അന്‍സോ തോം
21ാം എയ്ഡ്സ് സമ്മേളനത്തിന് സൗത്ത് ആഫ്രിക്കയിലെ ഡര്‍ബനില്‍ ഇന്നലെ തുടക്കം കുറിച്ചു. ഈ അവസരത്തില്‍ നമ്മള് ഓര്‍ക്കേണ്ടത് 16 വര്‍ഷം മുന്‍പ് ഡര്‍ബനിലെ കിംഗ്സ് പാര്‍ക്ക് മൈതാനത്ത് നടന്ന 13ാം സമ്മേളനത്തില്‍ സ്വന്തമായി എഴുതി തയാറാക്കിയ പ്രസംഗവുമായി പതിനായിരങ്ങള്‍ക്ക് മുന്നില്‍ നിന്ന് എയ്ഡ്സ് രോഗികള്‍ക്ക് വേണ്ടി വാദിച്ച ഇന്‍കോസി ജോണ്‍സനെയാണ്. 2001 ജൂണ്‍ 1ന് മരിക്കുമ്പോള്‍ ഇന്‍കോസി ആയിരുന്നു എച്ച്.ഐ.വി. പോസിറ്റീവ് ആയി ജനിച്ചിട്ടും 12 വയസ്സ് വരെ ജീവിച്ച ആഫ്രിക്കയിലെ ആദ്യത്തെ കുട്ടി.
1990കളില്‍ എയ്ഡ്സ് ബോധവല്‍ക്കരണത്തിനായി അക്ഷീണം പ്രവര്‍ത്തിച്ചു ഇന്‍കോസി. തനിക്ക് ജീവിച്ചിരിക്കാന്‍ എണ്ണപ്പെട്ട ദിവസങ്ങളെ ഉള്ളൂ എന്നറിഞ്ഞിട്ടും വിഷമിച്ചിരിക്കുകയോ തന്റെ വിധിയെ പഴിക്കുകയോ ചെയ്യാതെ അവന് തന്നെപ്പോലുള്ള അനേകം കുട്ടികള്‍ക്ക് തങ്ങളുടെ അമ്മമാരുടെ കൂടെ, അവരുടെ സ്നേഹവും ലാളനയും അനുഭവിച്ച് ജീവിക്കാനുള്ള അവസരം ഒരുക്കി. എയ്ഡ്സ് രോഗബാധിതന് ആയതിനാല്‍ തന്റെ അമ്മയില്‍ നിന്നും വേര്‍പെട്ടു ജീവിക്കേണ്ടി വന്ന ഇന്‍കോസി തനിക്ക് അനുഭവിക്കേണ്ടി വന്നത് വേറെ ആര്‍ക്കും സംഭവിക്കരുത് എന്ന ഉദ്ദേശത്തോടെ ഇന്‍കോസിയുടെ ആശ്രയം (Nkosi’s Haven) എന്ന പേരില്‍ എയിഡ്സ് രോഗബാധിതരായിട്ടുള്ള കുട്ടികള്‍ക്കും അമ്മമാര്‍ക്കും താമസിക്കാന്‍ വേണ്ടി ഒരു ശരണാലയം നിര്‍മിച്ചു.
1997ല്‍ ആണ് ഇന്‍കോസി ആദ്യമായി വാര്‍ത്തകളില്‍ ഇടം പിടിച്ചത്. മെല്പാര്ക്ക് പ്രൈമറി സ്കൂളില്‍ അഡ്മിഷന് വേണ്ടി എത്തിയ ഇന്കോസിയെ സ്കൂള്‍ അധികൃതര്‍ ഇക്കാരണം പറഞ്ഞു വിലക്കുകയും അത് ദേശീയ തലത്തില്‍ ചര്‍ച്ചകള്‍ക്ക് വഴി തെളിക്കുകയും ചെയ്തു. മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം അന്താരാഷ്ട്ര എയ്ഡ്സ് സമ്മേളനത്തില്‍ പ്രസംഗിക്കാന്‍ നില്ക്കുമ്പോള് ഇന്കോസിയ്ക്ക് അതിയായ ആവേശവും സന്തോഷവും ഉണ്ടായിരുന്നു. തനിക്ക് പറയാനുള്ളത് മുഴുവന്‍ കേള്‍ക്കാന്‍ നില്‍ക്കാതെ പ്രസിഡന്റ് താബോ ഇംബെകി പോയെന്ന് അറിഞ്ഞിട്ടും ആ ധീരന് തളര്‍ന്നില്ല. തന്നെപ്പോലുള്ള നൂറുകണക്കിന് വരുന്ന മനുഷ്യര്‍ക്ക് വേണ്ടി അവന് ലോകത്തെ സാക്ഷി നിര്‍ത്തി തന്റെ മനസ്സ് തുറന്നു.
2000 ജൂലൈയില്‍ പതിനായിരങ്ങള്‍ സാക്ഷി ആവുകയും ലോകം മുഴുവന്‍ തത്സമയ സംപ്രേക്ഷണം നടക്കുകയും ചെയ്ത ആ പ്രസംഗം ഇന്‍കോസി തുടങ്ങിയത് ഇങ്ങനെയാണ്.
‘നമസ്കാരം, എന്റെ പേര് ഇന്‍കോസി ജോണ്സണ്. എനിക്ക് 11 വയസ്സുണ്ട്. ജന്മനാ എയ്ഡ്സ് രോഗബാധിതന് ആയ ഞാന്‍ രണ്ടാം വയസ്സ് മുതല്‍ സമൂഹത്തെ ഭയന്ന് എന്റെ അമ്മയില്‍ നിന്നും വേര്‍പെട്ട് ജീവിക്കുകയാണ്. പണം ഇല്ലാത്തതിനാല്‍ ഞങ്ങള്‍ താമസിച്ചിരുന്ന ശരണാലയം അടച്ചുപൂട്ടേണ്ടി വന്നെങ്കിലും അതിന്റെ ഡയറക്ടര്‍ ആയ ഗെയ്ല് ജോണ്സണ് അമ്മയുടെ പൂര്‍ണ സമ്മതത്തോടെ എന്നെ ദത്തെടുക്കുകയായിരുന്നു. എന്റെ അമ്മയ്ക്ക് എന്നെ ജീവനുതുല്യം ഇഷ്ടമാണെന്ന് എനിക്കറിയാം. എങ്കിലും ഞാന്‍ നന്നായി ജീവിക്കുന്നത് കാണാന്‍ ആണ് എന്നില്‍ നിന്ന് അകന്നു കഴിഞ്ഞത്. ഇടയ്ക്ക് എന്നെ വന്നു കണ്ടിട്ടുപോകുമെന്നുള്ള കാര്യവും എനിക്കറിയാം. ഇപ്പോള്‍ എട്ടു വര്‍ഷമായി എന്റെ വളര്‍ത്തമ്മ ആയ ഗെയ്ലിന്റെ കൂടെയാണ് താമസം.

എന്നെ വളരെയധികം വിഷമിപ്പിക്കുന്ന ഒരു രോഗം ആണ് എയ്ഡ്സ്. എന്നെപ്പോലുള്ള നൂറുകണക്കിന് കുട്ടികള്‍ക്ക് ഈ രോഗം മൂലം തങ്ങളുടെ അമ്മമാരില്‍ നിന്നും മാറി കഴിയേണ്ട അവസ്ഥ ഉണ്ട്. ഇത് മാറണം.
എയ്ഡ്സ് രോഗബാധിതരായിട്ടുള്ള ഗര്‍ഭിണികളായ അമ്മമാര്‍ക്ക് ശിശുക്കളിലേക്ക് രോഗം പടരാതിരിക്കാന്‍ ആയി ഇനിയെങ്കിലും സര്‍ക്കാര്‍ എ.സെഡ്.ടി. (AZT) കുത്തിവെപ്പ് നല്‍കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. എയ്ഡ്സ് മൂലം എന്റെ അമ്മയില്‍ നിന്ന് വേര്‍പെട്ടു ജീവിക്കേണ്ടി വന്ന എന്റെ ഗതി മറ്റൊരാള്‍ക്ക് വരാതിരിക്കാന്‍ വേണ്ടി ഗെയ്ലിനും എനിക്കും എന്തെങ്കിലും ചെയ്യണം എന്നുണ്ടായിരുന്നു. അത്തരത്തില്‍ ഒരു ശരണാലയം ആയ ഇന്‍കോസിയുടെ ആശ്രയം തുടങ്ങിയിട്ട് ഒരു വര്‍ഷം ആയ കാര്യം സസന്തോഷം ഞാനിവിടെ അറിയിക്കട്ടെ. ഇപ്പോള്‍ ഞങ്ങളുടെ കൂടെ 10 അമ്മമാരും 15 കുട്ടികളും ഉണ്ട്. അടുത്ത വര്‍ഷം അവസാനത്തോടെ അഞ്ച് ശാഖകള്‍ കൂടി തുടങ്ങണം എന്നാണ് ഞങ്ങളുടെ ആഗ്രഹം.
വലുതാകുമ്പോള്‍ എനിക്ക് ലോകം മുഴുവന്‍ എയ്ഡ്സിന് എതിരെ ബോധവല്‍ക്കരണം നടത്തണം. ധാരാളം ആളുകളോട് സംസാരിക്കുകയും എയ്ഡ്സ് രോഗം ഉള്ളവരെ മനുഷ്യരായി കണ്ട് സ്നേഹിക്കാന്‍ അഭ്യര്‍ഥിക്കുകയും വേണം. എയ്ഡ്സ് ഉള്ളവരെ തൊട്ടാലോ ആലിംഗനം ചെയ്താലോ ചുംബിച്ചാലോ രോഗം പകരുകയില്ല എന്ന് മനസ്സിലാക്കി കൊടുക്കണം. ഞങ്ങള്‍ക്കും ജീവിക്കണം. സ്നേഹിക്കപ്പെടണം. ഞങ്ങളും മനുഷ്യരാണ്. ഞങ്ങള്‍ക്കും കൈകളും കാലുകളും ഉണ്ട്. മറ്റുള്ളവര്‍ ഉള്ള ആഗ്രഹങ്ങള്‍ ഞങ്ങള്‍ക്കും ഉണ്ട്. നമ്മളെല്ലാവരും ഒന്നാണ്’
ഡര്‍ബനിലെ തന്റെ പ്രസംഗത്തിന് ശേഷം അമേരിക്കയിലേക്ക് പോകാനായി വളരെ ഉത്സാഹത്തോടെ ആണ് ഇരുന്നത്. തന്നെ വളരെയേറെ ചിരിപ്പിക്കുന്ന ഹാസ്യ നടന് ആയ റോബിന് വില്യംസിനെ നേരിട്ട് കാണുന്നതിനെ പറ്റി അവന് വാതോരാതെ സംസാരിച്ചു കൊണ്ടിരുന്നു. എന്നാല്‍ അമേരിക്കയില്‍ നിന്നും തിരിച്ചെത്തിയ ശേഷമുള്ള ക്രിസ്തുമസിന് ഇന്‍കോസി തളര്‍ന്നു വീണു. തലച്ചോറിനേറ്റ കാര്യമായ ക്ഷതമായിരുന്നു കാരണം. തുടരെയുള്ള ചുഴലികള്‍ക്ക് ശേഷം കോമയിലായ ഇന്‍കോസി 2001 ജൂണ്‍ 1നു മരിച്ചു.
ഇത്തവണ ഡര്‍ബനിലെ സമ്മേളനത്തിന് പോകുന്നവര്‍ ആരും തന്നെ പൊള്ളയായ വാഗ്ദാനങ്ങള്‍ കേള്‍ക്കാന്‍ മനസ്സുള്ളവരല്ല. ഇന്‍കോസി തുടങ്ങിവെച്ച ലക്ഷ്യം സഫലമാക്കാന്‍ ഇറങ്ങി തിരിച്ചവരാണ്. ഇവര്‍ക്കെല്ലാം കരുത്തായി സമ്മേളന മൈതാനത്ത് എങ്ങും ഇന്‍കോസിയുടെ സാന്നിധ്യം ഉണ്ടാവുമെന്ന് ഉറപ്പ്.
(കടപ്പാട്: ദി ഗാര്ഡിയന്)