UPDATES

പ്രവാസം

ലിബിയയില്‍ ഞങ്ങളുടെ ദുരിത ജീവിതം; ഒരു അനുഭവക്കുറിപ്പ്

Avatar

റെജി ജോണ്‍

(ആഭ്യന്തര സംഘര്‍ഷങ്ങളാല്‍ കലുഷിതമായ ലിബിയയില്‍ നിരവധി മലയാളികള്‍ കുടുങ്ങിക്കിടക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. പലപ്പോഴും ഇവരെത്ര എന്ന കണക്ക് പോലും ഗവണ്‍മെന്‍റ് ഏജന്‍സികളുടെ കൈകളില്‍ ഉണ്ടാകാറില്ല. യുദ്ധം കൊടുമ്പിരികൊള്ളുന്ന രാജ്യങ്ങളില്‍ പോകരുത് എന്ന നിര്‍ദ്ദേശങ്ങള്‍ ഉണ്ടെങ്കിലും ജീവിതം കരുപിടിപ്പിക്കാനുള്ള ശ്രമത്തിനിടയില്‍ ആരും അത് ശ്രദ്ധിക്കാറില്ല. എന്താണ് ലിബിയയിലുള്ള പ്രവാസികള്‍ക്ക് സംഭവിക്കുന്നത്? യുദ്ധത്തിന്റെ മരണങ്ങളുടെയും ദിനങ്ങള്‍ അവര്‍ എങ്ങനെയാണ് തള്ളി നീക്കുന്നത്. ആലപ്പുഴ ഹരിപ്പാട്‌ സ്വദേശിയായ റെജി ജോണ്‍ സംസാരിക്കുന്നു.  ലിബിയയില്‍ റേഡിയോഗ്രാഫര്‍ ആയി ജോലി നോക്കുകയാണ് റെജി. തയ്യാറാക്കിയത്: വി ഉണ്ണികൃഷ്ണന്‍)

പലരും ചോദിക്കാറുണ്ട് ഇത്ര കഷ്ടപ്പാട് ഉണ്ടെങ്കില്‍ എന്തിനാണ് നിങ്ങള്‍ ഇത്തരം രാജ്യങ്ങളിലേക്ക് ജോലിക്ക് പോകുന്നത് എന്ന്. കൂടുതല്‍ പൈസ കിട്ടുന്നത് കൊണ്ടല്ലേ എന്നൊക്കെ. കിടപ്പാടം പോലും പണയം വെച്ചാണ് ഞങ്ങളില്‍ പലരും രാജ്യം വിടുന്നത്. കാഴ്ചകള്‍ കാണാനോ സുഖിക്കാനോ സന്തോഷിക്കാനോ പണത്തോടുള്ള ആര്‍ത്തി കൊണ്ടോ അല്ല. ഞങ്ങളില്‍ പലരും ഉറ്റവരെയും ഉടയവരെയും ഒക്കെ ഉപേക്ഷിച്ച് പോരുന്നത് കടം തീര്‍ക്കാനും വീട്ടുകാര്‍ പട്ടിണിക്കിടക്കാതിരിക്കാനും വേണ്ടി മാത്രമാണ്. പലരും ഏജന്‍റ്റുമാര്‍ക്ക് ലക്ഷക്കണക്കിന്‌ കമ്മീഷന്‍ കൊടുത്താണ് ഇവിടെയെത്തിയത്. ഒരു മാസത്തെ ശമ്പളം കിട്ടാന്‍ താമസിച്ചാല്‍ വീട്ടില്‍ ബാങ്കില്‍ നിന്നും ആളു വരും. ലിബിയയെ പോലെ 365 ദിവസവും അടിയന്തരാവസ്ഥ നിലനില്‍ക്കുന്ന ഒരു രാജ്യത്ത്   അഭയാര്‍ഥികളെപ്പോലെയാണ് ഞങ്ങള്‍  കഴിയുന്നത്‌. അതെല്ലാം സഹിക്കാന്‍ ശക്തി നല്‍കുന്നത് വീട്ടുകാര്‍ക്ക് വേണ്ടിയാണല്ലോ നമ്മള്‍ കഷ്ടപ്പെടുന്നത് എന്ന വിചാരമാണ്. 

ഇവിടെ അനുഭവിക്കേണ്ടി വരുന്നത് പലതരത്തിലുള്ള ദുരിതങ്ങളാണ്. ശാരീരികമായും മാനസികമായും സാമ്പത്തികമായും  തളര്‍ത്തുന്ന രീതിയിലുള്ള അനുഭവങ്ങളിലൂടെയാണ് ഓരോ ദിവസവും കടന്നുപോവുന്നത്. ഞങ്ങള്‍ ഇവിടെ വന്ന് ഒരുമാസം കഴിഞ്ഞപ്പോഴാണ് ആഭ്യന്തര കലാപം രൂക്ഷമാകുന്നത്. അല്ലാതെ തന്നെ കഷ്ടപ്പാടുകള്‍ ഏറെ സഹിക്കുന്ന സമയത്താണ് ജീവന്‍ പോലും നഷ്ടമായേക്കാവുന്ന തരത്തിലുള്ള അനുഭവങ്ങള്‍ ഞങ്ങളെത്തേടി എത്തിയത്.

ഡല്‍ഹി, ഹൈദരാബാദ്, കൊച്ചി, ബെംഗളൂരു എന്നിവിടങ്ങളില്‍ വച്ച്  300ല്‍ അധികം പേരെ റിക്രൂട്ട് ചെയ്തിരുന്നു. ഫ്രീ റിക്രൂട്ട്മെന്റ് ആയിരുന്നിട്ടും ഇടനിലക്കാര്‍ ലക്ഷക്കണക്കിന്‌ രൂപ കമ്മീഷന്‍ വാങ്ങി. എനിക്ക് നല്കേണ്ടി വന്നത് മൂന്നു ലക്ഷത്തോളം രൂപയാണ്. 2014ല്‍ ആണ് റേഡിയോഗ്രാഫര്‍ ആയി ഞാന്‍  അല്‍ ഹവായി ജനറല്‍ ആശുപത്രിയില്‍ എത്തുന്നത്. ഏകദേശം എട്ടു മാസത്തോളം അവിടെ ജോലി ചെയ്തു. കലാപം രൂക്ഷമായപ്പോള്‍ ഞങ്ങളെ മറ്റു ആശുപത്രികളിലേക്ക് മാറ്റി. തുടക്കത്തില്‍ ശമ്പളം കിട്ടുന്നുണ്ടായിരുന്നെങ്കിലും  ആഭ്യന്തര കലാപം തുടങ്ങിയതില്‍പ്പിന്നെ അതും കിട്ടാതെയായി.

ജീവന്‍ കൈയ്യില്‍ പിടിച്ചു നടക്കുന്ന അവസ്ഥയാണ് ഇപ്പോള്‍. കഴുത്തറുക്കലും, കാലു വെട്ടലും വെടിവയ്പ്പും എന്ന് വേണ്ട ഇത്ര നാളത്തെ ലിബിയന്‍ ജീവിതത്തില്‍ ഇനി കാണാന്‍ ഒന്നും ബാക്കിയില്ല. പലപ്പോഴും തീവ്രവാദികളെ ചികിത്സിക്കേണ്ടി വന്നിട്ടുണ്ട്, ചിലപ്പോള്‍ സൈന്യെത്തെയും. അവര്‍ക്കിഷ്ടപ്പെടാത്ത എന്തെങ്കിലും കണ്ടാല്‍ പിന്നെ ആക്രമിക്കുക എന്നതാണ് രീതി. വെടിവെച്ചും ബോംബെറിഞ്ഞും എത്രയോ പേരുടെ ജീവനെടുക്കുന്നതിന് ഞങ്ങള്‍ സാക്ഷിയായി. ഞാന്‍ താമസിക്കുന്നതിന് ഏതാനും കിലോമീറ്റര്‍ ദൂരെയാണ് മലയാളിയായ അമ്മയും കുഞ്ഞും മിസൈല്‍ ആക്രമണത്തില്‍ മരിക്കുന്നത്. ഓരോ നിമിഷവും ഇനിയെന്തു സംഭവിക്കും എന്നുള്ള ഭീതിയിലാണ് ഞങ്ങള്‍ ജീവിക്കുന്നത്. പല തവണ മരണത്തെ മുന്നില്‍ക്കണ്ടു. കുടുംബത്തിന്റെ പ്രാര്‍ത്ഥന കൊണ്ടുമാത്രം രക്ഷപെട്ടു. കെട്ടിടങ്ങള്‍ ചാരമായി മാറുന്നത് കണ്ടുനില്‍ക്കേണ്ടി വരുന്നു. ആക്രമണം നടക്കുമ്പോള്‍ ഒരാഴ്ച വരെ പട്ടിണിയായിരിക്കും. അകത്തിരുന്നാല്‍ പട്ടിണി കിടന്നു മരിക്കും, പുറത്തിറങ്ങിയാല്‍ ബോംബേറിലോ വെടി വയ്പ്പിലോ.ഇതാണ് ഞങ്ങളുടെ അവസ്ഥ.

തുച്ഛമായ തുകയാണ് മാസങ്ങളായി ഞങ്ങള്‍ നാട്ടില്‍ അയക്കുന്നത്. അതും പലപ്പോഴായി പട്ടിണി കിടന്നു പോലും സ്വരുക്കൂട്ടിയത്. വെസ്റ്റേണ്‍ യൂണിയന്‍, മണിഗ്രാം, ബാങ്ക് ട്രാന്‍സാക്ഷന്‍ എന്നിവയാണ് ഇവിടെ നാട്ടിലേക്ക്  പണം അയക്കാനുള്ള മാര്‍ഗ്ഗങ്ങള്‍. കലാപം തുടങ്ങിയതില്‍പ്പിന്നെ .ആ മാര്‍ഗ്ഗങ്ങള്‍ എല്ലാം അടഞ്ഞു. പരിചയത്തിലുള്ള  ആരെങ്കിലും നാട്ടില്‍ പോകുമ്പോള്‍ അവരുടെ കൈയ്യില്‍ കൊടുത്തു വിടുകയാണ് പിന്നെയുള്ള ഏക വഴി. അതിനും വേണം നാളുകളുടെ, ചിലപ്പോള്‍ മാസങ്ങളുടെ കാത്തിരിപ്പ്. വേറൊന്ന് ലിബിയന്‍ ദിനാര്‍ എക്സ്ച്ചേഞ്ച് ചെയ്യുന്നതിലുള്ള പ്രശ്നമാണ്.ലിബിയന്‍ ദിനാറിന് പുറത്തൊരിടത്തും വിലയില്ല. അയല്‍ രാജ്യങ്ങളില്‍ പോലും. 48 രൂപയാണ് ഒരു ലിബിയന്‍ ദിനാര്‍. ഇതിനെ യുഎസ് ഡോളര്‍ ആക്കിയാലേ രൂപയിലേക്ക് മാറ്റാന്‍ സാധിക്കൂ. ഡോളര്‍ കിട്ടണമെങ്കില്‍ പലപ്പോഴും ബ്ലാക്കില്‍ വാങ്ങേണ്ടി വരും. ഒരു യുഎസ് ഡോളര്‍ കിട്ടാന്‍ നാല് ദിനാര്‍. അതായത് 66 രൂപ കിട്ടാന്‍ 200 രൂപ മുടക്കണം. രണ്ടര ലക്ഷം രൂപ ഒപ്പിച്ചു വച്ചാല്‍ 60000 രൂപ നാട്ടില്‍ അയക്കാം.

നാലു മാസത്തിനു മേലായി ഞാന്‍ ജോലി രാജിവെച്ചിട്ട്. ഇതുവരെ എനിക്കു കിട്ടാനുള്ള തുക ലഭിച്ചിട്ടില്ല. ഗദ്ദാഫി മരിച്ചതോടെ ഇവിടെ സര്‍ക്കാര്‍ എന്നൊന്നില്ല. ഇപ്പോള്‍ ആര്‍ക്കും എന്തും ചെയ്യാവുന്ന അവസ്ഥയാണ്. സൈന്യവും തീവ്രവാദികളും അങ്ങോട്ടുമിങ്ങോട്ടും പടവെട്ടുന്നു. ഇതിനൊക്കെ മൂകസാക്ഷികളായി ഞങ്ങളെപ്പോലെ ചിലരും. അധിക ശമ്പളവും, ഗ്രാറ്റുവിറ്റിയും, പോയിവരവിനു ടിക്കറ്റും വാഗ്ദാനം നല്‍കിയിരുന്ന ആശുപത്രി അധികൃതര്‍ ഇപ്പോള്‍ മാസശമ്പളം പോലും നല്‍കാതെയായി. ടിക്കറ്റ് എടുക്കാന്‍ എങ്കിലും പണം കിട്ടിയിരുന്നെങ്കില്‍ എങ്ങനെയെങ്കിലും ഈ നരകത്തില്‍ നിന്നും നാട്ടിലെത്താമായിരുന്നു. അതിനു പോലും പണമില്ലാതെ ഞങ്ങള്‍ എന്തു ചെയ്യാന്‍. എക്സ്പീരിയന്‍സ് സര്ട്ടിഫിക്കറ്റ് പോലും കിടിയിട്ടില്ല ഇതു വരേക്കും. ചോദിക്കാന്‍ ചെന്നാലോ പട്ടിയെപ്പോലെ, ഒരു പക്ഷേ അതിലും മോശമായാണ് നമ്മളോടു പെരുമാറുക. ശരിക്കും അഭയാര്‍ഥികളുടെ ജീവിതം.

ഇതിലേറെ വിഷമമുണ്ടാക്കുന്ന ഒന്നാണ് ഇത്രയൊക്കെ പ്രശ്നമുണ്ടായിട്ടും നാട്ടിലെ സര്‍ക്കാര്‍ ഞങ്ങളെ തിരിഞ്ഞു പോലും നോക്കാത്തത്. എന്‍ആര്‍ഐകളെ പൊന്നുപോലെ നോക്കും എന്ന് പലരും പറയാറുണ്ടെങ്കിലും ഇതുപോലെ കുടുങ്ങിക്കിടക്കുന്ന അവസ്ഥയില്‍ സര്‍ക്കാര്‍ ചെറുവിരല്‍ പോലും അനക്കാറില്ല. എത്ര സമരങ്ങള്‍ നടന്നു. യെമനില്‍ നിന്നും മറ്റു പലയിടങ്ങളില്‍ നിന്നും എത്രപേര്‍ നാട്ടിലെത്തി. നാട്ടിലെത്തിയാല്‍ ഉടന്‍ തന്നെ ജോലി നല്‍കാം എന്ന് പറഞ്ഞവരൊക്കെ ഇപ്പൊ കൈമലര്‍ത്തി. സമീപമുള്ള ജമൂറിയയില്‍ നിന്നും നാട്ടിലെത്തിയ പലരും ശമ്പളമോ സര്‍ട്ടിഫിക്കറ്റ് പോലുമോ ഇല്ലാതെയാണ് നാട്ടിലേക്ക് പോയത്. അവരില്‍ പലരുടെയും അവസ്ഥ ഇന്നെന്താണ് എന്ന് ആര്‍ക്ക് അറിയും? വിദേശത്തു നിന്നും ഞങ്ങള്‍ ചോര നീരാക്കി അയക്കുന്ന പണം നാട്ടില്‍ എത്തിക്കഴിഞ്ഞാല്‍ പിന്നെ സര്‍ക്കാരിന് ഞങ്ങളെ ആവശ്യമില്ല.

ഇതൊന്നും പോരാഞ്ഞിട്ട് വീണ്ടും ദുരിതക്കടലിലേക്ക് ആളുകളെ കയറ്റി വിടുകയാണ് . ഒരു നിയന്ത്രണവും ഇല്ലാതെ.  അയല്‍ രാജ്യങ്ങളില്‍ നിന്നും ഇവിടേയ്ക്ക് ആളുകളെ അയക്കുന്നത് നിര്‍ത്തിയിരിക്കുകയാണ്.എന്നാല്‍ നമ്മള്‍ ചെയ്യുന്നത് നേരെ തിരിച്ചും. ഇവിടെ നില്‍ക്കുന്നവരില്‍ നല്ലൊരു ശതമാനവും കടത്തിന്റെ പുറത്തു കടവുമായി ബദ്ധപ്പാടുകള്‍ക്കിടയില്‍ നട്ടം തിരിയുന്നവരാണ്. ചിലര്‍ കടിച്ചു പിടിച്ച് ഇവിടെത്തന്നെ നില്ക്കാന്‍ ശ്രമിക്കും, ചിലര്‍ ജീവനോടെ നാട്ടിലെത്തണം എന്നും. കാരണം മറ്റൊന്നുമല്ല. നാട്ടിലെത്തിയാല്‍ എങ്ങനെ ജീവിക്കും എന്നുള്ള ചോദ്യമാണ് ഇവിടെക്കിടന്നു മരിച്ചാലും വേണ്ടില്ല, ഇനി നാട്ടിലേക്കില്ല എന്ന് പലരെക്കൊണ്ടും ചിന്തിപ്പിക്കുന്നത്.നാട്ടിലെ സ്ഥാപനങ്ങളില്‍ ജോലി ലഭിക്കാന്‍ തന്നെ പ്രയാസം. കിട്ടിയാല്‍ രാപകല്‍ കഷ്ടപ്പെടുന്ന നഴ്സുമാര്‍ക്കും ടെക്നീഷ്യന്‍മാര്‍ക്കും തുച്ഛമായ വരുമാനം. അതുകൊണ്ട് ഒരു കുടുംബം എങ്ങനെ കഴിഞ്ഞുകൂടും. ലോണും മറ്റു കടങ്ങളും കൂടി ഉണ്ടെങ്കില്‍ പിന്നെ പറയുകയും വേണ്ട.

ഇവിടെ നിന്ന് കിട്ടാനുള്ള തുകയുടെ കാര്യത്തില്‍ ഒരുറപ്പും ലഭിച്ചിട്ടില്ല. ഇനി ലഭിക്കുമോ എന്നും അറിയില്ല. ഇപ്പോള്‍ എങ്ങനെയെങ്കിലും നാട്ടില്‍ എത്തണം എന്നുമാത്രമേ ആലോചിക്കുന്നുള്ളൂ. ഞങ്ങളെപ്പോലെ ഒരു കുടുംബത്തിന്റെ ജീവനാണ് ദിവസങ്ങള്‍ക്ക് മുന്പ് സൈന്യത്തിന്‍റെയും തീവ്രവാദികളുടെയും യുദ്ധത്തില്‍ പൊലിഞ്ഞത്. ഒരമ്മയുടെയും പിഞ്ചുകുഞ്ഞിന്റെയും ചോര കണ്ടിട്ടും സര്‍ക്കാരിന് ഞങ്ങളെക്കുറിച്ച് ആലോചിക്കാന്‍ സമയമായില്ല എന്നാണോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍