UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പഞ്ചാബ് പാകിസ്ഥാനെ അനുകരിക്കരുത്

Avatar

അഴിമുഖം പ്രതിനിധി

ഗുരു ഗ്രന്ഥ സാഹിബിനെ അപമാനിക്കുന്നവര്‍ക്ക് ജീവപര്യന്തം തടവ് നല്‍കാനുള്ള, ഇന്ത്യന്‍ ശിക്ഷ നിയമം (പഞ്ചാബ് ഭേദഗതി) ബില്‍, 2016 നിയമമാക്കുന്നതിലൂടെ പഞ്ചാബ് നിയമസഭാ ഒരു അപകടകരമായ പ്രവണതയാണ് കാണിച്ചിരിക്കുന്നത്. കഴിഞ്ഞ വര്ഷം സിഖ് വിശുദ്ധഗ്രന്ഥത്തെ അപമാനിച്ച സംഭവങ്ങളുടെ പശ്ചാത്തലത്തിലാണു ഈ നിയമനിര്‍മ്മാണം. എന്നാല്‍, ആ കേസുകളുടെ അന്വേഷണത്തില്‍ കാര്യമായ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല എന്നത് പഞ്ചാബിലെ ക്രമസമാധാന സംവിധാനത്തിന്റെ ദൌര്‍ബല്യങ്ങളാണ് വ്യക്തമാക്കുന്നത്. എന്നിട്ടും, തങ്ങളുടെ ഭരണപരമായ കഴിവുകേടുകളെ മറച്ചുവെക്കാന്‍ ഒരു കിരാതനിയമം കൊണ്ടുവന്നിരിക്കുകയാണ് പഞ്ചാബ് സര്‍ക്കാര്‍. അടുത്ത വര്‍ഷം നടക്കാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അകാലിദള്‍- ബി ജെ പി സഖ്യത്തിന് കാര്യങ്ങള്‍ ഒട്ടും എളുപ്പമാകില്ല എന്നു വന്നതോടെ മതപ്രീണനനത്തിന്റെ തട്ടിപ്പ് ഉപയോഗിച്ചുകൊണ്ട് സര്‍ക്കാരിന്റെ പിടിപ്പുകേടുകളില്‍നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണിത്.

ഇതൊരു അപകടകരമായ കളിയാണ്. ഗുരു ഗ്രന്ഥ സാഹിബിന് മാത്രമായി ഇത്തരമൊരു നിയമം കൊണ്ടുവരുന്നത് മറ്റ് വിഭാഗങ്ങളില്‍ നിന്നും സമാനമായ ആവശ്യങ്ങള്‍ ഉയരാന്‍ ഇടയാക്കും. വാസ്തവത്തില്‍, മറ്റ് മതവിഭാഗങ്ങളുടെ കാര്യത്തിലും സമാനമായ ശിക്ഷ നല്‍കുന്നില്ല എന്ന ആക്ഷേപം മാത്രമായിരുന്നു ബില്ലിനോട് കോണ്‍ഗ്രസ് പ്രകടിപ്പിച്ചത്. ഇത് മതേതരത്വത്തിന്റെ ലംഘനമാണെന്ന് കോണ്‍ഗ്രസ് പറയുന്നു. മതേതരത്വത്തിന്റെ കുപ്പായമിട്ട് മതപ്രീണന ചീട്ടിറക്കി ആകാലി-ബി ജെ പി സഖ്യത്തിന് മുകളില്‍ കേറി വെട്ടാനുള്ള കോണ്‍ഗ്രസിന്റേ തന്ത്രം  കപട മതേതരത്വത്തിന്റെ ഹീനമായ രൂപമാണെന്ന് തന്നെ പറയണം.

മഹാരാഷ്ട്ര നിയമസഭയില്‍ AIMIM എം എല്‍ എ വാരിസ് പത്താനെ ‘ഭാരത് മാത കീ ജയ്’ എന്നു വിളിക്കാന്‍ വിസമ്മതിച്ചതിന് പുറത്താക്കണമെന്ന് കോണ്‍ഗ്രസ്, ബി ജെ പി അംഗങ്ങള്‍ ഒരുപോലെ ആവശ്യപ്പെട്ട സമാനമായ സംഭവം നാം കണ്ടതാണ്. ഇത്തരത്തില്‍ മതവികാരങ്ങളേയും, തീവ്രദേശീയതയേയും മത്സരിച്ച് പരിലാളിക്കുമ്പോള്‍ അത് ആരാണ് നല്ല ഇന്ത്യാക്കാരന്‍ എന്നതിന്റെ സങ്കുചിതമായ വ്യാഖ്യാനങ്ങള്‍ ഉണ്ടാക്കുകയും അതിനു പുറത്തുള്ളവരെ വേട്ടയാടുന്ന ഒരുതരം ആള്‍ക്കൂട്ട നീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു. നമ്മെപ്പോലെ വൈവിധ്യം നിറഞ്ഞൊരു രാജ്യത്തു, ഇത് ഇന്ത്യ എന്ന ആശയത്തിനെത്തന്നെയാണ് ആക്രമിക്കുന്നത്.

പഞ്ചാബിലെ പുതിയ ഭേദഗതി, പാകിസ്ഥാനിലെ ദൈവനിന്ദ നിയമത്തിന് സമാനമാണ്. പാകിസ്ഥാനില്‍ അത് മതാധിപത്യത്തിനും മതസംഘര്‍ഷങ്ങള്‍ക്കുമാണ് വഴിതെളിച്ചത്. അത് ക്രമേണ പാകിസ്ഥാന്റെ ജനാധിപത്യ സ്ഥാപനങ്ങളെ അപായകരമായ വിധത്തില്‍ ദുര്‍ബ്ബലമാക്കി. ജനാധിപത്യം എന്നതല്ലാതെ മറ്റൊരു സമ്പ്രദായത്തെക്കുറിച്ച് ചിന്തിക്കാന്‍പോലും ആകാത്തവിധത്തില്‍ വൈവിധ്യം നിറഞ്ഞ രാജ്യമാണ് ഇന്ത്യ. ദൈവനിന്ദ നിയമങ്ങള്‍ ഇല്ലാതാക്കിയത് ഇന്ത്യയുടെ ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളെ നിര്‍ണയിക്കുന്ന ജ്ഞാനോദയത്തിനെയാണ് അടയാളപ്പെടുത്തുന്നത്. അതില്‍നിന്നും പിറകോട്ടു പോകുന്നത് യാഥാസ്ഥിതികത്വങ്ങളുടെ ഏറ്റുമുട്ടലുകളിലേക്കും മധ്യകാലഘട്ടത്തിലേക്കുള്ള പിന്തിരിപ്പന്‍ യാത്രയുമാണ്. ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതക്കും  നേരെയുള്ള ഗൌരവമേറിയ വെല്ലുവിളിയാണിത്. ഏറ്റവും ദേശവിരുദ്ധമായ നടപടിയാണ് ഇത്. പിന്തിരിപ്പന്‍ മൂല്യങ്ങളുടെ ഗര്‍ത്തത്തിലേക്കുള്ള ഈ മത്സരക്കുതിപ്പ് ഇന്ത്യയുടെ രാഷ്ട്രീയവര്‍ഗം ഉടന്‍ അവസാനിപ്പിച്ചേ തീരൂ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍