UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹൈദരാബാദ് സര്‍വകലാശാല; പോലീസിനെക്കൊണ്ട് തടുക്കാനാവില്ല അപ്രിയ ചോദ്യങ്ങളെ

Avatar

ഹൈദരബാദ് സര്‍വകലാശാലയുടെ വൈസ് ചാന്‍സിലര്‍ പദവിയിലേക്കുള്ള അപ്പ റാവുവിന്റെ തിരിച്ചുവരവിനെ എതിര്‍ത്തുകൊണ്ട് സര്‍വകലാശാലയിലെ പൂര്‍വവിദ്യാര്‍ത്ഥികള്‍ എഴുതി തുറന്ന കത്തിന്റെ പൂര്‍ണ രൂപം

ഹൈദരാബാദ് സര്‍വകലാശാല പൂര്‍വവിദ്യാര്‍ത്ഥികള്‍ എന്ന നിലയില്‍ മാര്‍ച്ച് 22-ന് ഡോക്ടര്‍ അപ്പ റാവു പൊഡിലെ വൈസ് ചാന്‍സലറായി തിരിച്ചെത്തിയത് ഞെട്ടലോടെയാണ് ഞങ്ങള്‍ കണ്ടത്. ക്യാമ്പസില്‍ പൊലീസിന്റെ ക്രൂരമായ നീക്കങ്ങള്‍ക്ക് വഴിയൊരുക്കിയ ഈ പ്രകോപനത്തെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. ഈ സംഭവങ്ങളെ തുടര്‍ന്ന് സര്‍വകലാശാല അടച്ചിട്ടത് അസ്വീകാര്യവും നിയമവിരുദ്ധവുമാണ്.

ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് പുറത്തു വന്ന ഒരു റിപ്പോര്‍ട്ട് പ്രകാരം ഹൈദരാബാദ് സര്‍വകലാശാലയിലെ മൂന്ന് പഠന വകുപ്പുകള്‍ ലോകത്തെ മികച്ച 500 സര്‍വകലാശാലാ വകുപ്പുകളില്‍ ഇടം നേടിയിരുന്നു. ഹൈദരാബാദ് സര്‍വകലാശാലയില്‍ നിന്ന് ഞങ്ങള്‍ക്ക് ലഭിച്ച വിദ്യാഭ്യാസം കരിയര്‍ രൂപപ്പെടുത്താന്‍ മാത്രമല്ല ഞങ്ങള്‍ക്ക് സഹായകമായിട്ടുള്ളത്. ചോദ്യം ചെയ്യാനും വിമര്‍ശിക്കാനും സമത്വം, സാഹോദര്യം, സാമൂഹിക നീതി തുടങ്ങിയ തത്വങ്ങളെ വിശകലനം ചെയ്യാനും അത് ഞങ്ങളെ പ്രാപ്തരാക്കിയിട്ടുണ്ട്. ഇത്ര വലിയൊരു കേന്ദ്ര സര്‍വകലാശാലയിലെത്തിയതോടെ ഈ രാജ്യത്തിന്റെ വൈവിധ്യമാണ് ഞങ്ങള്‍ക്കു മുമ്പില്‍ തുറന്നു കിട്ടിയത്. ഇന്ത്യയിലെ മറ്റു കേന്ദ്ര സര്‍വകലാശാലകളെ പോലെ തന്നെ ഹൈദരാബാദ് സര്‍വകലാശാലയും പല ഭാഷകളുടേയും സംസ്‌കാരങ്ങളുടേയും മതങ്ങളുടേയും പ്രദേശങ്ങളുടെയും ഒരു സംഗമ ഭൂമിയാണ്.

എന്നിരുന്നാലും രാജ്യത്തിന്റെ മറ്റിടങ്ങളെ പോലെ തന്നെ ഈ സര്‍വകലാശാലാ ക്യാമ്പസിലും വ്യവസ്ഥാപിതമായ ജാതീയ അടിച്ചമര്‍ത്തലുകള്‍ നിലനില്‍ക്കുകയും അത് സ്ഥാപനവല്‍ക്കരണത്തിലൂടെ നിയമാനുസൃതമാക്കപ്പെടുകയും ചെയ്ത ഒരു ഇടമാണ്. ഈയിടെ ക്യാമ്പസിലുണ്ടായ സംഭവങ്ങളില്‍ സമാധാനപരമായി പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളെ ഭരണകൂടവും പൊലീസും കൈകാര്യം ചെയ്ത രീതി ഞങ്ങളെ ഞെട്ടിപ്പിക്കുകയും രോഷാകുലരാക്കുകയും ചെയ്തു.

ഹൈദരാബാദ് സര്‍വകലാശാലയില്‍ ദളിത് വിദ്യാര്‍ത്ഥികളുടെ ആത്മഹത്യ തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇത്തരം സംഭവങ്ങള്‍ രാജ്യത്തുടനീളം നിരന്തരം ആവര്‍ത്തിക്കപ്പെടുന്നതിനിടെ ജനുവരി 17-ന് ദളിത് ഗവേഷണ വിദ്യാര്‍ത്ഥിയും സാമൂഹിക പ്രവര്‍ത്തകനുമായ രോഹിത് വെമുലയുടെ അകാല മരണത്തോടെ ഈ പ്രശ്‌നം ദേശവ്യാപകമായി വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്ക് ഇടയാക്കി. തന്റെ വ്യക്തിത്വം എന്തായിരുന്നുവെന്നതിന് വ്യക്തമായ സൂചനകള്‍ രോഹിതിന്റെ ആത്മഹത്യാ കുറിപ്പില്‍ തന്നെയുണ്ട്. സൂക്ഷ്മബുദ്ധിയോടെ മാനുഷിക അവസ്ഥകളെ നിരീക്ഷിക്കുന്ന ഒരാളായിരുന്നു രോഹിത്. അവന്റെ പുരോഗമനാത്മകമായ ആശയങ്ങള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് പ്രതീക്ഷ നല്‍കി. തയ്യല്‍ മെഷീനില്‍ നിന്ന് ജീവിതമാര്‍ഗം കണ്ടെത്തുന്ന ഒരു ദളിത് അമ്മയുടെ മകന്‍ എന്ന തന്റെ സ്വത്വം അഭിമാനത്തോടെയാണ് രോഹിത് എടുത്തണിയുകയും ജാതി, വര്‍ഗ, ലിംഗ ഭേദമന്യേ എല്ലാവരുടേയും അവകാശങ്ങള്‍ക്കു വേണ്ടി പൊരുതുകയും ചെയ്തു. ഇന്ത്യന്‍ സമൂഹത്തില്‍ സാമൂഹിക ചലനക്ഷമത നേടിയെടുക്കാനുള്ള ന്യായമായ അവസരങ്ങള്‍ നിഷേധിക്കപ്പെട്ട ദളിതരുടേയും ദളിത് വിദ്യാര്‍ത്ഥികളുടേയും അവസ്ഥയെകുറിച്ച് രോഹിത് വാചാലനായിരുന്നു. സര്‍വകലാശാലയ്ക്ക് അവനെ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്ന കുറ്റം മാപ്പര്‍ഹിക്കാത്തതാണ്.

അതുകൊണ്ടു തന്നെ, രോഹിതിന്റെയും മറ്റു വിദ്യാര്‍ത്ഥികളുടെയും സസ്‌പെന്‍ഷന്‍ കൈകാര്യം ചെയ്തതില്‍ വീഴ്ച വരുത്തി രോഹിതിനെ ആത്മഹത്യയിലേക്ക് നയിച്ച ഡോ. അപ്പ റാവു രണ്ടു മാസങ്ങള്‍ക്കു ശേഷം വിസി ആയി തന്നെ തിരിച്ചെത്തിയതില്‍ ഗുരുതരമായ പ്രശ്‌നങ്ങളുണ്ട്. എസ് സി/ എസ് ടി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍ നിയമ പ്രകാരം ജാമ്യമില്ലാ കുറ്റത്തിന് അദ്ദേഹത്തിനെതിരെ കേസെടുത്തിട്ടുണ്ട്. മാത്രവുമല്ല ഒരു ജുഡീഷ്യല്‍ സമിതിയുടെ അന്വേഷണവും അദ്ദഹത്തിനെതിരേ നടന്നു വരുന്നു. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ വരവ് തീര്‍ത്തും അനുചിതമായിരുന്നു.

റാവു തിരിച്ചെത്തിയ ദിവസം രാവിലെ ക്യാമ്പസില്‍ അരങ്ങേറിയത് അപ്രതീക്ഷിത അതിക്രമങ്ങളായിരുന്നു. വിദ്യാര്‍ത്ഥികള്‍ വിസിയുടെ ലോഡ്ജിനു നേര്‍ക്ക് കല്ലെറിയുകയും അതിക്രമിച്ചു കടക്കുകയും ചെയ്‌തെന്ന് മാധ്യമ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും അനധ്യാപകരുള്‍പ്പെടെയുള്ള ദൃക്‌സാക്ഷികളില്‍ നിന്നും മറ്റു സ്രോതസ്സുകളില്‍ നിന്നും ലഭിച്ച വിവരം ഈ മുഖ്യധാരാ മാധ്യമ റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യത്യസ്തമായിരുന്നു. വിദ്യാര്‍ത്ഥികളെ ലാത്തി വീശിയും മറ്റും പൊലീസ് ക്രൂരമായി ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ലഭ്യമാണ്. ചില പൊലീസുകാര്‍ വിദ്യാര്‍ത്ഥികളോട് ബലാല്‍സംഗ ഭീഷണി പോലും മുഴക്കിയിട്ടുണ്ട്. ഫാക്കല്‍റ്റി അംഗങ്ങളെ പോലും വെറുതെ വിട്ടിട്ടില്ല.

ഈ സംഭവത്തിനു ശേഷം സര്‍വകലാശാലയിലെ അടച്ചിട്ടിരിക്കുകയാണ്. ഭക്ഷണമോ (14 മെസ്സുകളും പൂട്ടിയിരിക്കുന്നു) വെള്ളമോ വൈദ്യുതിയോ ഇന്റര്‍നെറ്റ് കണക്ഷനോ ലഭ്യമല്ല. ഒരു കേന്ദ്ര സര്‍വകലാശാലയില്‍ ഇതൊന്നും നടക്കാന്‍ പാടില്ലാത്തതാണ്. ഞങ്ങളീ കത്തെഴുതുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ എടിഎം കാര്‍ഡുകളെല്ലാം ബ്ലോക്ക് ചെയ്ത് അത്യാവശ്യ ഇടപാടുകള്‍ക്ക് തടയിട്ടിരിക്കുന്നു. സഹപാഠികള്‍ക്കു വേണ്ടി ഭക്ഷണം പാകം ചെയ്യാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികളെ ക്രൂരമായി അടിച്ചു നിലംപരിശാക്കുകയും പൊതു സ്ഥലത്ത് ഭക്ഷണം പാകം ചെയ്‌തെന്ന അസംബന്ധ കുറ്റം ചുമത്തപ്പെടുകയും ചെയ്തിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ സര്‍വകലാശാലകളിലൊന്നില്‍ ഭരണകൂടം അടിയന്തിരാവസ്ഥയ്ക്കു സമാനമായ സ്ഥിതിവിശേഷം സൃഷ്ടിച്ചിരിക്കുകയാണ്. ഹൈരദാബാദ് സര്‍വകലാശാല ഇന്ന് ഒരു കാവല്‍ രാഷ്ട്രത്തെ പോലെ ആയിരിക്കുന്നു. വിദ്യാര്‍ത്ഥികള്‍ ആക്രമിക്കപ്പെടുന്നു, അവരുടെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, വെള്ളം, പണം എന്നിവ പോലും നിഷേധിക്കപ്പെടുന്നു. സര്‍വകലാശാലയും സംസ്ഥാന ഭരണകൂടവും അധികാരവും നിയമവുപയോഗിച്ച് സ്വന്തം വിദ്യാര്‍ത്ഥികളെ പട്ടിണിക്കിടുകയും ഒരു പൊതു സ്ഥാപനത്തിനെതിരേ യുദ്ധം പ്രഖ്യാപിക്കുകയും ചെയ്യുമ്പോള്‍ ഹൈദരാബാദ് നഗരത്തിന്റെ പ്രതികരണം ഹൃദ്യമായിരുന്നു. നഗരവാസികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണവും വെള്ളവും എത്തിച്ചു കൊടുക്കുന്നു.

ഈ സംഭവവികാസങ്ങളുടെ വെളിച്ചത്തില്‍, എല്ലാ പൗരന്മാരോടും ഞങ്ങള്‍ അപേക്ഷിക്കുന്നത് രോഹിതിന്റെ ആത്മഹത്യ ഉയര്‍ത്തിയ അപ്രിയ ചോദ്യങ്ങള്‍ ഇനിയും ചോദിച്ചു കൊണ്ടേയിരിക്കുക എന്നാണ്. നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിലനില്‍ക്കുന്ന ജാതീയതയെ കുറിച്ചും സര്‍വകലാശാലാ ഭരണകൂടത്തെ ഉത്തരവാദിയാക്കണമെന്ന ആവശ്യം നിരസിച്ച പുതിയ സര്‍ക്കാരിന്റെ നിസംഗതയെ കുറിച്ചും ചോദ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടിരിക്കുക. നമ്മുടെ സങ്കീര്‍ണ സാമൂഹിക ഘടനകളെ മനസ്സിലാക്കാനും അധികാര ദുര്‍വിനിയോഗത്തിനും ഏകാധിപത്യത്തിനുമെതിരേ ചോദ്യങ്ങള്‍ ഉന്നയിക്കാനുമുള്ള ഇടങ്ങളാണ് സര്‍വകലാശാലകള്‍.

അനീതിക്കെതിരെ ശബദമുയര്‍ത്തിയതിന് വിദ്യാര്‍ത്ഥികള്‍ക്കു നേരിടേണ്ടി വന്ന അതിക്രമങ്ങളിലേക്ക് പൊതുജന ശ്രദ്ധ ക്ഷണിക്കുകയാണ് താഴെ ഒപ്പുവച്ചിരിക്കുന്ന ഈ പ്രശ്‌നബാധിത സര്‍വകലാശാലയിലെ പൂര്‍വ വിദ്യാര്‍ത്ഥികളായ ഞങ്ങളുടെ ശ്രമം. ഹൈദരാബാദ് സര്‍വകലാശാല, ജെഎന്‍യു, എഫ്ടിടിഐ, ഡല്‍ഹി സര്‍വകലാശാല, ഐഐടി മദ്രാസ്, അലഹാബാദ് സര്‍വകലാശാല തുടങ്ങി നമ്മുടെ ഭരണഘടന ഉറപ്പു നല്‍കുന്ന സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കാന്‍ പൊരുതുന്ന രാജ്യത്തുടനീളമുള്ള എല്ലാ സര്‍വകലാശാലകളിലെയും വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമൊപ്പം ഞങ്ങളുമുണ്ട്. ജാതീയ ഭരണകൂടത്തിനെതിരെ നീതിക്കു വേണ്ടി സധൈര്യം പൊരുതുന്ന രാധിക വെമുലയെയും ഞങ്ങള്‍ പിന്തുണയ്ക്കുന്നു. മാര്‍ച്ച് 22-ന് പൊലീസ് പിടികൂടി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വച്ചിരിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും നിരുപാധികം മോചിപ്പിക്കണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുകയും പകരം ഭയം പടര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന ഏതു തരത്തിലുള്ള അതിക്രമങ്ങളേയും ഞങ്ങള്‍ അപലപിക്കുന്നു. യഥാര്‍ത്ഥ മൗലിക ജനാധിപത്യത്തിന്റെ സുരക്ഷിതമായ ഒരു ഉദാഹരണമാക്കി ഇന്ത്യയെ മാറ്റാന്‍ എല്ലാ വിദ്യാര്‍ത്ഥികളേയും പൗരന്മാരേയും സംവദിക്കാന്‍ അനുവദിക്കുക. എല്ലാവരിലും സുരക്ഷിതത്വ ബോധം നിലനില്‍ക്കുന്ന നീതിപൂര്‍വ്വകമായ ഒരു ലോകത്തിനു വേണ്ടി സംസാരിക്കാന്‍ അവരെ അനുവദിക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍