UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുത്തലാഖ് നിര്‍ത്തണം: പ്രധാനമന്ത്രിക്ക് ഭര്‍ത്താവ് ഉപേക്ഷിച്ച ഗര്‍ഭിണിയായ മുസ്ലീം യുവതിയുടെ കത്ത്

ഭര്‍ത്താവും സഹോദരങ്ങളും ഗര്‍ഭച്ഛിദ്രത്തിനായി തന്നെ നിര്‍ബന്ധിക്കുകയാണെന്നും യുവതി കത്തില്‍ ആരോപിക്കുന്നു.

മുത്തലാഖിലൂടെ വിവാഹബന്ധം വേര്‍പെടുത്താന്‍ നിര്‍ബന്ധിക്കപ്പെടുന്ന, ഗര്‍ഭിണിയായ മുസ്ലീം യുവതി സഹായം അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരിക്കുന്നു. ഭര്‍ത്താവും സഹോദരങ്ങളും ഗര്‍ഭച്ഛിദ്രത്തിനായി തന്നെ നിര്‍ബന്ധിക്കുകയാണെന്നും യുവതി കത്തില്‍ ആരോപിക്കുന്നു. ഉത്തര്‍പ്രദേശിലെ ബുദ്ധഖേദ ഗ്രാമത്തില്‍ നിന്നുള്ള പരാതിക്കാരി, രണ്ട് കുട്ടികളുടെ അമ്മയാണ്.

വിവാഹമോചനത്തിന് വിസമ്മതിച്ചതോടെ മുത്തലാഖ് ചൊല്ലി ഭര്‍ത്താവ് വിവാഹമോചനം നേടിയതായും തന്നെ വീട്ടില്‍നിന്നും ഇറക്കിവിട്ടതായും യുവതി വ്യക്തമാക്കി. കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ഭര്‍ത്താവ് തന്റെ അടിവയറ്റില്‍ തൊഴിച്ചതായും യുവതി കത്തില്‍ ആരോപിക്കുന്നു. കത്തിന്റെ ഒരു പകര്‍പ്പ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും അയച്ചിട്ടുണ്ട്.
അഞ്ച് വര്‍ഷം മുമ്പാണ് ഇവര്‍ ഷംഷാദ് എന്നയാളെ വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ രണ്ടു കുട്ടികളുണ്ടായെങ്കിലും രണ്ടും പെണ്‍കുട്ടികളായത് ഭര്‍തൃവീട്ടുകാരെ ഇവര്‍ക്ക് എതിരാക്കി. മൂന്നാം തവണയും പെണ്‍കുട്ടിയാകുമെന്ന ഭയത്താല്‍ ഭര്‍ത്താവും വീട്ടുകാരും ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കുകയാണെന്നാണ് യുവതിയുടെ പരാതി.

ഇക്കാര്യത്തില്‍ നീതി ലഭിക്കാന്‍ ഇടപെടണമെന്നും മുസ്ലീം സ്ത്രീകളുടെ അവകാശങ്ങളെ ഹനിക്കുന്ന ‘മുത്തലാഖ്’ സമ്പ്രദായം അവസാനിപ്പിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും എഴുതിയ കത്തുകളില്‍ ഇവരുടെ ആവശ്യം. മുത്തലാഖിന്റെ പേരില്‍ മുസ്‌ലിം സ്ത്രീകളുടെ ജീവിതം നശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി മോദി ഇക്കഴിഞ്ഞ ഒക്ടോബറില്‍ യുപിയില്‍ പ്രസംഗിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍