UPDATES

പ്രാദേശിക പ്രശ്‌നങ്ങള്‍ മാറ്റിവച്ച് രാഷ്ട്രീയം ഉന്നയിച്ച് തൃശൂര്‍

Avatar

എം കെ രാംദാസ്‌

തൃശൂരിനോട് ചേര്‍ത്ത് വയ്ക്കാവുന്ന പ്രഥമ പദം പൂരം എന്ന് തന്നെയാകും. തൃശൂര്‍ എന്ന് കേട്ടാല്‍ മലയാളിയുടെ മനസില്‍ ഓടിയെത്തുന്നത് തൃശൂര്‍ പൂരമാണ്. എവിടെയും ഒരു പൂരം ടച്ചുണ്ട് തൃശൂരിന്. ഗ്രാമ നഗര ഭേദമില്ലാതെ നൂറ് കണക്കിന് പൂരങ്ങളാണ് ഇവിടെ അരങ്ങേറുക. ആന പ്രേമമാണ് തൃശൂരുകാരുടെ മറ്റൊരു പ്രത്യേകത. തൃശൂര്‍ നഗരത്തില്‍ പേരിനോട് ആന ചേര്‍ത്ത് വിളിപ്പേരുള്ളവര്‍ ധാരാളമുണ്ട്. ഉദാഹരണത്തിന് ആന വെങ്കിടിയും ആന ഡേവിഡും. നാട്ടാനകളുടെ സംരക്ഷണത്തിനായി ഒളിഞ്ഞും തെളിഞ്ഞും യുദ്ധത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള വെങ്കിടാചലത്തിന് ആന വെങ്കിടിയെന്ന പേര് നല്‍കിയത് നാട്ടുകാരാണ്. കടുത്ത വടക്കുനാഥ വിശ്വാസിയായ ഈ വെങ്കിടി ക്ഷേത്രോല്‍സവങ്ങളിലും പൂരങ്ങളിലും അണി നിരത്തുന്ന ആനകളുടെ ദയനീയത നിരന്തരം പറയുന്നു. മിണ്ടാജീവികളുടെ ക്ഷേമത്തിനായി കോടതി കയറി ഇറങ്ങുന്നു. തൃശൂരിലെ മറ്റൊരു വെങ്കിടിയെ കുറിച്ച് കൂടി ഇവിടെ പറയാം. ഉല്‍സവങ്ങള്‍ക്കും പൂരങ്ങള്‍ക്കും ആവശ്യക്കാര്‍ക്ക് ആനകളെ സംഘടിപ്പിച്ച് നല്‍കുന്നതിനോടൊപ്പം ഈ വെങ്കിടാചലം ആന ചമയങ്ങള്‍ക്കും വാടകയ്ക്കും നല്‍കുന്നു. തലമുറകളായി തൊഴില്‍ ഇതാണെന്ന് അവകാശപ്പെടുന്ന വെങ്കിടാചലം ആനകള്‍ക്ക് എതിരായി നടക്കുന്നുവെന്ന് പറയുന്ന പീഡന വാര്‍ത്തകള്‍ വിശ്വസിക്കുന്നില്ല. മനുഷ്യനെ ആനകളെ രക്ഷിക്കാനാകൂ എന്നതാണ് ഇയാളുടെ വാദം.

പൂരക്കഥകളോ ആനച്ചമയങ്ങളോ അല്ല ഇവിടെ പ്രതിപാദ്യ വിഷയം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് കാര്യം. സാംസ്‌കാരിക തലസ്ഥാനം എന്നും തൃശൂരിന് വിശേഷണമുണ്ട്. രാഷ്ട്രീയവും തെരഞ്ഞെടുപ്പും സാംസ്‌കാരിക പദവിക്ക് അനുയോജ്യമായാണോ മുന്നോട്ട് പോകുന്നത് എന്ന് സംശയം. സമീപ കാലത്ത് നടന്ന ചന്ദ്രബോസ്, ഹനീഫ വധങ്ങള്‍ ഈ ചോദ്യമുയര്‍ത്തുന്നു. ചന്ദ്രബോസ് എന്ന പാവം മനുഷ്യന്റെ വധത്തിന് കാരണക്കാരനാണെന്ന് കണ്ടെത്തിയ നിഷാം ഇപ്പോള്‍ അഴിക്കുള്ളിലാണ്. നിഷാം ക്രൂരകൃത്യങ്ങള്‍ ഞെട്ടലോടെയാണ് കേരളം കേട്ടത്. നീണ്ട കാലത്ത് രാഷ്ട്രീയ നേതാക്കളുടേയും ഭരണകൂട സംവിധാനങ്ങളുടേയും അകമഴിഞ്ഞ പിന്തുണ ഇയാള്‍ക്ക് ലഭിച്ചിരുന്നു. ഇതാണോ തൃശൂരെന്ന് ചോദിച്ചിരുന്നു പലരും.

ഹനീഫ കൊലപാതകം. എതിര്‍ കക്ഷി പ്രവര്‍ത്തകനെ ശത്രുവായി പരിഗണിച്ച് കൊല്ലുന്നത് സംസ്ഥാനത്ത് പുതുമയല്ല. കണ്ണൂര്‍ നമ്മുടെ മുന്നിലുണ്ട്. ഹനീഫയെന്ന ചെറുപ്പക്കാരന്റെ കൊലയ്ക്ക് കാരണം കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്കെന്ന് പൊലീസ് കണ്ടെത്തി. കെപിസിസി ഹനീഫയുടെ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ല. മറിച്ച് മന്ത്രി ഉള്‍പ്പടെയുള്ളവരുടെ പേരുകള്‍ കൂടുതല്‍ ചര്‍ച്ചയാകുന്നു. തെരഞ്ഞെടുപ്പ് രംഗത്ത് പ്രധാന പ്രചാരണ വിഷയങ്ങളില്‍ ഒന്ന് ഹനീഫയുടെ കൊലപാതകമാണ്. അതിരപ്പള്ളി പദ്ധതിയും കളിമണ്‍ ഖനനവും പാലിയേക്കര ടോളും തെരഞ്ഞെടുപ്പ് വിഷയമായി മാറ്റുവാന്‍ പരിസ്ഥിതി-ബദല്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ ശ്രമിച്ചുവെങ്കിലും വിജയിച്ചിട്ടില്ല.

മുണ്ടത്തിക്കോടും വടക്കാംഞ്ചേരിയും ചേര്‍ത്ത് വടക്കാഞ്ചേരി മുന്‍സിപ്പാലിറ്റി ആക്കിയതോടെ ജില്ലകളുടെ പഞ്ചായത്തുകളുടെ എണ്ണം 86. 55 പഞ്ചായത്തുകളില്‍ യുഡിഎഫ് ഭരണം. വടക്കാംഞ്ചേരി ഉള്‍പ്പെടെ ഏഴ് മുന്‍സിപ്പാലിറ്റികള്‍. മൂന്നേ മൂന്ന് എന്നതാണ് മുന്നണി നില. കുന്നംകുളം നഗരസഭയില്‍ പരീക്ഷിക്കപ്പെട്ടത് അപൂര്‍വ ഭരണ കൂട്ടമാണ്. ബിജെപി, ആര്‍എംപി പിന്തുണയോടെയാണ് ഇവിടെ യുഡിഎഫ് ഭരിച്ചത്. ഈ അത്ഭുത മുന്നണിക്ക് എതിരേയാണ് ഇവിടെ ഇടത് പോരാട്ടം. വിജയിക്കുമെന്ന് ഇടത് പ്രതീക്ഷ.

യുഡിഎഫിന് വലിയ മേല്‍ക്കോയ്മയാണ് തൃശൂര്‍ കോര്‍പ്പറേഷനിലുള്ളത്. 55-ല്‍ 46. ഇത്തവണ 35-ല്‍ അധികം ലഭിക്കുമെന്ന് യുഡിഎഫ് കരുതുന്നില്ല. അംഗബലത്തില്‍ മൂന്നില്‍ നിന്ന് ഇരട്ടിയാകുമെന്ന് ബിജെപിയും പ്രതീക്ഷിക്കുന്നു.

തൃശൂര്‍ ജില്ലാ പഞ്ചായത്തില്‍ വാശിയേറിയ ഇടത്-വലത് പോരാട്ടം. ദാദ്രിയും ബാറും ശാശ്വതീകാനന്ദയും പ്രചാരണ രംഗത്തെ ചൂടന്‍ വിഷയങ്ങളാണ്. എസ്എന്‍ഡിപി ബിജെപി കൂട്ടുകെട്ട് ചോര്‍ത്തുന്ന വോട്ടുകള്‍ ആരുടേതെന്ന അവ്യക്തത തൃശൂരിലും നിലനില്‍ക്കുന്നു. ബിജെപിക്ക് ആഴത്തില്‍ വേരുള്ള കൊടുങ്ങല്ലൂരില്‍ ഉമേഷ് ചള്ളിയിലിന്റെ നിലപാട് ഇവരുടെ പ്രതീക്ഷയ്ക്ക് എതിരാണ്. സീറ്റുകള്‍ നേടിയില്ലെങ്കിലും എസ്എന്‍ഡിപി-ബിജെപി ബാന്ധവം തൃശൂരിന്റെ തെരഞ്ഞെടുപ്പ് ഫലത്തെ അടിമുടി മാറ്റുമെന്നതില്‍ സംശയമില്ല. വിവിധയിടങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ രംഗത്ത് ഇറക്കി എങ്കിലും സാറാ ജോസഫിന്റെ ആംആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പ് ചിത്രത്തില്‍ ഇല്ല. തൃശൂരിന്റെ വലത് മേധാവിത്തത്തില്‍ എത്രത്തോളം ചലനമുണ്ടാക്കാന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിലൂടെ കഴിഞ്ഞുവെന്ന് അറിയാന്‍ വോട്ടെണ്ണുന്നത് വരെ കാത്തിരിക്കുകയേ വഴിയുള്ളൂ.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍