ്ലവ വിശ്വാസ്യത ചോദ്യം ചെയ്യേണ്ടതാണെന്ന് ഞാന്‍ കരുതുന്നു. എങ്ങനെ വിപ്ലവം നടത്തും എന്നതിനെക്കുറിച്ച് അവര്‍ ഒന്നും പറയുന്നില്ല. ഇടതു തീവ്രവാദികളാകട്ടെ സായുധ കലാപത്തിലൂടെ ഭരണകൂടത്തെ അട്ടിമറിക്കുന്നതിനെക്കുറിച്ചാണ് പറയുന്നത്, അതുകൊണ്ടാണ് അവരെ നിരോധിച്ചിരിക്കുന്നതും.

ഏതെങ്കിലും സര്‍ക്കാര്‍ അത് അംഗീകരിക്കുമെന്ന് എനിക്കു തോന്നുന്നില്ല. പക്ഷേ ജെ എന്‍ യുവിലേത് പോലുള്ള മുഖ്യധാര ഇടതുപക്ഷം ഇന്ത്യന്‍ ഭരണഘടനയെച്ചൊല്ലി പ്രതിജ്ഞയെടുക്കുന്നു. മറുവശത്തു അവര്‍ വിപ്ലവത്തെക്കുറിച്ച് സംസാരിക്കുന്നു. അങ്ങനെയെങ്കില്‍ അവര്‍ ബാലറ്റ് വഴി വിപ്ലവം കൊണ്ടുവരുമോ? അപ്പോള്‍ തെരഞ്ഞെടുപ്പ് രംഗത്തുള്ള മറ്റ് കക്ഷികളില്‍ നിന്നും അവര്‍ എങ്ങനെയാണ് വ്യത്യസ്തരാകുന്നത്?

മറ്റ് രാഷ്ട്രീയക്കാരെപ്പോലെ ഇവര്‍ക്കും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ മുഖ്യധാരയില്‍ കടക്കണം, തെരെഞ്ഞടുപ്പില്‍ നില്‍ക്കണം, നിയമസഭയിലും പാര്‍ലമെന്റിലും അവരാഗ്രഹിക്കുന്ന മാറ്റത്തിനായുള്ള നിയമങ്ങള്‍ കൊണ്ടുവരണം. പക്ഷേ അത് സാമ്പ്രദായിക മാര്‍ക്‌സിസ്റ്റ് ധാരണയില്‍ ഒട്ടും വിപ്ലവകരമല്ല. അത് മാറ്റം വരുത്തുന്നതിനുള്ള ജനാധിപത്യപരവും അല്‍പാല്‍പമായുള്ളതുമായ വഴിയാണ്.

പക്ഷേ നമ്മുടെ ജെ എന്‍ യു എസ് യു അദ്ധ്യക്ഷന് നാടകീയവും ആവേശകരവുമായ മുദ്രാവാക്യങ്ങളോടാണ് പ്രിയം: സ്വാതന്ത്ര്യം, വിപ്ലവം അങ്ങനെ പലതുമാണ്. അതൊക്കെ എങ്ങനെ നേടും എന്നതിനെക്കുറിച്ചൊന്നും അയാള്‍ പറയുന്നില്ല. വാസ്തവത്തില്‍ കവിത കൃഷ്ണന്റെ സിപിഐ(എംഎല്‍)പോലുള്ള പലരും പൂര്‍ണമായും മുഖ്യധാര രാഷ്ട്രീയത്തിലെത്തി. അതുകൊണ്ടാണ് ഞാനവരെ വിപ്ലവകാരികളെന്ന് വിളിക്കപ്പെടുന്നവര്‍ എന്നു പറഞ്ഞത്. അവര്‍ ലാല്‍സലാം മുഴക്കുന്നുണ്ടാകാം, അല്ലെങ്കില്‍ ഇങ്ക്വിലാബ് സിന്ദാബാദ്. എന്നാല്‍ അതൊക്കെ കാമ്പില്ലാത്ത നാട്യങ്ങള്‍ മാത്രമാണ്.

ഇടതുവഴി അല്ലെങ്കില്‍ പെരുവഴി എന്നാണോ ജെ എന്‍ യുവിലെ അവസ്ഥ?
എപ്പോഴും അഭിപ്രായ സമന്വയം ഉണ്ടാവുക എന്നത് സാധ്യമല്ല. അതേസമയം ചര്‍ച്ചയും സംവാദവുമാകാം. എന്നാല്‍ നമ്മുടെ സര്‍വകലാശാലയില്‍ ഇത്തരമൊരു സ്വയം വിമര്‍ശനത്തിന് സാധ്യതയില്ലാത്ത തരം സംവാദമാണ് മേല്‍ക്കൈ നേടിയിരിക്കുന്നത്. അത് നിങ്ങളുടെ എതിരാളികളെ ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന ഒന്നാണ്. സംഭാഷണവും സംവാദവുമില്ല. അഭിപ്രായ സമന്വയം ഒട്ടുമില്ല. നമ്മളെല്ലാവരും ഒരേ സര്‍വകലാശാലയില്‍,ഒരേ രാജ്യത്തില്‍ ഒരേ സമൂഹത്തില്‍ ഉള്ളവരാണ്; ശത്രുക്കളല്ല. അതുകൊണ്ട് ശത്രുതയല്ല, നിങ്ങള്‍ പറയുന്നതുപോലെ വിശാല മനസ്‌കതയുടെ പാഠ വ്യാഖ്യാനങ്ങളാകട്ടെ നമുക്കുണ്ടാകേണ്ടത്.

തങ്ങളുടെ പ്രത്യയശാസ്ത്ര കുറവുകളെപ്പറ്റി ഇടതുപക്ഷത്തിന്റെ മനപൂര്‍വമുള്ള അജ്ഞത
ഇതൊരു പ്രധാനപ്പെട്ട ചോദ്യമാണ്. അറിഞ്ഞോ അറിയാതെയോ അവര്‍ക്ക് കുറവുകളും പ്രശ്‌നങ്ങളുമുണ്ട്. അത് സമ്മതിക്കാന്‍ അവര്‍ പലപ്പോഴും തയ്യാറല്ല. പകരം വൈകാരിക മുദ്രാവാക്യങ്ങളിലൂടെ വസ്തുതകളെ വളച്ചൊടിച്ച് അതിനെ നേരിടാനാണ് ശ്രമം. ഒരു പ്രത്യേക വിഷയത്തില്‍ നാം ഉത്തരവാദിത്തതോടെ ചര്‍ച്ച നടത്തണം. അതിനുപകരം അഞ്ജതയും ഗവേഷണക്കുറവുമാണ്. ഇവര്‍ സംവാദത്തിലൊന്നും തത്പരര്‍ അല്ല. മറിച്ച് അവരുടെ പ്രത്യയശാസ്ത്രവും കാഴ്ച്ചപ്പാടും അടിച്ചേല്‍പ്പിക്കാനാണ് ശ്രമം എന്നത് എന്നെ ഭയപ്പെടുത്തുന്നു.

ഈ സര്‍വകലാശാലവളപ്പില്‍ ഒന്നു നടന്നുനോക്കൂ; ശീതസമരകാലത്തെ മുദ്രാവാക്യങ്ങളാണ് പലയിടത്തും. അവരതില്‍ നിന്നും പുറത്തുവന്നിട്ടില്ല. കാലത്തിന്റെ ഒരു ഘട്ടത്തില്‍ ഉറഞ്ഞുപോയവര്‍. ചരിത്രത്തിന്റെ പുരോഗതിയില്‍ ലോകത്താകെ ഉപേക്ഷിക്കപ്പെട്ട ഒരു മാനസികാവസ്ഥയാണിത്.

ജെ എന്‍ യു ഒരു അപരലോകമാണ്
കനയ്യയുമായി വ്യക്തിപരമായി ഒരു പ്രശ്‌നവും എനിക്കില്ല. ഞാന്‍ കനയ്യയെ തിരുത്തുകയാണെന്ന തരത്തിലുള്ള വാര്‍ത്തകളും ശരിയല്ല. പക്ഷേ ചോദ്യങ്ങള്‍ ഉയര്‍ത്തുക എന്റെ ചുമതലയാണ്. ഒരു സര്‍വകലാശാലയുടെ ഭാഗമായിരിക്കുമ്പോള്‍ നിങ്ങള്‍ അവതരിപ്പിക്കുന്ന വാദഗതി പരിശോധനകളെ മറികടക്കാന്‍ പ്രാപ്തമാകണം. വന്യമായ ആരോപണങ്ങളില്‍ കഥയില്ല. പലപ്പോഴും വെറും പ്രകോപനപരമായ വാചകമടി മാത്രമാണ്. ഇതേ സര്‍ക്കാരില്‍ നിന്നുംതന്നെ ആനുകൂല്യങ്ങള്‍ കൂട്ടിക്കിട്ടാന്‍ ആവശ്യപ്പെടുന്ന സമയത്ത് ഇതൊക്കെ തിരിച്ചടിക്കും.

ഒരേ സമയം നിങ്ങള്‍ ഈ സംവിധാനത്തില്‍ നിന്നും ഗുണം കൈപ്പറ്റുകയും, അതിനെ അധിക്ഷേപിക്കുകയും ചെയ്യുന്നു. ഇത് വിചിത്രമായ വാദങ്ങളാണ്. വ്യവസ്ഥ നല്‍കുന്നതിനെക്കുറിച്ച് ഒന്നും പറയാതിരിക്കുകയും അനന്തമായ അധിക്ഷേപം ചൊരിയുകയും ചെയ്യുക. ഇതെന്നെ അമ്പരപ്പിക്കുന്നുണ്ട്. ഇവിടെ നിന്നുള്ള ചര്‍ച്ചകള്‍ എന്തിന്റെയും വിരുദ്ധമാണ്, ക്രിയാത്മകമായ ഒന്നുമില്ല എന്നു നിരവധിപേര്‍ക്ക് തോന്നുന്നുണ്ട്; പക്ഷേ ജെ എന്‍ യുവിലെ അദ്ധ്യാപകരാരും അംഗീകരിക്കാന്‍ ഇടയില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍