UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കര്‍ഷകര്‍ പോയി ചാകട്ടെയെന്ന് ബി.ജെ.പി എം.പി; മൂന്നു ദിവസത്തിനിടെ 12 ആത്മഹത്യകള്‍

Avatar

അഴിമുഖം പ്രതിനിധി

ന്യൂഡല്‍ഹി: കര്‍ഷകര്‍ ആത്മഹത്യ ചെയ്യട്ടെയെന്ന് ബി.ജെ.പി എം.പി സഞ്ജയ് ധോത്രെ. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളില്‍ മഹാരാഷ്ട്രയിലെ വിദര്‍ഭയില്‍ 12 കര്‍ഷക ആത്മഹത്യകള്‍ നടന്നുവെന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണ് അകോളയില്‍ നിന്നുള്ള എം.പിയുടെ വിവാദ പരാമര്‍ശം. 12 കര്‍ഷകര്‍ കഴിഞ്ഞ 72 മണിക്കുറിനിടെ ആത്മഹത്യ ചെയ്‌തെന്ന വിവരം വിദര്‍ഭ ജന ആന്ദോളന്‍ സമിതി തലവന്‍ കിഷോര്‍ തിവാരി പുറത്തുവിട്ടിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ വിദര്‍ഭ, മറാത്തവാഡ മേഖലയില്‍ മാത്രം ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം 120 ആണ്. വിദര്‍ഭയില്‍ മാത്രം ഈ വര്‍ഷം ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണമാകട്ടെ 1,022-ഉം.  

 

ഞായറാഴ്ച ഒരു കാര്‍ഷിക എക്‌സിബിഷനില്‍ പങ്കെടുത്തു കൊണ്ടായിരുന്നു സഞ്ജയുടെ വിവാദ പരാമര്‍ശമുണ്ടായത്. സംസ്ഥാന റവന്യൂ മന്ത്രി ഏക്‌നാഥ് ഖഡ്‌സെയുടെ സാന്നിധ്യത്തിലായിരുന്നു ഇത്. “നമ്മുടെ തെറ്റായ നയങ്ങള്‍ മൂലം കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. ചിലപ്പോള്‍ ഞാന്‍ ദേഷ്യത്തില്‍ പറയാറുണ്ട്: അവര്‍ ആത്മഹത്യ ചെയ്യട്ടെ, ശ്രദ്ധിക്കാന്‍ പോകരുത്. കൃഷി ചെയ്യാന്‍ പറ്റുന്നവര്‍ മാത്രം ചെയ്യട്ടെ, അല്ലാത്തവര്‍ ചെയ്യേണ്ട” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ബി.ജെ.പി എം.പിയുടെ പ്രസ്താവനയ്‌ക്കെതിരെ വന്‍ ജനരോഷവും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ താന്‍ പറഞ്ഞത് സന്ദര്‍ഭത്തില്‍ നിന്നു അടര്‍ത്തിമാറ്റി മാധ്യമങ്ങള്‍ നല്‍കി എന്നാണ് എം.പിയുടെ വിശദീകരണം. 

 

പശ്ചിമ വിദര്‍ഭയിലെ പരുത്തി, സോയാബീന്‍ കര്‍ഷകര്‍ കൂട്ടമായി ആത്മഹത്യ ചെയ്യുകയാണെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടി തിവാരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പരുത്തിക്കര്‍ഷകര്‍ക്കുള്ള മിനിമം താങ്ങുവില വര്‍ധിപ്പിച്ചില്ലെങ്കില്‍ കര്‍ഷക ആത്മഹത്യകള്‍ ഇനിയും കൂടുമെന്നാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതും. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ വിദര്‍ഭ മേഖലയില്‍ മാത്രം 55 കര്‍ഷകരും മാറാത്തവാഡ മേഖലയില്‍ 65 കര്‍ഷകരും ആത്മഹത്യ ചെയ്തു.

 

കടുത്ത വേനലാണ് ഈ മേഖലയിലെ പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുന്നത്. കഴിഞ്ഞ ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഈ മേഖലയില്‍ മഴ ലഭിച്ചിട്ടില്ല. സോയാബീനും പരുത്തിയും കൃഷി ചെയ്‌തെങ്കിലും കാര്യമായ വിളവ് ലഭിച്ചില്ല. ലഭിച്ചതാകട്ടെ, തുച്ഛ വിലയക്കാണ് വില്‍ക്കേണ്ടി വന്നത്. മിനിമം താങ്ങുവിലയിലും താഴെയാണ് വിപണി വിലയെന്നും തിവാരി കൂട്ടിച്ചേര്‍ത്തു. മിക്ക കര്‍ഷകരും പ്രാദേശിക പണമിടപാടുകാരില്‍ നിന്ന് പലിശയ്‌ക്കെടുത്ത പണം കൊണ്ടാണ് കൃഷി ചെയ്തിട്ടുള്ളത്. ഇത് തിരിച്ചടയ്ക്കാന്‍ കഴിയാത്തതാണ് പലരുടേയും ആത്മഹത്യയിലേക്ക് നയിച്ചിട്ടുള്ളത്. 

 

 

സംസ്ഥാനത്തെ 39,000 ഗ്രാമങ്ങളില്‍ 19,000 എണ്ണവും വരള്‍ച്ചയുടെ പിടിയിലാണ്. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ നവംബറില്‍ 4,500 കോടി രൂപ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് വരള്‍ച്ചാ ദുരിതാശ്വാസമായി സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

 

കാര്‍ഷിക പ്രതിസന്ധി മൂലം രാജ്യത്ത് ഈ വര്‍ഷം 301 കര്‍ഷകര്‍ ആത്മഹത്യ ചെയ്തുവെന്നാണ് കേന്ദ്ര കാര്‍ഷിക മന്ത്രാലയം കഴിഞ്ഞായാഴ്ച സമാപിച്ച പാര്‍ലമെന്റ് സമ്മേളനത്തിനിടെ വ്യക്തമാക്കിയത്. ഇതില്‍ 204-ഉം മഹാരാഷ്ട്രയിലാണ്. നാഷണല്‍ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 2013-ല്‍ രാജ്യത്ത് 11,744 കര്‍ഷകര്‍ ആത്മഹത്യ ചെയ്‌തെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ മഹാരാഷ്ട്രയില്‍ മാത്രം 3,146 കര്‍കരും ഉള്‍പ്പെടും.

 

മഹാരാഷ്ട്രയിലെ കര്‍ഷക ആത്മഹത്യ സംബന്ധിച്ച് കഴിഞ്ഞ ഏപ്രില്‍ വരെയുള്ള കണക്കു മാത്രമേ സംസ്ഥാന സര്‍ക്കാരിന്റെ പക്കലുള്ളൂ. എന്നാല്‍ വിദര്‍ഭ ജന ആന്ദോളന്‍ സമിതിയുടെ കണക്കു പ്രകാരം ഇതുവരെ വിദര്‍ഭയിലെ 11 ജില്ലകളിലായി ഈ വര്‍ഷം 1,022 കര്‍ഷക ആത്മഹത്യകള്‍ നടന്നു കഴിഞ്ഞു. ഇതില്‍ 522 എണ്ണവും നടന്നിട്ടുള്ളത് ഏപ്രിലിനു ശേഷമാണ്. കഴിഞ്ഞ ജൂണ്‍-സെപ്റ്റംബര്‍ മണ്‍സൂണ്‍ കാലത്ത് ശരാശരിയിലും 12 ശതമാനം മഴയാണ് ഈ മേഖലയില്‍ പെയ്തത്. വരള്‍ച്ച രൂക്ഷമായിട്ടുള്ള ഹരിയാന, ഉത്തര്‍ പ്രദേശ് സംസ്ഥാനങ്ങളും വരള്‍ച്ചാ ദുരിതാശ്വാസത്തിനായി കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. 11,000 കോടി രൂപയാണ് ഇരു സംസ്ഥാനങ്ങളും ചേര്‍ന്ന് ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരാകട്ടെ ഇതുവരെ ഇക്കാര്യത്തില്‍ തീരുമാനങ്ങളൊന്നും എടുത്തിട്ടുമില്ല.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍