UPDATES

അപര്‍ണ്ണ

കാഴ്ചപ്പാട്

അപര്‍ണ്ണ

സിനിമ

നിങ്ങൾ ഒളിഞ്ഞു നോക്കിയ/നോക്കപ്പെട്ട ലെന്‍സുകള്‍

അപര്‍ണ്ണ

നടൻ ജയപ്രകാശ് രാധാകൃഷ്ണന്റെ കന്നി സംരംഭമാണ് ലെൻസ്‌. തിയേറ്ററിലെത്തും മുന്നേ തന്നെ പ്രശസ്തരുടെ നല്ല അഭിപ്രായങ്ങൾ കൊണ്ട് ശ്രദ്ധേയമായ സിനിമയാണിത്. പുതുമുഖങ്ങളെ വച്ച് പരീക്ഷണാടിസ്ഥാനത്തിൽ കുറഞ്ഞ ചിലവിൽ നിർമ്മിച്ച സിനിമയിൽ സംവിധായകൻ തന്നെയാണ് മുഖ്യ കഥാപാത്രമായത്.

രണ്ടു പേർ തമ്മിലുള്ള വിർച്വൽ സംഭാഷണങ്ങളിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. മധ്യവർഗ്ഗ ഫ്ലാറ്റ് ജീവിതം നയിക്കുന്ന ഒരാളുടെ ജീവിതത്തിലൂടെയാണ് കഥ നീങ്ങുന്നത്. അയാൾ ഓൺലൈനിൽ മുഖം മറച്ചു നടത്തുന്ന ലൈംഗിക കുറ്റകൃത്യങ്ങൾ അതിഭീകരമാണ്. പെൺ നാമധാരിയായ ഒരു ഫെയ്ക്ക് ഫേസ് ബുക്ക്‌ അക്കൗണ്ട്‌ അയാളുമായി ചാറ്റിനു ശ്രമിക്കുന്നു. തുടർന്ന് അയാൾ നേരിടേണ്ടി വന്ന വിചിത്രമായ അനുഭവങ്ങളിലൂടെയാണ് കഥ നീങ്ങുന്നത്. (സസ്പെൻസുകൾ നിറഞ്ഞ കഥാഗതി കൂടുതൽ വിശദമാക്കുന്നില്ല).

ഒരു ഫേക്ക് ഐഡിയുടെ സഹായത്തോടെ നമുക്ക് നമ്മൾ അറിയാതെ തന്നെ, ആരും ചോദ്യം ചെയ്യാൻ ഇല്ലാതെ എത്ര വലിയ ക്രിമിനലുമാവാം. അത്തരം കുറ്റകൃത്യങ്ങളുടെ ഭീകരത ആണ് ലെൻസ് ചർച്ച ചെയ്യുന്നത്. എം എം എസ് ക്ലിപ്പുകളുടെ ഇരകൾ, അവരുടെ ദുരന്താനന്തര ജീവിതം ഒക്കെ കാണിച്ചു തരുന്നുണ്ട് സിനിമ.

ഭാര്യാഭർത്താക്കന്മാർക്കിടയിൽ, വഴിയിൽ കാണുന്ന സ്ത്രീയുടെ ഉടലിൽ, അടുത്ത വീട്ടിലെ ചേച്ചിയിൽ, ചാറ്റ് റൂമിൽ പരിചയപ്പെടുന്നവർക്കിടയിൽ ഒക്കെ വന്നു പതിയുന്ന ഒളി ക്യാമറാ ലെൻസുകളാണ് വിശാലമായ അർത്ഥത്തിൽ സിനിമയിലെ മുഖ്യ കഥാപാത്രം. വാട്സ് ആപ്പ് കൂടി സജീവമായതോടെ നിമിഷ നേരം കൊണ്ട് അത് കാണുകയും പങ്കുവയ്ക്കുകയും ചെയ്യുന്ന ഓരോരുത്തരും സൈബർ ക്രിമിനലുകളാണ്, അല്ലെങ്കിൽ ആ കുറ്റകൃത്യത്തിൽ പങ്കാളികളെങ്കിലുമാണ്. കേവലാനന്ദങ്ങളും, ഞാനതു കണ്ട കോടിക്കണക്കിനു വ്യക്തികളിൽ ഒരാളാണെന്നുമുള്ള അതി നിഷ്കളങ്കതയും കാപട്യമാണ്.

ലെൻസ്‌ ഒരു ബഹുഭാഷാ ചിത്രമാണ്. മലയാളത്തോടൊപ്പം തന്നെ തമിഴും, ഇംഗ്ലീഷും കടന്നു വരുന്നുണ്ട്. പക്ഷേ എല്ലാവർക്കും മനസ്സിലാകുന്ന തരത്തിലുള്ള ദൃശ്യഭാഷ ഉണ്ട് സിനിമയ്ക്ക്.

സൈബർ കുറ്റകൃത്യങ്ങളിലെ ഇരകളുടെ വീഡിയോകളുടെ പെട്ടെന്നുള്ള വ്യാപനത്തെ തടയാൻ ഇവിടെ ഫലപ്രദമായ നിയമങ്ങളുണ്ടോ എന്ന് സംശയമാണ്. ആ സംശയത്തെ സിനിമ ആശങ്കയോടെ ഉൾക്കൊള്ളുന്നുണ്ട്.

രണ്ട് മുറികളിലും അവർക്കിടയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ലാപ്ടോപ്പുകളുടെ ക്യാമറാ ലെൻസിലുമാണ് ഈ കഥ നടക്കുന്നത്. അത്തരം രംഗങ്ങളെ മടുപ്പില്ലാതെ പുതുമയോടെ അവതരിപ്പിക്കുന്നുണ്ട് സിനിമ. ഇത്തരം വിഷയങ്ങളെ മലയാള സിനിമ അധികം പരിഗണിക്കുന്നത് കണ്ടിട്ടില്ല. അതിന്റെ കൗതുകം ലെൻസിൽ ഉടനീളം ഉണ്ട്.

ദിവസവും വായിച്ചു തള്ളുന്ന നമുക്കൊട്ടും പ്രാധാന്യമില്ലാത്ത വാർത്തയാണ് എം എം എസ് ഇരകളുടെ ജീവിതം. അത്തരം ഇരകളുടെ ഇക്കിളി വാർത്തകളുടെ മറുപുറം കാണിച്ച് ഞെട്ടിക്കുന്ന സിനിമ ആണ് ലെൻസ്‌. നിങ്ങൾ ഒളിഞ്ഞു നോക്കിയ/ഒളിഞ്ഞു നോക്കപ്പെട്ട വഴികൾ കാണാം സിനിമയിൽ. സ്വകാര്യതയിലെ കടന്നു കയറ്റം അവകാശ ലംഘനം ഇതൊക്കെ എത്ര വലിയ ക്രൈമുകൾ ആയി മാറുന്നു എന്നു സിനിമ വ്യക്തമാക്കുന്നുണ്ട്.

ചില രംഗങ്ങളിൽ ഒരു ഷോർട്ട് ഫിലിമിന്റെ ഛായയുണ്ട് ലെൻസിന്. കുറ്റവാളിയുടെ കണ്ണു ചൂഴ്ന്നെടുക്കും പോലെയുള്ള രംഗങ്ങൾ ഭീകരമാണ്. നിയമ വ്യവസ്ഥയോടുള്ള കടുത്ത വെല്ലുവിളി ആയി ഈ രംഗത്തെ കാണാമെങ്കിലും, ദുരന്തങ്ങളും കാണികൾക്ക് നൽകുന്നത് രതി ഒളിഞ്ഞു നോക്കുമ്പോൾ കിട്ടുന്ന അതേ തൃപ്തിയാണെന്ന് ലെൻസ് പറഞ്ഞവസാനിപ്പിക്കുന്നു.

ഒരിക്കലും ബഫർ ചെയ്തു തീരാത്ത ദൃശ്യങ്ങളുടെ അനന്ത സാധ്യതയിൽ ആണ് സിനിമ പോസ് ചെയ്യുന്നത് എന്ന് പറയാം. ആ പോസ്‌ ബട്ടണിൽ നിന്നും നിങ്ങളെ കുറ്റബോധത്തോടെയും ആശങ്കയോടെയും തിയറ്ററിനു പുറത്തിറക്കുന്നു എന്നതാണ് ലെൻസിന്‍റെ സാമൂഹിക ദൌത്യം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍