UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘കാടുപോലെ പടരും മുന്‍പ് പുല്ല് വെട്ടിമാറ്റുന്ന ജോലി’; ഡ്രോണ്‍ ഓപ്പറേറ്ററ്റര്‍മാരുടെ ജീവിതം

Avatar

എഡ് പില്‍ക്കിംഗ്ണ്‍

നെവാദയിലെ വ്യോമതാവളത്തിലെ ഒരു ഒറ്റപ്പെട്ട മുറിയിലിരുന്ന് ആയിരം കാതം അകലെ ജീവിക്കുന്നവരുടെ ജീവിതവും മരണവും തീരുമാനിക്കുന്ന ചെറുപ്പക്കാരുടെ കഥ. 

അഫ്ഗാനിസ്ഥാനിലും മറ്റു സംഘര്‍ഷപ്രദേശങ്ങളിലുമായി യുഎസ് വ്യോമസേനയ്ക്കുവേണ്ടി ആറുവര്‍ഷം ഡ്രോണ്‍ ദൗത്യങ്ങള്‍ നയിച്ച സീനിയര്‍ വൈമാനികനാണ് മൈക്കല്‍ ഹാസ്. അക്കാലത്തെപ്പറ്റി ഹാസ് ഏറ്റവും ആദ്യം ഓര്‍ക്കുന്നത് ലക്ഷ്യസ്ഥാനത്തെ സൂചിപ്പിക്കാന്‍ വ്യോമസൈനികര്‍ ഉപയോഗിക്കുന്ന വര്‍ണാഭമായ ഭാഷയാണ്.

ലാസ് വെഗാസിനു പുറത്തുള്ള ക്രീഷിലെ വ്യോമതാവളത്തില്‍ ഗ്രൗണ്ട് കണ്‍ട്രോള്‍ വിഭാഗത്തില്‍ ഒരു സമയം മൂന്നുപേരാണ് ഉണ്ടാകുക. ഇവര്‍ക്കുമുന്നിലെ കംപ്യൂട്ടര്‍ സ്‌ക്രീനില്‍ തെളിയുന്നത് ആയിരക്കണക്കിനു മൈലുകള്‍ അപ്പുറത്തു ലക്ഷ്യം നോക്കി ചുറ്റിത്തിരിയുന്ന ഡ്രോണുകള്‍ അയയ്ക്കുന്ന ചിത്രങ്ങളാണ്.

സായുധകലാപകാരികളെ പിന്തുടര്‍ന്ന് സാഹചര്യം അനുകൂലമെന്നു കാണുമ്പോള്‍ കൊന്നൊടുക്കുക എന്നതാണ് ഡ്രോണുകളുടെ ലക്ഷ്യം. വൈമാനികര്‍ ഉപയോഗിക്കുന്ന ഭാഷ പക്ഷേ വേറെയാണ്. ‘കാടുപോലെ പടരുംമുന്‍പ് പുല്ല് വെട്ടിമാറ്റുന്നതിനെ’പ്പറ്റിയും ‘പുല്‍ത്തകിടി കേടുവരുത്തും മുന്‍പ് കളകള്‍ നീക്കുന്നതിനെ’പ്പറ്റിയുമാകും അവര്‍ സംസാരിക്കുക.

നിരീക്ഷണമേഖലയില്‍ കുട്ടികളുണ്ടെങ്കില്‍ അവര്‍ കംപ്യൂട്ടര്‍ സ്‌ക്രീനില്‍ ചെറിയ കറുപ്പുനിഴലുകളായി പ്രത്യക്ഷപ്പെടും. വൈമാനികര്‍ക്ക് അവര്‍ ‘തമാശരൂപത്തിലുള്ള ഭീകരരാണ്.’

സാങ്കേതികവിദ്യ ഉപയോഗത്തില്‍ യുഎസ് സൈന്യത്തിന് ഇപ്പോഴുള്ള അമിത ആശ്രയത്തെ എതിര്‍ത്ത് സംസാരിക്കാന്‍ ഗാര്‍ഡിയന്‍ ഓഫിസിലെത്തിയ നാല് മുന്‍ ഡ്രോണ്‍ ഓപ്പറേറ്റര്‍മാരില്‍ ഒരാളാണ് ഹാസ്. നാലുപേരും ചേര്‍ന്ന് 20 വര്‍ഷത്തെ നേരിട്ടുള്ള ഡ്രോണ്‍ ആക്രമണ അനുഭവങ്ങള്‍ പങ്കുവച്ചു. പലപ്പോഴായി കലാപമേഖലകളില്‍ നൂറുകണക്കിന് ആളുകളെ കൊന്നൊടുക്കിയവയാണ് ഈ ആക്രമണങ്ങള്‍. മരിച്ചവരില്‍ വളരെയധികം പേര്‍ സാധാരണ ജനങ്ങളാണെന്നുറപ്പ്.

രണ്ടു പ്രസിഡന്റുമാരുടെ കാലത്ത് – ജോര്‍ജ് ഡബ്ല്യു ബുഷിന്റെയും ബറാക് ഒബാമയുടെയും – 2005 മുതല്‍ 2011വരെ സീനിയര്‍ എയര്‍മാനായി ഉന്നംവച്ചുള്ള കൂട്ടക്കൊലകളില്‍ പങ്കെടുത്തയാളാണ് ഹാസ്. ക്രീഷിലെ തന്റെ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് 8000 മൈല്‍ അകലെ അഫ്ഗാനിസ്ഥാനിലെ കലാപകാരികളെ കൊന്നൊടുക്കുക എന്നതായിരുന്നു ദൗത്യം. പ്രിഡേറ്റര്‍, റീപ്പര്‍ ഡ്രോണുകളിലെ ക്യാമറകള്‍, ലേസറുകള്‍, മറ്റ് വിവരശേഖണ സജ്ജീകരണങ്ങള്‍ എന്നിവയുടെ നിയന്ത്രണം ഹാസിനായിരുന്നു. തൊട്ടടുത്തിരിക്കുന്ന പൈലറ്റ് തൊടുത്തുവിടുന്ന ഹെല്‍ഫയര്‍ മിസൈലുകളെ ലക്ഷ്യത്തിലേക്കു നയിക്കുകയും ഹാസിന്റെ ചുമതലകളില്‍പ്പെട്ടിരുന്നു.

നോര്‍ട്ടെഡാം ബേസ്‌ബോള്‍ ടീമിലും ഷിക്കാഗോ ബ്ലാക്ക്ഹാക്ക്‌സ് ഐസ് ഹോക്കി ടീമിലും അംഗമായിരുന്ന ഹാസ് (29) ഇത്തരം കാര്യങ്ങളെപ്പറ്റി സംസാരിക്കാന്‍ തീരെ ചെറുപ്പമാണെന്നു തോന്നാം. പക്ഷേ കമ്പ്യൂട്ടര്‍ ജോയ് സ്റ്റിക്കിന്റെ നീക്കം കൊണ്ട് ആളുകളെ കൊല്ലുക എന്നതിന്റെ സമ്മര്‍ദം ഹാസിന്റെ മനസില്‍ മായ്ക്കാനാകാത്ത പാടുകള്‍ അവശേഷിപ്പിച്ചു. ” ഉറുമ്പുകള്‍ക്കുമേല്‍ ചവിട്ടുകയും പിന്നീടൊരിക്കലും അതേപ്പറ്റി ചിന്തിക്കാതിരിക്കുകയും ചെയ്യുക. ഇങ്ങനെയാണ് ഇല്ലാതാക്കപ്പെടേണ്ട ‘ടാര്‍ജറ്റു’കളെപ്പറ്റി നിങ്ങളെ പഠിപ്പിക്കുന്നത്. അത് ആളുകളല്ല, കംപ്യൂട്ടര്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന കറുത്ത പൊട്ടുകള്‍ മാത്രം. ജോലി എളുപ്പമാകണമെങ്കില്‍ ദിവസവും ഇങ്ങനെ ചിന്തിക്കുക: അവര്‍ ഇത് അര്‍ഹിക്കുന്നു. അവര്‍ മറുഭാഗത്തുള്ളവരാണ്. മനഃസാക്ഷിയെ ഭാഗികമായെങ്കിലും കൊലപ്പെടുത്താതെ ആര്‍ക്കും ഈ ജോലി ചെയ്യാനാകില്ല. നിങ്ങള്‍ ചെയ്യുന്നതു ശരിയല്ലെന്ന് നിരന്തരം പറയുന്ന ഉള്‍വിളികളെ അവഗണിക്കാന്‍ പഠിച്ചേതീരൂ’.

ഡ്രോണുകള്‍ ഉപയോഗിച്ച 5000 മണിക്കൂറുകളില്‍ ഹാസിന്റെ ടീമിന് രണ്ട് മിസൈല്‍ ആക്രമണങ്ങള്‍ മാത്രമേ നടത്തേണ്ടി വന്നുള്ളൂ. 2011ല്‍ അഫ്ഗാനിസ്ഥാനിലെ ഹെല്‍മണ്ട് പ്രദേശത്തായിരുന്നു ആദ്യത്തേത്. യുഎസ് സേനയുമായി വെടിവയ്പുനടത്തിക്കൊണ്ടിരുന്ന കലാപകാരികളാണ് ഡ്രോണ്‍ ആക്രമണത്തിന് ഇരയായത്. വകവരുത്തപ്പെടേണ്ട ശത്രു എന്ന് ഉറപ്പുള്ളവരെ സൂചിപ്പിക്കാന്‍ ‘ആശങ്കവേണ്ടാത്തവര്‍’ എന്നാണ് സൈനികവൃത്തങ്ങള്‍ ഉപയോഗിക്കുന്ന വാക്ക്. ഇങ്ങനെ ഉറപ്പിച്ചുപറയാന്‍ ആര്‍ക്കുമാകില്ലെന്ന് ഹാസ് ചൂണ്ടിക്കാണിക്കുന്നു.

താന്‍ പങ്കാളിയായ ഓപ്പറേഷനുകളില്‍ ആകെ മരിച്ചത് എത്ര പേരാണെന്ന് ഹാസിന് അറിയില്ല. എയര്‍ഫോഴ്‌സില്‍നിന്നു വിരമിച്ചപ്പോള്‍ ലഭിച്ച റിപ്പോര്‍ട്ട് കാര്‍ഡില്‍ വിശദവിവരങ്ങളുണ്ടെങ്കിലും അത് തുറന്നുനോക്കാന്‍ ഹാസിനു മനസുവന്നില്ല. ” അത് അറിഞ്ഞിട്ട് എനിക്കു കാര്യമൊന്നുമില്ല.”

2005മുതല്‍ 2011വരെ പ്രിഡേറ്റര്‍ ഡ്രോണുകളുടെ സെന്‍സര്‍ ഓപ്പറേറ്ററും ഇമേജറി അനലിസ്റ്റുമായി ജോലി ചെയ്ത ബ്രാന്‍ഡണ്‍ ബ്രയാന്റിന്റെ സ്ഥിതി വ്യത്യസ്ഥമാണ്. 13 പേരുടെ മരണത്തില്‍ തനിക്കു നേരിട്ടുപങ്കുണ്ടെന്ന് ബ്രയാന്റിന് അറിയാം. ഇറാഖിലും അഫ്ഗാനിസ്ഥാനിലുമായി നടത്തിയ അഞ്ച് ഹെല്‍ഫയര്‍ ആക്രമണങ്ങളിലാണിത്.

അഫ്ഗാനിസ്ഥാനിലായിരുന്നു മൂന്നു പേരുടെ മരണത്തിനിടയാക്കിയ ആദ്യആക്രമണം. താലിബാന്‍ സേനയ്ക്ക് ആയുധങ്ങളുമായി വരുന്നവരാണ് ഇവരെന്നാണ് ബ്രയാന്റിനോട് പറഞ്ഞിരുന്നത്. എന്നാല്‍ പേടിച്ചരണ്ട ശരീരഭാഷയില്‍നിന്ന് അവര്‍ പരിശീലനം ലഭിച്ച ഭീകരര്‍ അല്ലെന്നു വ്യക്തമായിരുന്നുവെന്ന് ബ്രയാന്റ് ഓര്‍ക്കുന്നു. ഇവരെ വധിക്കാന്‍ എഫ് 16 ഫെറ്റര്‍ജെറ്റിനെ സഹായിക്കുകയായിരുന്നു ബ്രയാന്റിന്റെ ദൗത്യം.

അഞ്ചുവര്‍ഷവും അഞ്ചുദിവസവുമാണ് ബ്രയാന്റ് വ്യോമസേനയിലുണ്ടായിരുന്നു. അക്കാലത്തെ ഡ്രോണ്‍ ആക്രമങ്ങളില്‍ തനിക്ക് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്ന് ബ്രയാന്റ് വിശ്വസിക്കുന്നു.

പങ്കെടുത്ത നാലാമത്തെ ആക്രമണത്തിലും ഇരകള്‍ നിരപരാധികളായിരുന്നുവെന്ന് ബ്രയാന്റ് സംശയിക്കുന്നു. പാകിസ്ഥാനില്‍ നിന്ന് അഫ്ഗാനിസ്ഥാനിലേക്കു സഞ്ചരിക്കുന്ന അഞ്ച് ഗോത്രവര്‍ഗക്കാരും അവരുടെ ഒട്ടകവുമായിരുന്നു ഇതില്‍ ഉള്‍പ്പെട്ടത്. 20000 അടി ഉയരത്തില്‍ പറക്കുന്ന പ്രിഡേറ്റര്‍ ഡ്രോണുമായി ഇവരെ പിന്തുടര്‍ന്നശേഷം രാത്രിയായിരുന്നു ആക്രമണം.

അഞ്ചുപേരില്‍ ആരിലും ബ്രയാന്റിന് ആയുധങ്ങള്‍ കണ്ടത്താനായില്ല. ഒട്ടകപ്പുറത്തുണ്ടായിരുന്ന ചരക്കിലും ആയുധം ഉണ്ടെന്നു തോന്നിയില്ല. യുഎസ് സേനയ്‌ക്കെതിരെ പ്രയോഗിക്കാനുള്ള സ്‌ഫോടകവസ്തുക്കളാണ് ഇവരുടെ കയ്യിലെന്നാണ് ബ്രയാന്റിനെ അറിയിച്ചിരുന്നതെങ്കിലും ഡ്രോണ്‍ ആക്രമണത്തിനുശേഷം പൊട്ടിത്തെറിയുണ്ടായില്ല. നിരപരാധികളാണു കൊല്ലപ്പെട്ടതെന്ന് ബ്രയാന്റ് വിശ്വസിക്കുന്നു.

‘അവര്‍ ഉറങ്ങുന്നതുവരെ ഞങ്ങള്‍ കാത്തിരുന്നു. ഉറക്കത്തില്‍ അവരെ കൊലപ്പെടുത്തി. അത് തികച്ചും ഭീരുത്വമായിരുന്നു. ഒരു കാരണവുമില്ലാതെ അഞ്ച് മനുഷ്യരും ഒരു ഒട്ടകവും മണ്ണിലേക്കു മടങ്ങി’, ബ്രയാന്റ് ഓര്‍ക്കുന്നു.

കണ്‍മുന്നിലെ ഈ അനുഭവങ്ങള്‍തന്നെ ബ്രയാന്റിനെ ജീവിതകാലം മുഴുവന്‍ അലോസരപ്പെടുത്താന്‍ പോന്നവയായിരുന്നു. എന്നിട്ടും 2011ല്‍ വ്യോമസേനയില്‍നിന്നു പിരിയുമ്പോള്‍ ലഭിച്ച റിപ്പോര്‍ട്ട് കാര്‍ഡ് ബ്രയാന്റ് തുറന്നുനോക്കി: ബ്രയാന്റ് നല്‍കിയ സാങ്കേതികസഹായത്തില്‍ മരിച്ച ആളുകളുടെ എണ്ണം 1,626.

ഇത്തരം അറിവുകള്‍ ഡ്രോണ്‍ ഓപ്പറേറ്റര്‍മാരില്‍ അതീവ മാനസികസമ്മര്‍ദമുണ്ടാക്കുന്നു. നെവാദയിലെ കംപ്യൂട്ടര്‍ മുറിയിലിരുന്ന് കൊലപ്പെടുത്തേണ്ടവരെ പിന്തുടര്‍ന്നു പിടിക്കുന്നത് വ്യോമസൈനികരിലുണ്ടാക്കുക യുദ്ധഭൂമിയില്‍ നേരിട്ടെത്തുന്നവരിലുണ്ടാകുന്ന അതേ പിരിമുറുക്കമാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഇത് പലതരത്തിലാണ് ഇവരെ ബാധിക്കുക.

അഫ്ഗാനിസ്ഥാനിലെ കാണ്ടഹാര്‍ വ്യോമതാവളത്തിലെ സീനിയര്‍ എയര്‍മാനായിരുന്നു സിയാന്‍ വെസ്റ്റ്‌മോര്‍ലാന്‍ഡ്. ഡ്രോണ്‍ സിസ്റ്റത്തിന് ആവശ്യമായ വാര്‍ത്താവിനിമയ ശൃംഖല നിര്‍മിക്കുകയായിരുന്നു വെസ്റ്റ്‌മോര്‍ലാന്‍ഡിന്റെ ദൗത്യം. ഒരിക്കലും മിസൈലുകളെ നയിക്കുകയോ വെടിവയ്ക്കുകയോ ചെയ്തിട്ടില്ലെങ്കിലും തന്റെ പ്രവര്‍ത്തനത്തിന്റെ മാരകസ്വഭാവം വെസ്റ്റ്‌മോര്‍ലാന്‍ഡിനെ അലട്ടുന്നു.

2009ല്‍ ‘ നാം ഇപ്പോള്‍ കുഴപ്പക്കാരെ കൊല്ലാന്‍ പോകുകയാണ് ‘ എന്ന മേലുദ്യോഗസ്ഥന്റെ വാക്കുകളില്‍നിന്നാണ് തന്റെ ജോലിയുടെ പ്രഹരശേഷി വെസ്റ്റ്‌മോര്‍ലാന്‍ഡ് തിരിച്ചറിഞ്ഞത്. അന്നുമുതല്‍ ഇന്നുവരെ തുടര്‍ച്ചയായി വരുന്ന പേടിസ്വപ്‌നങ്ങളുടെ പിടിയിലാണ് വെസ്റ്റ്‌മോര്‍ലാന്‍ഡ്.

‘ ഞാന്‍ റേഡിയോ യൂണിറ്റിലാണ്. കണക്ഷന്‍ ശരിയാക്കൂവെന്ന് മേലുദ്യോഗസ്ഥന്‍ എന്നോടു പറഞ്ഞുകൊണ്ടേയിരിക്കുന്നു. ഞാന്‍ സ്വിച്ചുകള്‍ മാറിമാറി പരീക്ഷിക്കുന്നു. പെട്ടെന്ന് എങ്ങനെയോ അതു പ്രവര്‍ത്തിച്ചുതുടങ്ങി. ആ നിമിഷത്തില്‍ എന്റെ പ്രവൃത്തിയുടെ ഭയാനകത എനിക്കു മനസിലായി. അവിടെനിന്ന് ഇറങ്ങി ഓടിയ ഞാന്‍ പിന്നീടെത്തുന്നത് അഫ്ഗാനിസ്ഥാനിലെ ഒരു ഗ്രാമത്തിലാണ്. മുഴുവന്‍ കത്തിക്കരിഞ്ഞ അവിടെ നിലത്ത് പൊടിമൂടിയ ഒരു സ്ത്രീയും കരയുന്ന ഒരു കുട്ടിയും. കുട്ടിയെ സഹായിക്കാന്‍ ഞാന്‍ പോകുന്നു. എന്നാല്‍ അവരുടെ പകുതി മുഖം പൊട്ടിത്തെറിച്ച അവസ്ഥയിലാണ്. എനിക്ക് ഒന്നും ചെയ്യാനാവില്ല, ‘ തന്റെ സ്വപ്‌നത്തെപ്പറ്റി വെസ്റ്റ്‌മോര്‍ലാന്‍ഡ് വിശദീകരിക്കുന്നു.

ജോലിയുണ്ടാക്കുന്ന അതിസമ്മര്‍ദം പല തരത്തിലാണ് ഡ്രോണ്‍ ഓപ്പറേറ്റര്‍മാര്‍ നേരിടുന്നതെന്ന് ഇവര്‍ പറയുന്നു. 12 മണിക്കൂര്‍ വരെ നീളാവുന്ന ജോലിയില്‍ പലരും മദ്യപിച്ചാണെത്തുക. ചിലര്‍ ജോലിക്കിടെ ഉറങ്ങും, കോമിക് ബുക്കുകള്‍ വായിക്കും, വിഡിയോ ഗെയിംസ് കളിക്കും.

ഡ്രോണ്‍ ഓപ്പറേഷന്‍ കഠിനമായ ജോലിയാണെങ്കിലും വ്യോമസേനയില്‍ ഇവരെ ആരും കാര്യമായി പരിഗണിക്കുന്നില്ല. ” ഫ്‌ളൈറ്റ് യൂണിഫോമിട്ട് യഥാര്‍ത്ഥ ഫൈറ്റര്‍ ജെറ്റില്‍ ഇരിക്കേണ്ടതിനു പകരം ഒരു മുറിയില്‍ കമ്പ്യൂട്ടറിനു മുന്നിലിരിക്കുന്നതിനാല്‍ മറ്റുള്ളവര്‍ക്ക് ഡ്രോണ്‍ ഓപ്പറേറ്റര്‍മാര്‍ രണ്ടാംകിടക്കാരാണ്. പട്ടാളത്തില്‍ ഡ്രോണ്‍ ഒരു തമാശയാണ്’, ബ്രയാന്റ് പറയുന്നു.

സൈനികസേവനത്തിന്റെ അവസാനഘട്ടത്തില്‍ ഡ്രോണ്‍ യുദ്ധത്തിന് പുതിയ ആളുകളെ പരിശീലിപ്പിക്കുകയായിരുന്നു ഹാസിന്റെ ജോലി. പുതിയ അനുഭവം ഹാസിന് കൂടുതല്‍ ഞെട്ടല്‍ ഉളവാക്കുന്നതായിരുന്നു. ”ചെറുപ്പക്കാരില്‍ പലരും സാങ്കേതികവിദ്യ അവര്‍ക്കു നല്‍കുന്ന ശക്തിയില്‍ ആവേശഭരിതരായിരുന്നു. കൊല്ലുക മാത്രമായിരുന്നു പലരുടെയും ആഗ്രഹം.’

പരിശീലനത്തിനിടെ അഫ്ഗാനിസ്ഥാനില്‍ തല്‍സമയ നിരീക്ഷണം നടത്തിയ അനുഭവം ഹാസ് ഓര്‍മിക്കുന്നു: 

താഴെ കണ്ട ഒരു സംഘം ആളുകള്‍ സംശയിക്കപ്പെടേണ്ടവരാണെന്ന് പരിശീനത്തിനെത്തിയ യുവാവ് പറഞ്ഞു. എന്തുകൊണ്ട് എന്ന ചോദ്യത്തിന് ”അവരെ കണ്ടാല്‍ കഴിവില്ലാത്തവരെന്നു തോന്നുന്നു’ എന്നായിരുന്നു ഉത്തരം. അവരെ ആക്രമിക്കാന്‍ തയാറാകുമോ എന്ന ഹാസിന്റെ ചോദ്യത്തിന് ‘ഉറപ്പായും’ എന്നായിരുന്നു മറുപടി.

പരിശീലനത്തില്‍നിന്ന് ഉടന്‍തന്നെ യുവാവിനെ മാറ്റിയ ഹാസ് ഡ്രോണ്‍ ഓപ്പറേറ്ററാകാന്‍ അയാള്‍ യോഗ്യനല്ലെന്ന് റിപ്പോര്‍ട്ട് നല്‍കി. ‘നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെടാതിരിക്കുക എന്നതിനാകണം മുന്‍തൂക്കം എന്ന് പുതുതായി പരിശീലനത്തിനെത്തുന്നവരെ മനസിലാക്കാനാണ് ഞാന്‍ ശ്രമിച്ചത്.’

എന്നാല്‍ ഈ സംഭവം മേലുദ്യോഗസ്ഥരില്‍നിന്നുള്ള വിമര്‍ശനത്തിനു കാരണമായി. ഡ്രോണ്‍ ഓപ്പറേറ്റര്‍മാരുടെ എണ്ണം കൂട്ടേണ്ടതുണ്ടെന്നും മേലില്‍ ആരെയും പരിശീലനത്തില്‍ പരാജയപ്പെടുത്തേണ്ടതില്ലെന്നും ഹാസിനു നിര്‍ദേശം ലഭിച്ചു.

(കടപ്പാട്: ദി ഗാര്‍ഡിയന്‍)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍