UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അന്യദേശക്കാരന്‍ എന്ന ശത്രു; ദിമാപ്പൂര്‍ കൊലയുടെ പാഠങ്ങള്‍

Avatar

ടീം അഴിമുഖം

ഇക്കഴിഞ്ഞ അഞ്ചാം തീയതി ദീമാപൂര്‍ ജയിലിലേക്ക് 2000-ത്തോളം പേര്‍ ആക്രമിച്ച് കയറുകയും ഒരു മനുഷ്യനെ ബലപ്രയോഗത്തിലൂടെ പുറത്തേക്ക് കൊണ്ടുവരികയും അയാളെ നഗ്നനാക്കുകയും വധശിക്ഷ നടപ്പിലാക്കുകയും ചെയ്ത സംഭവം ഞെട്ടിപ്പിക്കുന്ന കാഴ്ചയായിരുന്നു. പക്ഷെ, ഇതിന് പിന്നിലെ പരദേശസ്പര്‍ധയും ആള്‍ക്കൂട്ട മന:ശാസ്ത്രവും നമ്മള്‍ കേരളീയര്‍ക്കും ഇന്ത്യയിലെ ബാക്കി ഭാഗങ്ങളിലുള്ളവര്‍ക്കും അത്ര അന്യമല്ല.

ദിമാപൂരിലെ സെന്‍ട്രല്‍ ജയിലിലേക്ക് ആയിരക്കണക്കിന് പേര്‍ ഇരച്ച് കയറുകയും 20 വയസ് പ്രായമുള്ള നാഗ വിദ്യാര്‍ത്ഥിനിയെ ബാലാത്സംഗം ചെയ്‌തെന്ന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സെയ്ദ് ഷരീഫ് ഖാനെ വെളിയിലേക്ക് വലിച്ചിഴയ്ക്കുകയും തല്ലിക്കൊല്ലുകയുമായിരുന്നു. പങ്കെടുത്തവരില്‍ പലരും മനുഷ്യഹിംസയുടെ ഈ നിഷ്ഠൂര പ്രദര്‍ശനം തങ്ങളുടെ മൊബൈല്‍ ഫോണില്‍ പകര്‍ത്തി എന്ന് മാത്രമല്ല ചിലര്‍ ചരിത്ര മുഹൂര്‍ത്തത്തിലുള്ള തങ്ങളുടെ സാന്നിധ്യം തെളിയിക്കുന്നതിനായി സെല്‍ഫികള്‍ എടുക്കുകയും ചെയ്തു.

നാഗന്മാരില്‍ ഒരാള്‍ ബാലാത്സംഗം ചെയ്യപ്പെട്ടു എന്നതാണ് ആള്‍ക്കൂട്ടത്തെ പ്രകോപിപ്പിച്ചത്. ഖാന്‍ ഒരു അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരനാണെന്ന് ആള്‍ക്കൂട്ടം വിശ്വസിക്കുകയും ചെയ്തു; പോലീസിന്റെ ഭാഗത്ത് നിന്നും തുടക്കത്തില്‍ അത്തരത്തില്‍ സൂചനയും പുറത്തുവന്നിരുന്നു. ജനക്കൂട്ടത്തിന് ജയിലിലേക്ക് ഇരച്ചുകയറാനും ഹീനമായ കുറ്റകൃത്യം നടത്താനും നാഗ ആത്മാഭിമാനത്തിനേറ്റ കളങ്കവും അനധികൃത കുടിയേറ്റം എന്ന ഭീഷണിയും ധാരാളമായിരുന്നു.

പക്ഷെ ഇപ്പോള്‍ ബാലാത്സംഗം നടന്നിട്ടില്ല എന്ന് വ്യക്തമാവുന്നു. ഖാന്‍ ഒരു അനധികൃത കുടിയേറ്റക്കാരന്‍ അല്ലായിരുന്നുവെന്നും.

അസമിലെ കരീംഗഞ്ചില്‍ നിന്നുള്ള ഖാന്റെ അച്ഛന്‍ സൈനീക എഞ്ചിനീയറിംഗ് സര്‍വീസില്‍ സേവനം അനുഷ്ഠിച്ചിരുന്നു. അദ്ദേഹത്തിന്റെ ജേഷ്ഠനാകട്ടെ ഒരു കരസേന മേജറും.

നമ്മുടെ നാട്ടില്‍ ഇത്തരം ഹീനമായ കുറ്റകൃത്യങ്ങള്‍ ഒന്നും നടമാടുന്നുണ്ടാവില്ല. എന്നാല്‍ നമ്മുടെ മാനസികാവസ്ഥ നാഗന്മാരില്‍ നിന്നും വ്യത്യസ്തമാണോ? നാഗന്മാരെ പോലെ തന്നെ നമുക്കും പരദേശസ്പര്‍ധയില്ലെ? ഇവിടെ എത്തുന്ന കുടിയേറ്റക്കാരോടും നാം അങ്ങനെയൊക്കെ തന്നെയല്ലെ പെരുമാറുന്നത്?

തമിഴ്‌നാട്ടില്‍ നിന്നോ പശ്ചിമ ബംഗാളില്‍ നിന്നോ ഉള്ള കുടിയേറ്റക്കാര്‍ നമ്മുടെ ഇടയില്‍ ഉണ്ടെങ്കില്‍ നാം അവരെ സംശയത്തോടെയല്ലേ വീക്ഷിക്കുക? കുറഞ്ഞപക്ഷം അവജ്ഞയോടെങ്കിലുമല്ലേ അവരെ സമീപിക്കുക?

ഇന്ത്യയില്‍ നമ്മള്‍ കുട്ടികളെ വളര്‍ത്തിക്കൊണ്ടുവരുന്നത് ഒട്ടനവധി മുന്‍വിധികളോടെയും തെറ്റിദ്ധാരണകളോടെയുമാണെന്ന് മാത്രമല്ല മറ്റുള്ളവരെയെല്ലാം നമുക്ക് സംശയവും വെറുപ്പുമാണ് എന്നതാണ് അടിസ്ഥാനപരമായ കാര്യം. നമ്മുടെ കാമ്പസുകളില്‍, നമ്മുടെ രാഷ്ട്രീയ നേതാക്കളുടെ ഭാഷണങ്ങളില്‍, വിദേശികളോടുള്ള നമ്മുടെ പെരുമാറ്റത്തില്‍ ഒക്കെ ഇത് ദൃശ്യമാണ്. വിനോദ സഞ്ചാരത്തില്‍ നിന്നും ഇത്രയും വലിയ വരുമാനം ലഭിക്കുമ്പോഴും, വിദേശികളെ മലയാളികള്‍ തുറിച്ചുനോക്കുന്ന രീതി ഒരു തമാശപോലും അല്ലാതായി കഴിഞ്ഞിരിക്കുന്നു.

ചില പുതുതലമുറ രാഷ്ട്രീയക്കാരാണ് ഇന്ത്യന്‍ സമൂഹത്തില്‍ പരദേശസ്പര്‍ധയുടെ ഏറ്റവും പുതിയ വിഷം കുത്തിവയ്ക്കുന്നത്. ഏറ്റവും ഭീതിജനകമായ കാര്യവും അതുതന്നെയാണ്. കുറച്ച് വോട്ടുകള്‍ സംഘടിപ്പിക്കുന്നതിനായി അന്യനാട്ടുകാരെക്കുറിച്ചും ഭാവനാത്മകമായ ഭീഷണികളെ കുറിച്ചും നമ്മുടെ മുഖ്യധാര രാഷ്ട്രീയത്തിലെ ചില താരങ്ങള്‍ തുടര്‍ച്ചയായി സംസാരിച്ചുകൊണ്ടിരിക്കുന്നു.

ഗ്രീന്‍പീസിനും മറ്റ് എന്‍ജിഒകള്‍ക്കുമെതിരെ നരേന്ദ്ര മോദി സര്‍ക്കാര്‍ എടുത്ത നടപടികളും കാശ്മീരില്‍ മുഫ്തി മുഹമ്മദ് സെയ്ദിന്റെ തീരുമാനങ്ങളില്‍ ബിജെപി നിലപാടുകളുമെല്ലാം ഒരു പരദേസ്പര്‍ധ ബാധിത ഇന്ത്യയുടെ ചിത്രമാണ് വ്യക്തമാക്കുന്നത്. ഒരു വലിയ ഗൂഢാലോചനയുടെ ബാക്കിപത്രമല്ല വിദേശ എന്‍ജിഒകള്‍. അതുപോലെ തന്നെ, ബിജെപിയുടെ വലതുപക്ഷ സ്വപ്‌നങ്ങള്‍ക്ക് അടിമപ്പെടാതെ, താഴ്വരയില്‍ സമാധാനം കൊണ്ടു വരുമെന്ന പ്രതീക്ഷയില്‍ ഭൂരിപക്ഷം കാശ്മീരികളും, പ്രത്യേകിച്ച് മുസ്ലീങ്ങള്‍ തിരഞ്ഞെടുത്തതാണ് മുഫ്തിയെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും.

ഏകദേശം 50 ശതമാനത്തോളം ഇന്ത്യന്‍ കുടുംബങ്ങളില്‍ എത്തുന്ന പുതിയ തലമുറ വാര്‍ത്ത ചാനലുകളും ഇത്തരം വിദേശ വിദ്വേഷ ആശയങ്ങള്‍ക്ക് വളംവച്ചു കൊടുക്കുന്നുണ്ട്. നിങ്ങളുടെ കുട്ടികളെ ആഗോള പൗരന്മാരായി വളര്‍ത്താനും ലോകം മുഴുവന്‍ സഞ്ചരിക്കാനും ആഗോള സമ്പദ്ഘടനയുടെ ഭാഗമാക്കാനും നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, അവനെ/അവളെ പരദേശസ്പര്‍ധയില്‍ നിന്നും മോചിപ്പിക്കുന്നതിന്റെ ആദ്യ പടിയായി സ്വന്തം വീട്ടില്‍ തന്നെ ചില തീരുമാനങ്ങള്‍ എടുക്കേണ്ടിയിരിക്കുന്നു. നമ്മുടെ വിലപിടിച്ച സമയത്തിന്റെ ഭൂരിഭാഗവും കവരുന്ന ചില വിവരംകെട്ട ചാനല്‍ ചര്‍ച്ചകള്‍ ഒഴിവാക്കുക എന്നതാണ് ഇതില്‍ ആദ്യമായി ചെയ്യേണ്ടത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍