UPDATES

സിനിമ

സിനിമ ഒന്നും പരിഹരിക്കില്ല, പക്ഷേ പ്രതിഫലിപ്പിക്കും: ലെനിന്‍ ഭാരതി / അഭിമുഖം

Avatar

ലെനിന്‍ ഭാരതി / വിഷ്ണു നമ്പൂതിരി

തമിഴ് സിനിമയിലെ നവതരംഗത്തിന്‌റെ ഭാഗമാണ് ലെനിന്‍ ഭാരതി. തമിഴ് രാഷ്ട്രീയം, ആഗോളവത്കരണം, മാധ്യമങ്ങളുടെ അധാര്‍മ്മികമായ നിശ്ശബ്ദത, തമിഴ് സിനിമയിലെ പുതിയ പ്രവണതകള്‍, രാഷ്ട്രീയ ബന്ധങ്ങള്‍, തന്റെ പുതിയ ചിത്രമായ മെര്‍ക്ക് തൊടര്‍ച്ചി മലൈ എന്നിവയെ കുറിച്ചെല്ലാം ലെനിന്‍ ഭാരതി സംസാരിക്കുന്നു. ഒപ്പം 21-ാമത് ഐ.എഫ്.എഫ്.കെ.യുടെ അനുഭവങ്ങളും പങ്കുവയ്ക്കുന്നു.

എന്താണ് ”മെര്‍ക്ക് തൊടര്‍ച്ചി മലൈ” ?

ലോകത്തില്‍ സ്വന്തമായി ഭൂമിയില്ലാത്ത കൃഷിക്കാര്‍ അനേകമുണ്ടല്ലോ അവര്‍ക്കായി ഞാന്‍ ഈ ചിത്രം സമര്‍പ്പിക്കുന്നു. ആഗോളവത്കരണം മൂലം ഏറ്റവും കൂടുതല്‍ അവകാശധ്വംസനങ്ങള്‍ നേരിടുന്ന അടിസ്ഥാന ജനവിഭാഗം അവരുടെ വേദനകളാണ് എന്നെ ഈ ചിത്രത്തിലേക്ക് നയിച്ചത്. എല്ലാവരും തുല്യരാണെന്ന് സത്യം ഇനിയെങ്കിലും ആളുകള്‍ മനസ്സിലാക്കട്ടെ.

”അദലാല്‍ കാതല്‍ സെയ്വേര്‍” എന്ന ചിത്രം സംസാരിക്കുന്നത് പ്രണയത്തിന്റെ വിവിധ തലങ്ങളെക്കുറിച്ചും പുതിയ ചിത്രമായ മെര്‍ക്ക് തൊടര്‍ച്ചിമലൈ പറയുന്നത് അടിസ്ഥാന ജനവിഭാഗങ്ങളുടെ യാതനകളെ പറ്റിയും ആണല്ലോ. കഥകളുടെ തിരഞ്ഞെടുപ്പിനെ എന്തൊക്കയാണ് സ്വാധീനിച്ചിട്ടുള്ളത്.

അങ്ങനെയൊരു പ്രത്യേക രീതിയില്ല. എന്നെ അസ്വസ്ഥമാക്കുന്ന എല്ലാ വിഷയങ്ങളും ഞാന്‍ സിനിമയ്ക്കായി ഉപയോഗിക്കാറുണ്ട്. എങ്കില്‍ മാത്രമേ അസ്വസ്ഥമായവയെ സ്വസ്ഥമാക്കാനും, സ്വസ്ഥമായവയെ അസ്വസ്ഥമാക്കാനും സാധിക്കുകയുള്ളു. സിനിമയ്ക്ക് ഒരിക്കലും ഒരു പ്രശ്നത്തിന് പരിഹാരം ആകാന്‍ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. സാമൂഹിക പ്രശ്നങ്ങളെ പ്രതിഫലിപ്പിക്കാന്‍ സാധിക്കും. പക്ഷേ പരിഹരിക്കാന്‍ സാധിക്കില്ല.

ആദ്യ ചിത്രം തന്നെ പുതുമുഖ അഭിനേതാക്കളെ അവതരിപ്പിക്കാനുള്ള കാരണം ?

കേന്ദ്ര കഥാപാത്രം കൈകാര്യം ചെയ്തിരിക്കുന്ന ആന്റണി ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റാണ്. പ്രധാന സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ച ഗായത്രി കൃഷ്ണയും അത്ര പ്രശസ്തയല്ല. താരങ്ങളെ അല്ല എന്റെ സിനിമക്ക് വേണ്ടത് അഭിനേതാക്കളെ ആണ്. അഥവാ ഞാന്‍ ഈ താരങ്ങളെ ഉള്‍പ്പെടുത്തിയാല്‍ തന്നെ ഉണ്ടാകുന്ന പ്രശ്നം ജനങ്ങളുടെ മനസ്സില്‍ മുമ്പുള്ള ഇവരുടെ ചിത്രം കഥയുടെ ഘടനയെ പ്രതികൂലമായി ബാധിക്കും. ഒരു വര്‍ഷത്തോളം ആന്റണിയെ മലകയറാന്‍ പരിശീലിപ്പിച്ചു. പരിശീലനം ആയിരുന്നില്ല തലയില്‍ ചുമടു വച്ചുകൊണ്ട് മലകയറുന്ന തൊഴിലാളിയായി മാറുകയായിരുന്നു ആന്റണി. ഗായത്രി കൃഷ്ണയെ തോട്ടം തൊഴിലാളികളോടൊപ്പം ഒരു മാസത്തോളം കൂടെ താമസിപ്പിച്ചു. സൂക്ഷ്മമായി പോലും അവരൊന്നും പിഴവ് വരുത്തിയില്ല. പൂര്‍ണ്ണമായ സഹകരണം ഉണ്ടായിരുന്നു അവരുടെ ഭാഗത്ത് നിന്നും.

ഇത്തരത്തിലൊരു സമാന്തര ചലച്ചിത്രശ്രമത്തിന് സാമ്പത്തിക സഹായം ലഭിക്കുക എന്നത് അത്ര നിസ്സാരമായ കാര്യം ആയിരിക്കില്ലല്ലോ ?

ഏകദേശം ഇരുപത്തിയഞ്ചോളം നിര്‍മ്മാതാക്കളുമായി ഞാന്‍ ബന്ധപ്പെട്ടു. പക്ഷേ ആരും സഹായിച്ചില്ല. വിജയ് സേതുപതി ഇല്ലായിരുന്നുവെങ്കില്‍ ഈ സിനിമ ഒരിക്കലും സാധ്യമാകില്ല. സിനിമയുടെ വണ്‍-ലൈന്‍ പറഞ്ഞപ്പോള്‍ തന്നെ വിജയ് സമ്മതിക്കുകയായിരുന്നു. ഏത് പ്രതിസന്ധിയിലും നമ്മോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു സുഹൃത്തിനെപ്പോലെയായിരുന്നു വിജയ്. എന്റെ കയ്യില്‍ നിന്ന് പണം മുടക്കി സിനിമ സംവിധാനം ചെയ്യുമ്പോള്‍ ലഭിക്കുന്നത്ര സ്വാതന്ത്ര്യം എനിക്കുണ്ടായിരുന്നു. സിനിമയുടെ മുഴുവന്‍ ജോലികളും തീരുന്നത് വരെ വിജയ് ഈ സിനിമയില്‍ അനാവശ്യമായ ഒരു ഇടപെടലുകളും നടത്തിയിട്ടില്ല.

സമാന്തര സിനിമാ പ്രവര്‍ത്തകര്‍ക്ക് തമിഴ് സിനിമയില്‍ അര്‍ഹമായ സ്ഥാനം ലഭിക്കുന്നുണ്ടോ?

പൂര്‍ണ്ണമായും സ്ഥാനവും ജനപ്രീതിയും ഉണ്ടെന്ന് പറയാന്‍ സാധിക്കില്ല. പക്ഷേ അവിടെയും മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഒരുപാട് യുവാക്കള്‍ ഇപ്പോള്‍ ആരെയും ഭയപ്പെടാതെ അവരുടെ കഥകള്‍ പറയാന്‍ തയ്യാറായി വരുന്നുണ്ട്, കേള്‍ക്കാന്‍ പ്രേക്ഷകരും. പ്രധാന പ്രശ്നം തമിഴ്നാട്ടിലെ യുവജനതക്ക് ഇന്നും രാഷ്ട്രീയാവബോധം ഉണ്ടായിട്ടില്ല. ഉദാഹരണത്തിന് ഒരു മാഗസിന്‍ പരിശോധിച്ചു കഴിഞ്ഞാല്‍ കവര്‍ പേജില്‍ ഉണ്ടാവുക ഒരു താരത്തിന്റെയോ അല്ലെങ്കിലൊരു മസാലപ്പടത്തിന്റെയോ വാര്‍ത്തയായിരിക്കും. രാഷ്ട്രീയം പൊതുജനങ്ങളെ അലട്ടുന്ന പ്രശ്നമേ അല്ല. നേതാക്കന്മാരെല്ലാം ഇന്നും അവരെ പ്രബുദ്ധരാക്കാന്‍ മാധ്യമങ്ങളെ പോലും അനുവദിക്കില്ല. കരുണാനിധിക്കും ജയലളിതയ്ക്കും എങ്ങനെ ഇത്രയും സ്വാധീനം ഉണ്ടായി. ചലച്ചിത്രം എന്ന മാധ്യമത്തിന്റെ എല്ലാ സാധ്യതകളേയും ഉപയോഗിച്ചത് കൊണ്ടാണ്. ഈ പ്രവണതകള്‍ മാറണം എന്നെനിക്ക് വാശിയുണ്ട്. ചലച്ചിത്രത്തെ ഒരായുധമാക്കി മാറ്റുന്ന കാലത്തിലേക്ക് നമ്മള്‍ സഞ്ചരിക്കുകയാണ്. പ്രണയമാണ് എല്ലാ സിനിമകളുടെയും പ്രമേയം എന്നാല്‍ ആ പ്രണയത്തിന്റെ പ്രതിലോമ സ്വഭാവത്തെപ്പറ്റി അവര്‍ സംസാരിക്കില്ല. അങ്ങനെയൊരു വിഷയത്തെപ്പറ്റിയാണ് ഞാന്‍ ”അദലാല്‍ കാതല്‍ സെയ്വേര്‍” എന്ന സിനിമയിലൂടെ സംസാരിക്കാന്‍ ശ്രമിച്ചത്. പ്രണയത്തിനെ ജീവിതത്തിന്റെ അവിഭാജ്യഘടകം ആയി ചിത്രീകരിക്കുന്ന സിനിമകളില്‍ നിന്നല്പം മാറി ചിന്തിച്ചപ്പോള്‍ ലഭിച്ച ഒന്നാണ് ആ സിനിമ.

ഇളയരാജയും താങ്കളുടെ അച്ഛനും അടുത്ത സുഹൃത്തുക്കളാണല്ലോ ?

അവര്‍ ചെറുപ്പം മുതലേ ഉറ്റ സുഹൃത്തുക്കളാണ്. അച്ഛനും അദ്ദേഹവും സ്‌കൂളില്‍ ഒരുമിച്ച് നാടകവും മറ്റ് സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും ഒക്കെ സംഘടിപ്പിച്ചിരുന്നു. അദ്ദേഹം പെണ്‍വേഷവും അച്ഛന്‍ ആണ്‍വേഷവും കെട്ടി നാടകം കളിച്ച കഥകളും മറ്റും എല്ലാം അദ്ദേഹം എന്നെ പറഞ്ഞ് കേള്‍പ്പിച്ചിട്ടുണ്ട്. സ്വന്തം മകനോടെന്ന പോലെയാണ് അദ്ദേഹം എന്നോട് പെരുമാറാറുള്ളത്. പിന്നീട് അച്ഛന്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുമായി കേരളത്തിലേക്ക് വന്നു. ഇടുക്കിയില്‍ തോട്ടം തൊഴിലാളികള്‍ക്കിടയില്‍ അച്ഛന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്റെ ആദ്യ ചിത്രത്തില്‍ തന്നെ അദ്ദേഹത്തിനെ പങ്കെടുപ്പിക്കാന്‍ കഴിഞ്ഞതും ഞാനൊരു ഭാഗ്യമായി കരുതുന്നു.

ഐ.എഫ്.എഫ്.കെ 2016 കേരളത്തിന്റെ ചലച്ചിത്ര സംസ്‌കാരത്തിലേക്ക് വഴികാട്ടിയാകുന്നുണ്ടോ? മലയാള ചലച്ചിത്രലോകവമായി പരിചയപ്പെട്ടു കഴിഞ്ഞോ?

മലയാള സാഹിത്യലോകം ആണ് എനിക്ക് കുറച്ച് കൂടി പരിചിതം. ബഷീര്‍ ആണ് എന്റെ മലയാളത്തിലെ പ്രിയപ്പെട്ട എഴുത്തുകാരന്‍. മന്ത്രപൂനൈ (മാന്ത്രിക പൂച്ച) ഒക്കെ ഒരുപാട് ആവര്‍ത്തിച്ച് വായിച്ച് രസിച്ച പുസ്തകമാണ്. പിന്നെ സിനിമകളോട് തീര്‍ച്ചയായും എനിക്ക് ആദരവ് തോന്നിയിട്ടുണ്ട്. പണ്ട് മുതല്‍ക്കേ മലയാള സിനിമയില്‍ എന്നും യഥാതഥ പ്രമേയങ്ങളെയാണ് സ്വാഗതം ചെയ്തിട്ടുള്ളത്. മതിലുകള്‍, വിധേയന്‍ ഈ സിനിമകളൊക്കെ സത്യത്തില്‍ നല്ലൊരു പാഠപുസ്തകം തന്നെയാണ്. സത്യസന്ധമായി പറയട്ടെ ഇത്ര നല്ലൊരു ചലച്ചിത്രോത്സവം ഞങ്ങള്‍ക്കില്ല. എല്ലാ അര്‍ത്ഥത്തിലും ആരോഗ്യകരമായ ചലച്ചിത്രോത്സവം തന്നെയാണ് ഇത്.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ് വിഷ്ണു)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍