UPDATES

ട്രെന്‍ഡിങ്ങ്

1971-ലെ യുദ്ധത്തില്‍ നിന്ന് ഊര്‍ജിത് പട്ടേലിനും കൂട്ടര്‍ക്കും പഠിക്കാനുള്ള കാര്യങ്ങള്‍

മോദിയെ കണ്ട ആര്‍ബിഐ ബോര്‍ഡംഗങ്ങള്‍ക്കിടയില്‍ ഒരു ജനറല്‍ മനേക് ഷാ ഉണ്ടായിരുന്നെങ്കില്‍ കാര്യങ്ങള്‍ വ്യത്യാസപ്പെട്ടേനെ

ഡിസംബര്‍ 16 ഇന്ത്യന്‍ സൈന്യം ആഘോഷിക്കുന്നത് വിജയ് ദിവസ് ആയിട്ടാണ്. ജനറല്‍ ആമിര്‍ അബ്ദുള്ള ഖാന്‍ നിയാസിയുടെ നേതൃത്വത്തിലുള്ള 93,000 പാക്കിസ്ഥാന്‍ പട്ടാളക്കാര്‍ ഇന്ത്യന്‍ സൈന്യവും ബംഗ്ലാദേശിലെ മുക്തി ബാഹിനിയും ചേര്‍ന്ന സഖ്യശക്തിക്കു മുമ്പാകെ 1971 ഡിസംബര്‍ 16-ന് നിരുപാധികം കീഴങ്ങിയതിന്റെ ആഘോഷമാണത്.

ഇന്ത്യന്‍ സൈന്യത്തിന്റെ ചരിത്രത്തിലെ ആ സുവര്‍ണ നിമിഷത്തില്‍ നിന്ന്, പ്രത്യേകിച്ച് അന്നത്തെ ആര്‍മി ചീഫ് ജനറല്‍ സാം മനേക് ഷായില്‍ നിന്ന് റിസര്‍വ് ബാങ്കിന് ചില കാര്യങ്ങള്‍ പഠിക്കാനുണ്ട്. തങ്ങള്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാതെ നോട്ട് നിരോധനം നടപ്പാക്കി കോടിക്കണക്കിന് ഇന്ത്യക്കാരുടെ ജീവിതം ദുരിതമയമാക്കിയതില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലും അദ്ദേഹത്തിനൊപ്പം ഡയറക്ടര്‍ ബോര്‍ഡിലിരിക്കുന്ന മറ്റ് പ്രമുഖരും തീര്‍ച്ചയായും ലജ്ജിച്ചേ മതിയാകൂ. ആലോചനാശൂന്യവും സേച്ഛാധികാരവും നിറഞ്ഞ രാഷ്ട്രീയ നേതൃത്വത്തിന്റെ പാവകളിക്ക് നിന്നു കൊടുക്കാതെ തങ്ങള്‍ക്കുള്ള പ്രൊഫഷണല്‍ തികവോടെ തീരുമാനമെടുക്കുകയും റബര്‍ സ്റ്റാമ്പാകാന്‍ തയാറല്ല എന്നു വ്യക്തമാക്കുകയും അവര്‍ ചെയ്തിരുന്നെങ്കില്‍ എന്ന് നമുക്കിപ്പോള്‍, ഈ വൈകിയ വേളയില്‍, ആഗ്രഹിക്കാന്‍ മാത്രമേ കഴിയൂ.

രാഷ്ട്രീയ നേതൃത്വത്തോട് NO എന്നു പറയുമ്പോള്‍
1969-ല്‍ പാക്കിസ്ഥാന്‍ പ്രസിഡന്‍റായി അധികാരമേറ്റെടുത്ത ജനറല്‍ യഹ്യ ഖാന്‍, തെരഞ്ഞെടുപ്പുകള്‍ക്കുള്ള ഒരു ‘നിയമ ചട്ടക്കൂടി’ന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. 1970 ഡിസംബര്‍ ആറിനു നടന്ന ആ തെരഞ്ഞെടുപ്പില്‍ ആറിന അജണ്ടയുമായി മത്സരിച്ച ഷേക്ക് മുജീബുര്‍ റഹ്മാന്റെ അവാമി ലീഗ് കിഴക്കന്‍ പാക്കിസ്ഥാനിലെ 162 സീറ്റുകളില്‍ 160 സീറ്റുകളിലും വിജയിച്ചു, പടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ ഒരു സീറ്റു പോലും ലഭിച്ചുമില്ല. സുള്‍ഫിക്കര്‍ അലി ഭൂട്ടോയുടെ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ 138 സീറ്റില്‍ 81 എണ്ണത്തിലും വിജയിച്ചു. ഭൂരിപക്ഷമനുസരിച്ച് പ്രധാനമന്ത്രിയാകാനുള്ള യോഗ്യത മുജീബുര്‍ റഹ്മാനുണ്ടായിരുന്നു. എന്നാല്‍ പാക് സൈന്യത്തിന്റെ പിന്തുണയുണ്ടായിരുന്ന ഭൂട്ടോ, താന്‍ പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ ജനങ്ങളുടെ ഒരേയൊരു പ്രതിനിധിയാണെന്നും അതിനാല്‍ മുജീബുര്‍ റഹ്മാന് തുല്യനാണ് എന്നും അവകാശപ്പെട്ട് രംഗത്തെത്തി.

money-2

തുടര്‍ന്ന് നടന്ന രാഷ്ട്രീയ സന്ധിസംഭാഷണങ്ങള്‍ പരാജയപ്പെട്ടതോടെ പ്രശ്‌നം അടിച്ചമര്‍ത്താന്‍ തന്നെ യഹ്യഖാന്‍ തീരുമാനിച്ചു. ദേശീയ അസംബ്ലി അനിശ്ചിതമായി നീട്ടിവച്ചിരിക്കുന്നതായി മാര്‍ച്ച് ഒന്നിന് അദ്ദേഹം പ്രഖ്യാപിച്ചു. എന്നാല്‍ മുജീബുര്‍ റഹ്മാന്‍ മാര്‍ച്ച് മൂന്നിന് ഇതിനെതിരെ പ്രക്ഷോഭം പ്രഖ്യാപിച്ചു. തുടര്‍ന്നുണ്ടായ സമരവേലിയേറ്റത്തില്‍ 172 പേര്‍ ഒരാഴ്ചയ്ക്കുള്ളില്‍ കൊല്ലപ്പെടുകയും 358 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു എന്നാണ് ഔദ്യോഗിക കണക്ക്.

മാര്‍ച്ച് 25-ന് ധാക്കയില്‍ വച്ച് യഹ്യാ ഖാന്‍ സൈനിക ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചേര്‍ത്ത് അന്തിമ നടപടിക്ക് ഉത്തരവിട്ടു. അവാമി ലീഗ് പ്രവര്‍ത്തകര്‍ അപ്പോഴും തെരുവിലായിരുന്നു. മാര്‍ച്ച് 25-ന്  രാത്രി 11.30-ന് ‘ഓപറേഷന്‍ സേര്‍ച്ച്‌ലൈറ്റ്’ കിഴക്കന്‍ പാക്കിസ്ഥാന്‍ ഒന്നടങ്കം ആരംഭിച്ചു. ബലാത്സംഗങ്ങളും കൂട്ടക്കൊലകളും കൊള്ളയടിയും നിറഞ്ഞ ആ ദിവസങ്ങളില്‍ പാക്കിസ്ഥാന്‍ പട്ടാളക്കാരാല്‍ കൊല്ലപ്പെട്ടത് 30 ലക്ഷം പേരാണെന്നാണ് ബംഗ്ലാദേശ് പറയുന്നത്. ഒരുകോടിയോളം പേര്‍ അഭയാര്‍ഥികളായി ഇന്ത്യയിലേക്ക് പലായനം ചെയ്തു.

അവാമി ലീഗിന് പിന്തുണ പ്രഖ്യാപിച്ച ഇന്ത്യ കിഴക്കന്‍ പാക്കിസ്ഥാന്‍ അതിര്‍ത്തിയും തുറന്നുകൊടുത്തു. ഒപ്പം പാക് സൈന്യത്തിനെതിരെയുള്ള ബംഗാളി പോരാട്ടത്തിന് ബി.എസ്.എഫ് നിയന്ത്രിതമായ രീതിയില്‍ സഹായവും ചെയ്തു.

ഏപ്രില്‍ 29-ന് ഇന്ത്യന്‍ സൈന്യത്തിന്റെ ഈസ്‌റ്റേണ്‍ കമാന്‍ഡ് കിഴക്കന്‍ പാക്കിസ്ഥാനുമായി ബന്ധപ്പെട്ട ഓപറേഷന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. പാക് സൈന്യത്തിനെതിരെ ഗറില്ലാ പേരാട്ടം നടത്തിക്കൊണ്ടിരുന്ന മുക്തി ബാഹിനി പോരാളികളെ റിക്രൂട്ട് ചെയ്യുകയും അവര്‍ക്ക് ആവശ്യമായ പരിശീലനവും ആയുധങ്ങളും ഉപദേശവും നല്‍കി ഓപറേഷന്‍ ജാക്‌പോട്ട് എന്ന പേരിലുള്ള പൂര്‍ണ ഓപറേഷന്‍ ഈസ്‌റ്റേണ്‍ കമാന്‍ഡ് മെയ് 15-ന് ആരംഭിച്ചു. ബംഗ്ലാദേശ് രൂപീകരിക്കുന്നതിന് അന്താരാഷ്ട്രത തലത്തിലുള്ള നയതന്ത്ര നീക്കങ്ങളും ഇതിനൊപ്പം ഇന്ത്യ ആരംഭിച്ചു.

ഇന്ത്യയുടെ കിഴക്കന്‍ മേഖലയില്‍ അപ്പോഴേക്കും കാലവര്‍ഷം ആരംഭിച്ചിരുന്നു. ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി അസ്വസ്ഥയായി. അവര്‍ ആര്‍മി തലവന്‍ ജനറല്‍ മനേക് ഷായെ വിളിച്ചു വരുത്തി ഒരു പൂര്‍ണ സൈനിക നടപടിക്ക് ഉത്തരവിട്ടു. എന്നാല്‍ തന്റെ കമാന്‍ഡര്‍മാരുമായി സംസാരിക്കുന്നതിന് സമയം ആവശ്യപ്പെട്ട മനേക് ഷാ തിരിച്ചെത്തി അറിയിച്ചത് അവര്‍ക്ക് ഒരു പൂര്‍ണ യുദ്ധത്തിലേക്ക് കടക്കാന്‍ ഏതാനും മാസങ്ങള്‍ ആവശ്യമുണ്ടെന്നാണ്. സര്‍വപ്രതാപിയായ ഇന്ദിരാ ഗാന്ധി ആവശ്യപ്പെട്ടിട്ടും അദ്ദേഹം തന്റെ നിലപാടില്‍ ഉറച്ചു നിന്നു.

പ്രൊഫഷണലുകളായ ആളുകള്‍ തങ്ങളുടെ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുമ്പോള്‍ അതിന് ഫലവുമുണ്ടാകും.

money-3

അങ്ങനെ നവംബര്‍ ഒടുവില്‍ ഇന്ത്യ ഒരു പൂര്‍ണ യുദ്ധത്തിന് തയാറെടുത്തു. 1971 ഡിസംബര്‍ മൂന്നിന് പാക്കിസ്ഥാന്‍ വ്യോമസേന ഉത്തരേന്ത്യയില്‍ ഏകപക്ഷീയമായി ആക്രമണം നടത്തിയതോടെ ഡിസംബര്‍ നാലിന് ഇന്ത്യ ഔദ്യോഗികമായി യുദ്ധപ്രഖ്യാപനം നടത്തി.

ഒടുവില്‍ ഡിസംബര്‍ 16-ന് ലഫ്. ജനറല്‍ ജെ.എസ് അറോറയ്ക്കു മുമ്പാകെ ജനറല്‍ എ.എ.കെ നിയാസി കീഴടങ്ങല്‍ രേഖയില്‍ ഒപ്പുവച്ചു. അതാണ് 1971 യുദ്ധത്തിന്റെ ഇന്നും മായാതെ നില്‍ക്കുന്ന ചരിത്രം.

നവംബര്‍ എട്ടിന് വിളിച്ചു വരുത്തി വിഡ്ഡിത്തം നിറഞ്ഞ തന്റെ ഉത്തരവില്‍ ഒപ്പുവയ്ക്കാനുള്ള നരേന്ദ്ര മോദിയുടെ ആവശ്യത്തിന് പകരം തങ്ങളുടെ പ്രൊഫഷണല്‍ നിലപാടില്‍ ഊര്‍ജിത് പട്ടേലും മറ്റ് ബോര്‍ഡംഗങ്ങളും ഉറച്ചു നിന്നിരുന്നെങ്കില്‍? ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ സങ്കീര്‍ണതകളെക്കുറിച്ച് അവര്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നെങ്കില്‍? അടിയില്‍ നിന്ന് ഒരു കാര്‍ഡ് വലിച്ചെടുത്താല്‍ ചീട്ടുകൊട്ടാരം മുഴുവനായി തകര്‍ന്നടിയുമെന്ന് അവര്‍ പറഞ്ഞുകൊടുത്തിരുന്നെങ്കില്‍, നോട്ട് അസാധുവാക്കല്‍ ഒരു ധനകാര്യ, സാമ്പത്തിക പദ്ധതിയാണെന്ന് അവര്‍ പറഞ്ഞുകൊടുത്തിരുന്നെങ്കില്‍, ആര്‍ബിഐയുടെ സ്വയംഭരണാധികാരം അവര്‍ നിലനിര്‍ത്തിയിരുന്നെങ്കില്‍? ഇതൊക്കെ ഈ വൈകിയ വേളയിലെങ്കിലും ചോദിക്കേണ്ടുന്ന കാര്യങ്ങളാണ്.

അവര്‍ക്കിടയില്‍ ഒരു ജനറല്‍ മനേക് ഷാ ഉണ്ടായിരുന്നെങ്കില്‍ എന്നും നമുക്ക് ആഗ്രഹിക്കാനേ പറ്റൂ.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍