UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലക്ഷ്മി നായര്‍ ഇനി വിദേശത്തേക്ക്; അച്ഛന്‍ പറഞ്ഞതുകൊണ്ട് മാത്രമാണ് മാറി നില്‍ക്കുന്നത്

സമരം ചെയ്ത വിദ്യാര്‍ത്ഥികളോട് ഒരുവാക്ക് എന്റെ സാന്നിധ്യമായിരുന്നു നിങ്ങളുടെ പ്രശ്‌നമെങ്കില്‍ ഇനി അതുണ്ടാകില്ല.

അച്ഛന്‍ പറഞ്ഞതുകൊണ്ട് മാത്രമാണ് താന്‍ പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്നും മാറി നില്‍ക്കുന്നതെന്ന് ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍. അന്നും ഇന്നും തനിക്ക് ഒരു വാക്കേ ഉള്ളൂ, അത് അച്ഛന്റെ വാക്കാണെന്നും ലക്ഷ്മി വ്യക്തമാക്കി.

സമരം ചെയ്ത കുട്ടികള്‍ക്ക് തന്നെ വേണ്ടെങ്കിലും കോളേജിലെ എല്ലാ കുട്ടികളുടെയും ഭാവി കൂടി കണക്കിലെടുത്താണ് താന്‍ മാറി നില്‍ക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. ചില അതിരുവിട്ട സ്വാതന്ത്ര്യങ്ങള്‍ താന്‍ തടയാന്‍ ശ്രമിച്ചുവെന്നത് ശരിയാണ്. ഇനി ആ സ്വാതന്ത്ര്യം കൂടി കുട്ടികള്‍ അനുഭവിക്കുന്നെങ്കില്‍ ആയിക്കോട്ടെ.

1200 കുട്ടികളില്‍ 200 പേരുടെ ആവശ്യം കണക്കിലെടുത്താണ് താന്‍ മാറി നില്‍ക്കുന്നതെന്നും അവര്‍ അവകാശപ്പെട്ടു. ഇന്റേണല്‍ മാര്‍ക്ക് നല്‍കിയതില്‍ 80 ശതമാനം സുതാര്യതയുണ്ടായിരുന്നു. മാസംതോറും ഹാജര്‍ പ്രസിദ്ധീകരിച്ചിരുന്നില്ലെങ്കിലും മൂന്നുമാസം കൂടുമ്പോള്‍ പ്രസദ്ധീകരിച്ചിരുന്നു. അതേസമയം പുന്നന്‍ റോഡിലെ അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ ഡയറക്ടര്‍ സ്ഥാനം ഏറ്റെടുക്കണോ എന്ന് തീരുമാനിച്ചിട്ടില്ല.

സര്‍ക്കാര്‍ ഭൂമിയിലല്ല ആ സ്ഥാപനം പണിതിരിക്കുന്നതെന്നും അവര്‍ അവകാശപ്പെട്ടു. ലോ അക്കാദമിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ തുടരുമെന്നും അവര്‍ വ്യക്തമാക്കി. പ്രിന്‍സിപ്പല്‍ സ്ഥാനം വേണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനും പോകുന്നില്ല. അതേസമയം താന്‍ ഇനി കുറച്ചുനാള്‍ വിദേശത്തുള്ള മകള്‍ക്കൊപ്പം ചെലവഴിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.

സമരം ചെയ്ത വിദ്യാര്‍ത്ഥികളോട് ഒരുവാക്ക് എന്റെ സാന്നിധ്യമായിരുന്നു നിങ്ങളുടെ പ്രശ്‌നമെങ്കില്‍ ഇനി അതുണ്ടാകില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍