UPDATES

വിദേശം

സംഗിന്‍; താലിബാന്‍റെ മയക്കുമരുന്ന് പാടം, പാശ്ചാത്യസേനകളുടെ കൊലക്കളം

Avatar

വെസ്ലി മോര്‍ഗന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

അവര്‍ സംഗിനെ വിശേഷിപ്പിക്കുന്നത് ‘കുറഞ്ഞ സാന്ദ്രതയുള്ള കുഴിബോംബ് പാടം’ എന്നാണ്. യു.എസ്, ബ്രിട്ടീഷ് സേനകള്‍ റോന്തുചുറ്റുന്ന ഇടങ്ങളില്‍ മുഴുവന്‍, അവരുടെ നീക്കങ്ങളെ ഒച്ചിഴയുന്ന വേഗത്തിലാക്കിക്കൊണ്ട്, കുഴിബോംബുകള്‍ നിരത്തിയ ഒരു ജില്ല.

എവിടേയും ബോംബുകളാണ്. അരുവികള്‍ക്ക് മുകളിലെ പാലത്തിന് മുകളില്‍ മാത്രമല്ല, അരുവികളിലുമുണ്ട്. കുഴിബോംബ് കണ്ടെത്താനുള്ള ഉപകരണവുമായി ഒരാള്‍ ഒറ്റയ്ക്ക് തെളിക്കുന്ന ഒരു ഒറ്റയടിപ്പാതയിലൂടെ അടിവെച്ചടിവെച്ചേ നീങ്ങാനാകൂ. വരി തെറ്റിയാല്‍ അത് മരണത്തിലേക്കാകും. വെടിവെപ്പുണ്ടായാല്‍ അടുത്തുള്ള കുഴിയിലേക്ക് മറഞ്ഞിരിക്കാന്‍ പോലുമാകില്ല, അവിടെയും കുഴിബോംബുകളാകും.

അമേരിക്കന്‍ ഉപദേഷ്ടാക്കള്‍ സ്ഥലം വിട്ടതിന് ശേഷം ഒരുവര്‍ഷം കഴിയുമ്പോള്‍ അഫ്ഗാനിസ്ഥാനിലെ ഹെല്‍മന്ദ് പ്രവിശ്യയിലെ ഈ ഗ്രാമീണ ജില്ല താലിബാന്റെ പിടിയിലമരുന്നതിന്റെ വക്കിലാണ്. ഒരിക്കല്‍ NATO-യുടെ Forward Operating Base Jackson ആയിരുന്നിടം ഇപ്പോള്‍ അവരുടെ ഉപരോധത്തിലാണ്. അഫ്ഗാനിസ്ഥാനിലെ മറ്റേതിടത്തേക്കാളും കൂടുതല്‍ യു.എസ്, ബ്രിട്ടീഷ് സൈനികര്‍ക്ക് ജീവഹാനി നേരിട്ട ഇവിടുത്തെ അവസ്ഥ കാബൂളിലെ NATO കേന്ദ്രങ്ങളില്‍ ആശങ്ക ജനിപ്പിക്കുന്നുണ്ട്. അപകടത്തിലായ ഹെല്‍മന്ദ് ജില്ലകളിലേക്ക് യു.എസ് പ്രത്യേക സേനയെ ഇതിനകം അയച്ചിട്ടുണ്ട്.

ഒരു ലക്ഷത്തിന് താഴെ മാത്രം ജനസംഖ്യയുള്ള സംഗിന്‍, മരുഭൂമിയുടെ വരള്‍ച്ചയും, ഹരിതാഭമായ നദീതീരവും ഒരുപോലെയുള്ളൊരു ജില്ലയാണ്. താലിബാന്റെ പ്രാദേശിക അംഗങ്ങളില്‍ ഭൂരിഭാഗം പേരുടെയും ഉപജീവനമാര്‍ഗമായ കഞ്ചാവ് കൃഷിയുടെ ഹെല്‍മന്ദിലെ കേന്ദ്രം കൂടിയാണ് സംഗിന്‍ എന്നതുകൊണ്ടുതന്നെ അതിന്റെ നിയന്ത്രണത്തിനായി താലിബാന്‍ കടുത്ത ശ്രമങ്ങള്‍ നടത്തുന്നു. സര്‍ക്കാര്‍ സേനയാകട്ടെ ആ കച്ചവടം നിര്‍ത്താനോ അല്ലെങ്കില്‍ ആ കച്ചവടത്തില്‍ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പങ്ക് സംരക്ഷിക്കാനോ പോരാടുകയാണ്. ബ്രിട്ടീഷ്, അമേരിക്കന്‍ സേനകള്‍ അവിടെ പോരാടുന്നതിന്റെ കാരണം താലിബാനും അഫ്ഗാന്‍ സേനയും-അവര്‍ക്കുതന്നെ പൂര്‍ണമായും പിടിയില്ലാത്ത കാരണങ്ങള്‍ക്കായി-അവിടെ ഏറ്റുമുട്ടുന്നത് മൂലമാണ്. 

“താലിബാനും അഫ്ഗാന്‍ ദേശീയ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിനെക്കാള്‍ ആഴത്തിലുള്ളതാണ് സംഗിനിലെ വിഷയം,” ജില്ലയിലെ അവശേഷിക്കുന്ന അവസാന യു.എസ് സൈനിക ഉപദേഷ്ടാക്കാളില്‍ ഒരാളായ ഡോം പെല്ലെഗ്രിനി പറഞ്ഞു. “എന്താണ് നടക്കുന്നതു എന്നതിനെക്കുറിച്ച് എനിക്കു വലിയ ഉറപ്പില്ല. മയക്കുമരുന്ന് യുദ്ധമാണ് എന്നു ഞാന്‍ ഊഹിക്കുന്നു.”

സംഗിനില്‍ NATO ഇടപെടല്‍ സജീവമായിരുന്ന 2010 കാലത്ത് സ്ഫോടനശബ്ദങ്ങള്‍ മിക്കവാറും എല്ലാ ദിവസവും ഒരു ചടങ്ങുപോലെ ആവര്‍ത്തിച്ചിരുന്നു. പിന്നെ ആര്‍ക്കൊക്കെ പരിക്കുപറ്റി, ആരൊക്കെ രക്ഷപ്പെട്ടു എന്നതിനെക്കുറിച്ച് റേഡിയോയില്‍ കൂടിയുള്ള വിവരങ്ങളായി.

നാറ്റോ താവളത്തിലെ ചടങ്ങുകളില്‍ കൊല്ലപ്പെട്ട ബ്രിട്ടീഷ്, യു.എസ് സൈനികരുടെ പേരുകള്‍ ഉറക്കെ വായിക്കും. പലപ്പോഴും നിരന്നുനില്‍ക്കുന്ന സൈനികരില്‍ പലരും ഉഷ്ണക്കാറ്റും, നിര്‍ജ്ജലീകരണവും മൂലം കുഴഞ്ഞുവീഴും. ചടങ്ങുകള്‍ തടസം കൂടാതെ തുടരും. ഒടുവില്‍ ഒരു പ്രാര്‍ത്ഥനയോടെ അവസാനിക്കും, (താവള മേല്‍നോട്ടം ബ്രിട്ടീഷുകാര്‍ക്കായിരിക്കെ) ഒന്നാം ലോകമഹായുദ്ധകാലത്തെ ഒരു ചെറിയ വരി;“സൂര്യോദയത്തിലും അസ്തമയത്തിലും ഞങ്ങളവരെ ഓര്‍ക്കും.”

സംഗിനില്‍ സഖ്യസേനയിലെ എത്രപേര്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പറയുക എളുപ്പമല്ല. പ്രധാന കാരണം ബ്രിട്ടീഷുകാര്‍ കഴിഞ്ഞാല്‍ ഇവിടെ ഏറ്റവും കൂടുതല്‍ സൈനികരുള്ള യു.എസ് സേന അവരുടെ സൈനികര്‍ കൊല്ലപ്പെട്ട പ്രദേശങ്ങളെക്കുറിച്ച് പൊതുവായ വിവരങ്ങള്‍ മാത്രമേ നല്‍കാറുള്ളൂ എന്നതു തന്നെ. ഏറ്റവും കുറഞ്ഞ കണക്കില്‍പ്പോലും 176 യു.എസ്-ബ്രിട്ടീഷ് സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പിന്നെ കാനഡക്കാരും, അതിലേറെ അഫ്ഗാന്‍ സൈനികരും പൊലീസുകാരും.

സംഗിനില്‍ കൊല്ലപ്പെട്ട ആദ്യ സഖ്യസേന സൈനികന്‍,  യു.എസ് സേനയിലെ ക്രിസ്റ്റഫര്‍ റോബിന്‍സനായിരുന്നു. 2006 മാര്‍ച്ചിലായിരുന്നു മരണം. ആ വേനല്‍ക്കാലത്ത് ബ്രിട്ടീഷ് സൈനികരുടെ ഒരു ചെറിയ സംഘം എത്തിയപ്പോള്‍ അവര്‍ക്കെതിരെ പെട്ടന്നുതന്നെ ചെറുത്തുനില്‍പ്പുകള്‍ വന്നു. പിന്നീട് ആ താവളത്തിനിട്ട പേരിന്റെ ഉടമ ഡാമിയന്‍ ജാക്സണും കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട മറ്റൊരു സൈനികന് ബ്രിട്ടണിലെ ഏറ്റവും വലിയ സൈനിക ബഹുമതിയായ വിക്ടോറിയ ക്രോസ് മരണാനന്തര ബഹുമതി നല്കി. അടുത്ത വര്ഷം കൂടുതല്‍ സൈനികര്‍ എത്തിച്ചേര്‍ന്നു. 82-ആം Airborne Division പാരട്രൂപ്പര്‍ വിഭാഗത്തിലെ രണ്ടു പേര്‍ കൂടി കൊല്ലപ്പെട്ടു.

ഒബാമ ഭരണകൂടത്തിന്റെ ആദ്യവേനലില്‍ യു.എസ്-ബ്രിട്ടീഷ് സഖ്യസൈന്യം ഹെല്‍മന്ദ് പ്രവിശ്യയിലെ തെക്കന്‍പ്രദേശങ്ങളിലേക്ക് എത്തിയപ്പോള്‍ താലിബാന്‍ സംഗിനില്‍ തിരിച്ചടിച്ചു. ബ്രിട്ടീഷ് സേനയുടെ അപകടങ്ങളുടെ കേന്ദ്രമായി അവിടം. രണ്ടു ബ്രിട്ടീഷ് സേനാവിഭാഗങ്ങള്‍ക്ക് 25-ഉം 28-ഉം സൈനികരെ നഷ്ടപ്പെട്ടു. അമേരിക്കന്‍ മാധ്യമങ്ങള്‍ക്ക് കൊറെങ്കല്‍ താഴ്വര പോലെ ബ്രിട്ടീഷ് ദിനപത്രങ്ങളില്‍ സംഗിന്‍ വാര്‍ത്തയായി.

റോന്തുചുറ്റല്‍ കേന്ദ്രങ്ങളെന്ന് വിളിച്ചെങ്കിലും അതത്ര ശരിയായിരുന്നില്ല. എന്നതില്‍ കുറഞ്ഞ ബ്രിട്ടീഷ് സേന താവളത്തിന്റെ പടിക്കു പുറത്തിറങ്ങുമ്പോഴേ അവരുടെ നീക്കങ്ങള്‍ പ്രാദേശിക നിരീക്ഷകര്‍ റേഡിയോ മുതല്‍ പട്ടങ്ങളും പുകയും വരെ ഉപയോഗിച്ച് പുറത്തറിയിച്ചുകൊണ്ടിരിക്കും.

“അഫ്ഗാനിസ്ഥാനിലെ മറ്റേതിടത്തേക്കാളും ഭീമാകാരമായിരുന്നു സംഗിനിലെ IED (Improvised Explosive Devises) ഭീഷണി,” ഒരു സൈനിക പഠനത്തില്‍ പറയുന്നു. സംഗിന്‍ ജില്ല കേന്ദ്രത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ താലിബാന്‍ ഏതാണ്ട് 1,200 ബോംബുകള്‍ വെച്ചിട്ടുണ്ടെന്നാണ് 2009-ല്‍ ബ്രിട്ടീഷ് സേന കണക്കാക്കിയത്. പലതും ബ്രിട്ടീഷ് നിരീക്ഷണകേന്ദ്രങ്ങളുടെ 30 മീറ്റര്‍ അടുത്താണ്. ആ വേനല്‍ക്കാലത്ത്,“IED മതിലുകളില്‍ തട്ടാതെ ഒരു ദിശയിലും കഷ്ടി 20 മീറ്റര്‍ പോലും പോകാനാകില്ലായിരുന്നു.”

അഫ്ഗാനിലെ മര്‍ജ, അര്‍ഘന്ദാബ് നദീ തീരം തുടങ്ങിയ തെക്കന്‍ പ്രദേശങ്ങളെപ്പോലെ സംഗിനും ബ്രിട്ടീഷ്-യു.എസ് സൈനികരുടെ ജീവാപായം വരുത്താവുന്ന അപകടങ്ങളുടെ പട്ടികയില്‍ മുന്നിലായിരുന്നു: കുഴിബോംബ് കണ്ടെത്തുന്നതിനുള്ള ഉപകരണങ്ങള്‍ക്കും നായ്ക്കള്‍ക്കും കണ്ടെത്താവുന്നതിലേറെ ചെറിയ ബോംബ് സ്ഫോടനത്തില്‍ തകര്‍ന്ന് തെറിച്ച കൈകാലുകള്‍, വൃഷണങ്ങള്‍ സ്ഥിരം കാഴ്ചയായി. കൊല്ലപ്പെട്ടവരുടെ പേരുകള്‍ ഫലകങ്ങളില്‍ കുറിച്ചുവെച്ചിരിക്കുന്നു. കൊല്ലപ്പെടുന്നതിന് മുമ്പായി ഏതാണ്ട് 70 സ്ഫോടക വസ്തുക്കള്‍ നിര്‍വ്വീര്യമാക്കിയ ബ്രിട്ടീഷ് സൈനികന്‍ ഒലാഫ് ഷ്മിഡ് അക്കൂട്ടത്തിലുണ്ട്.

സംഗിനിലെ പോരാട്ടം തെക്കന്‍ അഫ്ഗാനിസ്ഥാനിലെ NATO തന്ത്രങ്ങളിലെ ദൌര്‍ബല്യങ്ങളും വെളിപ്പെടുത്തുന്നു. വര്‍ഷത്തില്‍ രണ്ടുതവണ വ്യത്യസ്ഥ രാജ്യങ്ങളില്‍ നിന്നുള്ള പുതിയ സേനാ വിഭാഗങ്ങള്‍ എത്തുന്നു. ഒപ്പം പുതിയ തന്ത്രങ്ങളും അടവുകളും.

വര്‍ഷങ്ങളോളം സംഗിനിലെ ജനാവാസകേന്ദ്രമായ ജില്ലാ ആസ്ഥാനം സംരക്ഷിക്കാന്‍ ശ്രമിക്കുന്ന സേനാവിഭാഗങ്ങളും നദീതീരത്തുള്ള പ്രേതരൂപികളെപ്പോലെ അദൃശ്യരായ ശത്രുക്കളെ നേരിടുന്ന സേനകളും മാറിമാറിവന്നു. ബ്രിട്ടീഷ് സേന തുറന്ന 22 നിരീക്ഷണ കേന്ദ്രങ്ങളില്‍ പകുതിയും  2010-ല്‍ യു.എസ് സേന അടച്ചു. കുറച്ച് നിരീക്ഷണകേന്ദ്രങ്ങള്‍ കൂടുതല്‍ ഫലപ്രദമായ ആക്രമണ മുന്‍കൈ നല്‍കുമെന്നായിരുന്നു ന്യായം.

പക്ഷേ നിരീക്ഷണം നടത്താനാകാത്ത പ്രദേശങ്ങള്‍ കുഴിബോംബ് പാടങ്ങളായതോടെ ആ അടവ് പൊളിഞ്ഞു. പുതിയൊരു യു.എസ് ബറ്റാലിയന്‍ അവിടെയെത്തിയപ്പോള്‍ ഉണ്ടായ നഷ്ടങ്ങള്‍ പെന്റഗനില്‍ വരെ ആശങ്കയുണ്ടാക്കി. പ്രതിരോധ സെക്രട്ടറി റോബര്‍ട് ഗെയ്റ്റ്സ് എല്ലാ ദിവസവും വിവരങ്ങള്‍ അന്വേഷിച്ചുകൊണ്ടിരുന്നു.

“പിന്നീട് ഭൂപ്രദേശനിയന്ത്രണം തുടരാന്‍ സാധ്യതയില്ലാത്ത പ്രദേശങ്ങളില്‍ ദൌത്യങ്ങളില്‍ ഏര്‍പ്പെടരുതെന്നാണ് ഞങ്ങള്‍ പഠിച്ച പാടം. നിര്‍ഭാഗ്യവശാല്‍ ആ പാഠത്തിന് ഏറെ വിലകൊടുക്കേണ്ടിവന്നു,” ആ ബറ്റാലിയനിലെ ഒരു മുന്‍ സൈനികോദ്യഗസ്ഥന്‍ ജോസഫ് ക്രിസ്റ്റല്‍ പറഞ്ഞു. ബറ്റാലിയന്‍റെ ആദ്യ ദൌത്യത്തില്‍ ലാന്‍സ് കോര്‍പ്പരല്‍ ജോണ്‍ സ്പാര്‍ക്സ് കൊല്ലപ്പെട്ടിരുന്നു. ഏറെ വൈകാതെ പഴയ ബറ്റാലിയന്‍ ഉപേക്ഷിച്ച 11 ബ്രിട്ടീഷ് നിരീക്ഷണ കേന്ദ്രങ്ങള്‍ പുതിയ 3/5 ബറ്റാലിയന്‍ തിരിച്ചുപിടിച്ചു. പുതുതായി പലതും പണിയുകയും ചെയ്തു. 

അടുത്തവര്‍ഷം 3/5 ബറ്റാലിയന്‍റെ 7 മാസ കാലയളവില്‍ 29 സൈനികര്‍ കൊല്ലപ്പെട്ടു. എന്നാല്‍ ഏതാണ്ട് 500 ശത്രു പോരാളികളെ ഈ ബറ്റാലിയന്‍ വധിച്ചത് അതുവരെ താലിബാനൊപ്പം നിന്ന ഒരു ഗോത്രവര്‍ഗത്തെ മാറ്റിചിന്തിപ്പിച്ചു. അവര്‍ പക്ഷം മാറുകയും സംഘര്‍ഷത്തിന് അയവുവരികയും ചെയ്തു.

എന്നാല്‍ സൈനികവിഭാഗം പിന്‍വാങ്ങിയതോടെ താലിബാന്‍ വീണ്ടും നിയന്ത്രണം കൈക്കലാക്കി. 2013-ല്‍ സഹായം എത്തുന്നതിനുമുമ്പ് ഭയചകിതരായ അഫ്ഗാന്‍ സേന പ്രദേശത്തുനിന്നും പിന്തിരിഞ്ഞു.

പടിഞ്ഞാറന്‍ സഖ്യസേനയ്ക്കുള്ള അത്യാധുനിക ഉപകരണങ്ങളൊന്നും കൈവശമില്ലാതിരുന്ന അഫ്ഗാന്‍ സേനക്കും പോലീസിനും 2014 അവസാനത്തോടെ ഹെല്‍മന്ദ് പ്രവിശ്യയില്‍ കനത്ത ആള്‍നാശമാണ് നേരിട്ടത്. അഫ്ഗാന്‍ അധികൃതര്‍ മരണസംഖ്യ കൂട്ടിപ്പറയും എന്ന് നിരീക്ഷകര്‍ പറയുന്നുണ്ടെങ്കിലും ബ്രിട്ടീഷ്-യു.എസ് സൈനികരുടെ മരണസംഖ്യയുമായി തട്ടിച്ചുനോക്കുമ്പോള്‍ അത് എത്രയോ ഏറെത്തന്നെയാണ്.

ഹെല്‍മന്ദ് പ്രവിശ്യ കയ്യടക്കിയ NATO നേതൃത്വത്തിന്, സംഗിനില്‍ താലിബാനെ നേരിടുക എന്നത് പുറമേക്ക് യുക്തിസഹമായ ഒരു കാര്യമായി തോന്നാം. പ്രവിശ്യയുടെ വടക്കുഭാഗത്തുള്ള ജില്ല തീവ്രവാദികളുടെ താവളവും പ്രവിശ്യയിലെവിടെയും ആക്രമണം നടത്താനുള്ള അവരുടെ സ്രോതസുമാണ്. മാത്രവുമല്ല, വടക്കുള്ള താലിബാന്‍ നിയന്ത്രണത്തിലുള്ള കഞ്ചാവ് സംസ്കരണ കേന്ദ്രങ്ങളിലേക്കും ഹെല്‍മന്ദിലെ അടിസ്ഥാനസൌകര്യങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട കജാകി അണക്കെട്ടിലേക്കുമുള്ള പാത നഗരത്തിലൂടെയാണ്.

പക്ഷേ ഹെല്‍മന്ദില്‍ നിന്നുമുള്ള പാശ്ചാത്യ സേനകളുടെ സംഗിന്‍ ദൌത്യങ്ങള്‍ തന്ത്രങ്ങളെക്കാളേറെ പാശ്ചാത്യ സേനകളുടെ ആഭ്യന്തര രാഷ്ട്രീയത്തിന്റെ ഉത്പന്നങ്ങളാണെന്ന് പലരും കരുതുന്നു.

2006-ല്‍ ബ്രിട്ടീഷ് സേന ഹെല്‍മന്ദിന്റെ നിയന്ത്രണം ഏറ്റെടുത്തപ്പോള്‍ ഇറാക്കിലെ ബസ്രയില്‍ അവര്‍ക്ക് നേരിട്ട നാണക്കേടുണ്ടായിരുന്നു. “ബസ്രയില്‍ നമുക്ക് നേരിട്ട നാണക്കേട് മാറ്റാന്‍ ഹെല്‍മന്ദില്‍ ഒരു മികച്ച പ്രകടനം കാഴ്ച്ചവെച്ചേ മതിയാകൂ എന്ന് ബ്രിട്ടീഷ് ജനറല്‍മാര്‍ പറഞ്ഞിരുന്നു,” എന്നാണ് പാഷ്തൊ സംസാരിക്കുന്ന മുന്‍ ബ്രിടീഷ് ക്യാപ്റ്റന്‍ (ഹെല്‍മന്ദിനെ കുറിച്ച് അയാളെഴുതിയ പുസ്തകം പ്രസിദ്ധീകരിക്കുന്നത് തടയാനുള്ള ഒരു വിഫലശ്രമം ബ്രിട്ടീഷ് സര്‍ക്കാര്‍ നടത്തിയിരുന്നു) മൈക് മാര്‍ടിന്‍ പറഞ്ഞത്. “ബ്രിട്ടീഷ് അധിനിവേശത്തിന്റെ യഥാര്‍ത്ഥ കാഴ്ച്ചക്കാരായി അവരുദ്ദേശിച്ചത് പെന്റഗനെയാണ്, ഹെല്‍മന്ദുകാരെയല്ല.”

മൂന്നു വര്‍ഷത്തിന് ശേഷം സൈനിക ആസ്ഥാനത്തുനിന്നുള്ള ഉത്തരവുകളിലൂടെയല്ലാതെ സ്വന്തം സംവിധാനത്തില്‍ പ്രവര്‍ത്തിക്കാന്‍ ഹെല്‍മന്ദിലെ സൈനികര്‍ക്ക് ഒരു പ്രദേശം അനുവദിച്ചുനല്‍കി എന്ന് മുന്‍ വാഷിംഗ്ടണ്‍ പോസ്റ്റ് ലേഖകന്‍ രാജീവ് ചന്ദ്രശേഖരന്‍ തന്റെ ഹെല്‍മന്ദ് പുസ്തകത്തില്‍-“Little America: The War Within the War for Afghanistan”- വാദിക്കുന്നു.

താലിബാനും, സര്‍ക്കാര്‍ ഉദ്യോഗസ്ഥരും, പ്രവിശ്യയില്‍ ഏതാണ്ടെല്ലാവരും പണമുണ്ടാക്കുന്ന മയക്കുമരുന്നു കച്ചവടം തന്നെയാണ് ഹെല്‍മന്ദിലെ NATO പോരാട്ടത്തിന്റെ കേന്ദ്രബിന്ദുവും. “ഹെല്‍മന്ദ് സമ്പദ് വ്യവസ്ഥ എന്നാല്‍ മയക്കുമരുന്ന് സമ്പദ് വ്യവസ്ഥയാണ്,” മാര്‍ടിന്‍ പറയുന്നു.

“ആള്‍ക്കാര്‍ താലിബാന്‍കാരാണോ അതോ കുറ്റവാളികളാണോ എന്ന് മനസിലാക്കുക എളുപ്പമല്ല. അതാണ് ഒരുപാട് പ്രശ്നങ്ങള്‍ക്ക് കാരണവും,” 2003-ല്‍ അവിടെ ഉണ്ടായിരുന്ന യു.എസ് സൈനിക ഉദ്യോഗസ്ഥന്‍ സ്റ്റുവര്‍ട് ഫാരിസ് പറഞ്ഞു.

ഫാരിസിന്റെ സംഘത്തിന് സംഗിനില്‍ വലിയ പ്രശ്നങ്ങള്‍ നേരിടാത്തതിന്റെ പ്രധാന കാരണം കഞ്ചാവ് വ്യാപാരത്തെ തടസപ്പെടുത്താത്തതായിരുന്നു. കഞ്ചാവ് പാഠങ്ങള്‍ നശിപ്പിക്കുന്നതിന് അവര്‍ തുനിഞ്ഞതേയില്ല. “കഞ്ചാവ് കച്ചവടക്കാര്‍ക്കെതിരെ തിരിഞ്ഞപ്പോള്‍ അതുവരെ നിഷ്പക്ഷത പുലര്‍ത്തിയിരുന്ന പലരും താലിബാനൊപ്പം ചേര്‍ന്ന്. കാരണം സഖ്യസേന അവരുടെ ഉപജീവന മാര്‍ഗത്തിലാണ് കൈവെച്ചത്.”

ഹെല്‍മന്ദ് പ്രവിശ്യ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനപ്രകാരം 2006-ലാണ് അഫ്ഗാന്‍ സേന സംഗിനില്‍ അവരുടെ ആദ്യത്തെ സ്ഥിരതാവളം പണിതത്. കഞ്ചാവ് കച്ചവടം തടയുന്ന വലിയ പദ്ധതിയും അതിനൊപ്പമുണ്ടായിരുന്നു. പക്ഷേ സംഗിന്‍ താവളത്തിന് മുന്‍കയ്യെടുത്ത ഒരു പ്രവിശ്യാ നേതാവ് കഞ്ചാവ് കൃഷി നശിപ്പിക്കുന്നത് തടയാന്‍ പ്രാദേശിക സമൂഹങ്ങളില്‍ നിന്നും കോഴ ആവശ്യപ്പെട്ടിരുന്നു.

ബ്രിട്ടീഷ് സേന ഹെല്‍മന്ദിലെത്തി FOB Jackson താവളം സ്ഥാപിച്ചപ്പോള്‍ അവര്‍ സംഗിന്‍ ദൌത്യവും പ്രാദേശിക രാഷ്ട്രീയത്തിന്റെ കുഴപ്പങ്ങളും ഒരുപോലെ ഏറ്റെടുത്തു എന്നുപറയാം.

“ബ്രിട്ടനെയും അമേരിക്കയേയും സംഗിനിലേക്ക് വലിച്ചിഴക്കേണ്ടത് അഫ്ഗാന്‍ സര്‍ക്കാരിന്റെ ആവശ്യമായിരുന്നു. എത്ര കൂടുതല്‍ നമ്മള്‍ ഉള്‍പ്പെടുന്നുവോ അത്രയും കൂടുതലായി അവരുടെ ചില പ്രത്യേക ഗോത്രങ്ങളെയും സംഘങ്ങളെയും നമുക്ക് പിന്തുണയ്ക്കേണ്ടിവരുന്നു,” മാര്‍ടിന്‍ പറഞ്ഞു. പ്രവിശ്യാ സര്‍ക്കാരിലും പോലീസിലുമുള്ള പലരും അലികോസായ് എന്ന പ്രാദേശിക ഗോത്രത്തില്‍ നിന്നുള്ളവരാണ്. അയല്‍ക്കാരായ ഇഷാക്സൈ ഗോത്രക്കാരുമായി മയക്കുമരുന്ന് കച്ചവടത്തിലെ ലാഭത്തിനായി ചരിത്രപരമായിത്തന്നെ ഏറ്റുമുട്ടല്‍ നടത്തിയവരാണ് അവര്‍. സ്വാഭാവികമായും ഇഷാക്സൈ താലിബാനൊപ്പം ചേര്‍ന്നു.

“സംഗിനിലെ പോലീസ് മയക്കുമരുന്ന് കച്ചവടക്കാരുടെ സ്വകാര്യ സേനയാണ്. താലിബാനാണ് മറ്റൊരു മയക്കുമരുന്ന് സേന. സംഗിന്‍ ചന്ത നിയന്ത്രിക്കുന്നവര്‍ക്ക് മയക്കുമരുന്ന് കൃഷിയില്‍ നിന്നുള്ള നികുതി ഈടാക്കാനാകും,” മാര്‍ടിന്‍ പറഞ്ഞു.

യു.എസ് സേന വീണ്ടും അഫ്ഗാന്‍ സേനാവിഭാഗങ്ങളെ സഹായിക്കാനായി ഹെല്‍മന്ദിലെത്തിയിട്ടുണ്ട്. അവര്‍ സംഗിനില്‍ പോകുമോ എന്ന്‍ വ്യക്തമല്ല. സംഗിന്റെ തെക്കന്‍ അതിര്‍ത്തിയിലുള്ള ഗെരെഷ്ക് ജില്ലയില്‍ പ്രത്യേക സേന വന്നിട്ടുണ്ട്.

ഹെല്‍മന്ദ് ശരിയാക്കാന്‍ അഫ്ഗാന്‍ സേനയെ സഹായിക്കുമെന്ന് അഫ്ഗാനിലെ മുതിര്‍ന്ന NATO ഉദ്യോഗസ്ഥന്‍ യു.എസ് ജനറല്‍ ജോണ്‍ കാംപ്ബെല്‍ അഫ്ഗാന്‍ സുരക്ഷാ ഉദ്യോഗസ്ഥരോട് വാക്കുനല്‍കിയെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട് ചെയ്യുന്നു.

അതാണ് മാര്‍ടിനെ ആകുലപ്പെടുത്തുന്നതും. സംഗിനിലേക്ക് ഉപദേഷ്ടാക്കളെ പറഞ്ഞയക്കുന്നത് താത്ക്കാലികമായി അഫ്ഗാന്‍ സേനയ്ക്ക് ആശ്വാസമാകുമെങ്കിലും അവിടുത്തെ കുഴിബോംബ് പാടങ്ങളില്‍ കൂടുതല്‍ പടിഞ്ഞാറന്‍ സൈനികര്‍ അപകടത്തില്‍പ്പെടാനെ അത് ഇടവരുത്തുകയുള്ളൂ.

“തന്ത്രപരമായി സംഗിന്‍ പ്രധാനമല്ല. അത് പ്രധാനമായി തോന്നുന്നതിന്റെ കാരണം നമുക്കവിടെ ഏറെ സൈനികരെ നഷ്ടപ്പെട്ടു എന്നതിനാലാണ്,” മാര്‍ടിന്‍ മുന്നറിയിപ്പ് നല്കുന്നു. ഏതെങ്കിലും സമയത്ത് അത് വീണേക്കാം. പ്രാദേശിക ഗോത്രങ്ങളുടെ നിലപാടിനെ ആശ്രയിച്ചിരിക്കും അത്.”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍