UPDATES

വിദേശം

യൂറോപ്പിന്‍റെ പടിവാതില്‍ക്കല്‍ ലിബിയന്‍ കലാപം

Avatar

അലസാണ്ട്ര മിഗ്ലിയാഷ്യോ, താരീക് എല്‍-താബ്ലെ
(ബ്ലൂംബര്‍ഗ് ന്യൂസ്)

ലിബിയില്‍നിന്ന് അഭയാര്‍ത്ഥികളുമായി പുറപ്പെട്ട ബോട്ട് മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങി നൂറുകണക്കിന് പേര്‍ മരിച്ചു. ഏതാണ്ട് രണ്ട് ഡസന്‍ എത്യോപ്യന്‍ ക്രിസ്ത്യാനികളെയാണ് രാജ്യത്തിന്റെ തെക്കും കിഴക്കും പ്രദേശങ്ങളില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരവാദികള്‍ കൊലചെയ്തിട്ടുള്ളത്. എണ്ണപ്പാടങ്ങളും പിടിച്ചെടുക്കപ്പെട്ടു.

യൂറോപ്യന്‍ നേതാക്കള്‍ക്ക് സന്ദേശം ഇതിലധികം വ്യക്തമാകാനില്ല: ലിബിയയില്‍ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷം യൂറോപ്പിന്റെ പടിവാതിലില്‍ എത്തിയിരിക്കുന്നു.

‘ലിബിയ അക്ഷരാര്‍ത്ഥത്തില്‍ പരാജയപ്പെട്ട രാഷ്ട്രമാണ്.’ സ്പാനിഷ് പ്രധാനമന്ത്രി മര്യാനോ റഹോയ് പാര്‍ലമെന്റില്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്, 700ലേറെപ്പേരെയുംകൊണ്ട് പുറപ്പെട്ട ബോട്ട് കഴിഞ്ഞ ശനിയാഴ്ച അര്‍ദ്ധരാത്രി മുങ്ങുന്നതിനും എത്രയോ മുമ്പാണ്. 28 പേരെ മാത്രമാണ് രക്ഷിക്കാന്‍ കഴിഞ്ഞത്. ജിഹാദി വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന ഒരു വെബ്‌സൈറ്റിലൂടെ പുറത്തുവിട്ടത് കിഴക്കന്‍ ലിബിയയിലും തെക്കന്‍ ലിബിയയിലും ബന്ദികളായ രണ്ടു ക്രിസ്ത്യന്‍ സംഘങ്ങളെ കഴുത്തറുത്തും വെടിവെച്ചും കൊല ചെയ്തതിന്റെ ദൃശ്യങ്ങളാണ്.

രണ്ട് ശത്രുഭരണകൂടങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന ലിബിയയിലെ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ മുന്നേറ്റം യൂറോപ്പിലാകമാനമുള്ള രാഷ്ട്രീയവ്യാപാരവൃത്തങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ആറാഴ്ച്ച മുമ്പ് നാല് എണ്ണപ്പാടങ്ങളാണ് ഭീകരര്‍ പിടിച്ചെടുത്തത്. പിന്നീട് സര്‍ക്കാര്‍ സുരക്ഷാസൈന്യങ്ങള്‍ ഇവ തിരിച്ചുപിടിക്കുകയുണ്ടായി. പക്ഷേ, അയഞ്ഞ അതിര്‍ത്തി നിയന്ത്രണങ്ങള്‍ മെഡിറ്റെറേനിയന്‍ മുറിച്ചുകടന്ന് 200 ഓളം മൈലുകള്‍മാത്രം ദൂരത്തുള്ള യൂറോപ്പിലേക്ക് വന്‍തോതിലുള്ള പലായനത്തിനായി അഭയാര്‍ത്ഥികള്‍ക്ക് വഴി തുറന്നിട്ടിരിക്കുകയാണ്.

ട്രിപ്പോളിയിലെ കൊറിന്തിയ പഞ്ചനക്ഷത്രഹോട്ടലില്‍ ഒമ്പതുപേരുടെ മരണത്തിന് ഇടയാക്കിയ ജനുവരി 27 ആക്രമണത്തിനും മിക്കവാറും ഒഴിപ്പിക്കപ്പെട്ട വിദേശ എംബസികളില്‍ ഈ മാസം നടന്ന ആക്രമണത്തിനും പിന്നില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ആണ് എന്നാണ് നിഗമനം.

‘ഇത് നമ്മെ ബാധിക്കുന്നതാണ്: പ്രാഥമികമായി ഊര്‍ജ്ജസുരക്ഷയുടെ കാര്യത്തിലും രണ്ടാമതായി കൂടുതല്‍ അഭയാര്‍ത്ഥികളെ തള്ളിവിടുന്നതിലും. മൂന്നാമത്തെ അപകടം നേരിട്ടുള്ള ഭീകരവാദഭീഷണിയാണ്.’ ലണ്ടനിലുള്ള യൂറോപ്യന്‍ കൗണ്‍സിലിന്റെ വിദേശകാര്യവകുപ്പില്‍ ലിബിയന്‍കാര്യ വിദഗ്ധനായ മത്തിയ ടൊആല്‍ഡോ പറയുന്നു.

ഭരണകൂടം ട്രിപ്പോളി വിട്ട് തൊബ്‌റുഖിലേക്ക് പലായനം ചെയ്തതോടെ എംബസികള്‍ പൂട്ടിയിരിക്കുന്നു. അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തനരഹിതമായിരിക്കുന്നു. എണ്ണപ്പാടങ്ങളിലെ ആക്രമണങ്ങളും സംഘര്‍ഷങ്ങളും മിക്ക കമ്പനികളും പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ കാരണമായി. ലിബിയയില്‍ അവശേഷിക്കുന്ന എണ്ണക്കമ്പനികളില്‍ ഒന്നായ ഇറ്റാലിയന്‍ എണ്ണഭീമന്‍ എനി (Eni) ഉത്കണ്ഠയിലാണ്.

‘നമ്മള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. ലിബിയയിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ വിവിധ ഇടങ്ങളില്‍നിന്നുള്ള ആശയവിനിമയം വിഷമത്തിലാക്കുന്നു. കലുഷിതമായ സാഹചര്യമാണ്. ‘ ഫെബ്രുവരി 18നു വിദഗ്ധരുമായി നടന്ന കൂടിയാലോചനയില്‍ എനി സി.ഇ.ഒ. ക്ലൗഡിയോ ഡെസ്‌കാല്‍സി പറഞ്ഞു. ‘ഒരു അവിഭാജിത ലിബിയയാവണം ലക്ഷ്യം.’

1959 മുതല്‍ എനി ലിബിയയിലുണ്ട്. ഏപ്രില്‍ 16ന് പരിശോധകനായ ഫിലിപ് ചാല്‍ഡെക് സമര്‍പ്പിച്ച ബ്ലൂംബര്‍ഗ് രഹസ്യാന്വേഷണരേഖ പ്രകാരം ഇറ്റലിയുടെ 60 ശതമാനം ശുദ്ധീകരണക്ഷമതയും ലിബിയയിലാണ്. സമീപകാലത്തെ അക്രമങ്ങള്‍ യൂറോപ്പിന്റെ എണ്ണവിതരണം ഭീഷണിയിലാഴ്ത്തിയിരിക്കുന്നുവെന്ന് രേഖയില്‍ പറയുന്നു.

കഴിഞ്ഞ നവംബറില്‍ സ്പാനിഷ് എണ്ണ ഉല്പാദകരായ റെപ്‌സോള്‍ ലിബിയയില്‍നിന്ന് പിന്‍വലിയുകയുണ്ടായി. ‘സുരക്ഷയെക്കരുതിയുള്ള വലിയ ഉത്കണ്ഠ’ എന്നാണ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ജോസു ജോന്‍ ഇമാസ് ഇതിനെ വിശദീകരിക്കുന്നത്.

‘തീര്‍ച്ചയായും ലിബിയ ലിബിയന്‍ ജനതയ്ക്കും പ്രശ്‌നമാണ്; യൂറോപ്പിനും. ഒരു പരാജിതരാഷ്ട്രം യൂറോപ്യന്‍ യൂണിയന്റെ അതിര്‍ത്തിപ്രദേശത്ത് ഉണ്ടാകുന്നത് എന്റെ അഭിപ്രായത്തില്‍ അന്താരാഷ്ട്രസമൂഹത്തിന്റെ തന്നെ മുഖ്യപ്രശ്‌നമാണ്.’ ഫെബ്രുവരി 26നു നടന്ന ഒരു കൂടിയാലോചനയില്‍ അദ്ദേഹം നിക്ഷേപകരോട് പറഞ്ഞു. 

ലിബിയന്‍ കടലിനടിയിലൂടെയുള്ള ഗ്രീന്‍സ്ട്രീം പൈപ് ലൈന്‍ വഴി വടക്ക് സിസിലിയിലേക്ക് പ്രകൃതിവാതകം എത്തിക്കുന്നുണ്ട്. 2011ല്‍ മൊ അമ്മര്‍ ഗദ്ദാഫിയുടെ പതനത്തിനുശേഷം അന്താരാഷ്ട്ര ഊര്‍ജ്ജകമ്പനികളുടെ ഒരു നിരയെത്തന്നെ ലിബിയ സ്വാഗതം ചെയ്യുകയുണ്ടായി.

2,50,000 ഓളം ബാരല്‍ എണ്ണ മാത്രമാണ് ഫെബ്രുവരിയില്‍ പ്രതിദിനം ഉല്പാദിപ്പിക്കപ്പെട്ടത്. ഇത് 2011ലെ കലാപത്തിനുമുമ്പ് ഉല്പാദിപ്പിച്ചിരുന്നതിന്റെ ആറില്‍ ഒന്നു മാത്രമാണ്. കിഴക്കന്‍ ലിബിയയിലെ ഒരു പൈപ് ലൈനിനുമേല്‍ നടന്ന ആക്രമണത്തെത്തുടര്‍ന്നാണിത് എന്ന് റിപ്പോര്‍ട്ട് പറയുന്നു. രാജ്യത്തെ ഉല്പാദനനിരക്ക് ഈ മാസം പ്രതിദിനം ഏതാണ്ട് 6,00,000 ബാരലാണ് എന്നാണ് ഏപ്രില്‍ 15ന് അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സി പറയുന്നത്.

കേന്ദ്രബാങ്കിനെപ്പോലെതന്നെ ലിബിയയുടെ ദേശീയ എണ്ണ കോര്‍പ്പറേഷന്‍ അധികാരവടംവലിക്കിടയില്‍ നിഷ്പക്ഷത നിലനിര്‍ത്താന്‍ ശ്രമിക്കുന്നു എന്ന വസ്തുതയാണ് ഉല്പാദനത്തെ ഇത്രയധികം സഹായിക്കുന്നത്. ഇത് മാറാം. കിഴക്കന്‍ ഭരണകൂടം വില്പനയുടെ പ്രതിഫലം നിക്ഷേപിക്കപ്പെടുന്ന ഒരു ഓവര്‍സീസ് ബാങ്ക് അക്കൗണ്ട് വഴി എണ്ണയുടെ ആദായം നേരിട്ട് അവരുടെ കൈകളിലെത്തിക്കാനുള്ള ശ്രമത്തിലാണ്.

എണ്ണസജ്ജീകരണങ്ങള്‍ക്കുമേല്‍ മറ്റൊരു ആക്രമണം രാജ്യത്തിന് 2,50,000 ബാരല്‍ എണ്ണ പ്രതിദിനം സുസ്ഥിരമായിത്തന്നെ കയറ്റുമതിചെയ്യാനുള്ള ക്ഷമതയെ ഇല്ലാതാക്കാമെന്ന് ഏപ്രില്‍ 14ലെ ഒരു റിപ്പോര്‍ട്ടില്‍ യുറേഷ്യ ഗ്രൂപ്പിന്റെ സീനിയര്‍ ഉത്തരാഫ്രിക്ക നിരീക്ഷകനായ റിച്ചാര്‍ഡോ ഫേബിനിയും എണ്ണകാര്യ നിരീക്ഷകനായ ഗ്രെഗ് പ്രിഡ്ഡിയും എഴുതുന്നു.

വര്‍ദ്ധിച്ചുവരുന്ന അക്രമങ്ങള്‍ കാരണം അയല്‍രാജ്യമായ ഈജിപ്ത് ലിബിയയിലെ ഇസ്ലാമിക് സ്‌റ്റേറ്റ് കേന്ദ്രങ്ങള്‍ക്കുനേരെ ഫെബ്രുവരിയില്‍ ബോംബാക്രമണം നടത്തി. യു.എന്‍. അനുമതിയോടെ സേനയെ അയ്ക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഇറ്റലിയും പറയുകയുണ്ടായി.

മെഡിറ്ററേനിയന്‍ കടല്‍ കടക്കാന്‍ മുതിരുന്നവരുടെ അംഗസംഖ്യ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. അതിര്‍ത്തിനിയന്ത്രണങ്ങള്‍ കുറഞ്ഞതിനാല്‍ ഇതില്‍ വലിയ പങ്കും ലിബിയ വഴിയാണ്. അവസാനത്തെ അപകടത്തിന്റെ കണക്ക് ഉറപ്പിക്കുകയാണെങ്കില്‍ ഏതാണ്ട് 1,600 പേര്‍ മരിച്ചിട്ടുണ്ടാകണം എന്നാണ് അഭിയാര്‍ത്ഥികള്‍ക്കായുള്ള യു.എന്‍. ഹൈ കമ്മീഷണര്‍ കാര്യാലയത്തില്‍നിന്നുള്ള വിവരം. 1912 ഏപ്രില്‍ 15ല്‍ ടൈറ്റാനിക് മുങ്ങി മരണപ്പെട്ടവരെക്കാള്‍ അധികമാണ് ഇത്.

1,70,000ലധികം കുടിയേറ്റക്കാര്‍ ഉത്തരാഫ്രിക്ക വഴി മെഡിറ്ററേനിയന്‍ കടക്കുകയുണ്ടായി കഴിഞ്ഞ വര്‍ഷം, മുഖ്യമായും ലിബിയയിലൂടെ ഇറ്റലിയിലേക്കും മാല്‍ട്ടയിലേക്കും, എന്ന് യൂറോപ്യന്‍ അതിര്‍ത്തി ഏജന്‍സിയായ ഫ്രോണ്ടെക്‌സിന്റെ വിവരങ്ങള്‍ സൂചിപ്പിക്കുന്നു. 2013ലെ കുടിയേറ്റത്തിന്റെ നാലിരട്ടിയിലധികമാണിത്.

യൂറോപ്യന്‍ ദേശീയനേതൃത്വങ്ങള്‍ അഭയാര്‍ത്ഥിപ്രശ്‌നത്തില്‍ ഒത്തുകൂടാനും ലിബിയയുടെ സ്ഥിതി ഭദ്രമാക്കാനും ഇറ്റാലിയന്‍ പ്രധാനമന്ത്രി മത്തിയോ റെന്‍സി യൂറോപ്പിനോട് ആവശ്യപ്പെട്ടു. നയതന്ത്ര ചര്‍ച്ചകള്‍ പരാജയപ്പെടുന്ന പക്ഷം അങ്ങോട്ടേക്ക് ഒരു യു.എന്‍ പിന്തുണയോടെയുള്ള മുന്നേറ്റത്തെ നയിക്കാനും തയ്യാറാണെന്നാണ് അദ്ദേഹം അറിയിച്ചത്.

‘ലിബിയയുടെ സ്ഥിതി ഭദ്രമാക്കാതെ അഭയാര്‍ത്ഥിപ്രതിസന്ധിക്ക് ഒരു പരിഹാരവും കാണാനാവില്ല.’ ഞായറാഴ്ച്ച റെന്‍സി റിപ്പോര്‍ട്ടര്‍മാരോട് പറഞ്ഞു. മാല്‍ട്ടയുടെ പ്രധാനമന്ത്രി ജോസഫ് മുസ്‌കാറ്റും ലിബിയയാണ് പ്രശ്‌നം എന്ന കാര്യത്തില്‍ യോജിച്ചു. ‘ലിബിയയുടെ കാര്യത്തില്‍ എന്തെങ്കിലും ചെയ്തില്ലെങ്കില്‍ ഈ സംഭവങ്ങള്‍ ആവര്‍ത്തിച്ച് കൊണ്ടിരിക്കും.’ അദ്ദേഹം പറഞ്ഞു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍