UPDATES

അഴിമുഖം ഡെസ്ക്

കാഴ്ചപ്പാട്

അഴിമുഖം ഡെസ്ക്

ന്യൂസ് അപ്ഡേറ്റ്സ്

അതേ, ഇന്ത്യന്‍ ജനത വീണ്ടും കബളിപ്പിക്കപ്പെട്ടിരിക്കുകയാണ്

16-ആം ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞു. നവലിബറല്‍ നയത്തിന്റെ വക്താക്കളും പ്രയോക്താക്കളുമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇന്ത്യന്‍ രാഷ്ട്രീയ ചിത്രത്തില്‍ പൂര്‍ണ്ണമായും നിഷ്പ്രഭമായി. 22വര്‍ഷങ്ങള്‍ക്കൊണ്ട് നവലിബറല്‍ നയത്തിന്റെ പ്രത്യാഘാതങ്ങള്‍ ഇന്ത്യന്‍ ജനത തിരിച്ചറിഞ്ഞു എന്നതിന്റെ തെളിവാണ് ഈ കോണ്‍ഗ്രസ്സ് വിരുദ്ധ വികാരം. അതേസമയം നവലിബറല്‍ നയത്തെ എതിര്‍ക്കുകയും ബദലുമായി മുന്നോട്ടു പോകുകയും ചെയ്ത ഇടതുപക്ഷത്തിനും തിരിച്ചടിയുണ്ടായി എന്നതും തികച്ചും വൈരുദ്ധ്യമാണ്. അത്ഭുതം തോന്നുന്ന ഈ വൈരുദ്ധ്യം നിലനില്‍ക്കുമ്പോള്‍ മറ്റൊരു വിചിത്രമായ വിജയവും രാജ്യത്തുണ്ടായി. അത് ബി.ജെ.പിയുടെ വിജയമാണ്. ബി.ജെ.പിയും നവലിബറല്‍ നയത്തിന്റെ വക്താക്കളാണ്. എന്നിട്ടും അവര്‍ അധികാരത്തില്‍ വന്നു. ഇത് ചര്‍ച്ചാ വിഷയമാക്കേണ്ട കാതലായ പ്രശ്‌നമാണ്. നവലിബറല്‍ നയത്തിന്റെ ഉല്പന്നമായ വിലക്കയറ്റം, അഴിമതി, സാമ്പത്തിക തകര്‍ച്ച, തൊഴിലില്ലായ്മ എന്നീ പ്രശ്‌നങ്ങള്‍ക്കെതിരെ ഉണര്‍ന്ന ജനത എന്തുകൊണ്ട് നവലിബറല്‍ വക്താക്കളെ തന്നെ വീണ്ടും തെരഞ്ഞെടുത്തു എന്നതാണ് പ്രധാന ചോദ്യം.

നവലിബറല്‍ നയത്തെ ആവാഹിച്ചെടുത്ത തിരഞ്ഞെടുപ്പിന് പിന്നില്‍ ഒരു പ്രധാന ശക്തിയുണ്ട് എന്നത് തിരിച്ചറിയുമ്പോള്‍ മാത്രമാണ് മേല്‍പ്പറഞ്ഞ ചോദ്യത്തിന് ശരിയായ ഉത്തരം ലഭിക്കുക. ആ ശക്തി കോര്‍പ്പറേറ്റുകളാണ്. ഫിനാന്‍സ് മൂലധനത്തെ വളര്‍ത്തിക്കൊണ്ട് ലാഭം കൊയ്യുവാന്‍ ശ്രമിക്കുന്ന ശക്തികളാണ് കോര്‍പ്പറേറ്റുകള്‍. അതുകൊണ്ട് ലോകം മുഴുവന്‍ ഫിനാന്‍സ് മൂലധനത്തിന്റെ വളര്‍ച്ചയ്ക്കുവേണ്ടി മാത്രമാണ് കോര്‍പ്പറേറ്റുകള്‍ നിലനില്‍ക്കുന്നത്. അതിന് അവസരം നല്‍കുന്ന രാഷ്ട്രീയ ശക്തിയെ അധികാരത്തിലെത്തിക്കുക എന്നത് അവരുടെ പ്രഖ്യാപിത ലക്ഷ്യമാണ്. അതിനുവേണ്ടി കോടിക്കണക്കിന് ഡോളര്‍ ചിലവാക്കാന്‍ അവര്‍ തയ്യാറാണ്. അങ്ങിനെ ചിലവാക്കിയ തുകപോലും അതേ നയത്തിന്റെ സാധ്യത ഉപയോഗിച്ച് അവര്‍ തിരിച്ച് വസൂലാക്കും. ലോക് സഭാ തെരഞ്ഞെടുപ്പിനിടയിലും ശേഷവും ഇന്ത്യന്‍ ഓഹരി കമ്പോളത്തിന്റെ അമിതമായ വളര്‍ച്ച അതിന്റെ വ്യക്തമായ ഉദാഹരണമാണ്. സാമ്പത്തിക പരാമീറ്ററുകള്‍ക്കൊന്നും വിശദീകരിക്കാന്‍ കഴിയാത്തതാണ് ഓഹരിക്കമ്പോളത്തിന്റെ അമിത വളര്‍ച്ച. ബോധപൂര്‍വ്വമുണ്ടാക്കിയ ഓഹരിക്കമ്പോള വളര്‍ച്ചയിലൂടെ കോര്‍പ്പറേറ്റുകള്‍ക്ക് നിരവധി ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു. (1) തെരഞ്ഞെടുപ്പില്‍ അവര്‍ ഒഴുക്കിയ പണം വീണ്ടെടുക്കുക (ചൂതാട്ട വളര്‍ച്ചയിലൂടെ അവര്‍ കോടികള്‍ ചെയ്തു) (2) നവലിബറല്‍ നയം തുടരുവാന്‍ കഴിയുന്ന ഒരു സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന സന്ദേശം നല്‍കുക. (3) ഇടതുപക്ഷം പറയുന്നത് തെറ്റാണ് എന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക.

ഇത് പൂര്‍ണ്ണമായും സാധൂകരിക്കത്തക്ക രീതിയിലാണ് ഇപ്പോള്‍ ബി.ജെ.പി. സര്‍ക്കാര്‍ തീരുമാനങ്ങളെടുക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പ്രധാന ചില തീരുമാനങ്ങള്‍ താഴെച്ചേര്‍ക്കുന്നു.

1. പ്രതിരോധമേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപത്തിന് അനുമതി നല്‍കിക്കൊണ്ട് ഫിനാന്‍സ് താല്‍പ്പര്യത്തെ സംരക്ഷിക്കുന്നു.
2. മാധ്യമരംഗത്ത് 100 ശതമാനം നിക്ഷേപം പ്രാഖ്യാപിച്ചതിലൂടെ ഫിനാന്‍സ് താല്‍പര്യ സംരക്ഷണത്തിന് സാംസ്‌കാരിക പശ്ചാത്തലം ഒരുക്കുന്ന സാഹചര്യം പോലുമുണ്ടാകുന്നു.
3. പ്രധാന മേഖലകളിലെല്ലാം സ്വകാര്യ പങ്കാളിത്തം നല്‍കുന്നു.
4. വില നിശ്ചയിക്കുന്നതില്‍നിന്നും സര്‍ക്കാരിന്റെ പിന്മാറ്റം പ്രഖ്യാപിക്കുന്നു.
5. സബ്‌സിഡികള്‍ കൂടുതല്‍ വെട്ടിച്ചുരുക്കുക വഴി പൊതുവിതരണം തകര്‍ക്കുന്നു.
6. ആനുകൂല്യങ്ങള്‍ കുറയ്ക്കുക വഴി കമ്മി നികത്തുവാന്‍ ശ്രമിക്കുന്നു.
7. ഡീസല്‍, പെട്രോള്‍, പാചകവാതക വില നിരന്തരമായി കൂട്ടുവാന്‍ തീരുമാനിക്കുന്നു. 

ബെസ്റ്റ് ഓഫ് അഴിമുഖം

ഇന്ത്യ ശരിക്കും വികസിക്കുന്നുണ്ടോ?
കോര്‍പ്പറേറ്റുകള്‍ക്ക് പൊള്ളുമ്പോള്‍
ടാറ്റയ്ക്കും റിലയന്‍സിനും എന്താ കൊമ്പുണ്ടോ?
മന്‍മോഹന്‍ സിംഗ് ഒരു പേരല്ല, ഒരു പ്രതിസന്ധിയാണ്
മോദിയില്‍ നിന്ന് നമ്മളെന്ത് പ്രതീക്ഷിക്കണം?

നവലിബറല്‍ നയങ്ങള്‍ പൂര്‍വ്വാധികം ശക്തിയോടെ നടപ്പിലാക്കപ്പെടാന്‍ പോകുന്നു എന്നതിന്റെ നഗ്നമായ തെളിവുകളാണ് ഇതെല്ലാം. ഭാവി സമ്പദ് വ്യവസ്ഥ വീണ്ടും ഇരുളടഞ്ഞതാകുമെന്നതിന്റെ അപകടകരമായ സൂചനകളും കൂടിയാണിത്.  

നവലിബറല്‍ നയത്തെ തൂത്തെറിഞ്ഞ ഇന്ത്യന്‍ ജനത വഞ്ചിക്കപ്പെട്ടിരിക്കുന്നു എന്നര്‍ത്ഥം. വീണ്ടും അതേ നയം തുടരുന്നതിനെ ഇന്ത്യന്‍ ജനത ഭയചകിതരായി നോക്കിനില്‍ക്കുന്ന രസകരമായ ഒരു ചിത്രമാണ് ഇന്നുള്ളത്. പ്രതിബന്ധങ്ങള്‍ തട്ടിമാറ്റി എന്ന് കരുതി കണ്ണുതുറന്ന് നോക്കിയപ്പോള്‍ വീണ്ടും അതേ പ്രതിബന്ധം മുന്നില്‍ കാണുന്ന പകപ്പിലാണ് ജനത.

ഈ ചതിയുടെ പിന്നില്‍ കളിച്ച കോര്‍പ്പറേറ്റുകള്‍ ഉപയോഗിച്ച വജ്രായുധമാണ് വര്‍ഗ്ഗീയത. വര്‍ഗ്ഗീയ ചിന്തകളെ ഉണര്‍ത്തിക്കൊണ്ട് പുതിയ നവലിബറല്‍ വക്താക്കളെ വാഴിക്കുക എന്ന രീതിശാസ്ത്രമാണവര്‍ പ്രയോഗിച്ചത്. വര്‍ഗ്ഗീയതയുടെ വളര്‍ച്ചയ്ക്കുവേണ്ടി കോടികള്‍ പൊടിപൊടിച്ച കോര്‍പ്പറേറ്റുകള്‍ക്ക് സാമ്പത്തിക നയം മാത്രമായിരുന്നു ലക്ഷ്യം. നവലിബറല്‍ നയത്തിനെതിരെയുള്ള വികാരം ഇന്ത്യന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മറയില്ലാതെ പ്രകടമാകുന്ന സാഹചര്യമുണ്ടായാല്‍ ഇന്ത്യന്‍ ജനത ഇടതുപക്ഷ ബദലിനെ കൂടുതല്‍ സ്വീകരിക്കും എന്ന് കോര്‍പ്പറേറ്റുകള്‍ക്ക് അറിയാം. അതുകൊണ്ടു തന്നെ ചിന്തയുടെ ദിശമാറ്റണം. ഇവിടെയാണ് വര്‍ഗ്ഗീയത ഉപയോഗിക്കപ്പെട്ടത്. വിശ്വാസത്തെപ്പോലും കോര്‍പ്പറേറ്റുകള്‍ വളരെ മനോഹരമായി ഉപയോഗിച്ചു എന്നര്‍ത്ഥം. യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ ജനത കബളിപ്പിക്കപ്പെട്ടിരിക്കുകയാണ്. പക്ഷെ ജീവിതാനുഭവങ്ങള്‍ പഴയതെല്ലാം വീണ്ടും ഓര്‍മ്മിപ്പിക്കുമ്പോള്‍ പണ്ടത്തെക്കാള്‍ വളരെ വേഗം നവലിബറല്‍ നയത്തിന്റെ തിരിച്ചുവരവിനെക്കുറിച്ച് ജനത ബോധവാന്മാരാകും. 22 വര്‍ഷത്തെ കാലയളവ് വേണ്ടിവരില്ല മറ്റൊരു ജനകീയ എതിര്‍പ്പ് ഉയര്‍ന്നുവരുവാന്‍ എന്ന് ചുരുക്കം. അതുകൊണ്ടുതന്നെ വര്‍ഗ്ഗീയതയെ ഉയര്‍ത്തി നിര്‍ത്തുവാന്‍ കോര്‍പ്പറേറ്റുകള്‍ കൂടുതല്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കും. ഇന്ത്യന്‍ മൂലധനത്തെ ഫിനാന്‍സ് മൂലധനമാക്കി പരിവര്‍ത്തനം ചെയ്തുകൊണ്ട് ലാഭം കൊയ്യുവാന്‍ കോര്‍പ്പറേറ്റുകള്‍ക്ക് കഴിയണമെങ്കില്‍ വര്‍ഗ്ഗീയതയെ തന്നെ ഉയര്‍ത്തി നിര്‍ത്തണം. ഇതാണ് ഭാവി ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ നേരിടുവാന്‍ പോകുന്ന ഏറ്റവും വലിയ പ്രശ്‌നം. വര്‍ഗ്ഗീയ പരിസരത്തിലാണ് ഫിനാന്‍സ് മൂലധനം വളരുക എന്നര്‍ത്ഥം. ‘സ്‌പോണ്‍സേര്‍ഡ് വര്‍ഗ്ഗീയത’ എന്ന പുതിയ ആശയം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉയര്‍ന്നുവരികയാണ്. ഇത് സ്വാഭാവിക വര്‍ഗ്ഗീയതയേക്കാള്‍ അപകടകരമാണ് എന്ന വസ്തുത നാം തിരിച്ചറിയണം. നവലിബറല്‍ നയം നടപ്പിലാക്കുവാനുള്ള ഒരു പരിചയായി വര്‍ഗ്ഗീയതയെ ഉപയോഗിക്കുവാന്‍ ശ്രമിക്കുന്ന സാമ്രാജ്യത്വ തന്ത്രം തിരിച്ചറിയുന്നിടത്താണ് ഭാവി ഇന്ത്യയുടെ വിജയം നിലനില്‍ക്കുന്നത്.

അതുകൊണ്ട് തന്നെ സ്‌പോണ്‍സേഡ് വര്‍ഗ്ഗീയതയെ തുറന്ന് കാണിക്കുന്ന മതനിരപേക്ഷ സമീപനം അനിവാര്യമാണ്. നവലിബറല്‍ നയത്തിനെതിരെ എതിര്‍ക്കുന്നത് കൂടുതല്‍ ശക്തമായി തുടരുന്നതോടൊപ്പം കോര്‍പ്പറേറ്റ് ഗൂഢാലോചനയെ കൂടി തുറന്നുകാണിക്കുന്ന സമീപനം ഉണ്ടാകണം. ഇടതുപക്ഷത്തിനല്ലാതെ ഈ രീതിശാസ്ത്ര പ്രയോഗമറിയില്ല എന്നത് ചരിത്രപരമായ തിരിച്ചറിവ് മാത്രമാണ്. ഈ തിരിച്ചറിവ് ഭാവി സമരങ്ങളുടെ ദിശ നിര്‍ണ്ണയിക്കുക തന്നെ ചെയ്യും.

(പ്രൊഫ: സി രവീന്ദ്രനാഥ് രചിച്ച ‘നവലിബറല്‍ അഥവാ ദുരിതങ്ങളുടെ നയം’ എന്ന പുസ്തകത്തിലെ അവസാന അദ്ധ്യായമാണ് ഈ ലേഖനം. നവലിബറല്‍ അഥവാ ദുരിതങ്ങളുടെ നയം, സുസ്ഥിര- സമഗ്ര വികസനത്തിന്‍റെ ജനകീയ മുഖം, നിയമ സഭ പ്രസംഗങ്ങള്‍ എന്നീ മൂന്ന് പുസ്തകങ്ങളുടെ പ്രകാശനം 2014 ആഗസ്റ്റ് 2നു തൃശ്ശൂര്‍ കേരള സാഹിത്യ അക്കാദമി ഹാളില്‍ വെച്ച് സി പി ഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നിര്‍വഹിക്കും.)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍