UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അമിതാഭ് ബച്ചന്‍, അപ്പോള്‍ ആരാധ്യക്കും നവ്യക്കും അവരുടെ അമ്മമാരുടെ കുടുംബപാരമ്പര്യമില്ലേ?

Avatar

ഉദീഷ ഗൗതം

പ്രിയപ്പെട്ട സര്‍,

താങ്കള്‍ കൊച്ചുമക്കളോടും ഞങ്ങള്‍ എല്ലാവരോടും പങ്കുവച്ചത് മനോഹരമായൊരു കത്താണ്. പിന്തുടരാനും ചോദ്യം ചെയ്യാനും അത് എന്നെ പ്രേരിപ്പിക്കുന്നു. ഒരാള്‍ അയാളുടെ മക്കളുമായി പങ്കുവയ്ക്കുന്ന മൂല്യങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ചോദ്യം ചെയ്യാന്‍ അവകാശമില്ലെന്ന് എനിക്കു നന്നായറിയാം. എങ്കിലും താങ്കളോടുള്ള എന്റെ അത്യധികമായ ബഹുമാനം എനിക്ക് ചോദ്യം ചെയ്യാനും വിയോജിക്കാനുമുള്ള ധൈര്യം തരുന്നു.

ഞങ്ങള്‍ പെണ്‍കുട്ടികളില്‍ മറ്റുള്ളവര്‍ അവരുടെ ചിന്തയുടെ പരിധികള്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുമെന്ന് താങ്കളുടെ കത്തില്‍ പറയുന്നു. അത് അന്ധമായി അനുസരിക്കാതെ സ്വന്തം ബുദ്ധിയുടെ വെളിച്ചത്തില്‍ സ്വന്തം പാത തിരഞ്ഞെടുക്കുക എന്നത് ഞങ്ങളുടെ അവകാശവും ചുമതലയുമാണെന്നും പറയുന്നു.

എന്നിട്ടും കത്തിന്റെ ആദ്യവരിയില്‍ത്തന്നെ താങ്കള്‍ ഞങ്ങള്‍ക്കായി ഒരു അതിര്‍വരമ്പ് വയ്ക്കുന്നു. അത് മനഃപൂര്‍വമല്ലെന്നു ഞാന്‍ കരുതുന്നു. ആരാധ്യ താങ്കളുടെ പിതാവിന്റെ പാരമ്പര്യവും നവ്യ അവളുടെ പിതാവിന്റെ മുത്തച്ഛന്റെ പാരമ്പര്യവും വഹിക്കുന്നുവെന്നു താങ്കള്‍ പറയുന്നു. എന്തുകൊണ്ടാണ് രണ്ടുപേര്‍ക്കും പിതാക്കന്മാരുടെ കുടുംബത്തിന്റെ പാരമ്പര്യം മാത്രമുള്ളത്? എന്തുകൊണ്ട് അവരുടെ അമ്മമാരുടെ കുടുംബപാരമ്പര്യമില്ല എന്നു ഞാന്‍ അമ്പരക്കുന്നു.

ആരാധ്യ വിലമതിക്കേണ്ട ചില മനോഹരമൂല്യങ്ങള്‍ ഐശ്വര്യയുടെ മുത്തച്ഛനും കുടുംബത്തിനു നല്‍കിയിട്ടുണ്ടാകുമെന്ന് എനിക്കുറപ്പാണ്. അതുപോലെ തന്നെ ശ്രീ ഹരിവംശറായ് ബച്ചന്റെ പാരമ്പര്യത്തില്‍ നവ്യയും അഭിമാനിക്കുന്നുണ്ടാകും.

താങ്കള്‍ സമ്മതിക്കുന്നോ? എങ്കില്‍ പിന്നെ എന്തിനാണ് കത്തിന്റെ തുടക്കത്തില്‍ താങ്കളുടെ കുട്ടികളോടും എന്നെപ്പോലുള്ള ആയിരക്കണക്കിനു മറ്റു പെണ്‍കുട്ടികളോടും താങ്കള്‍ ഈ സമൂഹം പുരുഷമേധാവിത്വമുള്ളതായിരിക്കുമെന്നു പറയുന്നത്? അവളോ അവളുടെ അമ്മയോ ഒരിക്കലും കുടുംബനാഥയല്ലെന്നു പറയുന്നത്? അവളുടെ കുടുംബപ്പേര് അമ്മയുടേതല്ല, അച്ഛന്റേതാണ് എന്ന ഒറ്റക്കാരണം കൊണ്ട് അവള്‍ അച്ഛന്റെ മാത്രം കുടുംബത്തില്‍പ്പെട്ടവളാണ് എന്നു പറയുന്നത്? അവള്‍ തകര്‍ക്കേണ്ട അതിര്‍വരമ്പുകളില്‍ ഒന്നല്ലേ അതും?

നിര്‍ഭാഗ്യവശാല്‍ എന്റെ ദാദാജി ഞാന്‍ ജനിക്കും മുന്‍പ് മരിച്ചു. മാതാപിതാക്കള്‍ പറഞ്ഞ കാര്യങ്ങളേ എനിക്ക് അദ്ദേഹത്തെപ്പറ്റി അറിയൂ. അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ കഴിഞ്ഞില്ല. എന്റെ സഹോദരനും കഴിഞ്ഞില്ല. മുത്തച്ഛനെന്ന നിലയില്‍ എനിക്കറിയാവുന്നത് എന്റെ നാനാജിയെയാണ്. പഞ്ചതന്ത്ര, രാമായണ കഥകളെല്ലാം ഞാന്‍ പഠിച്ചത് അദ്ദേഹത്തില്‍നിന്നാണ്. എന്റെ സഹോദരന്‍ ഈ കഥകളെല്ലാം അദ്ദേഹത്തിന്റെ മക്കളോട് പറയുന്നുണ്ടാകണം. എന്നെങ്കിലും ഞാനും എന്റെ മക്കളോട് അവ പറയും. ഈ കഥകളിലൂടെയും ഞങ്ങള്‍ക്കു പകര്‍ന്നുതന്ന മൂല്യങ്ങളിലൂടെയും എന്റെ നാനാജിയുടെ പാരമ്പര്യം എന്റെ സഹോദരന്റെ കുട്ടികള്‍ പിന്തുടരുമെന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. അവരില്‍ നിന്ന് ഒട്ടും കുറവല്ലാതെ എന്റെ കുട്ടികളും.

എന്റെ കുട്ടികള്‍ അവരുടെ മുതുമുത്തച്ഛന്റെ പാരമ്പര്യത്തെപ്പറ്റി അറിയാതിരിക്കാനോ അതില്‍ അഭിമാനിക്കാതിരിക്കാനോ ഞാന്‍ സമ്മതിക്കില്ല. അതുപോലെതന്നെ അവരുടെ പിതാവിന്റെ മുത്തച്ഛന്റെ പാരമ്പര്യവും അവര്‍ തുടരും. ഒട്ടും കുറവില്ലാതെ. ഒട്ടും കൂടുതലല്ലാതെ. ഒരു കുട്ടി രണ്ടുപേരുടെ തുല്യഭാഗമാണെന്നിരിക്കെ ആ കുട്ടിക്ക് എങ്ങനെ ഒരു കുടുംബത്തിന്റെയും അതിന്റെ സംസ്‌കാരത്തിന്റെയും മാത്രം ഭാഗമാകാനാകും?

ഞാന്‍ എന്റെ അച്ഛനെയും അമ്മയെയും സ്‌നേഹിക്കുന്നു. ഇരുവരുടെയും കുട്ടിക്കാല കഥകളെ സ്‌നേഹിക്കുന്നു. അവരുടെ രണ്ടുപേരുടെയും കുടുംബങ്ങളുടെ ഭാഗമായാണ് ഞാന്‍ എന്നെ കാണുന്നത്. ഇരുകുടുംബങ്ങളിലും എനിക്കു തുല്യപങ്കാളിത്തമല്ലെന്ന് ദയവായി എന്നോടു പറയാതിരിക്കുക. ഞാന്‍ പെണ്‍കുട്ടിയായതിനാല്‍ എന്റെ മക്കള്‍ക്ക് എന്റെ അമ്മയുടെ പാരമ്പര്യമുണ്ടാകില്ലെന്ന് ദയവായി പറയാതിരിക്കുക. ഞാന്‍ വളരെ അഭിമാനമുള്ള മകളാണ് എന്നതിനാന്‍ അങ്ങനെ പറയുന്നത് എന്റെ ഹൃദയം തകര്‍ക്കും. അത് നവ്യയുടെയും ആരാധ്യയുടെയും ഹൃദയം തകര്‍ക്കുമെന്നും എനിക്കറിയാം.

അതിനാല്‍ ഈ കത്ത് അതിന്റെ സാരാംശത്തിലെടുക്കുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. അവള്‍ ബഹുമാനിക്കുന്ന ഒരാളോട് ഒരു പെണ്‍കുട്ടിയുടെ ഹൃദയം പറയുന്നത് എന്ന നിലയില്‍. കാരണം ശ്രദ്ധ കൊടുക്കുന്നവരോടാണല്ലോ നാം വിയോജിക്കുക.

(ബ്ലോഗറാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍