UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഈ വ്യവസ്ഥ രക്തദാഹിയാണ്; രോഹിത് വെമുലക്ക് ഒരു മൂന്നാംലിംഗ സുഹൃത്തിന്റെ കത്ത്

Avatar

കാര്‍ത്തിക് ബിട്ടു കൊണ്ടയ്യ

രോഹിത്, ജീവിച്ചിരുന്നപ്പോള്‍ നമ്മള്‍ പര്‍സ്പരം കത്തെഴുതിയിരുന്നു. മരിക്കുന്നതിന് മുമ്പ് നീയെഴുതിയ കത്ത് എന്നെ ജീവിതകാലം മുഴുവന്‍ നിനക്കു മറുപടിയെഴുതാന്‍ തക്ക ശക്തിയുള്ളതാണ്.

ദളിത് വിദ്യാര്‍ത്ഥികളുടെ സ്ഥാപനവത്കൃത  കൊലപാതകങ്ങളില്‍  ഇന്നോളമുണ്ടാകാത്ത വിധം രാജ്യത്തു പ്രതിഷേധം കത്തുന്നതിനിടയിലാണ് ഞാനിതെഴുതുന്നത്. ഹൈദ്രാബാദ് സര്‍വകലാശാലയില്‍ ഒരു വാര്‍ഷിക പരിപാടിയായി മാറിയ (അംബേദ്കര്‍ വിദ്യാര്‍ത്ഥി സംഘം  കാമ്പസ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ജയിച്ച വര്‍ഷമൊഴിച്ച്) ഓരോ ദളിത് വിദ്യാര്‍ത്ഥിയുടെ മരണത്തിന് ശേഷവും, നീ നീതിക്കായി പോരാടി. നിന്റെ കത്തുവായിച്ച ലക്ഷക്കണക്കിനാളുകളുടെ ഹൃദയത്തെ നീ സ്പര്‍ശിച്ചു. കാരണം ലോകമെങ്ങിനെയാകണമെന്ന് നീ എങ്ങനെയാഗ്രഹിച്ചോ അതുപോലെയായിരുന്നു ആ കത്തും- സുന്ദരം, സത്യസന്ധം, നിറഞ്ഞ അത്ഭുതം, വിനയം, വിശാലത. നിന്റെ കത്ത് നിന്നെ നേരിട്ടു കാണാത്ത നിരവധിപേര്‍ക്ക് നമുക്ക് നഷ്ടപ്പെട്ടത് എന്തു എന്നതിന്റെ ഒരു സൂചന തരുന്നു. അതുകൊണ്ടാണ് എത്രയോ ആളുകള്‍ ഇതില്‍ വിലപിക്കുന്നത്. നിന്റെ ആകര്‍ഷണീയതയെ കീറിയെറിഞ്ഞാല്‍ മാത്രമേ വിജയിക്കാനാകൂ എന്നു വലതുപക്ഷം ഇതിനകം മനസിലാക്കിയിരിക്കുന്നു.

അതുകൊണ്ടാണ് തെറ്റായി പലയിടത്തും വന്ന ചില കാര്യങ്ങള്‍ വ്യക്തമാക്കാനാണ് ഞാനീ കത്തെഴുതുന്നത്: സര്‍വകലാശാല വളപ്പിലെ സുരക്ഷാ ജീവനക്കാര്‍, പൊലീസ്, കാമ്പസ് ഡോക്ടര്‍, എന്നിവരടക്കമുള്ള നിരവധി സാക്ഷികള്‍ക്കറിയാം നിനക്കെതിരെ ABVP നേതാവ് നല്കിയത് കള്ളക്കേസാണെന്ന്. നീതിക്കു വേണ്ടിയുള്ള വിദ്യാര്‍ത്ഥികളുടെ സമരത്തെ ഞങ്ങള്‍ സര്‍വകലാശാലയിലെ അദ്ധ്യാപകര്‍ പിന്തുണച്ചിരുന്നുവെങ്കിലും രാഷ്ട്രീയ സമ്മര്‍ദത്തില്‍ സത്യത്തോടൊപ്പം ഞങ്ങളുടെ അഭിപ്രായങ്ങളെയും മുക്കിക്കളഞ്ഞു.

ഈ ലോകത്തില്‍ ജീവിക്കുന്നതു നിനക്കെത്രമാത്രം വേദനാജനകമായിരുന്നു എന്നതിന്റെ ഒരംശം മാത്രമേ എനിക്കറിയൂ. എന്നിട്ടും നീയെങ്ങിനെ ഈ ലോകത്തെ സ്നേഹിച്ചു, പ്രപഞ്ചത്തെ. നിനക്കു മനുഷ്യരിലാണ് പ്രതീക്ഷ നഷ്ടപ്പെട്ടത്. കാരണം അവര്‍, ഞങ്ങള്‍, നിന്നില്‍ അതിക്രൂരമായി വേദന നിറച്ച, നീ അക്ഷീണം, അക്ഷമനായി പോരാടിയ, ജാതിയുടെ കൂര്‍ത്ത കൊമ്പുകളില്ലാത്ത ഒരു ലോകത്തെ സൃഷ്ടിക്കുന്നതില്‍ പരാജയപ്പെട്ടു. ഓരോ അനീതിയും നിന്നെ അസ്വസ്ഥനാക്കി. ഈ ലോകം അതറിയണം. ഈ കത്ത് നിന്റെ സഹോദരനും അമ്മയ്ക്കും അയക്കും, അവരും അറിയണം. അപൂര്‍വമായ വിലപ്പെട്ട ശൌര്യത്തോടെ, മെയ്ദിന ജാഥയ്ക്ക് ശേഷം ഭക്ഷണം പാകം ചെയ്യുന്നതിന് നീ വിയര്‍പ്പൊഴുക്കി വിറകുകീറിയത് ഞാന്‍ ഒരിയ്ക്കലും മറക്കില്ല. സര്‍വകലാശാലയിലെ ആദ്യ മൂന്നാംലിംഗ വ്യക്തി എന്ന നിലക്ക്, എന്റെ ഹിജഡ സഹോദരിമാരോടും മൂന്നാംലിംഗ കുടുംബത്തോടുമൊപ്പം തെലങ്കാന ഹിജഡ, മൂന്നാംലിംഗ സമിതിയില്‍ മൂന്നംലിംഗക്കാരുടെ ആത്മാഭിമാന പ്രഖ്യാപനത്തിനുള്ള ഒരുക്കങ്ങള്‍ നടത്തവേ നീയായിരുന്നു എന്നെ സഹായിക്കാനെത്തിയത്. അംബേദ്കര്‍ വിദ്യാര്‍ത്ഥി സംഘം കാമ്പസില്‍ ആദ്യമായിറക്കിയ മൂന്നാംലിംഗ നീതിക്കായുള്ള പോസ്റ്ററിനും നീയായിരുന്നു അദ്ധ്വാനിച്ചത്. വിശദമായൊരു പോസ്റ്ററായിരുന്നു അത്- നിരവധി ദിവസങ്ങള്‍ അതിനുവേണ്ടിയുള്ള വായനകള്‍ക്കായി നീയെടുത്ത് എന്നു ഞാന്‍ തിരിച്ചറിഞ്ഞു.

നീ ഒരു ശാസ്ത്രജ്ഞനാകാന്‍ ആഗ്രഹിക്കുന്നയാള്‍ മാത്രമല്ല എന്നു ആളുകള്‍ അറിയണമെന്ന് എനിക്കാഗ്രഹമുണ്ടായിരുന്നു. നീ ഒരു ഗവേഷകനായിക്കഴിഞ്ഞിരുന്നു. യുക്തിയും അറിവിനായുള്ള ദാഹവും നിന്റെ സമീപനങ്ങളെ വ്യക്തതയുള്ളതാക്കി. മിക്ക ശാസ്ത്ര വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ശാസ്ത്രത്തെ യുക്തിയില്‍നിന്നും വിട്ടുമാറിയ പതിവു പരീക്ഷണശാല പരിപാടിയായി കണ്ടപ്പോള്‍, ഉച്ചകഴിഞ്ഞു പ്രമേഹത്തിന്റെ ജനിതക അടിസ്ഥാനത്തെക്കുറിച്ച് അന്വേഷിക്കുമ്പോഴും ജാതിവാലുകള്‍ തൂക്കി നടക്കുന്നതില്‍ ലജ്ജയില്ലാതിരുന്നപ്പോള്‍, ശാസ്ത്രത്തെ അനുസരണയുള്ള ചോദ്യം ചെയ്യാത്ത ഒരു പഠനത്തിന് സമാനമാക്കിയ ഒരു ബ്രാഹ്മണ മേധാവിത ശാസ്ത്ര, അധികാര സ്ഥാപനം എ ബി വി പിയിലേക്ക് മിക്ക വിദ്യാര്‍ത്ഥികളെയും ആട്ടിത്തെളിച്ചപ്പോള്‍, നീയായിരുന്നു വിലങ്ങുകളെ പൊട്ടിച്ചത്. നിനക്കറിയാമായിരുന്നു ചരിത്രപരമായി ശാസ്ത്രത്തിലെ ഗതിമാറ്റങ്ങള്‍ സൃഷ്ടിച്ചത് അധികാരത്തെ ചോദ്യം ചെയ്തവരും അതിനു ജീവന്‍ ബലി നല്‍കിയവരുമാണെന്ന്.

നീ മരിച്ച അതേ ദിവസത്തിന് ഒരു വര്‍ഷം മുമ്പാണ് പ്രവാളിക എന്ന മൂന്നാംലിഗ സ്ത്രീയെ ഒരാള്‍ കല്ലും കത്തിയും ഉപയോഗിച്ച് അതിക്രൂരമായി കൊന്നത്. അതിനകം 30 മൂന്നാം ലിംഗ സ്ത്രീകളെ ആക്രമിച്ചിരുന്നു അയാള്‍. ഒരനീതി മാരകമല്ലെങ്കില്‍ വ്യവസ്ഥ നീതിയുടെ നേര്‍ക്ക് നീങ്ങില്ലെന്ന് നീ കാണിച്ചുതന്നു. ആ ആക്രമണങ്ങളില്‍ ഒന്നിലെങ്കിലും അയാളെ പിടികൂടിയെങ്കില്‍ പ്രവാളിക മരിക്കില്ലായിരുന്നു. പക്ഷേ ഈ വ്യവസ്ഥ രക്തദാഹിയാണ്. അപ്രവചനീയമായ രീതികളില്‍ പ്രതികരിക്കുന്നതിന് മുമ്പ് സമൂഹത്തിന് ശവശരീരങ്ങള്‍ വേണം. വ്യവസ്ഥാപിതമായ മാറ്റം വരുത്തലാണ് കഠിനം. സര്‍വകലാശാലകള്‍ പഠനത്തിന്റെയും ചോദ്യം ചെയ്യലിന്റെയും കേന്ദ്രങ്ങളാകണം. അനുസരണയുള്ള യന്ത്രമനുഷ്യരുള്ള അഗ്രഹാരങ്ങളല്ല.

നമ്മള്‍ എന്റെ ജാതിയെക്കുറിച്ചും വര്‍ഗാനുകൂല്യങ്ങളെക്കുറിച്ചും സംസാരിച്ചു. ദശലക്ഷക്കണക്കിന് ബുദ്ധിയും വിവേകവും ചോദ്യം ചെയ്യുന്നവരും അത്യധ്വാനികളുമായ മനുഷ്യരെ ഇതേ സംവിധാനം തകര്‍ക്കുകയും ഒഴിവാക്കുകയും നിയന്ത്രിക്കുകയും നിന്ദിക്കുകയും ചെയ്യുമ്പോള്‍ ഞാനിവിടെ സര്‍വകലാശാലയില്‍ അദ്ധ്യാപകനായി ഇരിക്കുന്നതിന് അവ മാത്രമാണു കാരണങ്ങങ്ങളാകുന്നതിനെക്കുറിച്ചു പറഞ്ഞു. ജാതിയും വര്‍ഗവും ലിംഗവിവേചനവും ഇല്ലാതാക്കാന്‍ നീ പോരാടി; വ്യവസ്ഥയ്ക്കകത്ത് ചെയ്യേണ്ട ഓരോ അനുരഞ്ജനത്തിന്റെയും പേരില്‍ അവനവനെ വെറുത്തു. അപ്പോഴൊക്കെ എന്റെ ഒത്തുതീര്‍പ്പുകള്‍ നിന്നെക്കാളും എത്രയോ വലുതായിരുന്നു. ഇന്ന് ഞാന്‍, ഞങ്ങള്‍ നിന്റെ മരണത്തിന് കുറ്റക്കാരാണ്.

(ഹൈദരാബാദ് സര്‍വകലാശാലയില്‍ അദ്ധ്യാപകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍