UPDATES

സിനിമ

ലയേഴ്‌സ് ഡൈസ്: കലാപങ്ങളും അട്ടിമറികളുമില്ലെങ്കില്‍ നല്ല സിനിമയുണ്ടാകില്ലേ?-ഷിനി എഴുതുന്നു

Avatar

ഷിനി ജെ കെ
 

വിഷാദം പൂത്തൊരു പകലില്‍, തലയ്ക്കകത്ത് നുരയുന്ന റെഡ് വൈനിന്റെ ലഹരിയുമായാണ് എഫ്ടിഐഐ മെയിന്‍ തിയറ്ററില്‍ ‘ലയേഴ്‌സ് ഡൈസ്’ കാണാനായി ഓടിക്കയറുന്നത്. വാക്കഡ് വാഡിയിലെ ഇറാനിയന്‍ ബസ്തിയില്‍ തുടങ്ങി, ഭവാനിപ്പേട്ടിലെ ദര്‍ഗ്ഗവഴി, കമ്പം – തേനി വരെ പോയി, തിരിച്ച് ബംഗാളും ഒറീസ്സയും ബംഗലൂരുവും താണ്ടി, ഇടുക്കിയില്‍ ചെന്ന്, സഹ്യനെക്കണ്ട്, ഡക്കാന്‍ പീഢഭൂമിയും കടന്നു വന്നൊരു കാറ്റ് അന്നെനിക്കു ചുറ്റും മൂളിപ്പറന്ന് നടക്കുന്നുണ്ടായിരുന്നു. ഭാഷയുടേയും ദേശത്തിന്റെയും ജാതിയുടേയും മതത്തിന്റെയും നിറത്തിന്റേയും കുലത്തിന്റെയും ലിംഗഭേദങ്ങളുടേയും അങ്ങനെയങ്ങനെ സകല അതിരുകളും അലിഞ്ഞുപോയി, മുന്നില്‍ ലോകം ഒന്നായിത്തീരുന്ന അനുഭവം. അവിടെ സിനിമ തുടങ്ങിക്കഴിഞ്ഞിരുന്നു. എന്റെ താളം തെറ്റിയ നെഞ്ചിടിപ്പുകള്‍ തരുന്ന വേദനയിലേയ്ക്ക് കൈകള്‍ നീട്ടി, ഒരാള്‍ അടുത്ത് വന്നിരുന്നു. ഏതിരുട്ടിലും ചില സാന്നിധ്യങ്ങള്‍ അങ്ങനെയാണ്! തുടര്‍ച്ചയായ അദ്ധ്വാനം, ഉണര്‍വിന്റെ നീണ്ട രാപ്പകലുകള്‍, തലയ്ക്കകത്ത് അരിച്ചിറങ്ങുന്ന ലഹരി. മെയിന്‍ തിയറ്റര്‍ ഹാളിലെ തണുത്തുറഞ്ഞ ഇരുട്ട്….. ഉറക്കം വല്ലാതെ കൊതിപ്പിച്ചുകൊണ്ട് കണ്‍പോളകളില്‍ തട്ടിവിളിച്ചു.

പക്ഷേ, ഉറങ്ങുന്നതെങ്ങനെയാണ്? മുമ്പിലുള്ള കാഴ്ചയൊരു ലഹരിയാണ്. മാറി മാറി വരുന്ന ഉന്മാദ-വിഷാദങ്ങള്‍ പോലെ, വൈവിധ്യങ്ങളായ പ്രണയങ്ങളും യാത്രകളും സംഗീതവും ചുവന്ന വൈന്‍ കുപ്പികളും പോലെ ഞരമ്പുകളില്‍ കത്തിപ്പിടിക്കുന്ന മറ്റൊരു ലഹരി. അതിന്റെ ആഴങ്ങളിലേയ്ക്കു ചെല്ലുന്തോറും ഉറക്കം കണ്ണുകളെ വിട്ടൊഴിഞ്ഞു. സ്‌ക്രീന്‍ ലിമിറ്റുകളൊന്നും അപ്പോള്‍ കാണാന്‍ കഴിയുന്നുണ്ടായിരുന്നില്ല. അപ്പോള്‍, ആ നിമിഷത്തില്‍ മാത്രം, ജീവിക്കുകയായിരുന്നു ഞങ്ങള്‍. അങ്ങനെ, ചിറ്റ്കുലി’ ല്‍ നിന്നു തുടങ്ങിയ ആ യാത്രയില്‍ ഞാനും കമലയ്‌ക്കൊപ്പം കൂടി. മന്യയും അവളുടെ ആട്ടിന്‍കുട്ടിയും ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. ഇരുട്ടിന്റെ മറപറ്റി ആ രാത്രിയില്‍ ഞങ്ങള്‍ ഒളിച്ചോടുകയാണ്. അങ്ങുദൂരെ, നഗരത്തിരക്കുകളിലെവിടെയോ അപ്രത്യക്ഷനായ ഒരാളെത്തേടി.

യാത്ര തുടങ്ങും മുമ്പ്, ഈ എനിക്ക് നിങ്ങളോട് ചിലത് പറയാനുണ്ട്. ഇതൊരു ചലച്ചിത്ര നിരൂപണമല്ല. ഒരു സിനിമയെ നിരൂപണം ചെയ്യാന്‍ എനിക്കറിയില്ല. ‘ലയേഴ്‌സ് ഡൈസ്’ ഒരു മഹത്തായ സിനിമയാണോ എന്ന ചോദ്യത്തിനുള്ള ഉത്തരവുമില്ല. എന്താണ് മഹത്തായ സിനിമ, മികച്ച സിനിമ എന്നതിനെക്കുറിച്ചൊന്നും യാതൊരു ധാരണയുമില്ല. ഇന്ത്യയില്‍ നിന്ന് ഓസ്‌കാര്‍ നാമനിര്‍ദ്ദേശം കിട്ടിയ സിനിമയായതുകൊണ്ടല്ല, ലയേഴ്‌സ് ഡൈസിനെക്കുറിച്ച് എഴുതുന്നത്. ഇത്തരം നോമിനേഷനുകള്‍ക്കോ, അവാര്‍ഡ് നല്‍കുന്നതിനോ പോലുമുള്ള മാനദണ്ഡങ്ങളെക്കുറിച്ചും വ്യക്തതയില്ല. ഈ സിനിമയ്ക്ക് മറ്റെന്തെങ്കിലും ബഹുമതികിട്ടിയിട്ടുണ്ടോ എന്നുപോലും ‘ഗൂഗിളില്‍’ പരതാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഓരോ സിനിമയും തികച്ചും വ്യക്തിപരമായ അനുഭവവമാണെന്ന വിശ്വാസത്തില്‍ നിന്നുകൊണ്ടാണ് ഇത് എഴുതുന്നത്.

തൊഴിലന്വേഷിച്ച്, ‘ചിട്കുലി’ ല്‍ നിന്ന് ഡല്‍ഹിയില്‍ ചെന്ന് ആള്‍ക്കൂട്ടത്തിലെവിടെയോ അപ്രത്യക്ഷനായ കമലയുടെ ഭര്‍ത്താവിനെത്തേടിയുള്ളതാണ് ഈ യാത്ര. അഞ്ചുമാസത്തിലേറെയായി അയാളെക്കുറിച്ച് വിവരമൊന്നുമില്ലാതെയായിട്ട്. അയാള്‍ക്ക് വല്ലതും സംഭവിച്ചുകാണുമോ? നാടുവിട്ട് പോയതാകുമോ? മറ്റുവല്ല ബന്ധത്തിലുംപ്പെട്ടിരിക്കുമോ? സ്വന്തം ജീവിതത്തിലാണ് ഇത് സംഭവിക്കുന്നത് എന്നാലോചിച്ച് നോക്കിയാല്‍ എന്തസ്സഹനീയമാണ് ഈ അനിശ്ചിതത്വം?! എന്നാല്‍ ഇതേ അനിശ്ചിതത്വത്തില്‍, ഒരായുഷ്‌ക്കാലം കാത്തിരിക്കുവാനാണ് ചുറ്റിലുമുള്ളവര്‍ കമലയ്ക്കു നല്‍കുന്ന ഉപദേശം. അങ്ങനെയാണ് ആ രാത്രിയില്‍ ആരോരുമറിയാതെ അവള്‍ക്ക് ഒളിച്ചോടേണ്ടി വരുന്നത്. കൂടെ മൂന്നോ-നാലോ വയസ്സുകാരി മകള്‍ മന്യ. പിന്നെ അവള്‍ക്കു പ്രിയപ്പെട്ട ഒരു ആട്ടിന്‍കുട്ടിയും. ആട്ടിന്‍കുട്ടിയെ വീട്ടില്‍ നിര്‍ത്തിയിട്ടുവരാന്‍ കമല പറയുന്നുണ്ടെങ്കിലും മന്യ അത് കൂട്ടാക്കുന്നില്ല. ഈ യാത്രയിലാണ്, കമലയ്‌ക്കൊപ്പം നമുക്കും ചേരേണ്ടത്. രാത്രിയില്‍, വഴിയരികില്‍ കാണുന്ന സ്ത്രീ (ഒറ്റയ്ക്കാണെങ്കില്‍ പ്രത്യേകിച്ചും) ആക്രമിക്കപ്പെടുന്നത് ഒരു സാധാരണ കാഴ്ച മാത്രമാണ് നമുക്കിന്ന്. അത് നോര്‍ത്ത് – ഈസ്റ്റായാലും മറ്റിടങ്ങളായാലും വ്യത്യസ്തമൊന്നുമല്ല. അങ്ങനെ ഒരപകടം വഴിമാറിപ്പോകുന്നത്, അക്രമികളുടെ ലോറിയില്‍ ഒളിച്ചുകയറിയ ഒരു അജ്ഞാതന്‍ കാരണമാണ്. കമല (ഗീഥാഞ്ജലി ഥാപ്പ) യ്ക്കു പകരം, അയാള്‍ (നവാസുദ്ദീന്‍ സിദ്ദിഖി) ആക്രമിക്കപ്പെടുന്നു. കമലയും മന്യയും ആട്ടിന്‍കുട്ടിയും ഓടിയൊളിക്കുന്നു.

ഇനി കുറച്ചു നേരം, തികഞ്ഞ ഒരജ്ഞാതനായി അയാളും നമുക്കൊപ്പമുണ്ട്. അയാള്‍ അവളെ പിന്തുടരുന്നൊന്നുമില്ല. എന്തായാലും, ഒരു ഘട്ടത്തില്‍ കമല അയാളോട് സഹായമാവശ്യപ്പെടുകയാണ്. ആദ്യകാഴ്ചയില്‍ തന്നെ നായികയോട് പ്രണയം തോന്നാന്‍ സാദ്ധ്യതയുള്ള, ‘ആരും തുണയില്ലാത്ത’, ഒരു സ്ത്രീയെ ‘സംരക്ഷിച്ചു കളയാന്‍ മഹാമനസ്‌കതയുള്ള’, സ്ഥിരം നായക സങ്കല്‍പ്പങ്ങളെ തകിടം മറിക്കുകയാണ് ഇവിടെ എഴുത്തുകാരിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ്. താന്‍ ചെയ്യാന്‍ പോകുന്ന സഹായത്തിന്, അയാള്‍ വിലപേശി കച്ചവടമുറപ്പിക്കുന്നു. അങ്ങനെ നവാസുദ്ദീന്‍ എന്ന ‘ഒരജ്ഞാതന്‍’ ഈ യാത്രയില്‍ ഒപ്പം ചേരുകയാണ്. ‘ചിട്കുലി’ ല്‍ നിന്ന് ‘ഡല്‍ഹി’ യിലേയ്‌ക്കൊരു റോഡ് യാത്ര.

‘ലയേഴ്‌സ് ഡൈസി’ല്‍ ഏറ്റവും ഉള്ളില്‍ത്തട്ടി നില്‍ക്കുന്നത് ക്യാമറക്കാഴ്ചകളാണ്. രാത്രിയേയും, പകലിനേയും, ചിട്കുലില്‍ നിന്ന് ഡല്‍ഹിയിലേയ്ക്ക് – അഥവാ, വടക്കു – കിഴക്കേ ഇന്ത്യയിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്ന് ഇടുങ്ങിയ നഗരത്തിരക്കുകളിലേയ്ക്കുള്ള മാറ്റത്തേയും ഏറ്റവും ആത്മാര്‍ത്ഥമായി കാണിച്ചുതരുന്നുണ്ട് നമുക്ക്. പ്രത്യേകിച്ചും രാത്രിയെ, ഇത്ര യാഥാര്‍ത്ഥ്യബോധത്തോടുകൂടി, ഈ അടുത്തകാലത്തൊന്നും ആരും ചിത്രീകരിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല. കാഴ്ചസുഖം നല്‍കുന്നതിനുള്ള അഭ്യാസങ്ങള്‍ ഒന്നും തന്നെയില്ല സിനിമയില്‍. ഒരു ഫ്രെയിമിന്റെയും ഭംഗി എടുത്ത് പറയാനില്ലെന്നത്, ഒരു ഷോട്ടിനേയും കൂട്ടത്തില്‍ മികച്ചത് എന്നു വേര്‍തിരിക്കാനാവില്ലെന്നതു തന്നെയാണ്. ഈ കാഴ്ചകളെ ഇത്രയേറെ സത്യസന്ധമാക്കുന്നത്. ക്യാമറ കണ്ട കാഴ്ചകളെല്ലാം ഞാന്‍ കണ്ടതു തന്നെയാണ്. ജെനുവിന്‍ എന്ന വാക്കിന്റെ അത്രയും ആഴമുള്ളൊരു മലയാളപദം കണ്ടെത്താനാവാത്തതുകൊണ്ടു പറയട്ടെ, ഇത്രയേറെ ജെനുവിനായ കാഴ്ചകള്‍ ഞാന്‍ വളരെക്കുറച്ചേ കണ്ടിട്ടുള്ളൂ…. രാജീവ് രവിയും ജയേഷ് നായരും സത്യസന്ധമായ കാഴ്ച്ചകള്‍ കാണുന്ന മനുഷ്യരാവണം. അവരുടെ കണ്ണുകള്‍ തന്നെയാവണം ക്യാമറ. ഇവരുടെ അദ്ധ്വാനത്തെ ഒട്ടും ചോരാതെ സ്‌ക്രീനില്‍ കാണിച്ചു തരുന്നുണ്ട്, സൂക്ഷ്മമായ എഡിറ്റിംഗിലൂടെ ബി അജിത് കുമാര്‍. കണ്ണുചിമ്മാതെ ഈ സിനിമ കണ്ടിരിക്കാന്‍ പ്രേരിപ്പിക്കുന്നതില്‍, ഇവരുടെ ശ്രമങ്ങള്‍ ഒട്ടും ചെറുതല്ല.

സിനിമയുടെ ഭൂരിഭാഗം സമയവും യാത്ര തന്നെയാണ്. അതിനിടയില്‍ രസകരമായ, അസ്വസ്ഥജനകമായ കുറേയധികം കാഴ്ചകളും നമുക്ക് കാണാം. യാത്രയുടെ ഒരു ഘട്ടത്തിലും കമല നവാസുദ്ദീനെ വിശ്വസിക്കുന്നതേയില്ല. അവളുടെ കണ്ണുകളിലെ സംശയവും അരക്ഷിതബോധവും അവള്‍ വരുന്ന ചുറ്റുപാടുകളേയും സാമൂഹ്യാവസ്ഥകളേയും ഓര്‍മ്മിപ്പിക്കുന്നുണ്ട്. AFSPA (സായുധസേനാ പ്രത്യേകാധികാര നിയമം) പോലൊരു കരിനിയമം നടപ്പാക്കപ്പെടുന്ന രാത്രിയില്‍ വാതിലില്‍ കേട്ട ഒരു മുട്ടിനൊടുക്കം വീട്ടിലെ പുരുഷന്മാര്‍ അപ്രത്യക്ഷരാവുകയും സ്ത്രീകള്‍ ജീവിതകാലം അര്‍ദ്ധവിധവകളാവുകയും ചിലപ്പോള്‍ ബലാത്സംഗം ചെയ്യപ്പെടുകയോ കൊല്ലപ്പെടുകയോ വരെയും ചെയ്യുന്ന സാമൂഹ്യാവസ്ഥകളില്‍ ജീവിക്കുന്ന ഓരോ സാധാരണ സ്ത്രീയുടേയും കണ്ണിലുണ്ടാകണം ഇതേ ഭയം. വിശ്വാസമില്ലായ്മയ്ക്ക് കമലയെ തെറ്റുപറയാനാവില്ല. നവാസുദ്ദീന്‍ തികച്ചും ഒരജ്ഞാതനാണ്. പേരുപോലും യഥാര്‍ത്ഥമായിരിക്കാന്‍ വേണ്ടി മാത്രമാണ് അയാള്‍ ഈ അന്വേഷണത്തില്‍ കമലയ്‌ക്കൊപ്പം ചേരുന്നത് തന്നെ. അങ്ങനെ ഒരാളെ വിശ്വസിക്കുന്നതെങ്ങനെയാണ്?

എങ്കിലും കമലയുടെ സ്വാഭാവിക ബോധം അയാളെ ഒരു സഹജീവിയായി പരിഗണിക്കുന്നുണ്ട്. അതുകൊണ്ടാണ്, ഒരു ഘട്ടത്തില്‍ പൊലീസില്‍ നിന്നും അയാളെ സംരക്ഷിച്ചുകൊണ്ട് അവള്‍ ബസ്സില്‍ അടുത്ത് വന്നിരിക്കുന്നതും, തങ്ങളുടെ ഭക്ഷണത്തിലൊരു പങ്ക് അയാള്‍ക്ക് വച്ച് നീട്ടുന്നതും. ഭക്ഷണവുമായി അയാള്‍ക്കടുത്തേക്കു ചെല്ലുന്ന മന്യ രസമുള്ളൊരു കാഴ്ചയാണ്. അയാളുടെ ഭക്ഷണശൈലിയില്‍ പോലുമുണ്ട് വല്ലാത്തൊരു പരുക്കന്‍ രീതി. അതിലേയ്ക്ക്, ആശയക്കുഴപ്പത്തോടെ നോക്കുന്ന മന്യയെ നോക്കി ചിരിക്കാതിരിക്കുവാന്‍ നമുക്ക് കഴിയില്ല. സംസാരം കൊണ്ടും മുഖഭാവങ്ങള്‍ കൊണ്ടും അങ്ങനെയാണ് ഒരുപാട് ചിരിപ്പിക്കുന്നുണ്ട് മന്യ ഗുപ്ത എന്ന കൊച്ചുമിടുക്കി.

കമലയ്ക്കുവേണ്ടി തന്റെ ഷൂസ്, വച്ചുനീട്ടുന്ന നവാസുദ്ദീന്‍ ഒരു ‘ക്ലീഷേ കാമുകന്‍’ ആവുന്നില്ലേ എന്ന് ഇടയ്ക്കു തോന്നിയെങ്കിലും ആ തോന്നലധികം നീണ്ടു നിന്നില്ല. സ്വന്തം കാലിലെ മുറിവ് വലിയ ഭാവഭേദമൊന്നുമില്ലാതെ തുന്നിക്കൂട്ടുന്ന, പണത്തോട് വല്ലാതെ ആര്‍ത്തി കാണിക്കുന്ന പരുക്കനായ ആ മനുഷ്യന് കമലയുടെ നേരെ, ഒരു സഹജീവിയോടുള്ള പരിഗണന പോലുമില്ലെന്ന് ഇടയ്ക്കു തോന്നിയേക്കാം. മറ്റുചിലപ്പോള്‍, അയാളുടെ നോട്ടത്തില്‍ സഹതാപമോ പ്രണയമോ കാമമോ അങ്ങനെ പലതും കണ്ടേക്കാം. അയാളുടെ ഐഡന്റിറ്റി പോലെ അവ്യക്തവും സംശയാസ്പദവുമാണ് ആ മാനസിക വ്യാപാരങ്ങളും.

അയാള്‍ തന്നെ സഹായിക്കുവാനല്ല, പണത്തിനോ മറ്റെന്തെങ്കിലും ഉദ്ദേശവുമായോ ആണ് തന്റെ കൂടെ ചേര്‍ന്നിരിക്കുന്നതെന്ന സംശയം പലപ്പോഴും കമലയില്‍ രൂക്ഷമാവുന്നുണ്ട്. ചില ഘട്ടങ്ങളില്‍ അയാളുടെ സഹായം നിരസിച്ച് നടന്നകലുന്നുമുണ്ട് കമല. അങ്ങനെ ഒരു ‘സബ്‌വേ’ യില്‍ വച്ച് നവാസുദ്ദീനുമായി വഴിക്കിട്ടു പോകുന്ന കമലയുടെ മുഖത്ത് ആഞ്ഞടിച്ച്, അയാള്‍ തന്റെ സഹായങ്ങള്‍ക്കുള്ള കൂലി പിടിച്ചുവാങ്ങിപ്പോകുന്നതാണ് ഈ സിനിമയിലെ ഏറ്റവും അസ്വസ്ഥജനകമായ രംഗം. അടിയേറ്റത് കമലയ്ക്കാണെങ്കിലും വേദനിക്കാനിടയുള്ളത് കാഴ്ചക്കാര്‍ക്കാണ്. ഇപ്പോഴും ആ വേദന എനിക്കറിയാനാകുന്നുണ്ട്. അത്രമേല്‍ ഹിംസാത്മകമാണ് ആ രംഗം. അടിയേറ്റ കമലയുടെ ഭയം, വേദന, നിസ്സഹായത, മന്യയില്‍ ആ കാഴ്ച പടര്‍ത്തിയ ഭീതി, ഇതെല്ലാം ഇപ്പോഴുമെന്റെ നെഞ്ചിടിപ്പുകളുടെ താളം തെറ്റിക്കുന്നുണ്ട്. ഇവിടെ, കമല പ്രതിനിധീകരിക്കുന്നത്/വീണ്ടും വീണ്ടും നവാസുദ്ദീന്റെ സഹായം സ്വീകരിക്കുന്നത്, എഴുത്തുകാരി/സംവിധായിക പുരുഷാധികാര സമൂഹത്തിന്റെ പൊതുബോധങ്ങളില്‍ ജീവിക്കുന്നതു കൊണ്ടല്ല. മറിച്ച്, ഒരു പുരുഷാധികാര സമൂഹത്തില്‍ സംഭവിക്കുന്നത് എന്താണെന്ന് ഏറ്റവും സത്യസന്ധമായി പറയാന്‍ ശ്രമിക്കുന്നത് കൊണ്ടാണ്.

സിനിമയുടെ ഏതാണ്ട് അവസാനഘട്ടത്തിലാണ് നവാസുദ്ദീന്റെ തൊഴിലെന്താണെന്ന് നമുക്ക് വ്യക്തമാവുന്നത്. ചൂതാട്ടം പോലൊരു കളി – ലയേഴ്‌സ് ഡൈസ് ആണ് അയാളുടെ തൊഴില്‍. കമലയറിയാതെ നഗരത്തിരക്കുകളില്‍ അവളുടെ ഭര്‍ത്താവിനെ അന്വേഷിക്കുന്നതിനൊപ്പം തന്നെ, രാവേറെ ചെല്ലുമ്പോള്‍ അയാള്‍ തന്നെ കരുക്കളുമായി ഇറങ്ങി പണമുണ്ടാക്കുന്നുമുണ്ട്. പക്ഷേ, ഈ സിനിമയെ സംബന്ധിച്ചിടത്തോളം ഏറ്റവും രസകരമായ വസ്തുത തന്റെ കഥാപാത്രങ്ങളെ വിധിക്കാന്‍ ഒരിക്കല്‍പ്പോലും ഗീതു ശ്രമിച്ചിട്ടില്ല എന്നതു തന്നെയാണ്. കൈയില്‍ പണമുള്ളപ്പോഴും ഇല്ലെന്നു വീണ്ടും വീണ്ടും ദയനീയമായ നുണ പറയുന്നുണ്ട് കമല. പരുക്കനും ആര്‍ത്തിക്കാരനും ചൂതാട്ടക്കാരനുമെല്ലാമായിരിക്കുമ്പോള്‍ തന്നെയും നവാസുദ്ദീനു കമലയ്ക്കും മന്യയ്ക്കും അവരുടെ ആട്ടിന്‍കുട്ടിക്കും നേരെ സ്വയമറിയാതെ ഒരു പരിഗണനയുണ്ടാവുന്നുണ്ട്. അതുകൊണ്ടാണയാള്‍ കമല അറിയാതെ തന്നെ, അവളുടെ ഭര്‍ത്താവിനെ അന്വേഷിക്കുന്നതും മന്യയുടെ ആടിനെ ഹോട്ടലിലും ബസ്സിലുമെല്ലാം സംരക്ഷിക്കുന്നതും അവസാനം കമലയുടെ ഭര്‍ത്താവിനു സംഭവിച്ചതെന്താണെന്ന് മറച്ചുവയ്ക്കുന്നതും.

‘ലയേഴ്‌സ് ഡൈസി’ലെ ഏറ്റവും വേദനാജനകമായ രംഗമുള്ളത് ക്ലൈമാക്‌സ് സ്വീകന്‍സിലാണ്. സിനിമയില്‍ ആദ്യാവസാനം നാം കാണുന്നൊരു കാഴ്ചയാണ് വല്ലാത്തൊരു വ്യഗ്രതയോടെ തുടരെത്തുടരെ ഭര്‍ത്താവിന്റെ ഫോണിലേയ്ക്കു വിളിക്കുന്ന കമലയുടേത്. ഒടുവില്‍, ആ ഫോണ്‍ നവാസുദ്ദീന്റെ ബാഗില്‍ നിന്നു ശബ്ദിക്കുമ്പോള്‍, ഭര്‍ത്താവിന്റെ വാച്ചും ഫോണും കണ്ടെടുക്കുമ്പോള്‍, ഹൃദയഭേദകമാംവിധം നിലവിളിച്ചു കൊണ്ട് മണ്ണിലേയ്ക്കു വീഴുന്ന കമല, ഉള്ളു പൊള്ളിക്കുന്ന കാഴ്ചയാണ്. കമലയുടെ കഥ ഇവിടെ അവസാനിക്കുകയാണ്. അവള്‍ക്കും മന്യയ്ക്കും എന്തു സംഭവിച്ചുവെന്ന് ആരും നമ്മോട് പറയുന്നില്ല. അവസാന രംഗത്ത്, നവാസുദ്ദീനെ ഒരു തൊഴിലാളിയുടെ വേഷത്തില്‍ കാണിക്കുന്നുണ്ട് – അത്ര മാത്രം. ഈ സിനിമ എന്തുകൊണ്ട് ഇങ്ങനെ അവസാനിച്ചു എന്നതായിരുന്നു ആദ്യത്തെ സംശയം. കമല നവാസുദ്ദീനെ പ്രണയിക്കുവാനും അയാള്‍ സഹതാപം കൊണ്ടവരെ ഏറ്റെടുക്കുവാനും വേണ്ടി ‘ലയേഴ്‌സ് ഡൈസ്’ ഒരു ‘വെറും’ സിനിമയല്ല. കമലയ്ക്കും മന്യയ്ക്കും എന്തും സംഭവിച്ചേക്കാം. വീടു വിട്ടിറങ്ങിയ അവര്‍ക്ക് ഇനി തിരിച്ചു ചെല്ലാന്‍ കഴിയില്ലായിരിക്കും. അവര്‍ ആരാലെങ്കിലും ആക്രമിക്കപ്പെട്ടേക്കാം. ചിലപ്പോള്‍ ജീവിതമവസാനിപ്പിച്ചേക്കാം. അതുമല്ലെങ്കില്‍ ഭര്‍ത്താവിനെ തേടിയിറങ്ങാന്‍ കാണിച്ച അതേ ധൈര്യത്തോടെ (അനിവാര്യത കൊണ്ട് ഉണ്ടായതെങ്കില്‍പ്പോലും) അവര്‍ ജീവിതത്തെ നേരിട്ടേക്കാം. അതെന്തു തന്നെയായാലും, കമലയുടേയും മന്യയുടേയും മുന്‍പോട്ടുള്ള ജീവിതത്തിന്റെ അനിശ്ചിതത്വത്തിലേക്കാണ് ഈ അവ്യക്തമായ പെട്ടെന്നുള്ള ക്ലൈമാക്‌സ്. ഇതിലും സത്യസന്ധമായി ഈ കഥ അവസാനിപ്പിക്കുന്നതെങ്ങനെയാണ്?

ലയേഴ്‌സ് ഡൈസില്‍ കാഴ്ചക്കാര്‍ ജീവിക്കുന്നത് കമലയിലൂടെയും നവാസുദ്ദീനിലൂടെയും മന്യയിലൂടെയുമാണ്. അഥവാ ഗീതാജ്ഞലി ഥാപ്പയിലൂടെയും നവാസുദ്ദീന്‍ സിദ്ദിഖിലൂടെയും മന്യാ ഗുപ്തയിലൂടെയുമാണ്. അവരാകട്ടെ അസാമാന്യമാം വിധം ഭംഗിയായി തങ്ങളുടെ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുമുണ്ട്. എത്ര അനായാസേനയാണവര്‍ കഥാപാത്രങ്ങളായി ജീവിക്കുന്നത് എന്നത് അത്ഭുതത്തോടെ മാത്രമേ നമുക്ക് നോക്കിക്കാണാനൊക്കൂ….. നമ്മുടെ പൊതുസൗന്ദര്യബോധത്തിനും നായക സങ്കല്‍പ്പങ്ങള്‍ക്കുമൊന്നും ചേരാത്തൊരാള്‍ ഒരു നിമിഷംപോലും ചിതറാതെ നമ്മുടെ നോട്ടങ്ങളെ പിടിച്ചെടുക്കുന്നതു കാണുമ്പോള്‍ ഉള്ള് നിറയാതിരിക്കുന്നതെങ്ങനെ? ‘ഐ ഡി’ യില്‍ നിന്നും ഒരു പടി മുകളിലാണ് ഗീതാഞ്ജലി ഥാപ്പ എന്നു പറയാതെ വയ്യ.

‘ലയേഴ്‌സ് ഡൈസി’ നെ റിയലിസ്റ്റിക് സിനിമയെന്നല്ല, ‘ജെനുവിനായ സിനിമയെന്നു വിളിക്കാനാണ് എനിക്കിഷ്ടം. ഒരു ‘ഇസ’ ത്തിനും നിര്‍വചിക്കാനാവാത്തൊരു സത്യസന്ധതയുണ്ട് ഈ സിനിമയ്ക്ക്. ഉറക്കെ തന്റെ രാഷ്ട്രീയം വിളിച്ചുപറയുകയല്ല, ആദ്യമുഴുനീള ചിത്രത്തിലൂടെ ഗീതു ചെയ്യുന്നത്. മറിച്ച്, അത് സ്വയമറിയാതെ വെളിവാക്കുകയാണ്. അവാര്‍ഡിനു വേണ്ടിയുള്ള കാട്ടിക്കൂട്ടലുകളോ ബുദ്ധിജീവിനാട്യങ്ങളോ നിലപാടു പ്രസംഗങ്ങളോ ഒന്നുമില്ല ഈ സിനിമയില്‍. പക്ഷേ, ആദ്യഘട്ടം മുതല്‍ക്കു തന്നെ തെളിഞ്ഞുവരുന്ന, കാപട്യമില്ലാത്ത, ഉപരിപ്ലവമല്ലാത്ത സൂക്ഷ്മ രാഷ്ട്രീയമുണ്ടിതില്‍. കശ്മീരിലും വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലും എന്തിന് ചിലപ്പോഴൊക്കെ നമ്മുടെ തൊട്ടടുത്ത് പോലും അര്‍ദ്ധവിധവകളായി ഒരായുഷ്‌ക്കാലം തള്ളി നീക്കേണ്ടി വരുന്ന ആയിരക്കണക്കിനു സാധാരണ സ്ത്രീകളില്‍ ഒരാള്‍ മാത്രമാണ് കമല. ഒരു ഭൂപടത്തിലും സ്ഥാനമില്ലാതെ പോകുന്ന, എന്തുസംഭവിച്ചാലും എവിടെയും രേഖപ്പെടുത്തപ്പെടാതെ പോകുന്ന അനേകമനേകം സാധാരണക്കാരില്‍ ഒരാളാണ് അവളുടെ ഭര്‍ത്താവും. തൊഴിലന്വേഷിച്ച് നമ്മുടെ നാട്ടിലെത്തി, നമ്മുടെ ഭാഷയും ജീവിതശൈലികളും വരെ ശീലിച്ച്, നമുക്കിടയില്‍ നമ്മെപ്പോലെ ജീവിക്കുന്നവരെപ്പോലും, ‘അന്യസംസ്ഥാന തൊഴിലാളികള്‍’ എന്ന അപരത്വത്തിലേയ്ക്ക് വലിച്ചെറിയുന്ന നമുക്ക് മുന്നില്‍ ‘ലയേഴ്‌സ് ഡൈസ്’ തീര്‍ച്ചയായും ഒരു രാഷ്ട്രീയം പറയുന്നുണ്ട്. ചില നല്ല മനുഷ്യര്‍ സിനിമയുണ്ടാക്കുന്നതും വിപ്ലവം തന്നെയാണെന്ന് ഈ സിനിമ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. പുരുഷ കേന്ദ്രീകൃതമായ, അപ്പര്‍ -മിഡില്‍ ക്ലാസിനുമാത്രം ഇടങ്ങളുള്ള ഭൂപടങ്ങളാണ് നമ്മുടെ വ്യവസ്ഥകള്‍ വരച്ചിടുന്നതെന്നു തന്നെയാണ് ഇവര്‍ പറയാതെ പറയുന്നത്.

ഭര്‍ത്താവിനെ അന്വേഷിച്ചുള്ള കമലയുടെ യാത്രയും കഥാന്ത്യത്തിലുള്ള അവളുടെ ഹൃദയഭേദകമായ നിലവിളികളും സ്‌നേഹത്തക്കാളുപരി, ‘ഭര്‍ത്താവ്’ എന്ന കമലയുടെ ‘ആവശ്യകത’യെയാണ് എന്നെ ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കുന്നത്. തികഞ്ഞ ഒരു പുരുഷാധികാര സമൂഹത്തില്‍ മധ്യ-അധോ വര്‍ഗ്ഗ അവിവാഹിതകളും വിധവകളുമെല്ലാം നേരിടുന്ന നോട്ടങ്ങളെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുകള്‍ കമലയുടെ നിസ്സഹായതയില്‍ എല്ലായ്‌പ്പോഴുമുണ്ടായിരുന്നു. സിനിമയുടെ ആദ്യം മുതല്‍ക്ക് മന്യ കൂടെക്കൂട്ടുന്ന ആട്ടിന്‍ കുട്ടിയും ഒരു നിലപാടു വ്യക്തമാക്കല്‍ തന്നെയാണ്. മനുഷ്യര്‍ പരസ്പരവും പ്രകൃതിയില്‍ നിന്നു തന്നെയും അന്യവല്‍ക്കരിക്കപ്പെടുന്നൊരു കാലത്ത്, തന്റെ ആട്ടിന്‍ കുട്ടിയെ കൂടെക്കൂട്ടേണ്ടതാണെന്ന് മന്യയും അതിനെ സംരക്ഷിക്കേണ്ടതാണെന്ന് കമലയ്ക്കും നവാസുദ്ദീനും വരെ തോന്നുന്നതില്‍ കവിഞ്ഞ എന്ത് ബോധ്യമാണ്, നമ്മുടെ സഹജാവബോധങ്ങളേയും ജൈവപ്രകൃതിയേയും കുറിച്ച് ചലച്ചിത്രകാരിക്ക് ഉണ്ടായിരിക്കേണ്ടത്?

‘നായര്‍’, ഒരു ജാതീയ ന്യൂനപക്ഷമായ തലശ്ശേരിയില്‍, ഒരു മുസ്ലീം പെണ്ണിനെ പ്രേമിക്കണമെങ്കില്‍, നായകന്‍ മിനിമം ഒരു നായരെങ്കിലുമായിരിക്കണമെന്നും, ഫോര്‍ട്ടു കൊച്ചിയിലേയും മട്ടാഞ്ചേരിയിലേയും പുതുതലമുറപ്പയ്യന്മാരെല്ലാം അഭ്യസ്തവിദ്യരാണെന്നും (വ്യവസ്ഥാപിത വിദ്യാഭ്യാസമുള്ളവര്‍) തൊഴില്‍ രഹിതരാണെങ്കില്‍ തന്നെ അത് അവരായിട്ട് തെരഞ്ഞെടുത്തതായിരിക്കാമെന്നും പരസ്പരം അവര്‍ ‘ഡ്യൂഡ്’ എന്നും ‘ബ്രോ’ എന്നും (കൂടിപ്പോയാല്‍ ‘മച്ചാനേ’ എന്നും വരെ) മാത്രമായിരിക്കും വിളിക്കുന്നതെന്നും കൈയില്‍ കള്ളും കഞ്ചാവും നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്നും അവര്‍ ആത്യന്തികമായി നന്മയുടെ നിറകുടങ്ങള്‍ ആയിരിക്കുമെന്നുമൊക്കെ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നവര്‍ കണ്ടിരിക്കണം. ഉയര്‍ച്ചകളും താഴ്ചകളുമുള്ള, പരുക്കനായ, ചിരിക്കാനറിയാത്ത നവാസുദ്ദീനെ. മുമ്പ്, ”ഞാന്‍ മതം മാറില്ല, അന്നയും മാറണ്ട” എന്നു പറഞ്ഞ ടാക്‌സി ഡ്രൈവറായ റസൂലിനെക്കണ്ടപ്പോള്‍ തോന്നിയ അതേ സന്തോഷമുണ്ട്, നവാസുദ്ദീനെ കാണുമ്പോഴും എന്നു പറയാതെ വയ്യ.

ഇവിടെ യുദ്ധവും പലായനങ്ങളും ആഭ്യന്തര കലാപവും സൈനിക അട്ടിമറികളും ഒന്നുമില്ലാത്തതുകൊണ്ടാണോ നല്ല സിനിമകള്‍ ഉണ്ടാവാത്തത്? അല്ലെന്നാണ് ‘ലയേഴ്‌സ് ഡൈസ്’ പറയുന്നത്. അഥവാ, ഇവയൊന്നും മാത്രമല്ല നിങ്ങളീ പറയുന്ന ‘നല്ല സിനിമ’ എന്നു ഈ ചിത്രം പറയാതെ പറയുന്നുണ്ട്. താളം തെറ്റിയ നെഞ്ചിടിപ്പോടെ തന്നെയാണ് മെയിന്‍ തിയറ്റര്‍ വിട്ട് പുറത്തിറങ്ങിയതെങ്കിലും മുങ്ങിത്താഴ്ന്ന ആഴങ്ങളെ അറിഞ്ഞു വന്നതിന്റെ സുഖമുണ്ടായിരുന്നു അപ്പോള്‍. അല്ലെങ്കിലും എല്ലായ്‌പ്പോഴും അതങ്ങനെയാണ്. സിനിമയായാലും പ്രണയമായാലും വേദനയായാലും ലഹരിയായാലും …..

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍