UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഉള്ളില്‍ പര്‍വതങ്ങള്‍ ചുമക്കുന്ന എഴുതപ്പെടാത്ത ചില ജീവിതങ്ങള്‍

Avatar

രാജലക്ഷ്മി ലളിതാംബിക

 
മറ്റുള്ളവരുടെ ശ്രദ്ധയാകര്‍ഷിക്കുവാന്‍  വേണ്ടി മാത്രം ജീവിക്കുന്നവരുണ്ട്. ചിലരെയാകട്ടെ, അവരുടെ പ്രവൃത്തി കൊണ്ടോ മറ്റു കഴിവുകള്‍ കൊണ്ടോ നമ്മളറിയാതെ ശ്രദ്ധിച്ചു പോകുന്നു. ചില മനുഷ്യര്‍, ആരുടെയും ശ്രദ്ധ നേടാതെ, ജീവിച്ചിരുന്നു എന്നതിന് ഒരു തെളിവും അവശേഷിപ്പിക്കാതെ മരിച്ചു പോകുന്നു. ചിലരെ മരിച്ചുപോയ ശേഷം മാത്രം നമ്മള്‍ ശ്രദ്ധിക്കുന്നു. പ്രശസ്തരുടെ ജീവചരിത്രങ്ങള്‍ പോലെ തന്നെ വഴിത്തിരിവുകളും അത്ഭുതങ്ങളും സിനിമാക്കഥകളെ അമ്പരപ്പിക്കുന്ന ക്ലൈമാക്‌സുകളും നിറഞ്ഞതാണ് ഓരോ സാധാരണ മനുഷ്യന്റെ ജീവിതവും. എഴുതപ്പെടാത്തതു കൊണ്ടു മാത്രം പുറംലോകം അറിയാതെ പോകുന്ന കഥകള്‍. ഇത് ചില സാധാരണക്കാരുടെ ജീവചരിത്രമാണ്. പ്രശസ്തര്‍ക്ക് മാത്രമുള്ളതല്ല ജീവചരിത്രങ്ങള്‍; ഭൂമിയിലെ എല്ലാ മനുഷ്യര്‍ക്കും തന്റെ ജീവിതം കൊണ്ട് സമൂഹത്തോട് ചിലത് പറയാനുണ്ട്. കേള്‍ക്കാന്‍ നിങ്ങള്‍ തയ്യാറാണെങ്കില്‍.
 
രാവിലെ വീട്ടുപണിക്ക് പോവുകയും വൈകുന്നേരം ഒരു പാത്രത്തില്‍ തനിക്കുള്ള ഭക്ഷണവുമായി മടങ്ങിവരുന്ന സുമതിച്ചേച്ചി കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷങ്ങളായി ഞാന്‍ കാണുന്ന പതിവ് കാഴ്ചയാണ്. ചേച്ചിയുടെ എല്ലാ ചോദ്യങ്ങളും ഉത്തരങ്ങളും ഒരു തുറിച്ചുനോട്ടത്തിലാണ് അവസാനിച്ചിരുന്നത്. ആ ഒരു നോട്ടത്തിലൂടെയാണ് ചേച്ചി തന്റെ വികാരങ്ങളെ മുഴുവന്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ പ്രകടിപ്പിച്ചത്. ചേച്ചിയുടെ ഒരു പതിനാറ് വയസ്സുമുതല്‍ ഞാന്‍ കാണുന്നുണ്ട്. അന്നും തുറിച്ചുനോട്ടങ്ങളല്ലാതെ ഒരു പുഞ്ചിരിപോലും ആ മുഖത്ത് കണ്ടിട്ടില്ല. എന്റെ വീടിനും കുറച്ചു വീടുകള്‍ക്കും അപ്പുറത്താണ് ചേച്ചി താമസിച്ചിരുന്നത്. അവര്‍ക്ക് ആറ് സഹോദരങ്ങള്‍ ഉണ്ടായിരുന്നു. വിവാഹശേഷം അവര്‍ പ്രത്യേകം മാറിയതോടെ വീട്ടില്‍ ചേച്ചിയും അമ്മയും തനിച്ചായി. വീടും വീട്ടുജോലിക്കു പോകുന്ന വീടും മാത്രമാണ് കക്ഷിയുടെ ലോകം. അതിനപ്പുറം ഒരു ലോകവും അവിടെ കുറേ മനുഷ്യരും ഉണ്ടെന്ന് കക്ഷിക്ക് അറിയാമായിരുന്നോ എന്ന് സംശമാണ്.
 
അച്ഛന്‍ വളരെ നേരത്തെ മരിച്ചുപോയതിനാല്‍ ഞാന്‍ കാണാന്‍ തുടങ്ങിയ കാലം മുതല്‍ അമ്മയുടെ സംരക്ഷണത്തിലാണ് ചേച്ചി ജീവിച്ചിരുന്നത്. രണ്ടാം ക്ലാസില്‍ അടുത്തിരിക്കുന്ന കുട്ടിയുടെ കണ്ണില്‍ പെന്‍സില്‍ കൊണ്ട് കുത്തിയതുകൊണ്ട് മുടങ്ങിപ്പോയ സ്‌കൂള്‍ പഠനം. അതുതിരിച്ച് പിടിക്കാനായി ചേച്ചിയുടെ അമ്മ ഞങ്ങളുടെ കോളനിയിലെ സാക്ഷരതാ ക്ലാസില്‍ ചേര്‍ത്തു. അവിടെ വയസ്സായ മുത്തശ്ശന്‍മാരോടും മുത്തശ്ശിമാരോടും മധ്യവയസ്‌കരായ ചേച്ചിമാരോടും ചേട്ടന്‍മാരോടും ഒപ്പം സുമതി ചേച്ചിയും അക്ഷരം പഠിച്ചു. ആയിടയ്ക്ക് സുമതി ചേച്ചിയെ പ്രശസ്തയാക്കിയ ഒരു സംഭവമുണ്ടായി. സാക്ഷരതാ ക്ലാസില്‍ ടീച്ചര്‍ ‘കരയിലും വെള്ളത്തിലും ജീവിക്കുന്ന ജീവി ഏതാ?’ എന്ന് ചോദിച്ചപ്പോള്‍ അഭിമാനപൂര്‍വ്വം ‘ഇന്ദിരാ ഗാന്ധി’യെന്ന് ചേച്ചി മറുപടി പറഞ്ഞു. ടീച്ചറടക്കം കേട്ടുനിന്നിവരൊക്കെ ഞെട്ടി. ഈ ഒരു സംഭവം അവിടൊക്കെ സംസാരവിഷയമാവുകയും സുമതി ചേച്ചി കടന്നുപോകുന്ന വഴിയിലൊക്കെ ആളുകള്‍ ഇതു പറഞ്ഞ് കളിയാക്കുകയും ചെയ്തപ്പോള്‍ ചേച്ചി സാക്ഷരതാ ക്ലാസ് നിര്‍ത്തി. വീടും പണിസ്ഥലവും വീട്ടുമുറ്റത്തെ  ഇലക്ട്രിക് പോസ്റ്റുമായി വീണ്ടും ലോകം. ആ ഇലക്ട്രിക് പോസ്റ്റിന് നാവുണ്ടായിരുന്നെങ്കില്‍ അത് ചേച്ചിയെ കുറിച്ച് ധാരാളം കഥകള്‍ പറഞ്ഞു തന്നേനേ. കാരണം ആ പോസ്റ്റും ചാരി ദൂരേയ്ക്ക് കണ്ണുകള്‍ പായിച്ച് ആരെയോ പ്രതീക്ഷിച്ച് നില്‍ക്കല്‍ ആയിരുന്നു ചേച്ചിയുടെ അന്നത്തെയും ഇന്നത്തെയും പ്രധാന വിനോദം. 
 
 
സുമതിചേച്ചി തലചീകി മുടി കെട്ടുന്നതോ, പൊട്ട് വച്ച് കണ്ണെഴുതുന്നതോ ഒന്നും കണ്ടിട്ടില്ല. എണ്ണ തൊടാത്ത ആ കനംകുറഞ്ഞ മുടി ഉച്ചിയില്‍ കെട്ടിവച്ച്, ഉന്തിയ പല്ല് പുറത്ത് കാണാതിരിക്കാന്‍ വായെപ്പോഴും അടച്ചുപിടിച്ച് ചേച്ചി നടക്കുന്നു. ആരോടും മിണ്ടില്ല, ചിരിക്കില്ല. തുറിച്ചുനോട്ടങ്ങള്‍ മാത്രം. ആ കണ്ണുകള്‍ പുറത്തേക്ക് വന്നേക്കുമോ എന്ന് തോന്നിക്കുന്ന തുറിച്ചുനോട്ടങ്ങള്‍. 
ഇങ്ങനെ പോകവേ ഒരു നാള്‍ ഒരു വലിയ സംഭവം ഉണ്ടായി ആ വീട്ടില്‍. സുമതിചേച്ചി ഗര്‍ഭിണിയായി. വലിയ ബഹളം. ചേച്ചിയുടെ വീട്ടിനടുത്ത് ബന്ധുക്കള്‍ തന്നെയാണ് താമസിച്ചിരുന്നത്. അതില്‍ ഒരു ബന്ധു വീട്ടില്‍ സ്ഥലമില്ലാത്തതിനാല്‍ ചേച്ചിയുടെ വീട്ടിന്റെ വരാന്തയിലാണ് രാത്രി ഉറങ്ങിയിരുന്നത്. അങ്ങനെ സംഭവിച്ചതാണ്. ഒരിക്കലും ചിരിച്ചു പോലും കണ്ടിട്ടില്ലാത്ത ചേച്ചിക്ക് ഒരാളോട് ഇഷ്ടമൊക്കെ തോന്നി എന്നത് അവിടുത്തുകാര്‍ക്ക് ഒരു അത്ഭുതമായി തോന്നി.
 
ചേച്ചിയുടെ സഹോദരങ്ങളും ആ പയ്യന്റെ വീട്ടുകാരുമായി വലിയ വഴക്കായി. അന്നും പതിവ് തുറിച്ചുനോട്ടം കൊണ്ട് മാത്രമാണ് ചേച്ചി പ്രതികരിച്ചത്. അയാളോട് വഴക്കുണ്ടാക്കാനോ ഗര്‍ഭം എന്നാല്‍ എന്തെന്നോ കക്ഷിക്ക് അറിയുമായിരുന്നില്ല. ആ ചേട്ടന്‍ സുമതിചേച്ചിയെ വിവാഹം കഴിക്കാന്‍ സമ്മതിച്ചു. പക്ഷേ ചേട്ടന്റെ അമ്മ എതിര്‍ത്തു. രണ്ടു കുടുംബക്കാരും തമ്മില്‍ വീണ്ടും പൊരിഞ്ഞ അടി. ഒടുവില്‍ കുറച്ചു ദിവസങ്ങള്‍ക്കുശേഷം ആ ചേട്ടനെ നാട്ടിലെങ്ങും കാണാതായി. പിന്നെ ഇന്നോളം ഇവിടെങ്ങും കാണുകയുമുണ്ടായില്ല. കുറച്ചുനാളിനു ശേഷം ആ ചേട്ടന്റെ വീട്ടുകാര്‍ അവിടെ നിന്ന് താമസം മാറിപ്പോയി. സുമതി ചേച്ചി കരഞ്ഞു കണ്ടില്ല. ആരോടും ദേഷ്യപ്പെട്ടും കണ്ടില്ല. ആ പോസ്റ്റിന് കീഴെ ആരെയോ പ്രതീക്ഷിച്ചു നിന്നു. സുമതി ചേച്ചി ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചു. അവളെ ശ്രീക്കുട്ടി എന്നെല്ലാവരും വിളിച്ചു. വലിയമ്മയുടെ ഭര്‍ത്താവിനെ അവരുടെ കുട്ടികള്‍ വിളിക്കുന്നത് കേട്ട് അവളും അച്ഛാ എന്ന് വിളിച്ചു.
 
ആ കാലത്ത് ഞങ്ങളുടെ വീട്ടില്‍ ഒരു ചെറിയ ബ്ലാക്ക് ആന്റ് വൈറ്റ് ടിവി ഉണ്ടായിരുന്നു. ദൂരദര്‍ശന്‍ പ്രോഗ്രാം കാണാനായി സുമതി ചേച്ചി ശ്രീക്കുട്ടിയെയും എടുത്ത് ഞങ്ങളുടെ വീട്ടില്‍ വരുമായിരുന്നു. ആരോടും മിണ്ടില്ല. ടിവിയുടെ നേര്‍ക്കും അതേ തുറിച്ചുനോട്ടം തന്നെയായിരുന്നു. ശ്രീകുട്ടി ഹാളില്‍ മുട്ടിലിഴഞ്ഞു നടന്നു. ചേച്ചി അവളെ നോക്കുക പോലും ചെയ്യാതെ ടിവിയെ നോക്കിയിരുന്നു. സന്ധ്യമുതല്‍ രാത്രി ഒന്‍പതുമണിവരെ ചേച്ചി വീട്ടില്‍ ഉണ്ടാകും. ശ്രീക്കുട്ടി പ്രത്യേകിച്ച് വലിയ ശ്രദ്ധയൊന്നും കിട്ടാതെ വളര്‍ന്നു. ചേറിലും മണ്ണിലും പൊടിയിലും മുഴുകി കളിച്ചു. അതുകൊണ്ട് തന്നെ അവളുടെ കൈയ്യും കാലും പുറവും എല്ലാം ചുണങ്ങും ചെരങ്ങും നിറഞ്ഞിരുന്നു.
 
ആയിടയ്ക്ക് ചേച്ചിയുടെ അമ്മ മരിച്ചു. വീട്ടില്‍ അമ്മയും മകളും മാത്രമായി. ചേച്ചി വീടുപണിക്ക് പോയി കിട്ടിയ സമ്പാദ്യം സഹോദരങ്ങളെ ഏല്‍പ്പിച്ചു. ഭക്ഷണം പണിക്കു പോകുന്ന വീട്ടില്‍ നിന്നും കിട്ടി. ശ്രീക്കുട്ടി വളര്‍ന്നു തുടങ്ങിയപ്പോള്‍ സമ്പാദ്യം സൂക്ഷിക്കല്‍ അവളായി. അവളുടെ വളര്‍ച്ചാഘട്ടത്തില്‍ അവളുടെ കുസൃതി വളരുന്നതിനനുസരിച്ച് ഇടയ്‌ക്കൊക്കെ പുഞ്ചിരിക്കാനുള്ള കഴിവ് ചേച്ചിക്ക് കൈവന്നു. 
 
ഒരിക്കലും ചേച്ചി നിറമുള്ള സാരിയോ ഉടുപ്പോ ഒന്നും അണിഞ്ഞ് കണ്ടിട്ടില്ല. അടുക്കളയുടെ പുകയേറ്റ് കറുത്ത മുഖവും അതേ കറുപ്പാവാഹിച്ച ഉടുപ്പുമായിട്ടെ നടന്നിട്ടുള്ളു. ആയിടയ്ക്ക് ഞങ്ങളുടെ ഒരു വാര്‍ഡ് കൗണ്‍സിലര്‍ക്ക് ഒരു സ്വാമിജിയുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു. സ്വാമിജി കൗണ്‍സിലറുടെ വീട്ടില്‍ വരുമ്പോഴൊക്കെ ഭജനയും. പാവപ്പെട്ട കുട്ടികള്‍ക്കും പഠിക്കാന്‍ പുസ്തകവും പേനയും മുതിര്‍ന്നവര്‍ക്ക് വസ്ത്രവും അരിയും പലവ്യഞ്ജനങ്ങളും ദാനമായി നല്‍കിയിരുന്നു. ഒരിക്കല്‍ ദാനം വാങ്ങാന്‍ സുമതിചേച്ചിയും പോയി. അവിടെ വരാന്തയില്‍ കണ്ട ഒരു പച്ചനിറമുള്ള സാരി നോക്കി ചേച്ചി ആദ്യമായി ജീവിതത്തില്‍ ഒരു അഭിപ്രായം പറഞ്ഞു. ‘നല്ല സാരി.’ എന്തുകൊണ്ടോ അകത്തുചെന്നപ്പോള്‍ ആ സാരി തന്നെയാണ് ചേച്ചിക്ക് കിട്ടിയതും. ആദ്യമായി താന്‍ ആഗ്രഹിച്ച ഒരു സാധനം കൈയ്യില്‍ കിട്ടിയത് കൊണ്ടോ എന്തോ അന്ന് സുമതി ചേച്ചി സന്തോഷം കൊണ്ട് വാ തുറന്നു ചിരിച്ചു.  വീട്ടിലെത്തി ആ സാരി എല്ലാവരേയും കാണിച്ചു. കുറച്ചുനാള്‍ എല്ലാ കളര്‍ ബ്ലൗസിനൊപ്പവും ആ സാരി സ്ഥിരമായി ധരിച്ചു.
 
 
ശ്രീക്കുട്ടി പ്ലസ്ടു വരെ പഠിച്ചു. അമ്മയുടെ കാര്യങ്ങളെല്ലാം അവളു തന്നെ നോക്കി. അമ്മയെ ഒരുക്കി നടത്താനുള്ള അവളുടെ ശ്രമങ്ങള്‍ മാത്രം ഒരിക്കലും വിജയിച്ചില്ല. ശ്രീക്കുട്ടിക്ക് അടുത്തൊരു സ്ഥാപനത്തില്‍ ജോലി കിട്ടി. സുമതി ചേച്ചി രാവിലെ വീട്ടുപണിയും വൈകുന്നേരം പോസ്റ്റിനു കാവല്‍നില്‍പ്പും തുടര്‍ന്നു. ചേച്ചിയുടെ ഒരു സഹോദരന്റെ മകന്‍ ശ്രീക്കുട്ടിയെ വിവാഹം കഴിക്കാന്‍ തയ്യാറായി. സുമതി ചേച്ചിക്ക് പറയാന്‍ അഭിപ്രായമൊന്നുമില്ലാത്തതിനാല്‍ കുടുംബക്കാരെല്ലാം ചേര്‍ന്ന് അത് നടത്തി. കല്യാണ ദിവസവും സുമതിചേച്ചിയെ ഒരുക്കാന്‍ ശ്രീക്കുട്ടി ഒരു ശ്രമം നടത്തിക്കണ്ടു. പക്ഷേ അതും വിജയിച്ചില്ല. പക്ഷേ അന്നാദ്യമായി വൃത്തിയുള്ളൊരു സാരി ഉടുത്തുകണ്ടു. കല്യാണം കഴിഞ്ഞ് ചെക്കന്റെ വീട്ടില്‍ അവള്‍ പോയപ്പോള്‍ ചിരിച്ചുകൊണ്ട് ടാറ്റാ പറഞ്ഞു. വീട്ടില്‍ ചേച്ചി തനിച്ചായി. 
 
ഇടയ്ക്ക് എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അടുത്തവീട്ടിലെ ചേച്ചിയുമായി സുമതി ചേച്ചി വഴക്കടിച്ചു. അവരുടെ മരത്തിലെ ഇല കാറ്റത്ത് പറന്ന് സുമതിചേച്ചിയുടെ വീട്ടുമുറ്റത്ത് വീഴുന്നതായിരുന്നു കക്ഷിയെ ദേഷ്യം പിടിപ്പിച്ചത്. വഴക്ക് മൂത്തപ്പോള്‍ സുമതി ചേച്ചി അലറിക്കൊണ്ട് പറഞ്ഞു. ‘എന്റെ കൈയ്യില്‍ നിന്ന് വാങ്ങിയ മൂന്നു രൂപ തന്നിട്ട് സംസാരിക്കടീ’ എന്ന്. വഴക്കടിച്ചുകൊണ്ടു നിന്ന ചേച്ചിയും അടുത്ത വീട്ടിലുള്ളവരും ഒന്നിച്ചു ചിരിച്ചു. സുമതി ചേച്ചി തന്റെ ആവശ്യങ്ങള്‍ ചോദിച്ചുവാങ്ങാന്‍ പഠിച്ചിരിക്കുന്നു. അപ്പോള്‍ തന്നെ ആ ചേച്ചി ഒരു അഞ്ചിന്റെ നോട്ട് സുമതി ചേച്ചിക്ക് കൊടുത്തു. തിരിച്ച് രണ്ടു രൂപ കൊടുത്ത് സുമതി ചേച്ചി അഭിമാനം സംരക്ഷിച്ചു. 
 
ഇന്നും ചേച്ചി ആരെയോ കാത്ത് ആ പോസ്റ്റുംചാരി നില്‍ക്കാറുണ്ട്. രാവിലെ പണിക്കുപോകും. വൈകുന്നേരം പോസ്റ്റ് കാവല്‍. ഇതിനിടയില്‍ സ്വന്തം വീടും ജോലി ചെയ്യുന്ന വീടും അല്ലാതെ ഭൂമിയില്‍ വേറെയും സ്ഥലമുണ്ടെന്ന് കാണിക്കാന്‍ മോള് ചേച്ചിയെ അവളുടെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് കൊണ്ടുപോയി. പോസ്റ്റ് ഒറ്റയ്ക്കായി പോകുമോ എന്ന ചിന്തകൊണ്ടാണോ എന്തോ ചേച്ചി വേഗം തിരിയെ വന്നു. ഈയിടയ്ക്ക് ചെറുമകനേയും എടുത്തുകൊണ്ട് പോസ്റ്റിനു ചുവട്ടില്‍ നില്‍ക്കുന്നതു കണ്ടു. സംസാരിക്കുന്നുണ്ട്, ചിരിക്കുന്നുണ്ട്. ദൂരേക്ക് കൈചൂണ്ടി എന്തൊക്കെയോ കാണിക്കുന്നുണ്ട്.
 
സുമതി ചേച്ചി വീട്ടില്‍ തനിച്ചാണ്. കഴിഞ്ഞ കാലങ്ങളെക്കുറിച്ച് എന്തെങ്കിലും ചോദിച്ചാല്‍ വ്യക്തമായ മറുപടി തരാന്‍ കൂടി കക്ഷിക്ക്  അറിയില്ല. എങ്കിലും പ്രതിസന്ധികളെ അതിജീവിച്ചു; പ്രതിസന്ധിയാണെന്ന അറിവില്ലാതെ.
 
ഞാനെപ്പോഴും സംശയിച്ച കാര്യം ഇവിടെ അമ്മ മകളെ ആണോ മകള്‍ അമ്മയെയാണോ വളര്‍ത്തിയത് എന്നാണ്. കാരണം ആ മകളായിരുന്നു അമ്മയെ സംസാരിക്കാന്‍ പഠിപ്പിച്ചത്. ചിരിക്കാന്‍ പഠിപ്പിച്ചത്. വഴക്കടിക്കാനും പിണങ്ങാനും പഠിപ്പിച്ചത്.
 
ഇത് ഭാവനയില്‍ നിന്ന് ഉരുത്തിരിഞ്ഞ കഥയല്ല. കണ്ടറിഞ്ഞ യഥാര്‍ത്ഥ കഥയാണ്. വീട്ടില്‍ തനിച്ചാണെങ്കിലും യാതൊരുവിധ ഭയാശങ്കകളും ഇല്ലാതെ ചേച്ചി ദിവസങ്ങള്‍ കഴിക്കുന്നു. ഇടയ്‌ക്കൊക്കെ മകള്‍ സന്ദര്‍ശിക്കുന്നു. മരുമകന്‍ സമ്മാനം കൊണ്ടുവരുന്നു. ചെറുമകനൊപ്പം കളിക്കാന്‍ കൂടുന്നു. ആദ്യകാലത്തെ വേദനകളും അവഗണനയും വഞ്ചനയും ഒക്കെ തിരിച്ചറിയാനുള്ള ശേഷി ഇപ്പോഴെങ്കിലും ഉണ്ടോ എന്നെനിക്കറിയില്ല. എന്നെങ്കിലും ഒരു ദിവസം സങ്കടം എന്തെന്നോ സന്തോഷമെന്തെന്നോ മനസ്സിലാക്കി ജീവിച്ചോ എന്നുമറിയില്ല. ആരെ കാത്താണ് ഇന്നും പോസ്റ്റിനു കാവല്‍ നില്‍ക്കുന്നതെന്നുമറിയില്ല. ഒന്നു മാത്രമറിയാം. അവര്‍ അന്നുമിന്നും അധ്വാനിച്ചു ജീവിക്കുന്നു. ജീവിക്കാന്‍ വേണ്ടി ജീവിക്കുന്നു. താഴ്ച്ചയില്‍ നിന്നു ഉയര്‍ന്നുവന്ന് എവറസ്റ്റ് കീഴടക്കുന്നവര്‍ മാത്രമല്ല ജീവിതവിജയം നേടുന്നത്. ചിരിക്കാനറിയാത്തവന്‍ ചിരിച്ചു തുടങ്ങുന്നതുപോലും അവന്റെ ജീവിതത്തിലെ വിജയമാണ്. അങ്ങനെ നോക്കുമ്പോള്‍ ചേച്ചിയും ജീവിതത്തില്‍ വിജയിച്ചവള്‍ തന്നെയാണ്.
 
(അധ്യാപികയാണ് രാജലക്ഷ്മി)
 
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)
Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍