UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കെട്ടുകഥകളില്‍നിന്നും ശാസ്ത്രത്തെ മോചിപ്പിക്കുക

Avatar

ടീം അഴിമുഖം/എഡിറ്റോറിയല്‍

രാജ്യത്തു ശാസ്ത്രാവബോധം വേണ്ടത്രയില്ല എന്നതിലേക്ക് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി ശ്രദ്ധ ക്ഷണിക്കുന്നു. ഇന്ത്യയിലെ ശാസ്ത്രത്തിന്റെ അവസ്ഥയെക്കുറിച്ച് 2016-ലെ ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസിന്റെ പശ്ചാത്തലത്തില്‍ വലിയ വിലാപങ്ങള്‍ ഉയര്‍ന്നതിന്റെ പിറകെയാണ് അദ്ദേഹത്തിന്റെ ഈ പരാമര്‍ശം. വാസ്തവത്തില്‍, കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി പുരാതന ഇന്ത്യയില്‍ വിമാനങ്ങളുണ്ടായിരുന്നു എന്നൊക്കെ പറയുന്ന തരത്തിലുള്ള പ്രബന്ധാവതരണങ്ങള്‍ നിരാശയും അസ്വസ്ഥതയും സൃഷ്ടിച്ചിരുന്നു. കനത്ത ഒരടി നല്‍കിക്കൊണ്ട് കോണ്‍ഗ്രസ് വെറുമൊരു സര്‍ക്കസാണെന്നും വളരെ കുറച്ചു ശാസ്ത്രം മാത്രമേ ചര്‍ച്ച ചെയ്യുന്നുള്ളൂ എന്നും നോബല്‍ സമ്മാന ജേതാവ് വെങ്കട്ടരാമന്‍ രാമകൃഷ്ണന്‍ ആരോപിക്കുകയും ചെയ്തു.

കോണ്‍ഗ്രസ് വിവിധ ചിന്താധാരകളോട് തുറന്ന സമീപനമെടുക്കണമെന്ന് വാദിക്കാമെങ്കിലും അത്തരം തുറന്ന സമീപനം ശരിയായ ശാസ്ത്രീയചിന്തയെ കുരുതികൊടുത്തുകൊണ്ടാകരുത്. അന്‍സാരി നിരീക്ഷിച്ചപോലെ ശാസ്ത്രീയമായി തെളിയിച്ച വസ്തുതകളില്‍ നിന്നും വിശ്വാസത്തെ വേര്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ മന്ത്രവാദത്തെ ശാസ്ത്രീയമെന്ന് മുദ്രകുത്തുന്നതിലേക്കാണ് നയിക്കുക. കൂടാതെ, ഇന്ത്യയില്‍  ശാസ്ത്രത്തിന്റെ വേരുകള്‍ ദുര്‍ബ്ബലമാണെന്നതിന് അനുഭവങ്ങളിലെ തെളിവുകളുമുണ്ട്. ശാസ്ത്ര ഗവേഷണത്തിനായി ജി ഡി പിയുടെ 2% ചെലവഴിക്കുക എന്ന ലക്ഷ്യം നേടാന്‍ രാജ്യത്തിന് ഇനിയും കഴിഞ്ഞിട്ടില്ല. ഏതാണ്ട് 59% സെക്കണ്ടറി വിദ്യാലയങ്ങള്‍ക്കും നല്ലൊരു ശാസ്ത്ര പരീക്ഷണശാലയില്ല. 2013-ലെ കണക്കുകളനുസരിച്ച് 10 ലക്ഷം ആളുകള്‍ക്ക് 17 പേറ്റന്റ് എന്ന കണക്കിലാണ് ഇന്ത്യക്കാര്‍ നല്കിയിട്ടുള്ളത്. താരതമ്യത്തില്‍ കുഞ്ഞുരാജ്യമായ തെക്കന്‍ കൊറിയയില്‍ ഇത് ഒരു ദശലക്ഷത്തിന് 4,451 ആണ്.

ഈ കണക്കുകള്‍ സര്‍ക്കാരിന്റെ ‘ഇന്ത്യയില്‍ നിര്‍മ്മിക്കുക’ പോലുള്ള നയങ്ങളുമായി വൈരുദ്ധ്യം പ്രകടമാക്കുന്നു. നോബല്‍ പുരസ്കാര ജേതാവ്, ഊര്‍ജതന്ത്രജ്ഞന്‍ ഡേവിഡ് ഗ്രോസ് പറഞ്ഞ പോലെ സ്കൂള്‍ തലം മുതല്‍ ഉന്നത വിദ്യാഭ്യാസം വരെ അടിസ്ഥാന ശാസ്ത്രത്തില്‍ സുസ്ഥിരമായ നിക്ഷേപം നടത്താതെ, ഉന്നത നിലവാരമുള്ള ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ ഉണ്ടാക്കാനുള്ള ശ്രമം ആഗ്രഹിക്കുന്ന നേട്ടങ്ങള്‍ ഉണ്ടാക്കില്ല. ഇന്ത്യയിലെ ഒരൊറ്റ സ്ഥാപനം പോലും ലോകത്തെ മികച്ച സര്‍വ്വകലാശാലകളുടെ ആദ്യ നൂറെണ്ണത്തില്‍ സ്ഥാനം പിടിച്ചിട്ടില്ല എന്നത് രാജ്യത്തെ വിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും പരിതാപകരമായ അവസ്ഥയെയാണ് തുറന്നുകാട്ടുന്നത്. അതിനുപുറമെയുള്ള ദുരന്തം, ഉന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ശാസ്ത്രപഠനത്തെക്കാള്‍ മുന്‍ഗണന നല്‍കുന്നത് ഉയര്‍ന്ന ശമ്പളമുള്ള കോര്‍പ്പറേറ്റ് ജോലികള്‍ക്കാണ്. ആകെയെടുത്താല്‍, ശാസ്ത്ര പഠനം ദരിദ്രവും ശാസ്ത്രാവബോധം  വെള്ളം ചേര്‍ത്തതുമായി മാറുകയാണ്.

ഇന്ത്യയിലെ ശാസ്ത്രത്തിന്റെ അവസ്ഥ ഇവിടത്തെ പൊതുവിദ്യാഭ്യാസത്തിന്റെ ശോചനീയാവസ്ഥയുടെ  നേരിട്ടുള്ള പ്രതിഫലനമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മോശമായ നിലവാരം മോശം ഗവേഷണമായി പരിണമിക്കുന്നു. വെറും ബിരുദധാരികളെ സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നൂതനമായ കണ്ടെത്തലുകള്‍ക്കുള്ള സാധ്യതകളെ കൊല്ലുന്നു.

ഈ പശ്ചാത്തലത്തിലാണ്, പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചതുപോലെ ശാസ്ത്രീയ വകുപ്പുകള്‍ക്ക് കണക്കെടുപ്പിനുള്ള ഒരു ചട്ടക്കൂട് തയ്യാറാക്കേണ്ടത് ആദ്യപടിയാകുന്നത്. ഗവേഷണവും പുത്തന്‍ കണ്ടുപിടിത്തങ്ങളും പ്രോത്സാഹിപ്പിക്കുന്ന ഒരന്തരീക്ഷം സൃഷ്ടിക്കാനുതകുന്ന തരത്തില്‍ ശാസ്ത്ര വിദ്യാഭ്യാസത്തെ അഴിച്ചുപണിയുക എന്നതാണ് അടുത്തതായി ചെയ്യേണ്ടത്. അപ്പോള്‍ മാത്രമേ ഇന്ത്യയിലെ ശാസ്ത്രജ്ഞന്‍മാര്‍ക്ക് ഈ രാജ്യത്തിന്റെ വികസനലക്ഷ്യങ്ങളില്‍ അര്‍ത്ഥവത്തായ എന്തെങ്കിലും സംഭാവനകള്‍ നല്‍കാനാകൂ.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍