UPDATES

സിനിമ

ലിവെയ്തൻ – കടൽ പിശാചുക്കളെ ചൂണ്ടയിടുമ്പോൾ

Avatar

സർജു

ദേശത്തിന്റെ അധികാര വ്യവസ്ഥയോടുള്ള കേവല പ്രതികരണങ്ങളായി കലയിലെ രാഷ്ട്രീയത്തെ പരിമിതപ്പെടുത്താനാവില്ല. സംസ്കാരവും മൂല്യബോധവും എങ്ങനെ വ്യവസ്ഥയെ പാലിക്കുന്നു, പോഷിപ്പിക്കുന്നു എന്ന് പുറമേ നോക്കി തിരിച്ചറിയാനുമാകില്ല. അതുകൊണ്ടുതന്നെ ഇവയ്ക്ക് ആദർശഭൂമിയിൽ കുടിയൊഴിയാതെ ഏറെക്കാലം അധിവസിക്കാനാകും. ഇന്ത്യൻ ഫെസ്റ്റിവലിലെ സുവർണമയൂരമുൾപ്പെടെ നിരവധി രാജ്യാന്തര പുരസ്കാരങ്ങൾക്കർഹമായ, Andrey Zvyagintsev – ന്റെ ലിവെയ്താന്റെ  പ്രമേയം ഒരു റഷ്യൻ കുടുംബം കുടിയൊഴിക്കപ്പെടുന്നതിന്റെ ദുരന്തകഥയാണ്.

ഒരു വശത്ത് പഴയ നിയമത്തിലെ കടൽ‌പ്പിശാചാണ് ലിവെയ്തൻ. മറു വശത്ത് ജനതയും ദേശവും തമ്മിലുള്ള ഉടമ്പടിയാണ്. ഒരു രാജ്യത്തിനും ജന്മാധികാരങ്ങളില്ല പൂർണ്ണ സംരക്ഷണം എന്ന ഉറപ്പിന്മേൽ പൌരൻ/ പൌര ഏൽ‌പ്പിച്ചുകൊടുക്കുന്ന അധികാരമാണുള്ളത്. ഈ ഏൽ‌പ്പിച്ചുകൊടുക്കൽ അധികാരത്തിന്റെ കയ്യൊഴിയലാകുന്നുണ്ടോ എന്ന ചോദ്യം തീർച്ചയായും ഈ സിനിമയുടെ ഉള്ളൊഴുക്കാണ്. ഏകാധിപതികളും പരമാധികാരികളും ചരിത്രത്തിൽ തോറ്റുപിൻവാങ്ങിയെങ്കിലും അവരുടെ വംശം ജനാധിപത്യവ്യവസ്ഥകൾക്കുള്ളിലും സോഷ്യലിസ്റ്റ് വ്യവസ്ഥകൾക്കുള്ളിലും കടൽ‌പ്പന്നികളായ് പെരുകിയിരിക്കുന്നു. ഒരാൾ ഒരായിരമായി പിളർന്ന് ഏറ്റവും ഒഴിഞ്ഞ കോണിൽ വിദൂരതീരങ്ങളിൽ പ്രാദേശിക അധികാരരൂപങ്ങളായി, ചിലപ്പോൾ രാക്ഷസീയമായി  വന്നുനിൽക്കുന്നു.

രണ്ടാം ഭാര്യയായ ലിലിയും ആദ്യവിവാഹത്തിലെ കൌമാരക്കാരനായ മകനുമടങ്ങുന്നതാണ് വടക്കൻ റഷ്യയിലെ ബാരൻ കടൽത്തീരത്തെ കൊലിയയുടെ വീട്. അവിടെ ഒരു മോട്ടോർമെക്കാനിക്കായി അയാൾ ഉപജീവനംകഴിക്കുന്നു. തന്റെ വീടും ഭൂമിയും കൈവശപ്പെടുത്താൻ സമീപ പട്ടണത്തിലെ മേയർ നടത്തുന്ന ശ്രമങ്ങളെ ചെറുക്കാൻ തന്റെ സുഹൃത്തും മോസ്കോയിൽ വക്കീലുമായ ദിമിത്രിയെ കൂട്ടിക്കൊണ്ടു വരുന്നതോടെയാണ് സിനിമ തുടങ്ങുന്നത്. 

2003-ൽ ആദ്യ സിനിമയായ The Return വെനീസ് പുരസ്കാരം നേടിയതോടെയാണ് Zvyagintsev ലോകസിനിമയിലേയ്ക്ക് വരുന്നത്. 2011 –ലെ അബുദബി ഫെസ്റ്റിവലിലാണ് അദ്ദേഹത്തിന്റെ  Elena  കണ്ടത്.

ഈ വർഷത്തെ ഫെസ്റ്റിവലിൽ കാണേണ്ട സിനിമകൾ തെരഞ്ഞെടുക്കുമ്പോൾ  അധികം ആലോചിക്കാതെ തന്നെ ലിവെയ്തൻ അടയാളപ്പെടുത്തിയിരുന്നു. ഫീച്ചർ സിനിമാവിഭാഗത്തിൽ അത് ബ്ലാക് പേൾ പുരസ്കാരം നേടുകയും ചെയ്തു. എന്നാൽ ലിവെയ്തൻ ഒരു അസാധാരണ സിനിമാനുഭവമല്ല. മിതത്വത്തോടെയുള്ള ഭാഷയും ആഖ്യാനരീതിയുമാണ് Zvyagintsev ന്റെ അടയാളം. Elena യുടെ തുടക്കത്തിലെ നിശ്ചലത, മന്ദതാളം ശരിയ്ക്കും ഒരു ‘അടൂർ’പടം ഓർമ്മിപ്പിച്ചിരുന്നു. ഒരു പക്ഷേ ആ ജനുസിലെ പുതുമുറക്കാരനെന്ന മട്ടിൽ. 

ബെസ്റ്റ് ഓഫ് അഴിമുഖം 

സിനിമാക്കഥയല്ല കാശ്മീരിയുടെ ജീവിതം; ഹൈദര്‍ നമ്മോട് പറയുന്നത്
ചൈനീസ് അധോലോകം, സിനിമ, ജീവിതം- സംവിധായകന്‍ ഷാങ് വീ സംസാരിക്കുന്നു
ഒടുവില്‍ അവര്‍ എന്നെ തേടിയെത്തി; ജയിലനുഭവങ്ങളുമായി ‘റോസ് വാട്ടര്‍’
ആറ്റന്‍ബറോ: സിനിമ സംവാദമാകണമെന്നും വിയോജിപ്പുകള്‍ സൃഷ്ടിക്കണമെന്നും ആഗ്രഹിച്ച ചലച്ചിത്രകാരന്‍
ഉന്മാദവും ഉന്മാദകലയും

വൃദ്ധനും അതിസമ്പന്നനുമായ തന്റെ രണ്ടാം ഭർത്താവിനെ അതി സൂക്ഷ്മതയോടെ, ഒരു തുമ്പും ബാക്കി വയ്ക്കാതെ കൊലപ്പെടുത്തുന്ന ഒരു സ്ത്രീയുടെ ജീവിതം കേന്ദ്രീകരിക്കുന്ന സിനിമയായിരുന്നു Elena.മോസ്കോ നഗരത്തിലെ സമ്പന്നതയുടെ എടുപ്പുകളിൽ നിന്ന് ആദ്യവിവാഹത്തിലെ മടിയനായ മകനും കുടുംബവും കഴിയുന്ന വ്യവസായ നഗരത്തിലെ പഴയ ഒരു ക്രുഷ്ചേവ്കയിലേയ്ക്കുള്ള (ക്രുഷ്ചേവിന്റെ മുൻ കയ്യിൽ തൊഴിലാളികൾക്കായി ചെലവ് കുറഞ്ഞരീതിയിൽ നിർമ്മിക്കപ്പെട്ട നാലും അഞ്ചും നിലകളുള്ള  കെട്ടിടങ്ങൾ ) ആ സ്ത്രീയുടെ പോക്കുവരവുകളായിരുന്നു സിനിമയുടെ ചലനവേഗം.റഷ്യൻ കുടുംബ ബന്ധങ്ങൾക്കുള്ളിലെ സാമ്പത്തിക പദവി വ്യത്യാസങ്ങൾ സ്ത്രീപക്ഷത്തു നിന്നു കാണുകയായിരുന്നു  ഈ ചിത്രം.

സമാനമാണ് ലിവെയ്തനും. ലിലിയ,അവളുടെ ഭർത്താവിനെ പോലെ അല്ല. അവൾ അവിടം വിട്ടുപോകാൻ ആഗ്രഹിക്കുന്നു.അതവൾ ദിമിത്രിയോട് വെളിപ്പെടുത്തുകയും ചെയ്യുന്നു. മേയർക്കെതിരേ പരാതിയുമായി പൊലിസ് സ്റ്റേഷനിലെത്തുന്ന കൊലിയ പൊലീസുകാർക്കെതിരെ കയർക്കുകയും വാദി പ്രതിയായി ജയിലിലാവുകയും ചെയ്തു. ആ രാത്രി ലിലിയ ദിമിത്രിയ്ക്കൊപ്പം കഴിയുന്നു. ബന്ധം  മറ്റുള്ളവർ അറിയുന്നതിലൂടെ  അവൾ മനക്കുഴപ്പങ്ങളിലാവുകയും അപ്രത്യക്ഷയാവുകയും ചെയ്യുന്നു.

പഴയ പെട്ടകങ്ങളും തിമിംഗലത്തിന്റെ അസ്ഥികൂടങ്ങളും അടിഞ്ഞ തീരത്തേയ്ക്ക് ലിലിയയുടെ ശവവും വന്നടിയുന്നു. ആത്മഹത്യയെ കൊലപാതകമാക്കി മാറ്റി മേയർ കൊലിയയെ ജയിലിലാക്കുന്നു. തന്റെ മകൻ ഒറ്റയ്ക്കാണെന്ന് വിലപിക്കുന്ന അയാൾക്കുള്ള പൊലീസുകാരുടെ മറുപടി അവനെ സ്റ്റേറ്റ് നോക്കിക്കോള്ളും എന്നാണ്. മേയർ കടന്നു കയറുന്നു. രാഷ്ട്രീയ അധികാരം ഉപയോഗിച്ച് സ്വത്തപഹരിക്കുന്നു. ജയിലറ ഒരുക്കുന്നു. ദിമിത്രി വിശ്വാസത്തോടെയും സ്നേഹത്തോടെയും വന്നു കയറുന്നു. മൂല്യബോധങ്ങൾ തോണ്ടുന്ന ശവക്കുഴിയിൽ നിന്ന് ഒരട്ടി മണ്ണ് അയാളും നീക്കുന്നു.

അവസാന ദൃശ്യത്തിൽ  യന്ത്രങ്ങളുടെ ലോഹ കൈകൾ  അല്പ നിമിഷങ്ങൾ കൊണ്ട് ആ വീട് പൊളിക്കുന്നു. പൊളിയുന്നത് വീടല്ല അതിലുണ്ടായിരുന്ന മനുഷ്യരുടെ ബന്ധങ്ങൾ, വിശ്വാസങ്ങൾ, ധാർമ്മികത, ജിവിതമെന്ന് വിളിക്കുന്നതിലെ എല്ലാം കൂടിയാകുന്നു.എല്ലാം തകർന്ന് വോഡ്കയിൽ മുങ്ങുമ്പോൾ ദൈവത്തിന്റെ രക്ഷ എവിടെ എന്ന് കൊലിയ പുരോഹിതനോട് ചോദിക്കുന്നുണ്ട്. അയാളാകട്ടെ മിക്കപ്പൊഴും മേയറോടൊത്തു നിൽക്കുന്നു ഈ ദുരന്തനാടകത്തിലുടനീളം.

ഒഴിവ് ദിവസത്തെ കളിയ്ക്ക് വിനോദവെടി പൊട്ടിക്കുവാൻ  ലക്ഷ്യസ്ഥാനത്ത് വോഡ്കയുടെ കാലിക്കുപ്പികൾ നിരത്തി വയ്ക്കുന്നതിനേക്കാൾ നല്ലൊരു ഐറ്റമുണ്ടെന്ന് പറഞ്ഞ് ലെനിനും ഗോർബിയും അടക്കമുള്ള വരുടെ ചില്ലുചിത്രങ്ങളുടെ കെട്ടഴിക്കുന്ന ഒരു ദൃശ്യമുണ്ട്. അതുകൊണ്ടു തന്നെ പുട്ടിൻ ഭരണകൂടത്തിന്റെ കൈത്തണ്ടയിൽ വെടിത്തുളതീർക്കുന്നു എന്ന മട്ടിലാണ് മാധ്യമങ്ങൾ ഈ സിനിമയെ പരസ്യപ്പെടുത്തുന്നത്. മേയർക്ക് യെത്സിനോടുള്ള സാമ്യവും ഒരു കാരണമാകാം.

അതേ സമയം ഒരു അമേരിക്കൻ കഥ റഷ്യൻ പശ്ചാത്തലത്തിൽ പ്രതിഷ്ഠിക്കുകയായിരുന്നു എന്നാ‍ണ് ചലച്ചിത്രകാരന്റെ പ്രതികരണം. ഒഴിഞ്ഞുമാ‍റലായി ഇതിനെ ചോദ്യം ചെയ്യുമ്പോൾ  താൻ  റഷ്യയിൽ ജീവിച്ചുകൊണ്ട് സിനിമകളെടുക്കാൻ ആഗ്രഹിക്കുന്നു എന്നായിരുന്നു Andrey Zvyagintsev – ന്റെ മറുപടി.  ഭരണകൂടവും മതവും ധാർമ്മികതയും ഒന്നിച്ചു തീർക്കുന്ന മട്ടത്രികോണങ്ങൾക്കുള്ളിൽ ഏത് വിദൂരതീരത്തായാലും വീഴുന്ന ജഢം ഒരു സ്ത്രീയുടേതെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

 

*Views are peronal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍