UPDATES

വിദേശം

വാടക വീടുകള്‍ക്ക് വിട; ട്രയിന്‍ പാര്‍പ്പിടമാക്കി ഒരു പെണ്‍കുട്ടി

റിക്ക് നോവാക്ക്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ആളുകള്‍ ട്രെയിന്‍ ഇറങ്ങി വീട്ടില്‍ പോകുമ്പോള്‍ ലിയോണി മുള്ളര്‍ അവിടെ തന്നെ നില്‍ക്കും. കാരണം അവള്‍ അവളുടെ വീട്ടില്‍ തന്നെയാണ്. അതേ, ട്രെയിനാണ് അവളുടെ വീട്. അതാണ് അവള്‍ക്ക് ഇഷ്ടം.

ഈ ജര്‍മ്മന്‍ വിദ്യാര്‍ഥി കഴിഞ്ഞ വസന്തകാലത്ത് വീടുപേക്ഷിച്ചതാണ്. “വീട്ടുടമയുമായുള്ള ഒരു തര്‍ക്കത്തില്‍ നിന്നാണ് തുടക്കം.” മുള്ളര്‍ പറയുന്നു. “അവിടെ ഇനി ജീവിക്കേണ്ട എന്ന് ഞാന്‍ അപ്പോള്‍ തന്നെ തീരുമാനിച്ചു. അപ്പോഴാണ് എനിക്ക് എവിടെയും ഇനി താമസിക്കണമെന്നില്ല എന്നത് ഞാന്‍ തിരിച്ചറിഞ്ഞത്.”

അതിനുപകരം അവള്‍ രാജ്യത്തെ ഏതു ട്രയിനും സൌജന്യമായി ഉപയോഗിക്കാനാകുന്ന ഒരു വരിസംഖ്യ അടച്ചു. ഇപ്പോള്‍ മുള്ളര്‍ ട്രയിന്‍ കുളിമുറിയില്‍ കുളിക്കുന്നു. മണിക്കൂറില്‍ 190 mph വേഗത്തില്‍ യാത്ര ചെയ്തുകൊണ്ട് കോളേജ് അസൈന്‍മെന്റുകള്‍ എഴുതുന്നു. വീടുപേക്ഷിച്ചതു മുതല്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം അവള്‍ ആസ്വദിക്കുന്നുവെന്നാണ് മുള്ളര്‍ പറയുന്നത്. “ട്രെയിനുകള്‍ എനിക്ക് വീട് പോലെയാണ്, എനിക്ക് കൂടുതല്‍ സുഹൃത്തുക്കളെ കാണാം, കൂടുതല്‍ നഗരങ്ങളും. എപ്പോഴും അവധിക്കാലം പോലെ”, മുള്ളര്‍ പറയുന്നു.

ഈ ഇരുപത്തിമൂന്നുകാരിയുടെ പ്രത്യേക താമസ സ്ഥലം ജര്‍മ്മനിയില്‍ അവരെ പ്രശസ്തയാക്കി. അവര്‍ വാര്‍ത്തയിലും വന്നു. “ഞാന്‍ എഴുതും വായിക്കും, ജനലിനു വെളിയില്‍ നോക്കിയിരിക്കും, എപ്പോഴും നല്ല മനുഷ്യരെ കണ്ടുമുട്ടും. എപ്പോഴും ട്രയിനില്‍ എന്തെങ്കിലും ചെയ്യാനുണ്ടാകും.” മുള്ളര്‍ ഒരഭിമുഖത്തില്‍ ഒരു ജര്‍മ്മന്‍ മാധ്യമത്തോട് പറഞ്ഞു. ഈ ജീവിതശൈലി കൊണ്ട് മുള്ളറുടെ ജീവിതം കയ്യിലെ ചെറിയ ബാക്ക് പാക്കില്‍ ഒതുങ്ങുന്നു. അതിലാണ് അവളുടെ ഉടുപ്പുകള്‍, ടാബ്ലറ്റ്, കോളേജ് രേഖകള്‍, പിന്നെയൊരു സാനിട്ടറി ബാഗും.

“ദീര്‍ഘയാത്രകള്‍ അനാരോഗ്യകരമാണ്” എന്ന ധാരണയെയാണ് അവളുടെ അനുഭവം തിരുത്തുന്നത്. സാമ്പത്തികനേട്ടവുമുണ്ട്. ടിക്കറ്റുകളുടെ വില 380 ഡോളര്‍ ആകുമ്പോള്‍ വാടക ഏകദേശം 450 ഡോളര്‍ ആയിരുന്നു. എന്നാല്‍ ചെലവു ചുരുക്കി ജീവിക്കല്‍ അല്ല അവളുടെ ലക്‌ഷ്യം.

“ആളുകളെ അവരുടെ ശീലങ്ങളെയും അവര്‍ സാധാരണ എന്ന് കരുതുന്ന കാര്യങ്ങളെയും ചോദ്യം ചെയ്യാന്‍ പ്രേരിപ്പിക്കുക എന്നതാണ് എന്റെ ലക്‌ഷ്യം” മുള്ളര്‍ പറയുന്നു. “നിങ്ങള്‍ ഉണ്ടെന്നു കരുതുന്നതിനെക്കാള്‍ കൂടുതല്‍ സാധ്യതകള്‍ ഉണ്ട്. അടുത്ത സാഹസികത ഒരു വളവിനപ്പുറമാണ്. നിങ്ങള്‍ അത് കണ്ടെത്താന്‍ ആഗ്രഹിക്കണം എന്ന് മാത്രം.”

മുള്ളര്‍ സ്ഥിരമായി രാത്രി യാത്ര ചെയ്യാറുണ്ട്. ഇടയ്ക്കൊക്കെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളില്‍ ഉറങ്ങും. പലപ്പോഴും കാമുകന്റെ വീട്ടിലോ അമ്മയുടെയോ അമ്മൂമ്മയുടെയോ വീട്ടില്‍ നില്‍ക്കും.

“സാധാരണ ഞങ്ങള്‍ തമ്മില്‍ ഒരു ദൂരബന്ധമാണ് ഉണ്ടായിരുന്നത്, എന്നാല്‍ ട്രയിനില്‍ താമസമാക്കിയത് കൊണ്ട് കാമുകനെ എപ്പോഴും കാണാനാകുന്നു.” മുള്ളര്‍ പറയുന്നു. “പല സുഹൃത്തുക്കള്‍ക്കും ഈ ആശയം ഇഷ്ടമാണ്. എന്നാല്‍ ചിലര്‍ ഇത് സാഹസികമാണ്‌ എന്ന് കരുതുന്നു. അതിലേറെ മോശമായി പ്രതികരിച്ചവരും ഉണ്ട്: സാധാരണ ജീവിതത്തെ ഞാന്‍ ചോദ്യം ചെയ്യുന്നതില്‍ എതിര്‍പ്പുള്ളവരുണ്ട്‌.”

ട്രെയിനില്‍ ജീവിക്കുന്നതിനു ഒരു അക്കാദമിക ലക്ഷ്യവുമുണ്ട്. മുള്ളര്‍ ഈ അസാധാരണ അനുഭവം ഒരു ബ്ലോഗില്‍ രേഖപ്പെടുത്തുന്നുണ്ട്. അവളുടെ ഡിഗ്രി പേപ്പര്‍ ഒരു ആധുനിക ട്രയിന്‍ നാടോടിയുടെ അനുഭവങ്ങളെപ്പറ്റിയാണ്. ഏക പ്രശ്നം? “ചുറ്റുപാടുമുള്ള ഒച്ചകള്‍ ഇല്ലാതാക്കുന്ന ഒരു ഹെഡ് ഫോണ്‍ വളരെ പ്രധാനമാണ്”, അവള്‍ പറയുന്നു.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍