UPDATES

സയന്‍സ്/ടെക്നോളജി

ലെവിസ് കമ്മ്യൂട്ടര്‍ എക്സ് ജക്വാര്‍ഡ്; നിങ്ങള്‍ക്കിതാ ഒരു സ്മാര്‍ട്ട് ജാക്കറ്റ്

Avatar

അഴിമുഖം പ്രതിനിധി

വെയറബിള്‍ ഡിവൈസുകള്‍ മാര്‍ക്കറ്റ് വാഴാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. വാച്ചിലും ഫിസിക്കല്‍ ആക്റ്റിവിറ്റി മോണിട്ടറിംഗ് ഡിവൈസുകളിലും തങ്ങി നില്‍ക്കുകയായിരുന്നു അതിന്റെ വളര്‍ച്ച. പലരും കണ്സപ്റ്റ് മോഡലുകള്‍ കൊണ്ടുവന്നു എങ്കിലും അതൊക്കെ മാര്‍ക്കറ്റില്‍ എപ്പോള്‍ എത്തും എന്നുള്ളതിന് ഉത്തരം ലഭ്യമായിട്ടില്ല. എന്നാല്‍ ടെക് പ്രേമികളെ ഞെട്ടിച്ചുകൊണ്ട് ഒരു സംഗതി അണിയറയില്‍ ഒരുങ്ങുന്നുണ്ടായിരുന്നു. പണ്ടെപ്പോഴോ കേട്ടു മറന്ന ഒരു ആശയത്തിന് ഗൂഗിളും ലെവി സ്ട്രൌസ്‌ ആന്‍ഡ്‌ കോയും ചേര്‍ന്ന് ജീവന്‍ നല്‍കിയിരിക്കുകയാണ്. സംഗതി ഒരു ജാക്കറ്റ് ആണ്. ജാക്കറ്റ് ഉണ്ടാക്കുന്നതാണോ ഇത്ര വലിയ കണ്ടുപിടിത്തം എന്ന് ചോദ്യം വന്നേക്കാം. എങ്കില്‍ കേട്ടോളൂ.അതൊരു ഓര്‍ഡിനറി ജാക്കറ്റല്ല.

ഇനി ഇത്തിരി വളച്ചു കെട്ടി കാര്യം പറയാം.

സൈക്കിള്‍ ചവിട്ടുമ്പോഴോ ബൈക്ക് ഓടിക്കുമ്പോഴോ ഒരു ഫോണ്‍കോള്‍ വന്നാല്‍ എങ്ങനെ അറ്റന്‍ഡ് ചെയ്യും, ഇയര്‍ഫോണിലൂടെ കേള്‍ക്കുന്ന പാട്ടു മാറ്റണമെങ്കിലോ നാവിഗേഷന്‍ സിസ്റ്റം വോയിസിലൂടെ ഉപയോഗിക്കുകയോ ചെയ്യണമെങ്കില്‍ എന്താണ് ഒരു മാര്‍ഗ്ഗം. കാറില്‍ ആണെങ്കില്‍ അതിനായി പ്രത്യേകം സൗകര്യമുണ്ടാകും. ടച്ച്‌ സ്ക്രീനില്‍ അമര്‍ത്തുകയോ സ്റ്റിയറിംഗ് വീലിലെ കാള്‍ റിസീവിംഗ് ബട്ടണ്‍ പ്രയോജനപ്പെടുത്തുകയോ ചെയ്യാം. എന്നാല്‍ ബൈക്കോ സൈക്കിളോ ആണെങ്കിലോ. മേല്‍പ്പറഞ്ഞ ജാക്കറ്റ് വന്നാല്‍ ആ പ്രശ്നം സോള്‍വ് ആകും. കാരണം ഈ സംഗതികള്‍ എല്ലാം ഒരൊറ്റ ജാക്കറ്റ് കൊണ്ട് ചെയ്യാന്‍ സാധിക്കും.

ഇനി വിഷയത്തിലേക്ക് വരാം. ജാക്കറ്റിന്റെ പേര് ലെവിസ് കമ്മ്യൂട്ടര്‍ എക്സ് ജക്വാര്‍ഡ്. കണ്ടക്റ്റീവ് ആയ ഫാബ്രിക് നൂലുകള്‍ ഉപയോഗിച്ച് ഒരു ഇന്ററാക്റ്റീവ് പാച്ച് ആണ് ഇത് സാധ്യമാക്കുന്നത്. ടച്ച്‌, പ്രഷര്‍ എന്നിവയും കൈ തൊടുന്നതിനു മുന്‍പ് തന്നെ അതിന്റെ പൊസിഷനും തിരിച്ചറിയുന്ന വിധമാണ് രൂപകല്‍പന. ജാക്കറ്റിന്റെ ഇടതു കൈയ്യില്‍ ചേര്‍ത്തിരിക്കുന്ന പാച്ച്, അതിലെ തന്നെ കഫിന്റെലേക്ക് ബ്ലൂടൂത്ത് വഴി കണക്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു. സ്മാര്‍ട്ട്ഫോണുമായി ബന്ധപ്പെടുത്തിയിരിക്കുന്ന കഫ് വിവിധ തരത്തില്‍ ഉപയോഗപ്പെടുത്താം.

ടാപ്പിംഗ്, സ്വൈപ്പിംഗ് എന്നിങ്ങനെ മള്‍ട്ടിപ്പിള്‍ ജെസ്റ്ററുകള്‍ വഴി ഫോണിനെ വരുതിയില്‍ നിര്‍ത്താന്‍ ഇതിലൂടെ സാധിക്കും. അതായത് ജാക്കറ്റിന്റെ കൈയ്യില്‍ രണ്ടു തട്ടു കൊടുത്താല്‍ പാട്ട് മാറ്റാനും ഗൂഗിള്‍ മാപ്പിലൂടെ നാവിഗേഷന്‍ ഉപയോഗപ്പെടുത്താനും സാധിക്കും.

മറ്റു വസ്ത്രങ്ങള്‍ കഴുകുന്നത് പോലെ തന്നെ ഇതും വൃത്തിയാക്കാം എന്നുള്ളതാണ് വേറൊരു പ്രത്യേകത. ബ്ലൂടൂത്ത് ലൂപ്പ് കഫില്‍ നിന്നും എടുത്ത് മാറ്റണം എന്നു മാത്രം. ഇപ്പോള്‍ തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനുകള്‍ ജാക്കറ്റ് വഴി കണക്ട് ചെയ്യുന്നതിനുള്ള എപിഐകള്‍ (ആപ്ലിക്കേഷന്‍ പ്രോഗ്രാം ഇന്റര്‍ഫേസ്) തയ്യാറാക്കുന്ന തിരക്കിലാണ് ഗൂഗിളിലെ ഡെവലപ്പര്‍മാര്‍. നിലവില്‍ ബൈക്കെഴ്സിനെ ഉദ്ദേശിച്ചാണ് ഈ ജാക്കറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. ഭാവിയില്‍ അത്ലെറ്റുകള്‍ക്കും ബിസിനസുകാര്‍ക്കും ഉപയോഗിക്കാവുന്ന രീതിയില്‍ ജാക്കറ്റ് നിലവില്‍ വരും.

എപ്പോള്‍ മാര്‍ക്കറ്റില്‍ കിട്ടും എന്നല്ലേ ചോദിക്കാന്‍ വന്നത്. ഇത്തിരി കൂടി കാത്തിരിക്കണം. അടുത്ത വര്‍ഷം മുതല്‍ സ്മാര്‍ട്ട് ജാക്കറ്റ് വിപണിയില്‍ ലഭ്യമാകും എന്നാണ് ലഭിച്ച വിവരം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍