UPDATES

സിനിമ

ലെവിയാതന്റെ സംവിധായകന്‍ വഞ്ചകനെന്ന് റഷ്യന്‍ ഭരണകൂടവും പള്ളിയും

Avatar

ഹെന്‍റി മേയര്‍, സ്റ്റെപന്‍ ക്രവ്ചെങ്കോ
(ബ്ലൂംബര്‍ഗ് ന്യൂസ്)

വ്ലാഡിമിര്‍ പുടിന്‍ ഭരിക്കുന്ന റഷ്യയില്‍ ചര്‍ച്ചിന്റെയും സ്റ്റേറ്റിന്റെയും അധികാര പ്രയോഗങ്ങള്‍ എത്രത്തോളം ജീവിതം അസഹ്യമാക്കുന്നുവെന്നാണ് ഇത്തവണ വിദേശ ചിത്രത്തിനുള്ള ഓസ്‌കറിന് നാമനിര്‍ദേശം ചെയ്യപ്പെട്ട ‘ലെവിയാതന്‍’ എന്ന സിനിമ പറയുന്നത്. സിനിമ അവസാനിക്കുന്നത് മരണത്തിലും നിരാശയിലുമാണെങ്കിലും റഷ്യയിലെ ജനങ്ങളെ ബോധവാന്മാരാക്കാനുള്ള ശ്രമമാണ് സംവിധായകന്‍ ആന്‍ഡ്രി സ്യാഗിന്‍സേവ് നടത്തിയിരിക്കുന്നത്.

”ഒരു ഡോക്ടര്‍ കൃത്യമായി രോഗനിര്‍ണയം നടത്തുന്നതിലൂടെ ആ രോഗത്തെ അതിജീവിക്കാനുള്ള വഴിയാണ് കണ്ടെത്തുന്നത്. തങ്ങളുടെ അവകാശങ്ങളെപ്പറ്റി റഷ്യയിലെ ജനങ്ങള്‍ക്ക് കൃത്യമായ അവബോധമില്ല. സര്‍ക്കാറിന്റെ സേവനങ്ങള്‍ക്ക് അവര്‍ അര്‍ഹരാണ്, എന്തെന്നാല്‍ അവര്‍ ചൊവ്വയില്‍ നിന്നോ മറ്റോ വന്ന അന്യഗ്രഹ ജീവികളല്ല.” സ്യാഗിന്‍സേവിന്റെ വാക്കുകളാണിത്.

അനുകമ്പാപൂര്‍ണമല്ലാത്ത ഭരണം ജീവിതത്തെ അരോചകവും ക്രൂരവും ഹ്രസ്വവുമാക്കുമെന്ന ഇംഗ്ലീഷ് തത്വശാസ്ത്രജ്ഞന്‍ തോമസ് ഹോബ്‌സിന്റെ വാദത്തെ പിന്തുടരുന്ന ‘ലെവിയാതന്‍’ പ്രദര്‍ശന വിജയം നേടിക്കഴിഞ്ഞു. സിനിമയുടെ പതിനെട്ടു ലക്ഷത്തിലേറെ വ്യാജ കോപ്പികള്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഇത് ഏകദേശം 60 ലക്ഷം പേരെങ്കിലും കണ്ടിട്ടുണ്ടാകുമെന്നുമാണ് നിര്‍മാതാവ് അലക്‌സാണ്ടര്‍ റോഡ്‌നയായന്‌സ്‌കിന്റെ കണക്കുകൂട്ടല്‍.

മൂന്നില്‍ രണ്ട് റഷ്യക്കാരും തങ്ങളുള്‍പ്പെടുന്നതെന്ന് അവകാശപ്പെടുന്ന റഷ്യന്‍ സര്‍ക്കാരിനെയും ഓര്‍ത്തഡോക്‌സ് ചര്‍ച്ചിനെയും സിനിമ വിഷമിപ്പിച്ചിട്ടുണ്ട്. യുക്രെയ്‌നിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ടുള്ള ഒറ്റപ്പെടല്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ അധികാര വര്‍ഗത്തെ പരസ്യമായി അപഹസിച്ചും അസ്തിത്വപരമായ നിരാശയെ പ്രോത്സാഹിപ്പിച്ചും ജനിച്ച നാടിനെ കൈവെടിഞ്ഞതിന് റഷ്യന്‍ സാംസ്‌കാരിക മന്ത്രി വ്‌ളാദ്മിര്‍ മെഡിന്‍സ്‌കി സംവിധായകന്‍ സ്യാഗിന്‍സേവിനെ കുറ്റപ്പെടുത്തിയിരുന്നു. പ്രശസ്തിയും ചുവപ്പ് പരവതാനിയും സുവര്‍ണ പുരസ്‌കാരങ്ങളും മാത്രമാണ് സ്യാഗിന്‍സേവ് ഇഷ്ടപ്പെടുന്നതെന്ന് വ്യക്തമായതായും റഷ്യന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ മന്ത്രി പറയുകയുണ്ടായി. എന്നാല്‍ വൈരുദ്ധ്യമെന്ന പറയട്ടെ, ചിത്രത്തിന് ചെലവായ തുകയുടെ മൂന്നിലൊന്ന് വരുന്ന 7.5 മില്യണ്‍ ഡോളര്‍ തുക അതായത് 34 കോടിയിലധികം രൂപ നല്‍കിയത് സാംസ്‌കാരിക മന്ത്രാലയമാണ്. സിനിമാ വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായിട്ടായിരുന്നു അത്.

അഴിമതിക്കാരനായ ബിഷപ്പിനെ കഥാപാത്രമാക്കിയ സിനിമ റഷ്യയെക്കുറിച്ചുള്ള മിത്തുകളെ മനപ്പൂര്‍വ്വം പിന്തുണക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനാല്‍ അപകടകാരിയാണെന്ന് അഭിപ്രായപ്പെട്ട് റഷ്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചും രംഗത്ത് വന്നിരുന്നു. പടിഞ്ഞാറുള്ള പ്രേക്ഷകര്‍ക്ക് വേണ്ടി, പ്രത്യേകിച്ചും അവിടെയുള്ള ധനികര്‍ക്ക് വേണ്ടിയാണ് സിനിമ ഉണ്ടാക്കിയിരിക്കുന്നതെന്നും ചര്‍ച്ച് ആരോപിക്കുന്നു.

വിജനവും വിശാലവുമായ ഒരു തീരപ്രദേശം പശ്ചാത്തലമായുള്ള സിനിമയില്‍ മദ്യപാനിയും മദ്ധ്യവയസ്‌കനുമായ കോല്യ എന്ന മെക്കാനിക്കാണ് കേന്ദ്ര കഥാപാത്രം. അയാളുടെ സമ്പത്ത് അന്യായമായി കൈക്കലാക്കാന്‍ നിശ്ചയിച്ച പ്രദേശത്തെ മേയറുമായുള്ള ഒറ്റയാള്‍ പോരാട്ടത്തില്‍ അയാള്‍ക്ക് എല്ലാം നഷ്ടമാകുന്നു. 

”നിങ്ങളെല്ലാം കീടങ്ങളാണ്.” കുടിച്ച് ബോധമില്ലാതെ കോല്യയുടെ വീട്ടില്‍ അര്‍ദ്ധരാത്രിയെത്തി തനിക്കനുകൂലമായ പുറപ്പെടുവിച്ച കോടതി വിധിയെ സൂചിപ്പിച്ചു കൊണ്ട് മേയര്‍ ആക്രോശിക്കുന്നുണ്ട്, ”നിനക്ക് ഒരിക്കലും ഒരു തരത്തിലുമുള്ള അവകാശങ്ങളില്ലായിരുന്നു, ഇനി നിനക്ക് അവകാശങ്ങളുണ്ടാകാനും പോകുന്നില്ല.”

മോസ്‌കോയിലെ അഭിഭാഷകനായി ജോലി ചെയ്യുന്ന കോല്യയുടെ സുഹൃത്ത് മേയറിനെ ഓഫീസിലെത്തി കാണുകയും അയാളുടെ കുറ്റകൃത്യങ്ങളുടെ തെളിവുകള്‍ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുമ്പോള്‍ ചുമരില്‍ തൂക്കിയിട്ട പ്രസിഡന്റെ വ്‌ളാദ്മിര്‍ പുടിന്റെ ചിത്രം മൂകസാക്ഷിയാകുന്നു. വിരണ്ടുപോയ മേയര്‍ ഉപദേശം തേടിയെത്തുന്നത് ബിഷപ്പിന്റെ അരികിലാണ്.

”നീ ചെയ്യുന്നത് ദൈവത്തിന്റെ ജോലിയാണ്”, വോഡ്ക നുണഞ്ഞു കൊണ്ട് ഇങ്ങനെയാണ് ബിഷപ്പ് മേയറിനെ ആശ്വസിപ്പിക്കുന്നത്. ”നിന്റെ ശക്തി ഉപയോഗിച്ച് പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുക, സഹായം ചോദിച്ച് ചെന്ന് നീ അശക്തനാണെന്ന് എതിരാളിക്ക് തോന്നിക്കാതിരിക്കുക. സത്യത്തില്‍ ഞാന്‍ നിന്നെ ഒരു കുട്ടിയെ എന്ന പോലെ ഉപദേശിക്കേണ്ടിയിരിക്കുന്നു.”

‘ലെവിയാതന്‍’ മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്‌കാര്‍ നേടുകയാണെങ്കില്‍ 1994ല്‍ ‘ബേണ്‍ട് ബൈ ദി സണ്‍’ എന്ന ചിത്രത്തിന് നികിതാ മികല്‍കോവിന് ശേഷം പുരസ്‌കാരത്തിനര്‍ഹനാകുന്ന ആദ്യ റഷ്യക്കാരനാകും 50 വയസുകാരനായ സ്യാഗിന്‍സേവ്.

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം നേടിക്കഴിഞ്ഞ ചിത്രം ഗോള്‍ഡന്‍ ഗ്ലോബില്‍ മികച്ച വിദേശ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഓസ്കറിന് നാമനിര്‍ദേശം ചെയ്യപ്പെട്ട സിനിമകളുടെ ചുരുക്കപ്പട്ടികയില്‍ ഇടംനേടിയ 5 ചിത്രങ്ങളില്‍ ഒന്നാണ് ‘ലെവിയാതന്‍’, ഈ മാസം 22ാം തിയതിയാണ് പ്രഖ്യാപനമുണ്ടാവുക.

ഗംഭീരവും പ്രകോപനപരവുമായ ചിത്രമാണ് ‘ലെവിയാതന്‍’ എന്ന് ന്യൂയോര്‍ക്ക് ടൈംസ് വിലയിരുത്തുമ്പോള്‍, ചിത്രം ശക്തവും ക്രൂരവും കൊടുംപകയുള്ളതുമായ ഭരണകൂടത്തെ എതിരിടുന്ന മനുഷ്യനെക്കുറിച്ചുള്ള ഒരു റഷ്യന്‍ മാസ്റ്റര്‍ പീസാണെന്നാണ് ദി ഗാര്‍ഡിയന്റെ വിലയിരുത്തല്‍.

ബൈബിളിലെ ഇയ്യോബിന്റെ കഥ ഭാഗികമായി കടംകൊള്ളുന്നുണ്ടെങ്കിലും മാര്‍വിന്‍ ഹീമെയര്‍ എന്നയാളുടെ ദുരന്ത ജീവിതത്തിന്റെ കഥയാണ് യഥാര്‍ഥത്തില്‍ സിനിമയുടെ പ്രചോദനമെന്ന് സ്യാഗിന്‍സേവ് പറയുന്നു. അമേരിക്കയിലെ കൊളോറാഡോ നഗരത്തില്‍ റിപ്പയര്‍ കട നടത്തുന്ന ഹീമേയര്‍ പ്രദേശിക ഭരണകൂടവുമായുണ്ടായ തര്‍ക്കത്തിനൊടുവില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് സിറ്റി ഹാളും മുന്‍ മേയറുടെ വീടും തകര്‍ത്തതിന് ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. ‘ലെവിയാതന്‍’ കഥ പറയുന്നത് റഷ്യ കേന്ദ്രീകരിച്ചാണെങ്കിലും വ്യക്തികളെ നശിപ്പിക്കുന്ന സര്‍വ്വശക്തമായ ഭരണകൂടമെന്ന പ്രമേയം സാര്‍വത്രികമായ ഒന്നാണെന്നും സ്യാഗിന്‍സേവ് നിരീക്ഷിക്കുന്നുണ്ട്. ടിവിയിലും തിയറ്ററുകളിലും പൊതുപരിപാടികളിലും അശ്ലീലമായ കാര്യങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള പുതിയ നിയമമനുസരിച്ച് ശാപവാക്കുകള്‍ സിനിമയുടെ റഷ്യന്‍ പതിപ്പില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഇത്തരം നടപടികള്‍ സിനിമയെ സംബന്ധിച്ചിടത്തോളം വിഡ്ഢിത്തമായിട്ടാണ് താന്‍ കരുതുന്നതെന്നും സ്യാഗിന്‍സേവ് പറയുന്നു. 

എന്നാല്‍ ഇതൊന്നും ചിത്രത്തിന്റെ വാണിജ്യസാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ചിട്ടില്ല. റഷ്യയില്‍ 450 തിയറ്ററുകളിലായി 650 സ്‌ക്രീനുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കാനൊരുങ്ങുകയാണ് നിര്‍മാതാവ് റോഡ്‌ന്യാന്‍സ്‌കി. അദ്ദേഹത്തിന്റെ അനുമാനത്തില്‍ ഇത്രയും ചര്‍ച്ച ചെയ്യപ്പെട്ട മറ്റൊരു റഷ്യന്‍ ചിത്രം 1988ല്‍ പുറത്തിറങ്ങിയ ലിറ്റില്‍ വേറ ആയിരുന്നു. 2013ല്‍ പുറത്തിറങ്ങി സാമ്പത്തിക വിജയമായിരുന്ന യുദ്ധ ചിത്രം സ്റ്റാലിന്‍ഗ്രേഡിന്റെ നിര്‍മാതാവ് കൂടിയാണ് അലക്‌സാണ്ടര്‍ റോഡ്‌ന്യാന്‍സ്‌കി.

അധികാരത്തിലിരിക്കുന്നവരില്‍ നിന്ന് നേരിടേണ്ടി വന്ന അപമാനത്തെ, റഷ്യയിലെ മുഖ്യധാരാചിന്തകളെ ചോദ്യം ചെയുന്നതിനെതിരെ വളര്‍ന്നു വരുന്ന അസഹിഷ്ണുതയുടെ തെളിവായിട്ടാണ് സംവിധായകന്‍ സ്യാഗിന്‍സേവ് കാണുന്നത്. ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം നേടിയപ്പോള്‍ ഒദ്യോഗികതലത്തില്‍ നിന്ന് ഒരു പ്രശംസപോലും കിട്ടാത്തതില്‍ അദ്ദേഹം പരിതപിക്കുന്നുണ്ട്.

തന്നെ ദേശവഞ്ചകനെന്ന് ആരോപിക്കുന്ന ചര്‍ച്ചിന്റെയും സ്‌റ്റേറ്റിന്റെയും അനുഭാവികള്‍ക്കായി, സ്റ്റാലിന്‍ ഭരണകൂടത്തിനെതിരായുള്ള വെളിപ്പെടുത്തലുകളാല്‍ സോവിയറ്റ് സമൂഹത്തിന്റെ ബോധത്തെ തന്നെ മാറ്റി മറിച്ച റഷ്യന്‍ നോവലിസ്റ്റ് അലക്‌സാണ്ടര്‍ സോള്‍ഴെനിറ്റ്‌സിനെയുടെ വാക്കുകള്‍ സ്യാഗിന്‍സേവ് ആവര്‍ത്തിക്കുന്നു.

”ഒരു ദേശസ്‌നേഹി ജനിച്ച നാടിനെയാണ് സ്‌നേഹിക്കുന്നത്, അല്ലാതെ സ്‌റ്റേറ്റിനെയല്ല.”

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍