UPDATES

വിദേശം

മോദിക്കെതിരെ കേംബ്രിഡ്ജ് സര്‍വ്വകലാശാല വി സിക്ക് ഒരു തുറന്ന കത്ത്

Avatar

പ്രിയ പ്രൊഫസര്‍ സര്‍ ലെഷെക് ബൊറിഷെവിക്ക്,

അടുത്ത മാസം കേംബ്രിഡ്ജ് സെനറ്റിനെ അഭിസംബോധന ചെയ്യാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കാനുള്ള താങ്കളുടെ തീരുമാനവുമായ ബന്ധപ്പെട്ട് പണ്ഡിതര്‍, വിദ്യാര്‍ത്ഥികള്‍, എഴുത്തുകാര്‍, കലാകാരന്മാര്‍, എല്ലാത്തിലുമുപരി പൗരസമൂഹത്തിലെ അംഗങ്ങള്‍ എന്ന നിലയില്‍ ഞങ്ങളുടെ ഉത്കണ്ഠ താങ്കളെ അറിയിക്കാനാണ് ഈ എഴുത്ത്.

ആയിരത്തിലേറെ പേര്‍ അതില്‍ ഭൂരിഭാഗവും മുസ്ലീങ്ങള്‍ കൊല്ലപ്പെട്ട 2002-ലെ ഗുജറാത്ത് കൂട്ടക്കൊലയില്‍ സംസ്ഥാന മുഖ്യമന്ത്രി എന്നനിലയില്‍ മോദിയുടെ പങ്ക് എല്ലാവരും തിരിച്ചറിഞ്ഞതാണ്. ഈ കലാപങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ കോടതികളില്‍ അദ്ദേഹം ക്രിമിനല്‍ കുറ്റങ്ങള്‍ നേരിട്ടിട്ടുമുണ്ട്. ഇതുമായി ബന്ധപ്പെട്ട് അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും അദ്ദേഹത്തിനെതിരെ ക്രിമിനല്‍ പരാതികള്‍ ഫയല്‍ ചെയ്യപ്പെട്ടു. ഗുജറാത്ത് കലാപകാലത്ത് മാത്രമല്ല ഇപ്പോഴും നടന്നു വരുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ മുന്‍നിര ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) നേതാക്കളുടെ പങ്ക് ആവര്‍ത്തിച്ചു വ്യക്തമാക്കപ്പെട്ടതാണ്. മോദിയുടെ സജീവ സഹപ്രവര്‍ത്തകര്‍ തീവ്രവികാരമുണര്‍ത്തുന്ന വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നതിനും ന്യൂനപക്ഷ സമുദായക്കാരെ ബലാത്സംഗം ചെയ്യാനും കൊലപ്പെടുത്താനും ആഹ്വാനം ചെയ്തതിനും പൊതു സമുഹത്തിനു മുന്നില്‍ മതിയായ തെളിവുകളുണ്ട്. ഈയിടെ മാട്ടിറച്ചി സൂക്ഷിച്ചെന്ന സംശയത്തെ തുടര്‍ന്ന് ഒരു മുസ്ലിമിനെ ഹിന്ദു തീവ്രവാദികള്‍ അടിച്ചു കൊല്ലുകയുണ്ടായി. മോദിയുടെ ഭരണവും പൊതുജീവിതത്തിലുടനീളം അദ്ദേഹം കൊണ്ടു നടക്കുന്ന ഹിന്ദു ആധിപത്യ പ്രത്യയശാസ്ത്രവും ഹിന്ദുത്വ ദാസന്മാരുടെ അഴിഞ്ഞാട്ടവും ന്യൂനപക്ഷ സമുദായങ്ങള്‍ക്കിടയില്‍ ആഴത്തിലുള്ള അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുന്നു. ഇതിനു പുറമെ, ഭീഷണിപ്പെടുത്തിയും തടഞ്ഞു വച്ചും പൗരാവകാശ, പരിസ്ഥിതി പ്രവര്‍ത്തകരുടെ സ്വാതന്ത്ര്യത്തെ മോദി ഭരണകൂടം വിലക്കിയതും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. വെട്ടിത്തുറന്ന് സംസാരിക്കുന്ന മൂന്ന് വിമര്‍ശകര്‍- പ്രൊഫസര്‍ എം എം കല്‍ബുര്‍ഗി, ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ദബോല്‍ക്കര്‍- ഈയിടെ കൊല്ലപ്പെട്ടു. ഈ കാരണങ്ങള്‍ കൊണ്ട് തന്നെ നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരും പൗരാവകാശ സംഘടനകളും നവംബറിലെ അദ്ദേഹത്തിന്റെ ബ്രിട്ടന്‍ സന്ദര്‍ശനത്തില്‍ പ്രതിഷേധിക്കും.

ഇന്ത്യയിലെ അക്കാദമിക് സ്വാതന്ത്ര്യത്തിനും ബൗദ്ധിക ജീവിതത്തിനുമെതിരേ നടന്നുവരുന്ന അതിക്രമങ്ങളിലും മോദി ഭരണകൂടം ആവര്‍ത്തിച്ച് പ്രതിസ്ഥാനത്തു വരുന്നുണ്ട് എന്നതിനാല്‍ കേംബ്രിജ് സര്‍വകലാശാല മോദിയെ ക്ഷണിച്ചത് മറ്റൊരു തരത്തില്‍ കൂടി ദൗര്‍ഭാഗ്യകരമാണ്. വലതുപക്ഷ ഹിന്ദു സംഘടനകള്‍ ഇന്ത്യയിലെ സാംസ്‌കാരിക സ്വാതന്ത്ര്യത്തിനെതിരെ നടത്തുന്ന കയ്യേറ്റങ്ങളില്‍ പ്രതിഷേധിച്ച് ഈയിടെ പ്രശസ്തരായ എഴുത്തുകാരും കലാകാരന്‍മാരും ഉന്നത ദേശീയ പുരസ്‌കാരങ്ങള്‍ മടക്കി നല്‍കി. അന്താരാഷ്ട്ര ഗവേഷകര്‍ക്ക് ഇടയ്ക്കിടെ ഇന്ത്യയിലേക്ക് പ്രവേശനം നിഷേധിക്കുകയോ അവരെ പൊടുന്നനെ നാടുകടത്തുകയോ ചെയ്യുന്നു. അതതു മേഖലകളില്‍ രാജ്യത്ത് മുന്‍നിരയിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്, ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നീ പ്രമുഖ സ്ഥാപനങ്ങളില്‍ ഹിന്ദു ദേശീയവാദികളായ, വിഷയ വൈദഗ്ധ്യത്തിന്റെ കാര്യത്തില്‍ അവഗണനീയരും ഏറെ സംശയിക്കപ്പെടുന്നവരുമായ രണ്ടു പേരെ ഉന്നത പദവിയില്‍ നിയമിച്ചിരിക്കുന്നു. പുരാതന ഇന്ത്യക്കാരുടെ പക്കല്‍ വിമാനങ്ങളും ആണവ സാങ്കേതിക വിദ്യയും ഉണ്ടായിരുന്നെന്ന് കാണിക്കാനുള്ള ഉദ്ദേശത്തോടെ പ്രദര്‍ശനങ്ങളും സെമിനാറുകളും, പ്രശസ്തമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ ഉള്‍പ്പെടെ സംഘടിപ്പിച്ചു. ഇത്തരം ശ്രമങ്ങള്‍ക്ക് പൊതു പിന്തുണയും മോദിയുടെ കീഴിലുള്ള സാംസ്‌കാരിക, വിദ്യാഭ്യാസ മന്ത്രാലയങ്ങളുടെ സഹായവും പതിവായി ലഭിക്കുകയും ചെയ്യുന്നു. പ്ലാസ്റ്റിക് സര്‍ജറി കണ്ടുപിടിച്ചത് പുരാതന ഇന്ത്യക്കാരാണെന്ന സംശയം പ്രകടിപ്പിച്ച് സമാനമായ ചിന്താഗതികള്‍ പ്രധാനമന്ത്രി തന്നെ ആഗോള വേദിയില്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ള നടപ്പില്ലാത്തതും അമിതദേശീയവുമായ ഭ്രമങ്ങള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സജീവമായി പ്രോത്സാഹിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു.

ഗൗരവമേറിയ മനുഷ്യാവകാശ ലംഘനങ്ങളുമായും, അക്കാദമിക് വിദഗ്ധര്‍ക്കും ബുദ്ധിജീവികള്‍ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനുമെതിരെ നടക്കുന്ന അതിക്രമങ്ങളുമായും ബന്ധമുണ്ടെന്ന് വ്യാപകമായി വിശ്വസിക്കപ്പെടുന്ന ഒരു രാഷ്ട്രീയ നേതാവിനെ ക്ഷണിക്കുക വഴി കേംബ്രിജ് സര്‍വകലാശാല അതിന്റെ സല്‍പ്പേരില്‍ വിട്ടുവീഴ്ച ചെയ്തുവെന്ന് ഞങ്ങള്‍ ആശങ്കപ്പെടുന്നു. ഒരു ഉന്നത സ്ഥാപനം മോദിക്കു നല്‍കിയ ക്ഷണം മനുഷ്യാവകാശങ്ങളുടേയും ബൗദ്ധിക സത്യസന്ധതയുടേയും തത്വങ്ങള്‍ക്ക് ചേരുന്നതല്ലെന്ന് പൗരസമൂഹത്തിലെ ജാഗ്രതയുള്ള അംഗങ്ങള്‍ എന്ന നിലയില്‍ ഞങ്ങള്‍ കരുതുന്നു.

വിശ്വസ്തതയോടെ,
അക്കാദമിക, കലാ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍