UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലെസ്റ്റര്‍ സിറ്റി; ഫുട്‌ബോള്‍ ലോകത്തെ അത്ഭുതപ്രവര്‍ത്തി

Avatar

ടീം അഴിമുഖം

തിങ്കളാഴ്ച്ച രാത്രി അങ്ങകലെ ബ്രിട്ടനില്‍ ആരും പ്രതീക്ഷിക്കാതിരുന്ന ഒരു കൂട്ടര്‍ പന്തുകളിയുടെ ചരിത്രത്തില്‍ ഒരു ഇന്ദ്രജാലം കാണിച്ചു. 

വലിയ കേമത്തമുള്ള ചരിത്രമൊന്നുമില്ലാത്ത ലെസ്റ്റര്‍ സിറ്റി എന്ന ബ്രിട്ടീഷ് ഫുട്‌ബോള്‍ ക്ലബ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍ഷിപ്പ് നേടിക്കൊണ്ട് ഇംഗ്ലീഷ് ഫുട്‌ബോളില്‍ ചരിത്രം സൃഷ്ടിച്ചു. 

ടീമിന്റെ നായകന്‍ കിംഗ് പവര്‍ അടുത്ത ശനിയാഴ്ച്ച കിരീടം ഉയര്‍ത്തുമ്പോള്‍ ക്ലബ്ബിന്റെ ചരിത്രത്തില്‍ അയാളൊരു ചരിത്രനായകനായി മാറും. 

വിവാദ നായകനായ തായ്‌ലാന്‍ഡിലെ King Power International group, ബാങ്കോക്കില്‍ 12,000 ചതുരശ്ര മീറ്ററില്‍ സ്ഥലത്തു പരന്നുകിടക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പ് എന്നിവയുടെ ഉടമയും കൂടിയായ തായ് കോടീശ്വരന്‍ വിചൈ ശ്രീവദനപ്രഭയാണ് ക്ലബിന്റെ ഉടമ. കമ്പനിക്കു അത്ര നല്ല പേരൊന്നുമല്ല ഉള്ളത്. വിവാദങ്ങളും പുത്തനല്ല. പക്ഷേ ഇപ്പോള്‍ ലോകത്തെ ഏറ്റവും കഠിനമായ ക്ലബ് ഫുട്‌ബോള്‍ ടൂര്ണുമെന്റ് ജയിച്ച് ഗ്രൂപ്പിന്റെ ചെലവു കുറഞ്ഞ ക്ലബ് ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചിരിക്കുന്നു. 

സീസണിന്റെ തുടക്കത്തില്‍ തരംതാഴ്ത്തല്‍ ഭീഷണി വരെ പറഞ്ഞുകേട്ട ക്ലബ് കളിക്കാനിറങ്ങാത്ത ഒരു രാത്രിയിലാണ് ലീഗ് ജേതാക്കളായത്. തിങ്കളാഴ്ച്ച രാത്രി ചെല്‍സിയെ വീഴ്ത്താന്‍ ടോട്ടന്‍ഹാമിന് കഴിയാതെ പോയതോടെ ലെസ്റ്റര്‍ സിറ്റി കിരീടം ചൂടി. 

പല തലത്തിലും ഇതൊരു അത്ഭുത കഥയാണ്. കഴിഞ്ഞ സീസണില്‍ പ്രീമിയര്‍ ലീഗില്‍ തരംതാഴ്ത്തല്‍ ഭീഷണി നേരിട്ട ക്ലബായതുകൊണ്ട് മാത്രമല്ല. പട്ടികയുടെ അടിയില്‍ 140 ദിവസം ഞെരുങ്ങിക്കിടന്നു അവര്‍. 

ഇതിന് മുമ്പ് 1929ല്‍ റണ്ണര്‍ അപ് ആയതാണ് ക്ലബിന്റെ വലിയ നേട്ടം. ഇതുവരെ 22 തവണ തരം താഴ്ത്തിയിട്ടുണ്ട്, കയറ്റിവിട്ടുണ്ട്. 

2002ല്‍ ക്ലബ് ബൂട്ടഴിച്ചു സലാം പറയുന്നതിന്റെ വക്കത്തെത്തി. പക്ഷേ മുന്‍ താരം ഗാരി ലിനേക്കറുടെ നേതൃത്വത്തിലുള്ള ഒരു സംഘം അവരെ താങ്ങിനിര്‍ത്തി. 

ഇതിന് മുമ്പും സകലരെയും അമ്പരപ്പിച്ച ജേതാക്കള്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ 55 വര്‍ഷത്തിനിടയില്‍ സീസണില്‍ ലീഗിലേക്ക് സ്ഥാനക്കയറ്റം കിട്ടിയ നോട്ടിങ്ഹാം ഫോറസ്റ്റും ഇപ്‌സ്വിച്ച് ടൗണും കിരീടം ചൂടിയിട്ടുണ്ട്. അത് അന്നായിരുന്നു. സമ്പന്ന ക്ലബുകള്‍ മൈതാനങ്ങള്‍ വാഴുന്ന ഇക്കാലത്തല്ല. 

ആധുനിക കാലത്തെ ഹിംസാത്മകമായി വേര്‍തിരിക്കപ്പെട്ട വലിയ പന്തുകളി ലോകത്ത് ഇത്തരമൊരു വിജയം വിദൂരം എന്നല്ല, അസാധ്യം എന്നുതന്നെ പറയാം. Sporting Intelligence വെബ്‌സൈറ്റ് പറയുന്നത് ഇപ്രകാരമാണ്; പുതിയ ചാമ്പ്യന്മാര്‍ അവരുടെ 132 വര്‍ഷത്തെ ചരിത്രത്തില്‍ ആകെ ചെലവാക്കിയതിനെക്കാള്‍ കൂടുതല്‍ പണം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അവരുടെ പുതിയ മാനേജറുടെ കഴിഞ്ഞ രണ്ടുവര്‍ഷക്കാലയളവില്‍ പുതിയ കളിക്കാര്‍ക്കായി ചെലവിട്ടിട്ടുണ്ട് എന്നാണ്. തലപ്പത്തെത്താന്‍ കുറുക്കുവഴിയൊന്നുമില്ല. ലോകം മാറിയിരിക്കുന്നു. ചില കാര്യങ്ങള്‍ ഇനി സംഭവിക്കുകയേയില്ല. എന്നിട്ടും ഇതെങ്ങനെ?

കളിക്കാര്‍ തന്നെയാണ് ലെസ്റ്റര്‍ കഥയുടെ ഉള്ള് കാണാനുള്ള വഴി. വീണുകിട്ടിയ രണ്ടാം വരവുകള്‍ക്കുള്ള അവസരങ്ങള്‍ പാഴാക്കാതിരുന്നവര്‍. നായകന്‍, 31കാരന്‍ ജമൈക്കന്‍ താരം സെന്റര്‍ ബാക് വേസ് മോര്‍ഗന്‍ തന്നെ കഴിഞ്ഞ സീസണില്‍ ആകെ നിറം മങ്ങിയിരുന്നു. ഇപ്പോഴും പതുക്കെ കളിക്കുന്ന ഒരു തടിയനാണെങ്കിലും ഈ വര്‍ഷം അയാളുടെ കളി ആകെ മാറി. എതിരാളികളുടെ നീക്കങ്ങള്‍ പെട്ടെന്നു വായിച്ചെടുക്കാനും തടയാനും കഴിയുന്ന മികച്ച കളിയുള്ള ബുദ്ധിമാനായ ഒരു പ്രതിരോധക്കാരനായി. 

ക്ലബിന്റെ വിജയം കണ്ട സ്‌ട്രൈക്കര്‍ ജാമി വാര്‍ഡീ ലീഗിന് പുറത്തുനിന്ന് ദേശീയ ടീമിലേക്ക് കയറുന്ന, കരിയറിലെ അവസാനകാലത്ത് അസാധ്യമെന്ന് കരുതാവുന്ന കാര്യം സാധിച്ച തീപിടിച്ച കളിക്കാരനാണ്. 

ബഹളങ്ങളില്ലാതെ കളിക്കുന്ന അല്‍ജീരിയക്കാരന്‍ റിയാദ് മഹ്‌റേസ് രണ്ടുവര്‍ഷം മുമ്പുവരെ ഫ്രഞ്ച് രണ്ടാം ലീഗിലായിരുന്നു. വലിയതരം കളികള്‍ക്കൊന്നും പരിഗണിക്കാന്‍ സാധ്യതയില്ലാത്ത ഒരിടം. കഴിഞ്ഞ വാരത്തില്‍ ലോകത്തെ ഏറ്റവും കഴുത്തറുപ്പന്‍ മത്സരമുള്ള ലീഗിലെ ഈ വര്‍ഷത്തെ കളിക്കാരനായി അയാളെ പ്രഖ്യാപിച്ചു. 

ഈ തട്ടിക്കൂട്ടിയ സംഘത്തിന്റെ മാനേജര്‍ ഇഷ്ടപ്പെടാതിരിക്കാന്‍ ഒരു കാരണവും കാണാനാകാത്ത ഇറ്റലിക്കാരന്‍ ക്ലോഡിയോ റനിയെറിയാണ്. ലെസ്റ്ററില്‍ എപ്പോഴും അവിടെയും ഇവിടെയും കാണാം. തെരുവിലെ കടകളില്‍ ഭക്ഷണം കഴിക്കും, ആരാധകര്‍ക്കൊപ്പം മദ്യപിക്കും, പിന്നെ എത്രവേണമെങ്കിലും സെല്‍ഫികളെടുക്കാന്‍ നിന്നുകൊടുക്കുകയും ചെയ്യും. തനിക്ക് കിട്ടിയ സംഘത്തെ ഇങ്ങനെ മാറ്റിയെടുത്തു എന്നതാണ് റനീയെറിയുടെ പ്രതിഭ. ഒരു കരുത്തുറ്റ സംഘമാക്കി അയാളതിനെ. 

മറ്റെല്ലാ വിജയിക്കുന്ന ടീമിനെയും പോലെ അവര്‍ക്കുമുണ്ട് ഒരു കോടീശ്വരന്റെ സ്വപ്നങ്ങളുടെ പിന്‍ബലം. ക്ലബിന്റെ നാട്ടിലെ കളികള്‍ കാണാന്‍ വരുന്നവര്‍ക്ക് ബിയര്‍ സൗജന്യമാണ്. കളിക്കാരെ അനുഗ്രഹിക്കാന്‍ ബുദ്ധഭിക്ഷുക്കള്‍ പറന്നെത്തുന്നു. 

ഇതൊരു ചെറിയ പ്രവണതയായി മാറുന്നുണ്ട്. സ്‌പെയിനില്‍ അത്‌ലെറ്റിക്കൊ മാഡ്രിഡ് സമാനമായ തത്വത്തിലാണ് പോകുന്നത്. സമ്പന്ന ക്ലബ്ബുകള്‍ സ്വന്തം വലിപ്പത്തില്‍ പെരുക്കുമ്പോള്‍ താരപ്പൊലിമയില്‍ സംഘശക്തിയുടെ പാഠങ്ങള്‍ വിസ്മരിക്കുന്നു. താരാരാധനയുടെ മണ്ടന്‍ സംസ്‌കാരം സംഗീതത്തിലും രാഷ്ട്രീയത്തിലും എഴുത്തിലുമെന്നപോലെ കായികലോകത്തെയും രോഗാതുരമാക്കുന്നുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍