UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അരയും തലയും മുറുക്കി പ്രതിപക്ഷം സഭയില്‍; വി ശിവന്‍കുട്ടിക്ക് സസ്പെന്‍ഷന്‍

Avatar

ടീം അഴിമുഖം

ഇന്നലെത്തേതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു പ്രതിപക്ഷത്തേയാണ് ഇന്ന് നിയമസഭയില്‍ കണ്ടത്. ഇന്നലെ ബാര്‍ കോഴക്കേസില്‍ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ അടിയന്തിര പ്രമേയം അവതരിപ്പിക്കുകയും അതിന്റെ മറുപടിയില്‍ തൃപ്തരല്ലാതെ സഭയില്‍ നിന്നും ഇറങ്ങി പോവുകയും ചെയ്ത പ്രതിപക്ഷം സഭാനടപടികള്‍ തടസപ്പെടുത്താന്‍ മുതിര്‍ന്നില്ല എന്ന് മാത്രമല്ല അതില്‍ സഹകരിക്കുകയും ചെയ്തു. പ്രതിപക്ഷത്തിന് കൂടി താല്‍പര്യമുള്ള, കോളേജുകള്‍ക്ക് സ്വയംഭരണം നല്‍കുന്നതിനുള്ള സര്‍വകലാശാല സ്വയംഭരണ ബില്‍ ഇന്നലെ സഭയില്‍ അവതരിപ്പിച്ചത് കൊണ്ടാവാം സഭാ നടപടികളില്‍ സഹകരിക്കാന്‍ അവരെ പ്രേരിപ്പിച്ചത്.

എന്നാല്‍ ഇന്ന് പ്രതിപക്ഷ നേതാവിനെ തന്നെ മുന്‍ നിര്‍ത്തി നേരിട്ടുള്ള ആക്രമണത്തിന് തന്നെയാണ് പ്രതിപക്ഷം തയ്യാറായത്. ചോദ്യോത്തര വേളയില്‍ തന്നെ ഇതിന്റെ ലക്ഷണങ്ങള്‍ കണ്ടിരുന്നു. മൂന്ന് തവണ ചോദ്യോത്തര വേള മുടങ്ങുകയും ചെയ്തു. കെഎസ്ആര്‍ടിസിപെന്‍ഷന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മന്ത്രി മാണി കൃത്യമായി മറുപടി പറയുന്നില്ലെന്നും സ്പീക്കര്‍ മന്ത്രിമാരെ സംരക്ഷിക്കുന്ന നടപടികളാണ് സ്വീകരിക്കുന്നതെന്നും ആരോപിച്ച് അച്യുതാനന്ദന്‍ തന്നെ എഴുന്നേറ്റതോടെ വരാനിരിക്കുന്ന രംഗങ്ങള്‍ക്ക് അരങ്ങൊരുങ്ങി കഴിഞ്ഞിരുന്നു. എന്നാല്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ചുള്ള ചോദ്യങ്ങളില്‍ മദ്യനയത്തിന്റെ പേരില്‍ ഏകപക്ഷീയമായി 3500 കോടിയുടെ നികുതി ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ച സര്‍ക്കാര്‍ നടപടിയെ കുറിച്ച് കാര്യമായ ചോദ്യങ്ങള്‍ ഉണ്ടായില്ല എന്നതും അത്ഭുതകരമായി. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് പറഞ്ഞ വയ്ക്കാനും മാണി മറന്നില്ല. വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.

തുടര്‍ന്നാണ് ബാര്‍കോഴയില്‍ സബ്മിഷനുമായി പ്രതിപക്ഷ നേതാവ് വീണ്ടും രംഗത്തെത്തിയത്. എന്നാല്‍ തലേദിവസം അടിയന്തിര പ്രമേയമായി അവതരിപ്പിക്കപ്പെട്ട ഒരു പ്രശ്‌നം വീണ്ടും സബ്മിഷനായി അവതരിപ്പിക്കുന്നത് ക്രമവിരുദ്ധമാണെന്ന് കോണ്‍ഗ്രസ് എംഎല്‍എ പിസി വിഷ്ണുനാഥ് ഉടക്കിട്ടു. സ്പീക്കര്‍ ഇത് അംഗീകരിച്ചെങ്കിലും പ്രതിപക്ഷ നേതാവായതിനാല്‍ അനുവദിക്കുയാണെന്ന് അറിയിച്ചു.

വ്യക്തമായ തെളിവുകളുണ്ടായിട്ടും തന്റെ കത്തിന് മേല്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവാത്തത് എന്തുകൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ബാക്കിയെല്ലാം ഇന്നലെ കോടിയേരി പറഞ്ഞ കാര്യങ്ങള്‍ തന്നെയായിരുന്നു. ആഭ്യന്തര മന്ത്രിയുടെ മറുപടിയിലും പുതുതായി ഒന്നും ഉണ്ടായിരുന്നില്ല. പ്രതിപക്ഷ നേതാവിന്റെ കത്തില്‍ കേസെടുത്ത് അന്വേഷിക്കേണ്ടതായി ഒന്നുമില്ല, ക്വിക്ക് എന്‍ക്വയറി നടക്കുന്നു, വിജിലന്‍സ് കൂട്ടിലടച്ച തത്തയല്ല, 15 അല്ല 45 ദിവസമാണ് അന്വേഷണ കാലം തുടങ്ങിയ മഹദ്വചനങ്ങള്‍ അദ്ദേഹം ആവര്‍ത്തിച്ചു. ഇതിനിടയില്‍ നേരത്തെ മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ മാണിയെ കുറ്റവിമുക്തനാക്കിയ ശേഷം എങ്ങനെയാണ് വിജിന്‍സ് അന്വേഷണം നീതിപൂര്‍വകമായി നടക്കുക എന്ന് കോടിയേരി ചോദിക്കുന്നുണ്ടായിരുന്നു.

രമേശ് ചെന്നിത്തലയുടെ മറുപടി ബഹളത്തിലേക്ക് നയിച്ചു. വി ശിവന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ അംഗങ്ങള്‍ ആദ്യം നടുത്തളത്തില്‍ ഇറങ്ങി മുദ്രാവാക്യം വിളിക്കുകയും പിന്നീട് സ്പീക്കറുടെ ചേംബറിലേക്ക് ഇരച്ചു കയറുകയുമായിരുന്നു. ശിവന്‍കുട്ടി സ്പീക്കറുടെ കസേരയില്‍ ഉണ്ടായിരുന്ന ഡപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തന്റെ മൈക്ക് പിടിച്ചു വാങ്ങി മുദ്രാവാക്യം മുഴക്കി. തുടര്‍ന്ന് ഡപ്യൂട്ടി സ്പീക്കര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ അനുരഞ്ജനം സാധ്യമായില്ല.സഭ വീണ്ടും സമ്മേളിച്ചപ്പോള്‍ വി ശിവന്‍കുട്ടിയെ ഇന്ന് ഒരു ദിവസത്തേക്ക് സസ്പന്റ് ചെയ്യാനും എംഎല്‍എമാരായ പി ശ്രീരാമകൃഷ്ണന്‍, ടി വി രാജേഷ്, ആര്‍ രാജേഷ്, ബാബു എം പാലിശേരി എന്നിവരെ കര്‍ശനമായി താക്കീത് ചെയ്യാനും നിര്‍ദ്ദേശിക്കുന്ന പ്രമേയം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവതരിപ്പിക്കുകയും പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തില്‍ സഭ പ്രമേയം അംഗീകരിക്കുകയുമായിരുന്നു. തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. വിഷയത്തില്‍ പ്രതിഷേധം തുടരുമെന്ന പ്രതിപക്ഷ നേതാക്കളുടെ പ്രസ്താവനകള്‍ തുടര്‍ ദിവസങ്ങളിലെ സഭയിലെ അന്തരീക്ഷവും സമാനമായിരിക്കും എന്ന സൂചനയാണ് നല്‍കുന്നത്. പ്രത്യേകിച്ചും വി എസ് സുനില്‍കുമാര്‍ എംഎല്‍എയുടെയും ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്റെയും ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെ.

രണ്ട് ദിവസമായി സഭയില്‍ ഇത്രയും ബഹളങ്ങള്‍ ഉണ്ടായെങ്കിലും സഭ നേതാവായ മുഖ്യമന്ത്രി വിഷയത്തില്‍ ഒറ്റയക്ഷരം പറഞ്ഞില്ല എന്ന യാഥാര്‍ത്ഥ്യത്തിലാണ് എന്തൊക്കെയോ ചീഞ്ഞ് നാറുന്നു എന്ന തോന്നല്‍ ശക്തമാവുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍