UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അവളെ വീണ്ടും വീണ്ടും ബലാത്സംഗം ചെയ്യുന്ന ബാബുമാര്‍

Avatar

ചിത്തിര കുസുമന്‍

കേരള ബുക്ക്മാര്‍ക് സെക്രട്ടറി ബാബു കുഴിമറ്റത്തിന് ലെഗ്ഗിംഗ്‌സ് ഇട്ട ഒരു സ്ത്രീയെ കണ്ട് ലിംഗചലനമുണ്ടായത് കേരളത്തിലെ ഒരുമാതിരിപ്പെട്ട എല്ലാവരും ഇപ്പോള്‍ അറിഞ്ഞിട്ടുണ്ട്. അത് നാട്ടുകാരെ അറിയിക്കാനും ആഘോഷിക്കാനുമായി അദ്ദേഹം പ്രായപൂര്‍ത്തിയായവര്‍ക്കു മാത്രം എന്ന തലക്കെട്ടോടെ ഫേസ്ബുക്കിലെഴുതിയ ആ ‘ചവറ്’ ഓണ്‍ലൈനില്‍ വൈറലായി പടര്‍ന്നുപിടിച്ചു കൊണ്ടിരിക്കുകയാണ്. സ്ത്രീവിരുദ്ധ പോസ്റ്റുമായി ‘പ്രശസ്ത’സാഹിത്യകാരന്‍ എന്ന തലക്കെട്ടോടെ ഓണ്‍ലൈന്‍ പത്രങ്ങളില്‍ വന്ന വാര്‍ത്തകളൊക്കെ ഷെയര്‍ ചെയ്ത് അതിന്റെ ചൂടില്‍ തന്റെ ‘ചലനം’ തുടരുകയാണ് ഇപ്പോഴും ബാബു കുഴിമറ്റം. ഒരു സര്‍ക്കാര്‍ സ്ഥാപനത്തിന്റെ, അതും ഒരു സാംസ്‌കാരിക മുന്നേറ്റ പ്രസ്ഥാനത്തിന്റെ നായകസ്ഥാനത്തിരിക്കുന്ന വ്യക്തിയാണ് ബാബു കുഴിമറ്റമെന്നത് അറിഞ്ഞുകൊണ്ട് ആ പോസ്റ്റ് വായിക്കുന്ന ഒരു സ്ത്രീക്ക് അദ്ദേഹത്തോട് സഹതാപം തോന്നാനേ വഴിയുള്ളു. ലെഗ്ഗിംഗ്‌സ് ഇട്ട ഒരു സ്ത്രീ വഴിയരികില്‍ നില്‍ക്കുന്നതിനെ ‘ ദര്‍ശനോത്സവം’ എന്ന് വിശേഷിപ്പിക്കുന്ന ഇദ്ദേഹം ‘മഹാനായ’ സാഹിത്യകാരന്‍ തന്നെ. ‘ലക്ഷണമൊത്ത ആകാരവടിവുകള്‍ വെളിവാക്കുന്ന നാല്‍പ്പത്തഞ്ചുകാരിയായ ഒരു മാദകത്തിടമ്പ്’ എന്ന ഭാഷ തന്നെ മഹത്തരവും സ്വര്‍ണ്ണലിപികളില്‍ രേഖപ്പെടുത്തേണ്ടതുമാണ്. 

‘പുരുഷനു ലിംഗചലനമുണ്ടാകാന്‍ ഒന്നു കണ്ടാല്‍ മാത്രം മതിയാകും’ എന്നു പറയുന്നിടത്ത് പക്ഷേ ഇദ്ദേഹത്തിനു തെറ്റി. അങ്ങനെയൊന്നും കണ്ടാല്‍ ചലിക്കാത്ത ലിംഗമുള്ള ധാരാളം പുരുഷന്മാര്‍ ഈ ലോകത്ത് സ്ത്രീകളുമായി നല്ല സൗഹൃദം പുലര്‍ത്തുന്നുണ്ട്. അത്തരം സൗഹൃദങ്ങളുള്ളതു കൊണ്ടാണ് ഇതുപോലെയുള്ള വൃത്തികെട്ട വര്‍ത്തമാനങ്ങളും പെരുമാറ്റങ്ങളുമുണ്ടായിട്ടും ആരും പുരുഷന്മാരെ അടച്ചാക്ഷേപിക്കാത്തത്. വസ്ത്രധാരണത്തില്‍ സ്ത്രീയും പുരുഷനും അവരവരുടെ സ്വാതന്ത്ര്യവും സൗകര്യവും അനുസരിച്ച് വേഷം തിരഞ്ഞെടുക്കുക എന്നത് വളരെ സ്വാഭാവികകാര്യമാണ്. അതൊക്കെ ശ്രദ്ധിക്കാന്‍ നേരമുണ്ട് എന്നതു തന്നെ ഇരിക്കുന്ന കസേരയില്‍ വേറെ വലിയ പണിയൊന്നുമില്ല എന്നതിനു തെളിവല്ലേ?

ഇദ്ദേഹം എഴുതിവെച്ചിരിക്കുന്ന ആ മഹാസാഹിത്യവും അതിനു ശേഷം അപ്പറഞ്ഞ പോസ്റ്റിനെതിരെ വന്ന പല ലേഖനങ്ങളും വാര്‍ത്തകളും സ്വന്തം പേജില്‍ ഷെയര്‍ ചെയ്തിരിക്കുന്നതും അതിനു കീഴെ ഈ ചൂടന്‍ വാര്‍ത്തകളെ ആസ്വദിച്ചു കൊണ്ടും അതിനെക്കാള്‍ വഷളായ ഭാഷയില്‍ കമന്റ് ചെയ്തുകൊണ്ടും പല ആണുങ്ങളും പെണ്ണുങ്ങളും അദ്ദേഹത്തെ സപ്പോര്‍ട്ട് ചെയ്തിരിക്കുന്നതും ഒക്കെ കാണുകയും വായിക്കുകയും ചെയ്തപ്പോള്‍ ഓര്‍മ്മ വന്നത് India’s daughter എന്ന ഡോക്യുമെന്ററിയാണ്. ആ ഡോക്യുമെന്ററി വലിയ സംവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ഡല്‍ഹിയില്‍ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട് മരിച്ചുപോയ ഒരു പെണ്‍കുട്ടിയെക്കുറിച്ചുള്ള ആ ഡോക്യുമെന്ററിയില്‍ ഏറ്റവും ഞെട്ടലുണ്ടാക്കിയത്, പീഡനത്തില്‍ പങ്കാളിയായി അറസ്റ്റ് ചെയ്യപ്പെട്ടവനും വക്കീലും അടക്കമുള്ള പുരുഷന്മാര്‍ പെണ്ണുങ്ങളെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളായിരുന്നു. അതുകണ്ടതിനു ശേഷമുണ്ടായ പല സംവാദങ്ങളിലും ആവര്‍ത്തിച്ചുകേട്ടത് ഇതൊക്കെ ‘പറഞ്ഞ പുരുഷന്മാര്‍’ മാത്രം അഭിപ്രായപ്പെടുന്നതല്ല, ഈ സ്ത്രീവിരുദ്ധത ഒരു മനസ്ഥിതിയാണ് എന്നായിരുന്നു. ജഡ്ജി മുതല്‍ ഉന്നതരാഷ്ട്രീയ നേതാക്കന്മാരും വലിയ സ്ഥാനങ്ങള്‍ വഹിക്കുന്നവരുമടക്കം നടത്തുന്ന സ്ത്രീവിരുദ്ധപ്രസ്താവനകള്‍ ഈ മനസ്ഥിതിയെ കൃത്യമായി രേഖപ്പെടുത്തുന്നു. ഇന്ത്യ എന്ന രാജ്യത്ത് സ്ത്രീയെ ‘ഒതുക്കി ‘ നിര്‍ത്താന്‍ തരിക്കുന്ന മനസ്സുള്ള ഒരു വലിയകൂട്ടം പുരുഷന്മാരുണ്ട്! അങ്ങനെ ഒതുക്കാന്‍ ശരീരത്തെ ആക്രമിക്കുക എന്ന ‘ലളിതമായ’ രീതിയാണ് ഡല്‍ഹിയില്‍ ആ കാമഭ്രാന്തന്മാര്‍ സ്വീകരിച്ചതെങ്കില്‍ അതേ സ്ത്രീശരീരത്തെ സംസാരം കൊണ്ട് ബലാത്സംഗം ചെയ്യുക തന്നെയാണ് ബാബു കുഴിമറ്റമടക്കമുള്ളവര്‍ ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നത്.

കേരളം ഇന്ത്യയിലെ ‘സംസ്‌കാര’സമ്പന്നന്മാരുടെ സ്വന്തം നാടാണ്. ഓണ്‍ലൈനില്‍ പ്രത്യേകിച്ചും, അന്യഭാഷക്കാരുടേതടക്കമുള്ള സ്റ്റാറ്റസുകള്‍ക്കു കീഴെ വരെ മലയാളപ്പൊങ്കാലകള്‍ കാണാറുമുണ്ട്. അങ്ങനെയൊരിടത്ത് സര്‍ക്കാരിന്റെ സ്വന്തമായ ഒരു സ്ഥാപനത്തിന്റെ തലപ്പത്തിരുന്ന് വഴിയേ പോയ ഒരു സ്ത്രീയെ കണ്ട് തന്റെ ലിംഗം ചലിച്ചത് ആഘോഷിക്കുന്ന ഈ മഹാനെ എന്താണു ചെയ്യേണ്ടത്? ആവശ്യമില്ലാത്തിടത്ത് ലിംഗം ചലിക്കുന്നത് അത് കൊണ്ടുനടക്കാന്‍ യോഗ്യതയില്ലാഞ്ഞിട്ടല്ലേ എന്ന് ഏതെങ്കിലും സ്ത്രീക്ക് സംശയം തോന്നിയാല്‍ അതു ന്യായവുമല്ലേ? മടക്കിയുടുത്ത മുണ്ടുകളും, ഷര്‍ട്ടില്ലാത്ത നെഞ്ചുകളും, ജെട്ടി മുക്കാലും പുറത്തു കാണുന്ന ന്യൂ ജെന്‍ ജീന്‍സുകളുമൊക്കെ ദിവസവും ധാരാളമായി കണ്ടിട്ടും വികാരവിവശരാകാത്ത സ്ത്രീകള്‍ക്ക് അങ്ങനെയൊരു സംശയം തോന്നിയാല്‍ തെറ്റു പറയാനൊക്കുമോ? ഇദ്ദേഹത്തിന്റെ കീഴില്‍ ആ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് സുരക്ഷയെന്താണ്? ഇദ്ദേഹവും സ്റ്റിയറിംഗില്‍ നിന്ന് കൈ പാളിപ്പോയ ഡ്രൈവറുമടക്കമുള്ള എപ്പോള്‍ വേണമെങ്കിലും വികാരം വരാവുന്ന പുരുഷന്മാര്‍ക്ക് നടുവിലിരുന്ന് അവരെങ്ങനെ ജോലി ചെയ്യും? സാംസ്‌കാരികസ്ഥാപനം ആയതു കൊണ്ട് ആ മേഖലയില്‍ എത്ര സ്ത്രീകള്‍ ഇദ്ദേഹവുമായി ഇടപെടുന്നുണ്ടാകും. അവരെയൊക്കെ ഇതേ കണ്ണുകൊണ്ടല്ലേ ബാബു കുഴിമറ്റം നോക്കിയത്? സാഹിത്യകാരന്‍ എന്ന ലേബലില്‍ എത്രയോ സ്ത്രീകളുമായി സംസാരിച്ചിട്ടുണ്ടാകും, അന്നേരമൊക്കെ മനസ്സിലെ തോന്നല്‍ ‘ചലനത്തെ’ കുറിച്ചുതന്നെയായിരുന്നോ?

നിങ്ങളുടെ നഗ്ന തുടകള്‍ ഞങ്ങള്‍ക്ക് യോനിവിറ ഉണ്ടാക്കാറില്ല; ലിംഗദോഷത്തിനൊരു മറുകുറിപ്പ്

കേരളത്തിലെ സര്‍ക്കാരാണു തീരുമാനിക്കേണ്ടത്, ഇത്തരമാളുകളാണോ സാംസ്‌കാരിക കേന്ദ്രങ്ങള്‍ക്ക് നേതൃത്വം കൊടുക്കേണ്ടത്? ഇത്തരമാളുകള്‍ക്കാണോ സ്ത്രീകളടക്കമുള്ള ജനങ്ങള്‍ തരുന്ന നികുതി കൊണ്ട് ശമ്പളവും കാറും താമസവും കൊടുക്കേണ്ടത്? ഞങ്ങള്‍ക്ക് ചോദ്യങ്ങളുണ്ട്. നാല്‍പ്പത്തഞ്ചുവയസ്സുള്ള സ്ത്രീയെ കണ്ട് കാമം തോന്നുന്നവന്റെ നാട്ടിലേക്ക് പെണ്‍കുഞ്ഞുങ്ങളെ പ്രസവിച്ചിടുന്ന അമ്മമാരോട് എന്ത് സുരക്ഷിതത്വമാണ് അവരുടെ കുഞ്ഞുങ്ങള്‍ക്ക് ലഭിക്കുക എന്ന് പറയേണ്ടതുണ്ട്. 

ഞങ്ങള്‍ ലെഗ്ഗിംഗ്‌സുകളും ഉടുപ്പുകളും സാരികളും ജീന്‍സും ടീഷര്‍ട്ടും എന്നുവേണ്ട വിപണിയില്‍ കാശുകൊടുത്താല്‍ വാങ്ങാന്‍ കിട്ടുന്ന വസ്ത്രങ്ങളത്രയും വാങ്ങി ധരിക്കുക തന്നെ ചെയ്യും. ശരീരവും വസ്ത്രവും വ്യക്തിസ്വാതന്ത്ര്യമാണ്, സ്ത്രീ ഒരു വ്യക്തിയാണ്, ആ സ്വാതന്ത്ര്യം ഞങ്ങള്‍ക്കുമുള്ളതാണ്. കേരളം മുഴുവനുമുള്ള സ്ത്രീകള്‍ ഒറ്റദിവസം ലെഗ്ഗിംഗ്‌സ് ധരിച്ചു പുറത്തിറങ്ങിയാല്‍ ഉദ്ധരിച്ചു നില്‍ക്കുന്ന ലിംഗങ്ങള്‍ മാത്രമേ കാണൂ എങ്കില്‍ അതാകട്ടെ അടുത്ത സമരമുറ. അത്തരമൊരു സമരത്തിലേക്കാണ് ഇങ്ങനെയുള്ള പ്രസ്താവനകള്‍ ഞങ്ങളെ തള്ളിവിടുന്നത്. സമയവും സ്ഥലവും അറിയിക്കാം .അങ്ങനെ ഞങ്ങളൊരുമിച്ച് ലെഗ്ഗിംഗ്‌സ് ഇട്ടുനില്‍ക്കുന്നയിടത്തേക്ക് ബാബു കുഴിമറ്റം അദ്ദേഹത്തിന്റെ ചലിക്കുന്ന ലിംഗവുമായി വരണം. കാറിലിരുന്ന് അത് ചലിച്ചത് ഫേസ് ബുക്കില്‍ എഴുതിയിടുന്നത്ര എളുപ്പമായിരിക്കില്ല അവിടെനിന്ന് അതുമായി തിരികെ പോകുന്നത്.

(എഴുത്തുകാരിയായ ചിത്തിര കുസുമന്‍ എറണാകുളം സ്വദേശിയാണ്. കേരള ലളിതകലാ അക്കാദമിയിലെ ലൈബ്രേറിയന്‍ സ്ഥാനം അക്കാദമിക്കകത്തെ സ്ത്രീവിരുദ്ധപ്രവണതയെത്തുടര്‍ന്ന് രാജിവെച്ചു.)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍